UPDATES

പ്രവാസം

ചതുരംഗം ചെകുത്താന്റെ കളി; ചെസ് മത്സരങ്ങള്‍ക്ക് സൗദി പുരോഹിതന്റെ ഫത്‌വ

അഴിമുഖം പ്രതിനിധി

ചെസ് കളിക്കുന്നതിനെതിരെ സൗദി അറേബ്യയില്‍ ഫത്‌വ . ചെസ് നിരോധിക്കേണ്ടതാണ്. ഇതിനായി സമയവും ധനവും ആളുകള്‍ പാഴാക്കുകയാണെന്നും ഇതുമൂലം ഈ കളിയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ വെറുപ്പ് ഉണ്ടാകപ്പെടുകയാണെന്നുമാണ് സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍- ഷെയ്ഖ് അഭിപ്രായപ്പെടുന്നത്. ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് ചെസ് കളിക്കെതിരെ ഗ്രാന്‍ഡ് മുഫ്തി മതശാസനം പുറപ്പെടുവിച്ചിരിക്കുന്നത്. ചെസ് കളി ചെകുത്താന്റെ ജോലിയാണ്. ചൂതാട്ടവും മദ്യപാനവും പോലെ ഇതും ദോഷമാണ്. ദീര്‍ഘകാലമായി ഈ ദോഷം മിഡില്‍ ഈസ്റ്റിനെ ബാധിച്ചിരിക്കുന്നു; ഷെയ്ഖ് അബ്ദുള്‍ അസീസ് തീര്‍ച്ചപ്പെടുത്തുന്നു. ഗ്രാന്‍ഡ് മുഫ്തിയുടെ അഭിപ്രായം ഇതൊക്കെയാണെങ്കിലും അറബ് ലോകം ചെസിന്റെ ആരാധാകരാണ് എന്നതാണ് വിരോധാഭാസം.

അതേസമയം ഗ്രാന്‍ഡ് മുഫ്തിയുടെ ചെസ് വിരോധത്തെ പ്രതിരോധിച്ച് ചെസ് പ്രേമികള്‍ രംഗത്തെത്തി. സൗദി ചെസ് അസോസിയേഷന്‍ അംഗമായ മൂസ ബിന്‍ തയ്‌ലി ഇന്നലെ തന്റെ ട്വിറ്ററില്‍ കുറിച്ചത്, ഇതൊരിക്കലും ചൂതാട്ടമാകുന്നില്ല എന്നായിരുന്നു. സൗദിയില്‍ 70ഓളം ചെസ് ടൂര്‍ണമെന്റുകള്‍ തങ്ങളിതുവരെ നടത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന മൂസ, ആ മത്സരങ്ങളില്‍ പങ്കെടുത്ത രാജ്യത്തെ ചെസ് താരങ്ങളുടെ ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അസോസിയേഷന്‍ അംഗങ്ങളും യുഎഇ രാജകുമാരനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ആ കൂട്ടത്തിലുണ്ട്.

ചെസ് മത്സരങ്ങള്‍ക്കെതിരെ ഗ്രാന്‍ഡ് മുഫ്തി ഫത്‌വ പുറപ്പെടുവിച്ചുവെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. പക്ഷേ ഇത്തരമൊരു വാര്‍ത്ത പരക്കുന്നുണ്ട്. എന്നിരുന്നാല്‍ തന്നെ തങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടൂര്‍ണമെന്റുമായി മുന്നോട്ടുപോകുമെന്നും മൂസ ബിന്‍ വ്യക്തമാക്കുന്നു.

ഗ്രാന്‍ഡ് മുഫ്തി ചെസിനെ പഴി പറയാന്‍ കണ്ടെത്തുന്ന മറ്റു കാരണങ്ങള്‍ ഇവയാണ്; ഈ കളി സമ്പന്നനെ ദരിദ്രനും ദരിദ്രനെ സമ്പന്നനുമാക്കുന്ന ഒന്നാണ്. കളിക്കുന്നവര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനെ ഇതു കാരണമാകുന്നുള്ളൂ. വിലപ്പെട്ട സമയാണ് ഇത് വ്യക്തികളില്‍ നിന്നും നഷ്ടപ്പെടുത്തുന്നത്.

എന്നാല്‍ മുഖ്യപുരോഹിതന്റെ ഈ മതശാസനയോട് സൗദി ഭരണകൂടം തങ്ങളുടെ തീരുമാനമൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. ഇത്തരമൊരു ഫത്‌വ നിയമമായി പ്രയോഗിക്കാന്‍ ഭരണകൂടം തയ്യാറാകില്ലെന്നുമാണ് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്.

ചെസ് ഒരിക്കലും അനിസ്ലാമികമല്ല, അതുകൊണ്ട് മുഖ്യപുരോഹിതന്‍ ഉണ്ടാക്കിവച്ചിരിക്കുന്ന ഈ ഭാരം ചുമക്കാന്‍ ഒരിക്കലും സൗദിയുടെ രാജാവ് തയ്യാറാവുകയുമില്ല; മൂസ ബിന്‍ തയ്‌ലിന്റെ ട്വീറ്റിലുള്ള ഈ പ്രത്യാശ മറ്റു പലരിലുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍