UPDATES

വിദേശം

സൗദി രാജകുടുംബത്തിന്റെ 4500 കോടിയുടെ ദുരൂഹ സംഭാവന

Avatar

മണിരാജന്‍ രാമസ്വാമി 
(ബ്ലൂംബര്‍ഗ്)

സൗദി രാജകുടുംബത്തില്‍നിന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് 4500 കോടി രൂപ ‘വ്യക്തിപരമായ സംഭാവന’ സ്വീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുന്ന രാജ്യത്തെ അന്വേഷണ ഏജന്‍സി പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കി. 

2013ല്‍ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് നജീബിനു പണം ലഭിച്ചതെന്ന് അഴിമതിവിരുദ്ധ ഏജന്‍സിയുടെ അന്വേഷണവിവരങ്ങള്‍ വെളിപ്പെടുത്തിയ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അപാണ്ടി അറിയിച്ചു. ഉപയോഗിക്കപ്പെടാത്ത 4200 കോടി രൂപ ഓഗസ്റ്റില്‍ നജീബ്  തിരിച്ചുനല്‍കി. എന്നാല്‍ ബാക്കി തുക എന്തിനാണ് ഉപയോഗിച്ചതെന്ന് അപാണ്ടി വെളിപ്പെടുത്തിയില്ല.

‘വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നിട്ടില്ല എന്ന് പബ്ലിക് പ്രോസിക്യൂട്ടറെന്ന നിലയില്‍ എനിക്ക് ഉത്തമവിശ്വാസമുണ്ട്. പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കാനാണ് ഞാന്‍ ഇന്നിവിടെ വന്നിരിക്കുന്നത്’- വാര്‍ത്താലേഖകരോട് അപാണ്ടി പറഞ്ഞു.

ഏഴുവര്‍ഷമായി അധികാരത്തിലിരിക്കുന്ന നജീബിന്റെ രാഷ്ട്രീയജീവിതം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് അറ്റോര്‍ണി ജനറലിന്റെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. സംഭാവനത്തുകയെയും അതിന്റെ ഉദ്ദേശ്യത്തെയും പറ്റിയുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. പണം പാര്‍ട്ടിയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ക്കായിരുന്നു എന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ല എന്നും നജീബ് വ്യക്തമാക്കിയിരുന്നു.

ഈ പ്രശ്‌നത്തില്‍ നജീബിന് മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊതുജനപ്രക്ഷോഭത്തെ നേരിടേണ്ടിവന്നു. നജീബ് അധികാരത്തില്‍ തുടര്‍ന്നാല്‍ യുണൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷനും ഭരിക്കുന്ന കൂട്ടുകക്ഷികള്‍ക്കും 2018ലെ തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടിവരുമെന്നായിരുന്നു മഹാതിറിന്റെ മുന്നറിയിപ്പ്. 2013ലാണ് സഖ്യത്തിന് ആദ്യമായി ജനപ്രിയത നഷ്ടമായത്. മലായ് അല്ലാത്ത വോട്ടര്‍മാര്‍ അന്ന് സഖ്യത്തെ കൈവിടുകയായിരുന്നു.

‘സര്‍ക്കാരിന് മുന്നോട്ടുപോകാം’, മെര്‍ഡെക സെന്റര്‍ ഫോര്‍ ഒപ്പിനീയന്‍ റിസര്‍ച്ചിലെ ഇബ്രാഹിം സൂഫിയാന്‍ പറയുന്നു. ‘ പക്ഷേ ഈ ആരോപണം ജനങ്ങളെ ബാധിക്കുമോ എന്ന് വരുംവര്‍ഷങ്ങളിലെ സര്‍ക്കാരിന്റെ പ്രകടനം തീരുമാനിക്കും.’

എണ്ണ പ്രതിസന്ധിമൂലമുള്ള സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണ് നജീബ്. 2016ലെ ധനക്കമ്മി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുനര്‍നിര്‍ണയിച്ച വളര്‍ച്ചാനിരക്കുകളും ചെലവുചുരുക്കലുകളും പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 

സാമ്പത്തിക പ്രതിസന്ധി വോട്ടര്‍മാരെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ ആശ്രയിച്ചിരിക്കുന്നു നജീബിന്റെ വിജയവും പരാജയവും. സബ്‌സിഡികള്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് ഭക്ഷ്യ, ഗതാഗത, വൈദ്യുതി മേഖലകളില്‍ വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സും ജീവിതച്ചെലവു കൂട്ടി.

‘കാര്യങ്ങള്‍ ഇതേപടി തുടരുകയോ ഇതിലും മോശമാകുകയോ ചെയ്താല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ജനവികാരം സര്‍ക്കാരിനെതിരാകും,’ ഇബ്രാഹിം പറയുന്നു.

മലേഷ്യയുടെ സ്റ്റോക്ക്, ബോണ്ട്, കറന്‍സി മാര്‍ക്കറ്റുകളില്‍നിന്ന് കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ പിന്മാറി. 2015ല്‍ സ്റ്റോക്കുകളിലും ബോണ്ടുകളിലും നിന്ന് 30.6ബില്യണ്‍ റിങ്ങിറ്റ് (7.1 ബില്യണ്‍ ഡോളര്‍) പിന്‍വലിച്ച വിദേശനിക്ഷേപകര്‍ മലേഷ്യന്‍ കറന്‍സിയെ 17 വര്‍ഷത്തില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചു. മൂന്നാംദിവസവും കറന്‍സിക്ക് മൂല്യവര്‍ധനയുണ്ടായെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ മാറ്റമുണ്ടായില്ല.

‘ഒരു നേതാവിന് ഇത്തരം നെഗറ്റീവ് ഇമേജ് ഉണ്ടായാല്‍ അത് രാജ്യത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കും,’ ക്വലാലംപൂര്‍ ആസ്ഥാനമായ അരെക്ക ക്യാപിറ്റലിന്റെ സിഇഒ ഡാനി വോങ് ടെക് മെങ് പറഞ്ഞു. 1500 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ‘ ഈ മോശം ഇമേജ് മാറ്റുക എളുപ്പമല്ല. രാഷ്ട്രീയ ഘടകങ്ങള്‍ പരിശോധിക്കുന്ന  യുഎസിലെയും യൂറോപ്പിലെയും ഫണ്ട് മാനേജര്‍മാര്‍ മറ്റ് രാജ്യങ്ങള്‍ക്കു തുല്യമായി മലേഷ്യയെ പരിഗണിക്കില്ല.’

എസ്ആര്‍സി ഇന്റര്‍നാഷനല്‍ എന്ന കമ്പനിയില്‍നിന്ന് ഉദ്ദേശ്യം വ്യക്തമല്ലാത്ത സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തില്‍നിന്നും അപാണ്ടി നജീബിനെ മുക്തനാക്കി. 1 മലേഷ്യ ഡവലപ്‌മെന്റ് ബെര്‍ഹാദ് (1എംഡിബി) എന്ന കടത്തിലായ സര്‍ക്കാര്‍ കമ്പനിയുമായി ബന്ധമുള്ള സ്ഥാപനമാണ് എസ്ആര്‍സി ഇന്റര്‍നാഷനല്‍. 1എംഡിബി പല ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമായ കമ്പനിയാണ്. എന്നാല്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ കമ്പനിക്കെതിരെ സംശയകരമായി ഒന്നുമില്ല.

പൊലീസ്, അഴിമതി വിരുദ്ധ കമ്മിഷന്‍, സെന്‍ട്രല്‍ ബാങ്ക് എന്നിവരുള്‍പ്പെട്ട 1എംഡിബി അന്വേഷണസംഘത്തില്‍ അപാണ്ടിയുടെ ഓഫിസും പങ്കാളിയായിരുന്നു.  അബ്ദുല്‍ ഗനി പട്ടായിലിനെ മാറ്റി ഫെഡറല്‍ കോര്‍ട്ട് ജഡ്ജായിരുന്ന അപാണ്ടിയെ ജൂലൈയിലാണ് സര്‍ക്കാര്‍ അറ്റോര്‍ണി ജനറലായി നിയമിച്ചത്.

എസ്ആര്‍സിയില്‍നിന്നുള്ള പണം തന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയത് നജീബിന് അറിയാമായിരുന്നു എന്നതിനു തെളിവില്ലെന്നാണ് അപാണ്ടി പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റാര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കുമോ എന്നു വ്യക്തമാക്കാന്‍ അപാണ്ടി തയാറായില്ല.

അഞ്ചുവര്‍ഷത്തിനുള്ളില്‍ 42 ബില്യണ്‍ റിങ്ങിറ്റിലധികം വായ്പകള്‍ നേടിയ 1എഡിബിയുടെ ഉപദേശകസമിതി ചെയര്‍മാനാണ് നജീബ്.

‘അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങളാണു വിധികര്‍ത്താക്കള്‍ എന്ന് പ്രധാനമന്ത്രിയും അറ്റോര്‍ണി ജനറലും മനസിലാക്കണം,’ ജയിലില്‍ കഴിയുന്ന പ്രതിപക്ഷനേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ അക്കൗണ്ടില്‍നിന്നുള്ള ട്വിറ്റര്‍ പോസ്റ്റ് പറയുന്നു. പ്രകൃതിവിരുദ്ധ ലൈംഗികത ആരോപിച്ചാണ് അന്‍വറിനെ തടവിലാക്കിയിരിക്കുന്നത്. എന്നാല്‍ അന്‍വര്‍ കുറ്റം നിഷേധിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍