UPDATES

വിദേശം

സൗദികള്‍ക്ക് യെമനില്‍ മറ്റ് വഴികളില്ല

Avatar

യെമനില്‍ ഷിയാ ഹൂതികള്‍ നടത്തുന്ന മുന്നേറ്റത്തിന് പിന്നാലേ സൌദി അറേബ്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ആക്രമണങ്ങള്‍ ഈ മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കിയിരിക്കുന്നു. ഇവിടെ നിന്നുള്ള വിശദമായ വാര്‍ത്തകളും വിശകലനങ്ങളും ഇന്ന് മുതല്‍ അഴിമുഖത്തില്‍ വായിയ്ക്കാം. 

ഗ്ലെന്‍ കാരെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സൗദി അറേബ്യയും അവരുടെ ഗള്‍ഫ് അറബ് കൂട്ടാളികളും വ്യാഴാഴ്ച്ച ഷിയാ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ സൗദി സ്ഥാനപതി അദല്‍ അല്‍ജുബൈറിന്റെ അഭിപ്രായത്തില്‍ ‘യെമനിലെ ജനങ്ങള്‍ക്കും നിയമാനുസൃതഭരണകൂടത്തിനും വേണ്ടി’യാണ് ഈ ആക്രമണം. എന്നാല്‍ ഈ ബോംബാക്രമണം ഗള്‍ഫ് രാഷ്ട്രങ്ങളുടെ സഖ്യത്തെ അധികാരത്തില്‍ തിരിച്ചെത്തിക്കാനിടയില്ലെന്നും ആക്രമണം അധികകാലം നീണ്ടുനില്‍ക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ഗള്‍ഫിലെ പ്രധാന സുന്നി ശക്തിയും യെമനിലെ പ്രസിഡന്റ് അബ്ദുറബു മന്‍സൂര്‍ ഹാദിയുടെ വലംകയ്യുമായ സൗദി അറേബ്യയെ അലോസരപ്പെടുത്തിക്കൊണ്ട് ഹൂതികള്‍ ഹാദിയുടെ തെക്കന്‍ ശക്തികേന്ദ്രത്തിലേക്ക് (ഏദന്‍) മുന്നേറിയിരിക്കുന്നു. ഷിയാ ശത്രുവായ ഇറാന്റെ ഉപകരണമായാണ് ഹൂതിയെ സൗദി അറേബ്യ കാണുന്നത്. അവരെ തടയുന്നതിനാവശ്യമായതെന്തും ചെയ്യാന്‍ സൗദി പ്രതിജ്ഞാബദ്ധമാണ്.

‘ബോംബ് ആക്രമണത്തിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്ന് സൗദി അറേബ്യയ്ക്ക് അറിയാം, ‘ജനീവയിലെ ഗള്‍ഫ് റിസര്‍ച്ച് സെന്ററിലെ വിദഗ്ധന്‍ മുസ്തഫ അലാനി പറയുന്നു. ‘എന്നിരുന്നാലും ഈ ആക്രമണങ്ങള്‍ ഹൂതികളെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരാന്‍ നിര്‍ബ്ബന്ധിതരാക്കും. ഈ ബോംബാക്രമണമില്ലാതെ ഒരു രാഷ്ട്രീയ പ്രക്രിയ സാദ്ധ്യമല്ല തന്നെ.അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മുന്‍പ് തങ്ങള്‍ക്ക് രക്തച്ചൊരിച്ചിലുണ്ടാക്കിയ ശത്രുക്കള്‍ക്കെതിരെ സേനയെ അയക്കുന്നതൊഴിച്ചാല്‍ എല്ലാ ഇടപെടലുകളും സൗദി നിര്‍ത്തിയേക്കാം. 2009 അവസാനം തുടങ്ങിയ മൂന്നുമാസത്തെ അതിര്‍ത്തി തര്‍ക്കങ്ങളില്‍ നൂറിലേറെ സൗദി സൈനികരാണ് കൊല്ലപ്പെട്ടത്. 2011ല്‍ സൗദിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടല്‍ ബഹറിനിലെ ഷിയാ ഭൂരിപക്ഷ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതിനെക്കാള്‍ വിഷമകരമാകും യെമനിലേക്ക് സൈന്യത്തെ അയയ്ക്കല്‍.

‘2009ലെ അതിര്‍ത്തിത്തര്‍ക്കം അവര്‍ക്ക് വളരെ ശ്രമകരമായിരുന്നു. ഇക്കാര്യത്തില്‍ സൗദികള്‍ മുന്‍പത്തെക്കാള്‍ കരുതലിലായിരിക്കും.’ ലണ്ടനിലെ മിഡില്‍ ഈസ്റ്റ് ഓഫീസ് ഓഫ് ദ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിലെ എക്‌സിക്യുട്ടീവ് ഡയറക്ടറും സൗദിയുടെ മുന്‍ യു.കെ. സ്ഥാനപതിയുമായ ജോണ്‍ ജെങ്കിന്‍സ് പറയുന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള ആറംഗരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ഏഇഇ) ന്റെയും യു എന്നിന്റെയും സൈനികപിന്തുണ ഹാദി ഭരണകൂടം ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൂതികള്‍ തലസ്ഥാനമായ സനയിലുള്ള കൊട്ടാരം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് ഏദനിലേക്ക് പലായനം ചെയ്തിരുന്നു.

ഹാദിയുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഏദന്റെ പതനം സൗദിയുടെ തന്ത്രപ്രധാനമായ പരാജയമായിരിക്കും. ഹൂതികളുടെ നിയന്ത്രണത്തില്‍നിന്ന് മുക്തമായി ഹാദിക്ക് തന്റെ യെമനി ഭരണകൂടം പുനഃസ്ഥാപിക്കാന്‍ പറ്റിയ സ്ഥലമായിട്ടാണ് സൗദികള്‍ ഏദനെ കണ്ടത്. തങ്ങള്‍ക്കെതിരായി ഹൂതികള്‍ തെക്കോട്ട് ആക്രമണം നീട്ടാന്‍ ആഗ്രഹിക്കില്ലെന്നും അവര്‍ക്ക് അതിന് കഴിയില്ലെന്നും സൗദികള്‍ കരുതിയിരുന്നു.

1990ലെ പുനരേകീകരണത്തിനുമുമ്പ് യെമന്‍ തെക്കന്‍ യെമന്‍ എന്നും വടക്കന്‍ യെമന്‍ എന്നും രണ്ടായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു. ഇപ്പോഴത്തെ തര്‍ക്കം പുതുക്കിയ അതിര്‍ത്തികളെ സംബന്ധിച്ച പ്രശ്‌നം കൂടി ഉയര്‍ത്തിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ യെമന്റെ തെക്കന്‍ അതിര്‍ത്തികളെ സ്വാധീനിക്കാന്‍ ഇറാന്‍ ഹൂതികളെ ഉപയോഗിക്കും എന്ന കാര്യത്തിലും സൗദി അറേബ്യയും അതിന്റെ ഏഇഇ പങ്കാളികളും ആശങ്കാകുലരാണ്.

‘ഏതൊരു സൈനിക ഇടപെടലും ചെറിയ ഒരു കാലയളവിലേക്ക് മാത്രമായിരിക്കും.’ എക്‌സ്ട്രാറ്റ് ലിമിറ്റഡിന്റെ ലണ്ടനിലെ ഒരു നയതന്ത്രജ്ഞനായ എമാഡ് മൊസ്റ്റാക് പറയുന്നു.

ഹൂതികള്‍ അവരുടെ വടക്കന്‍ താവളത്തില്‍നിന്നും മുന്നേറ്റം തുടങ്ങിയത് 2014 മധ്യത്തോടെയാണ്. സെപ്റ്റംബറില്‍ അവര്‍ സന പിടിച്ചെടുത്തു. യെമന്റെ ഭൂരിഭാഗവും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖവും സൈനികത്താവളങ്ങളും തലസ്ഥാനത്തെ വിമാനത്താവളവും അടക്കം.

‘സൗദിയെ സംബന്ധിച്ച് ഹൂതിയുടെ നേട്ടങ്ങള്‍ വിപുലമായ ഷിയ വക്രത്തിന്റെ (Shiite crescent) ഒരു ഭാഗമാണ്.’ വാഷിംഗ്ടണിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറും യു.എസ്സിന്റെ മുന്‍ മധ്യേഷ്യന്‍ ഇന്റലിജന്‍സ് ഓഫീസറും ആയ പോള്‍ പില്ലര്‍ അഭിപ്രായപ്പെടുന്നു.

ഹൂതികളുടെ മുന്നേറ്റത്തിനു മുന്‍പ് യെമനോടുള്ള സൗദിയുടെ നിലപാടുകളില്‍ പ്രധാനപ്പെട്ടത് 11,00 മൈല്‍ നീളമുള്ള അതിര്‍ത്തിമേഖല വേലികെട്ടിത്തിരിക്കുക എന്നതായിരുന്നു.

‘തെക്കന്‍ അതിര്‍ത്തികളുടെ സംരക്ഷണത്തിനും സുരക്ഷാ ആവശ്യങ്ങള്‍ക്കുമായി സൗദി ലക്ഷക്കണക്കിനു ഡോളറുകളാണ് ചെലവഴിച്ചിട്ടുള്ളത്. യെമനിലെ സംഘര്‍ഷങ്ങളില്‍നിന്നും സ്വയം സംരക്ഷിച്ചുനിര്‍ത്തുക എന്നത് എത്ര നിരര്‍ത്ഥകമായ പ്രയത്‌നമാണെന്നും വീണ്ടും അക്കാര്യത്തില്‍ വേണ്ടത്ര ഇടപെടേണ്ടതുണ്ടെന്നും അവര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കും.’വിര്‍ജിനിയയിലെ ജെ ടി ജി ഇന്‍കോര്‍പറേറ്റഡിലെ വിദഗ്ധനായ ഫഹദ് നസര്‍ പറയുന്നു.

‘യെമന്റെ തെക്കുള്ള സുന്നി വിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള പ്രയത്‌നങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് സൗദിക്ക് ഇപ്പോള്‍ ചെയ്യാവുന്നത്. എന്നാല്‍ മുന്‍പ് ഒന്നിച്ചുനിന്നിരുന്ന ഷെയ്ക്കുകളും ഗോത്രനേതാക്കളും അടങ്ങിയ പ്രാദേശികബന്ധങ്ങള്‍ സൗദിക്ക് നഷ്ടമായിരിക്കുന്നു എന്നതാണ് ഈ നയത്തിലുള്ള പ്രശ്‌നം.’ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ താരതമ്യരാഷ്ട്രമീമാംസയുടെ അസോസിയേറ്റ് പ്രൊഫസര്‍ സ്‌റ്റെഫന്‍ ഹെര്‍റ്റോഗ് പറയുന്നു.

ഒരിക്കല്‍ സൗദിയുടെ കൂട്ടാളിയായിരുന്ന മുന്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ ഇടപെടലാണ് മറ്റൊരു പ്രതിബന്ധം. 2011ല്‍ ജി സി സി ഇടനിലനിന്ന ഒരു കരാറാണ് അദ്ദേഹത്തെ മാറ്റിക്കൊണ്ട് ഹാദിയെ പ്രസ്തുതസ്ഥാനത്ത് നിയമിക്കുന്നത്. യെമനില്‍ സ്വാധീനശക്തിയുള്ള ഒരു വ്യക്തിയായി തുടരുകയും സൈന്യത്തില്‍ ഒരു വിഭാഗത്തിന്റെ വിശ്വസ്തത നിലനിര്‍ത്തുകയും ചെയ്യുന്നു അദ്ദേഹം.

2009ലെ അതിര്‍ത്തിത്തര്‍ക്കത്തില്‍ ഹൂതികള്‍ സൗദി അറേബ്യയ്ക്കകത്തുള്ള ഒരു പ്രദേശം പിടിച്ചെടുത്തപ്പോള്‍ അവരുടെ ഷിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാനുള്ള സലേയുടെ പ്രയത്‌നങ്ങളെ റിയാദ് പിന്തുണയ്ക്കുന്നു എന്ന് ആരോപിക്കപ്പെടുകയുണ്ടായി.

‘ഇപ്പോള്‍ ഹൂതികളും സലേയും സഖ്യത്തിലാണ്. അതുകൊണ്ടുതന്നെ സലേയുമായി ബന്ധപ്പെട്ട വിഭാഗങ്ങളെ വിലയ്‌ക്കെടുക്കുക ബുദ്ധിമുട്ടാണ്.’ വാഷിംഗ്ടണിലെ ജോര്‍ജ്ജ്ടൗണ്‍ സര്‍വ്വകലാശാലയിലെ മധ്യേഷ്യന്‍ വിചക്ഷണനായ പോള്‍ സള്ളിവന്‍ പറയുന്നു.

സൗദിക്കാര്‍ക്ക് ‘ഏതാനും സാധ്യതകള്‍ മാത്രമാണുള്ളത്. എല്ലാം തന്നെ മോശപ്പെട്ടതും.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍