UPDATES

വിദേശം

ജോലി തേടി സൗദികള്‍ സ്റ്റാര്‍ബക്‌സിലും മക്‌ഡൊനാള്‍ഡ്സിലും

Avatar

ഹ്യൂ നെയ്‌ലര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

മറിയം അല്‍ ഹര്‍ബി ഒരു സൗദി വനിതയാണ്. സ്റ്റാര്‍ബക്‌സിലാണ് ജോലി. കാപ്പിയടിച്ചു കൊടുക്കുന്ന ജോലി ചെയ്യുന്ന ഒരു സൗദിക്കാരി എന്നത് ഒരു വലിയ സംഭവമല്ല എന്നു തോന്നുന്നുവെങ്കില്‍ കൂടുതല്‍ അറിയാന്‍ ഹര്‍ബിയോട് ചോദിക്കൂ. അല്ലെങ്കില്‍ മക്‌ഡൊനാള്‍ഡ്സില്‍ ബര്‍ഗര്‍ തയ്യാക്കുകയോ ഗാപില്‍ മധുരപലഹാരങ്ങള്‍ പൊതിഞ്ഞു കൊടുക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഫാസ്റ്റ് ഫുഡ്, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ ജോലി ചെയ്യുന്ന ഈ എണ്ണ സമ്പന്ന രാജ്യത്തെ നിരവധി യുവതീ യുവാക്കളില്‍ ആരോടെങ്കിലും ചോദിച്ചു നോക്കൂ.

അവര്‍ക്ക് ഒരു പക്ഷേ പറയാനുണ്ടാവുക തങ്ങളുടെ ഭൂരിപക്ഷം സഹപൗരന്മാര്‍ക്കും സ്വന്തമായുള്ള സുഖലോലുപമായ സര്‍ക്കാര്‍ ജോലികളെ കുറിച്ചാകും. തങ്ങളില്‍ പലരും അടുത്ത കാലം വരെ സ്വകാര്യ മേഖലയിലെ ഇത്തരം ജോലികളെ കണക്കറ്റ് പരിഹസിച്ചിരുന്നതായും ഒരു പക്ഷേ അവര്‍ പറഞ്ഞേക്കാം.

‘ഈ ജോലികള്‍ ചെയ്യാന്‍ ഒരിക്കലും നാം മടികാണിക്കരുത്’ എന്നാണ് 30-കാരിയായ ഹര്‍ബിക്ക് പറയാനുള്ളത്. സൗദി തലസ്ഥാനമായ റിയാദിലെ കിങ്ഡം സെന്റര്‍ മാളിലെ സ്ത്രീകള്‍ക്ക് മാത്രമായുള്ള തട്ടിലാണ് ബിരുദധാരിയായ ഹര്‍ബി ജോലി ചെയ്യുന്ന സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റ്. ഈ ജോലി ചെയ്യാന്‍ ഹര്‍ബിക്ക് മടിയോ ആശങ്കയോ ഒന്നുമില്ല. കോഫീ മേക്കറിനും കാശ് റജിസ്റ്ററിനുമിടയില്‍ ഓടി നടന്നാണ് പലപ്പോഴും ഹര്‍ബിയുടെ ജോലി. സൂക്ഷ്മ ശ്രദ്ധാലുവായ ഹര്‍ബി മാതൃഭാഷയായ അറബിയിലും പ്രാവീണ്യമില്ലാത്ത ഇംഗ്ലീഷിലും ഓര്‍ഡറുകളെടുക്കുന്നു.

താരതമ്യേന കുറഞ്ഞ ശമ്പളമെ ഈ ജോലിക്കുള്ളൂ. എങ്കിലും ഹര്‍ബിക്ക് ജോലിയിലുള്ള ഔത്സുക്യത്തിനു ഒരു കുറവുമില്ല. രസകരമായി ജോലി ചെയ്യുന്നുവെന്നാണ് അവര്‍ പറഞ്ഞത്. കൂപ്പുകുത്തുന്ന എണ്ണ വിലയുമായി സൗദി സമ്പദ് വ്യവസ്ഥ പൊരുതുമ്പോള്‍ സേവന വ്യവസായ മേഖലയിലെ ജോലികളോട് ഇത്തരത്തിലുള്ള ആഭിമുഖ്യവും താല്‍പര്യവുമാണ് രാജ്യത്തിന് ഇപ്പോള്‍ ഏറെ ആവശ്യം.

എണ്ണ കയറ്റുമതിയെ മാത്രം കാര്യമായി ആശ്രയിക്കുന്ന സൗദി സര്‍ക്കാര്‍ ഈയിടെ കടുത്ത ചെലവുചുരുക്കല്‍ നടപടകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇത് രാജ്യത്തെ വലിയ ക്ഷേമ പദ്ധതികള്‍ക്കും വന്‍ പ്രതിഫലമുള്ള പൊതുമേഖലാ ജോലികള്‍ക്കും വലിയ ഭീഷണിയായിരിക്കുകയാണ്. ചെലവുകളും സബ്‌സിഡികളും വെട്ടിച്ചുരുക്കിയതോടൊപ്പം സര്‍ക്കാര്‍ മേഖലയിലെ നിയമനങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതോടെ ഭാരിച്ച ശമ്പളം ലഭിക്കുന്ന സുഖകരമായ സര്‍ക്കാര്‍ ജോലികള്‍ കിട്ടാക്കനിയായിരിക്കുകയാണ്.

ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തോളം വരുന്ന 28 ദശലക്ഷം പേര്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. 30 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഇത്രയും പേര്‍ തൊഴിലില്ലായ്മയുമായി പൊരുതുകയാണ്.

എന്നാല്‍ ഏറെ കാലമായി സ്വദേശി പൗരന്മാരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നകറ്റി സ്വാകാര്യമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അധികാരികള്‍ക്ക് ഇതൊരു അവസരവും കൂടി ഒരുക്കിയിരിക്കുകയാണ്.

സ്വകാര്യ മേഖലാ തൊഴില്‍ രംഗം സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന വിശ്വാസം സൗദികളിലുണ്ടാക്കാന്‍ ഉതകുന്ന തരത്തിലൊരു കാര്യക്ഷമവും സമഗ്രവുമായ ഒരു തന്ത്രം ഇവിടെ പ്രയോഗത്തിലില്ല എന്നാണ് റിയാദ് ചേംബര്‍ ഓഫ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയിലെ സാമ്പത്തിക വിദഗ്ധനായ വഹാബ് അബു ദാഹിഷ് പറയുന്നത്.

ഇപ്പോള്‍ സ്വകാര്യ മേഖലാ തൊഴില്‍ രംഗം ശക്തിപ്പെടുത്താന്‍ വിദേശികളെയാണ് സൗദിക്ക് കാര്യമായി ആശ്രയിക്കേണ്ടി വരുന്നത്. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇന്ത്യ, യുദ്ധം താറുമാറാക്കിയ സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിദേശികളാണ് കൊറിയര്‍ ഡെലിവറി, ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളില്‍ ഓര്‍ഡറുകളെടുക്കുക, ഹാട്ടലുകളില്‍ അതിഥികളെ അഭിവാദ്യം ചെയ്യുക പോലുള്ള ജോലികള്‍ ചെയ്യുന്നത്.

എണ്ണ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച ധാരാളിത്ത ജീവിത രീതികളും യൂറോപ്പിലേക്കുള്ള ഷോപ്പിംഗ് യാത്രകളും പതിവായ മറ്റു ഗള്‍ഫ് അറബ് ഏകാധിപത്യ രാജ്യങ്ങളിലും ഈ അസമത്വം വളരെ പ്രകടമാണ്. പ്രകൃതി വാതക കയറ്റുമതിയില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കുന്ന ഖത്തറില്‍ വലിയൊരു ശതമാനം സ്വദേശികളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അനുബന്ധമായ മറ്റു രംഗങ്ങളിലോ ആണ് കാര്യമായി ജോലി ചെയ്യുന്നത്. ശരാശരി ഒരു ഖത്തര്‍ പൗരന്‍ ഇങ്ങനെ പ്രതിവര്‍ഷം ഒരു ലക്ഷത്തിനടുത്ത് ഡോളര്‍ വാര്‍ഷിക വരുമാനം നേടുന്നു.

അതേസമയം സൗദി അറേബ്യയില്‍ ജനസംഖ്യയില്‍ കുത്തനെ ഉണ്ടായ ഉയര്‍ച്ച മൂലം ക്ഷേമ പദ്ധതികള്‍ ശുഷ്‌കിച്ചു വരികയാണ്. അതുകൊണ്ടു തന്നെ ഒരു പൊഷെ കാര്‍ വാങ്ങാനോ പാരിസിലേക്ക് ടൂര്‍ പോകാനോ മിക്ക സൗദികള്‍ക്കും സാമ്പത്തിക ശേഷി ഇല്ലാതായിരിക്കുന്നു. വാസ്തവത്തില്‍ പലരും എങ്ങനെ സമ്പാദിക്കാമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതാണ് സ്വകാര്യ മേഖലാ ജോലികള്‍ക്ക് തയ്യാറാകുന്ന സ്വദേശികളുടെ എണ്ണം ഉയരാന്‍ സഹായകമായതെന്ന് അബു ദാഹിഷ് പറയുന്നു. എന്നാല്‍ ഇത്തരം ജോലികള്‍ ചെയ്യുന്ന സൗദികളുടെ വിശ്വസനീയമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വീട്ടിലെ സാമ്പത്തിക ഞെരുക്കം മൂലമാണ് സര്‍ക്കാര്‍ ജോലിക്കാരനായ ഭര്‍ത്താവ് തന്നെ സ്റ്റാര്‍ബക്‌സില്‍ ജോലിക്കു പോകാന്‍ അനുവദിച്ചതെന്ന് ഹര്‍ബി പറയുന്നു. മാസം 1000 ഡോളറില്‍ അല്‍പം അധികം മാത്രമെ ശമ്പളമുള്ളൂ. മാത്രവുമല്ല മാളിലെ സ്ത്രീകള്‍ക്കു മാത്രമുള്ള തട്ടിലായതും സഹായകമായി. പുരുഷന്‍മാരെ അടുപ്പിക്കാത്ത ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് മുഖം മറക്കാതെ ജോലി ചെയ്യാം.

ഏതാണ്ട് ഇത്ര ശമ്പളം തന്നെയാണ് രണ്ടു മാസം മുമ്പ് ഇതേ മാളിലെ ലക്കോസ്റ്റി ഗാര്‍മെന്റ് ഔട്ട്‌ലെറ്റില്‍ ജോലിക്കു കയറിയ സൗദി യുവാവ് അബ്ദുല്ല അല്‍ അവജിക്കും ലഭിക്കുന്നത്. രോഗിയായ അച്ഛനും എട്ടു സഹോദരിമാരും ആറു സഹോദരന്മാരും അടങ്ങുന്ന കുടുംബത്തിന്റെ അന്നം കണ്ടെത്തുന്നത് ഈ 24-കാരനാണ്. ഒരു സര്‍ക്കാര്‍ ജോലി ആയിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അവജിക്ക് ഒരു സര്‍ക്കാര്‍ ജോലിയുടെ അടുത്തെത്തുക പോലും പ്രയാസമാണ്. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു സ്വദേശിയായ സുഹൃത്ത് വഴിയാണ് ജോലിക്കെത്തിയത്. ‘ഇവിടെ റിട്ടയര്‍മെന്റ്, ആരോഗ്യ ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്നുണ്ട്.’ അവജി പറയുന്നു. ഇളം നീല പോളോ ഷര്‍ട്ടിട്ട് പുഞ്ചിരിയുമായി ഉപഭോക്താക്കളെ സേവിക്കുന്ന തിരക്കിലേക്കു പോയ അവജിയും തന്റെ ജോലിയെ പുണര്‍ന്നു കഴിഞ്ഞിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍