UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തെ ശുദ്ധീകരിക്കാന്‍ ദാദ എത്തുമോ!

Avatar

അഴിമുഖം പ്രതിനിധി

അനിശ്ചിതത്വത്തിന്റെ കളിയാണ് ക്രിക്കറ്റ്. കളത്തിനു പുറത്തും അതേ അനിശ്ചിതത്വമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ലോധ കമ്മിറ്റിയും ബിസിസിഐയും തമ്മിലുള്ള മത്സരത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ കര്‍ശനമാകുന്നതോടെ ബിജെപി എംപികൂടിയായ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവര്‍ ഉള്‍പ്പെടുന്ന നിലവിലെ ഭരണസമിതി പുറത്താകുമെന്ന നിലയിലാണ്. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാതിരിക്കാന്‍ തന്നെയാണ് ബോര്‍ഡിന്റെ തീരുമാനമെങ്കില്‍, ജസ്റ്റീസ് ആര്‍ എം ലോധ മുന്നോട്ടുവയ്ക്കുന്നത, ഈ ഭരണസമിതിയിരിക്കുമ്പോള്‍ ഒരു ശുദ്ധികലശത്തിനും സാധ്യതയില്ലാത്തതിനാല്‍ ഇവരെ മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിക്കും. ഇന്നലെ തന്നെ ഈ ആവശ്യം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയതാണ്. ഒരു അഡ്മിനിസ്‌ട്രേറ്റീവ് പാനലിനെ ക്രിക്കറ്റ് ഭരണത്തിനു നിയോഗിക്കണമെന്നുള്ള ആവശ്യവും അംഗീകരിക്കപ്പെടും.

അവിടെയാണ് ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം സംഭവിക്കുക. 

ലോധ കമ്മിറ്റി നിഷ്‌കര്‍ഷിക്കുന്നപോലെ ഒരു ഭരണസംവിധാനം നിലവില്‍ വന്നാല്‍, ആ പാനലിനു നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയായ സാക്ഷാല്‍ സൗരവ് ഗാംഗുലി ആയിരിക്കും. ക്രിക്കറ്റ് കേന്ദ്രങ്ങളോട് അടുത്തുനില്‍ക്കുന്നവര്‍ നല്‍കുന്ന വിവരമാണിത്. ലോധ കമ്മിറ്റിക്കും ഗാംഗുലിയെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതിനോട് യോജിപ്പാണെന്നാണ് അറിയുന്നത്.

ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളത്തില്‍ നയിച്ച ദാദ ഇന്ത്യന്‍ ക്രിക്കറ്റിനെ മുഴുവനായി നിയന്ത്രിക്കാന്‍ പോകുന്നുവെന്നു സാരം.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഗാംഗുലിയുടെ യാത്ര ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കല്‍ എത്തിച്ചേരുമെന്ന് അറിയാമായിരുന്നെങ്കിലും അതിത്ര വേഗത്തില്‍, ഇങ്ങനെയൊരു സാഹചര്യത്തില്‍ സംഭവിക്കുന്നൂവെന്നതാണു കുറച്ച് അത്ഭുതപ്പെടുത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയൊരു ഉണര്‍വ് നല്‍കിയ ക്യാപ്റ്റനായിരുന്നു ഗാംഗുലി. ഗാംഗുലിക്കു മുമ്പും ശേഷവും എന്ന തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വേര്‍തിരിക്കുക കൂടി ചെയ്യാം. കളത്തിലും പുറത്തും ഒരുപോലെ ആക്രമണകാരിയായ ക്യാപ്റ്റനായിരുന്നു ബംഗാള്‍ കടുവ എന്നറിയപ്പെട്ടിരുന്ന ഗാംഗുലി. ഇന്നിപ്പോള്‍ ടീം ഇന്ത്യ എത്തപ്പെട്ടിരിക്കുന്ന ഉയരങ്ങള്‍ക്ക് ഗാംഗുലിയോട് ഏറെ കടപ്പാടുണ്ട്.

ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ഏവരും പ്രതീക്ഷിച്ചത് ഒരു പരിശീലകന്റെ വേഷമായിരുന്നു. എന്നാല്‍ പരിശീലകനെക്കാള്‍ ഒരു ഭരണകര്‍ത്താവിന്റെ റോളാണ് തനിക്ക് ഇണങ്ങുന്നതെന്നു ഗാംഗുലി വേഗം തെളിയിച്ചു. വഴികാട്ടിയും സുഹൃത്തും അഭ്യുദയകാംക്ഷിയുമൊന്നൊക്കെ പറയാമായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയായാണ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് ഭരണത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നത്. ഡാല്‍മിയ സിഎബി( ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍) പ്രസിഡന്റായി സേവനം അനുഷ്ഠിക്കുമ്പോള്‍ ആണ് ഗാംഗുലി ജോയിന്റ് സെക്രട്ടറിയായി വരുന്നത്. എന്നാല്‍ ഡാല്‍മിയയുടെ ആകസ്മിക നിര്യാണം ഗാംഗുലിയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയാക്കി. സിഎബിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണു ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടത് എന്നതു തന്നെ അദ്ദേഹത്തിന്റെ സ്വാധീനത്തിനും പിന്തുണയ്ക്കും വലിയ ഉദ്ദാഹരണമാണ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി ബിസിസിഐ നിയോഗിച്ച ഫ്യാബുലസ് ഫൈവിലും( സച്ചിന്‍-ഗാംഗുലി-ദ്രാവിഡ്-ലക്ഷ്മണ്‍-െകുംബ്ലെ) ഗാംഗുലി തന്നെയായിരുന്നു മുന്‍നിരയില്‍. അനില്‍ കുംബ്ലെയെ ടീം ഇന്ത്യയുടെ ചീഫ് കോച്ചായി തെരഞ്ഞെടുക്കുന്നതിലും ഗാംഗുലിയുടെ തീരുമാനത്തിനായിരുന്നു മുന്‍ഗണന. രവി ശാസ്ത്രിയും ഗാംഗുലിയും ഇതിന്റെ പേരില്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടപ്പോഴും ക്രിക്കറ്റ് ബോര്‍ഡ് ഗാംഗുലിക്കൊപ്പം തന്നെ നിന്നത് അദ്ദേഹത്തിന്റെ സ്വാാധീനമാണ് വ്യക്തമാക്കിയത്.

ഒരു ഭരണാധികാരി എന്ന നിലയില്‍ പ്രകടിപ്പിച്ച മികവും അതോടൊപ്പം എല്ലാ മേഖലയില്‍ നിന്നും കിട്ടുന്ന പിന്തുണയും തന്നെയാണ് ഗാംഗലിയെ ക്രിക്കറ്റ് ഭരണരംഗത്ത് വ്യത്യസ്തനാക്കുന്നത്. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും അതു നടപ്പാക്കുന്നതില്‍ കാണിക്കുന്ന നിശ്ചദാര്‍ഢ്യവും ആരെയും കൂസാതെയുള്ള മനോഭാവവും ഗാംഗുലിയുടെ നേതൃത്വമികവിന് അടിവരയിടുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുരാഗ് ഠാക്കൂറിനോട് ചോദിച്ചൊരു ചോദ്യം പ്രസക്തമാണ്, ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന താങ്കള്‍ ഒരു ക്രിക്കറ്റ് മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്ന്? കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നവരോടെല്ലാം ഇതേ ചോദ്യം ചോദിച്ചാലും ഉത്തരം മൗനമായിരിക്കും. ഇവിടെയാണു ഗാംഗുലിയെപോലൊരാളുടെ പ്രധാന്യം. ടീം ഇന്ത്യ ഇന്നത്തെ നിലയിലേക്ക് യാത്രയാരംഭിച്ചത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയുടെ കീഴിലാണ്. ടീം ഇന്ത്യയുടെ ഭാഗദേയം നിര്‍ണിയിച്ച എത്രയോ കളിക്കാരെ അദ്ദേഹം സംഭവാന ചെയ്തു. ഒരുപക്ഷേ ഗാംഗുലി എന്ന ക്യാപ്റ്റന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നു നാം ആരാധിക്കുന്ന പല ക്രിക്കറ്റ് താരങ്ങളും ടീം ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാതെ മറഞ്ഞുപോകുമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍