UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സേവ് കെഎസ്ആര്‍ടിസി ആളെ വിളിച്ചുകയറ്റലല്ല; ഒറ്റ ദിവസത്തെ വരുമാനം 6 കോടി

Avatar

സി കെ ഹരികൃഷ്ണന്‍

കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നിലവിലെ പ്രതസന്ധി ഗുരുതരമായി തുടരുകയും ഈ പ്രസ്ഥാനത്തിന്റെ അന്ത്യം കുറിക്കുന്ന തരത്തിലേക്ക് ആ പ്രതിസന്ധികള്‍ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ സംഘടിച്ചുകൊണ്ട് ഈ പ്രസ്ഥാനത്തെ ഏതുവിധവും സംരക്ഷിക്കാനായി നടത്തുന്ന ഉദ്യമങ്ങളാണ് സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന്‍. ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് കെഎസ്ആര്‍ടിസി എങ്കിലും കാലാകാലങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി തുടരാനാണ് കെഎസ്ആര്‍ടിസിയുടെ വിധി. അതിന്റെ കാരണങ്ങള്‍ എത്രയോ തവണ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. പ്രതിസന്ധികള്‍ എന്താണെന്നും എന്തൊക്കെയാണ് അതിനുള്ള പ്രതിവിധികളെന്നും നാം ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. എങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തിന്റെ ആര്‍ടിസി സംവിധാനത്തെ സംരക്ഷിക്കാന്‍ എന്തുകൊണ്ടോ കഴിയാതെ പോകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് നഷ്ടം… നഷ്ടം എന്ന് എപ്പോഴും കെസ്ആര്‍ടിസിയ നോക്കി വിലപിക്കുന്നവരോട്, വേണമെങ്കില്‍ ഇത് ലാഭത്തിലുമാക്കാമെന്ന് കാണിച്ചുകൊടുത്തുകൊണ്ട് നമ്മള്‍ കഴിഞ്ഞ തിങ്കളാഴ്ച (ജനുവരി 5) മുതല്‍ സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

മാനേജ്‌മെന്റും തൊഴിലാളികളും ഒന്നിച്ചു നിന്നുകൊണ്ട് പരമാവധി ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്ത് വരുമാനം കൂട്ടുക എന്നതാണ് സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന്റെ ആദ്യഘട്ട ലക്ഷ്യം. മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് 150 ഓളം ഷെഡ്യൂളുകളാണ് ഈ തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്തത്. അതിന്റെ ഫലവും കണ്ടു. 60 ലക്ഷത്തോളം രൂപയുടെ അധികവരുമാനമാണ് തിങ്കളാഴ്ച കിട്ടിയത്. അന്ന് ഒറ്റദിവസത്തെ കളക്ഷന്‍ 6.78 കോടി രൂപയാണ്. ചൊവ്വാഴ്ചയും 130 ഓളം കൂടുതല്‍ ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കുകയും വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളിലും ഇതേപോലെ തന്നെയാണ് സര്‍വീസ് നടത്തിവരുന്നത്. യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി സൗകര്യം എത്രത്തോളം ലഭ്യമാകുന്നുവോ അത്രത്തോളം അവര്‍ ഈ പൊതുഗതാഗത സംവിധാനത്തെ തന്നെ ആശ്രയിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. നിലവില്‍ പല സ്ഥലങ്ങളിലേക്കും സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടവും സ്വകാര്യബസുകള്‍ക്ക് ലാഭവും എന്ന പല്ലവി നമുക്ക് ആവര്‍ത്തിക്കേണ്ടി വരുന്നത്. ജനങ്ങള്‍ ഒരിക്കലും കെഎസ്ആര്‍ടിസിയില്‍ നിന്ന് അകലുന്നില്ല, അവര്‍ക്ക് ഈ ഗതാഗതസൗകര്യം പ്രാപ്യമാകുന്നില്ലെന്നതാണ് പ്രശ്‌നം. ഇവിടെ നമ്മള്‍ സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന്റെ ഭാഗമായി പ്രധാനമായും മുന്നോട്ടുവച്ച് രണ്ട് ആവശ്യങ്ങള്‍; ജീവനക്കാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാതിരിക്കുക, സര്‍വീസുകള്‍ കാര്യക്ഷമമാക്കുന്നതിന് തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ പിന്തുണ ഉറപ്പാക്കുക എന്നിവയായിരുന്നു.

പ്രതിദിനമുള്ള ശരാശരി വരുമാനം ആറു കോടി ആക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം. നിലവില്‍ അഞ്ചു മുതല്‍ അഞ്ചരക്കോടിവരെയാണ് വരുമാനം കിട്ടുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നു തന്നെയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത്. എന്നാല്‍ ഈ പരിമിതികള്‍ നമ്മുടെ ലക്ഷ്യത്തിന് തടസം നില്‍ക്കരുതെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. പ്രതിസന്ധികളുണ്ടെങ്കില്‍ അതിനുള്ളില്‍ നിന്നു കൊണ്ട് തന്നെ ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുമായി തുടര്‍ന്ന് മുന്നോട്ടുപോയാല്‍ ഏപ്രില്‍മാസത്തോടുകൂടി കാര്യമായ മാറ്റം വരുത്താന്‍ സാധിക്കും. ഡിസംബര്‍ 22 ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണയനുസരിച്ച് ഏപ്രില്‍ മാസത്തോടെ പെന്‍ഷന്‍ ഫണ്ടിന്റെ കാര്യത്തിലും കെഎസ്ആര്‍ടിസിയുടെ കടത്തിന്റെ കാര്യത്തിലും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന ധാരണയുണ്ടായിട്ടുണ്ട്. അതിനിടയില്‍ വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ ഈ പൊതുഗതാഗത സംവിധാനം കൂടുതല്‍ ഉഷാറോടെ മുന്നോട്ട് കുതിക്കുമെന്ന കാര്യത്തില്‍ ഒരു സംശയത്തിനും ഇടയില്ല.

പ്രധാനമായും ഉടനടി പരിഹരിക്കേണ്ട പ്രശ്‌നം ബസുകളുടെ ലഭ്യതയാണ്. ഒട്ടുമുക്കാല്‍ ബസുകളും കട്ടപ്പുറത്താണ്. അവയില്‍ നിന്ന് പെട്ടെന്ന് പണികള്‍ തീര്‍ത്ത് പുറത്തിറക്കാന്‍ സാധിക്കുന്ന ബസുകള്‍ ശരിയാക്കിയെടുത്താണ് നമ്മള്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഷെഡ്യൂളുകള്‍ നടത്തിയത്. ബസുകളുടെ ലഭ്യത കുറവ് തന്നെയാണ് കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സാധിക്കാതെ പോകുന്നതിന് കാരണം. നിലവിലെ പ്രതിസന്ധി തന്നെയാണ് ഇതിന് കാരണമെങ്കിലും കഴിയുന്നത്ര വേഗത്തില്‍ അധികം ബസുകള്‍ നിരത്തിലിറങ്ങിയേ മതിയാകൂ. അതേപോലെ ജീവനക്കാരുടെ അഭാവം ഉണ്ടെന്ന് കാണിച്ച് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാതിരിക്കാനും ഇനി മുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വേഗത്തില്‍ പരിഹരിക്കേണ്ട മറ്റൊന്ന് ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ എല്ലാ ബസുകളിലും ലഭ്യമാക്കുക എന്നതാണ്. ഭൂരിഭാഗം ബസുകളിലും ഇപ്പോഴും പഴയ ടിക്കറ്റ് റാക്കുകളാണ്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ സര്‍വീസ് നടത്തുന്നതിന് ഈ പ്രതിസന്ധികളെല്ലാം വേഗത്തില്‍ തീര്‍ക്കാനാണ് ശ്രമിക്കേണ്ടത്.

യഥാര്‍ത്ഥത്തില്‍ സേവ് കെഎസ്ആര്‍ടിസ് ക്യാമ്പയിന്‍ ഇപ്പോള്‍ ആവ്ഷ്‌കരിച്ച ഒരു പദ്ധതിയൊന്നുമല്ല. 1982 മുതല്‍ ഈ പദ്ധതി നിലവിലുണ്ട്. എന്നാല്‍ നിലവിലെ രൂക്ഷമായ പ്രതിസന്ധിയില്‍ അതിന്റെ പ്രാധാന്യം കൂടുതല്‍ തിരിച്ചറിഞ്ഞുകൊണ്ട് കെഎസ്ആര്‍ടിസിഇഎ ആ പദ്ധതിയുമായി മുന്നോട്ടു വന്നതാണ്. എങ്കിലും ഇത് ഏതെങ്കിലും ഒരു യൂണിയന്റെ മാത്രം നേട്ടമായി കാണരുത്. എല്ലാ യൂണിയനിലുമുള്ള ജീവനക്കാരും മാനേജ്‌മെന്റും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പ്രയത്‌നിക്കുന്നത്. ഇവിടെ ഞങ്ങള്‍ക്ക് ഏറ്റവും വലിയയ പിന്തുണയും ആത്മവിശ്വാസവും നല്‍കുന്ന ജനങ്ങള്‍ തന്നെയാണ്. ആളെ വിളിച്ചുകയറ്റലല്ല സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന്‍. യാത്രാക്കാരും ജീവനക്കാരും നല്ല മനോഭാവത്തോടു കൂടി മുന്നോട്ടുപോവുകയെന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. ഇത്തരമൊരു സംവിധാനം നിലനില്‍ക്കേണ്ടത് ജനങ്ങളുടെകൂടി ആവശ്യമാണ്. അതിനായി അവര്‍ എന്തുരീതിയിലുമുള്ള സഹകരണത്തിനും തയ്യാറാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാം. ഒരുമിച്ച് നിന്നുകൊണ്ട് നമ്മുടെ കെഎസ്ആര്‍ടിസിയെ അതിന്റെ പ്രതിസന്ധികളില്‍ നിന്ന മോചിപ്പിച്ച് സുഖകരമായൊരു യാത്രയ്ക്ക് സജ്ജരാക്കുക എന്നതാണ് നമുക്കെല്ലാവര്‍ക്കും കൂടി ചെയ്യാനുള്ളത്.

(കെഎസ്ആര്‍ടിസിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

*Views are Personal 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍