UPDATES

വിദേശം

എണ്ണയ്ക്ക് ശേഷം പ്രളയമല്ല; എല്ലാം പൊളിച്ചെഴുതാന്‍ സൌദി

Avatar

സൈനബ് ഫത്താഹ്, വിവിയന്‍ നെറിം, ദീമാ അല്‍മശാബി, ദന ക്രൈഷ്
(ബ്ലൂംബര്‍ഗ്)

എണ്ണ വരുമാനത്തിന്‍മേലുള്ള ആശ്രിതത്വം കുറച്ചു കൊണ്ടുവന്ന് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന് ഈയിടെ സൗദി അറേബ്യ വിഷന്‍ 2030 എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിച്ച ഈ രൂപരേഖയില്‍ ദേശീയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി വില്‍പ്പനയടക്കം നിരവധി സാമ്പത്തിക പരിഷ്‌കരണ നടപടികളാണ് ഉള്‍പ്പെടുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പദ്ധതിയുടെ സുപ്രധാന ഘടകങ്ങള്‍ ഒറ്റനോട്ടത്തില്‍.

ആരാംകോ ഓഹരി വില്‍പ്പന

ആരാംകോയുടെ മൂല്യ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും രണ്ടു ട്രില്യണ്‍ യുഎസ് ഡോളറിലേറെ മൂല്യമുള്ള കമ്പനിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ഓഹരി വില്‍പ്പന ലോകത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും. ആരോംകോയുടെ ഐപിഒയ്ക്ക് നിരവധി ഗുണങ്ങളുണ്ടെന്നും ഏറ്റവും പ്രധാനം സുതാര്യതയാണെന്നും മുഹമ്മദ് പറഞ്ഞിരുന്നു. ഓരോ പാദത്തിലും ആരാംകോയ്ക്ക് വരുമാനം പ്രഖ്യാപിക്കേണ്ടി വരും. എല്ലാ സൗദി ബാങ്കുകളുടേയും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടേയും നിരീക്ഷണത്തിന് ഇതോടെ കമ്പനി വിധേയമാകും.

പൊതു നിക്ഷേപ ഫണ്ട്

ലോകത്തെ ഏറ്റവും വലിയ പൊതു നിക്ഷേപ ഫണ്ട് (Sovereign Wealth Fund) സൗദി അറേബ്യ സൃഷ്ടിക്കും. ഭൂ വികസനം നടപ്പാക്കും. ഇവിടങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെടും. ഫണ്ടിന്റെ ആസ്ഥാനം കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലായിരിക്കും. 

സൈനിക വ്യവസായം

പ്രതിരോധ വ്യവസായത്ത് രംഗത്ത് അടുത്ത വര്‍ഷം അവസാനത്തോടെ ഒരു കമ്പനി രൂപീകരിക്കാന്‍ സൗദി പദ്ധതിയിടുന്നു. രാജ്യത്തിന്റെ സൈനികാവശ്യങ്ങള്‍ ആഭ്യന്തരമായി തന്നെ നിറവേറ്റാന്‍ ലക്ഷ്യമിട്ടാണിത്. പ്രതിരോധ മേഖലയിലെ പല കരാറുകളും പുനരേകീകരിച്ച് അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കും. സൈനികോപകരണങ്ങള്‍ക്കായുള്ള ചെലവ് പകുതിയായി കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. അതിസങ്കീര്‍ണമല്ലാത്ത യന്ത്രസാമഗ്രികള്‍, കവചിത വാഹനങ്ങള്‍, അടിസ്ഥാന വെടിക്കോപ്പുകള്‍ എന്നിവ നേരത്തെ തന്നെ വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും രേഖ പറയുന്നു. ഇത് സൈനിക വിമാന നിര്‍മ്മാണം പോലുള്ള കൂടുതല്‍ സങ്കീര്‍ണമായ ആയുധ നിര്‍മ്മാണ രംഗത്തേക്ക് വികസിപ്പിക്കും. സൈനിക ചെലവുകളില്‍ നമുക്കൊരു പ്രശ്‌നമുണ്ടെന്നാണ് മുഹമ്മദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

എണ്ണയെ ആശ്രയിക്കാത്ത സമ്പദ്‌വ്യവസ്ഥ

സമ്പദ് വ്യവസ്ഥയുടെ 35 ശതമാനം വരുമാനവും ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്ന് കണ്ടെത്താനാണ് സൗദി ലക്ഷ്യമിടുന്നത്. നലവില്‍ ഇത് 20 ശതമാനമാണെന്ന് വികസന രേഖ പറയുന്നു. എണ്ണ ഇതര വരുമാനം നിലവിലെ 163 ശതകോടി റിയാലില്‍ നിന്നും ഒരു ട്രില്യന്‍ റിലായാക്കി ഉയര്‍ത്താനും പദ്ധതിയിടുന്നു.

സൗദി പൌരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിലവിലെ 11.6 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി കുറച്ചു കൊണ്ടു വരും. വീസ നടപടികള്‍ ലഘൂകരിച്ച് പ്രവാസികളെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സ്വത്ത് സ്വന്തമാക്കാന്‍ അനുവദിക്കും. നിലവിലെ വീട്ടുടമസ്ഥതാ നിരക്കായ 47 ശതമാനം 2020-ഓടെ 52 ശതമാനമാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. വീടുകള്‍ക്ക് ഡിമാന്റ് വളരെ കൂടുതലാണ്. ഭവന നിര്‍മ്മാണ മേഖലയില്‍ ഭൂനികുതി, മുന്‍കൂര്‍ വില്‍പ്പന, ബാങ്ക് വായ്പ നടപടികള്‍ തുടങ്ങി കാര്യമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍പ്പിട മന്ത്രാലയം.

സബ്‌സിഡികള്‍

2015-ല്‍ 70 ശതമാനം സബ്‌സിഡികളുടേയും ഗുണഭോക്താക്കള്‍ സമ്പന്നരായിരുന്നു. മധ്യവര്‍ഗ വിഭാഗത്തിന് 30 ശതമാനം മാത്രമെ ലഭിച്ചുള്ളൂ. ‘സമ്പന്നന്റെ ജല, വൈദ്യുത ഉപഭോഗം മാത്രം 10 മുതല്‍ 20 വരെ കുടുംബങ്ങളുടേതിന് തുല്യമാണ്’ എന്ന് മുഹമ്മദ് രാജകുമാരന്‍ തന്നെ പറയുന്നു. സബ്‌സിഡികളെ ആശ്രയിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പദ്ധതിയില്ലെങ്കില്‍ ഊര്‍ജ്ജ നിരക്കുകളില്‍ ഒരു തരത്തിലുമുള്ള വലിയ ഉദാരവല്‍ക്കരണം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ പുനരേകീകരണം

പരമോന്നത സമിതികള്‍ക്കു പകരം രാഷ്ട്രീയ, സുരക്ഷാ കാര്യ സമിതി, സാമ്പത്തിക വികസന കാര്യ സമിതി തുടങ്ങിയവ സ്ഥാപിച്ചു കൊണ്ട് സര്‍ക്കാരിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സൗദി തുടക്കമിട്ടു കഴിഞ്ഞെന്ന് പുതുതായി പുറത്തിറക്കിയ വികസന രേഖ പറയുന്നു. ‘വ്യക്തമായ മുന്‍ഗണനകളെ അടിസ്ഥാനമാക്കി സമഗ്രമായും പടിപടിയായും സര്‍ക്കാരിന്റെ പുനസംഘാടനം തുടരുമെന്നും’ രേഖയില്‍ വ്യക്തമാക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍