UPDATES

പ്രവാസം

ഏതു നിമിഷവും ഞാനും ജയിലില്‍ ആകാം, അതിനു മുന്നേ അദ്ദേഹത്തെ രക്ഷിക്കണം; അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ അപേക്ഷിക്കുന്നു

വാടക കൊടുക്കാന്‍ പോലും കഴിവില്ലാത്ത അവസ്ഥയിലാണ് താനിപ്പോഴെന്ന് ഇന്ദിര

കഴിഞ്ഞ 21 മാസമായി അദ്ദേഹം ജയിലില്‍ ആണ്. ആരോഗ്യനില തീരെ വഷളായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വീല്‍ച്ചെയറില്‍ ഇരുത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എനിക്കുമുണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍. ഞാനാകെ ഒറ്റപ്പെട്ടിരിക്കുന്നു,തീര്‍ത്തും നിസ്സഹായയും;

68 കാരിയായ ഇന്ദിരയുടെ വാക്കുകള്‍. മലയാളികള്‍ക്ക് ഏറെ പരിചിതനായ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ. ഭര്‍ത്താവിന്റെ മോചനത്തിനായുള്ള ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ ശരീരവും മനസും ഒരുപോലെ തകര്‍ന്നിരിക്കുന്നു ഇന്ദിരയ്ക്ക്. ഖലീജ് ടൈംസിനോട് ഇന്ദിര തന്റെ അവസ്ഥകള്‍ വിവരക്കുന്നു. ആദ്യമായി അവര്‍ തന്റെ അവസ്ഥ ഒരു മാധ്യമത്തോട് തുറന്നു പറയുകയായിരുന്നു.

ചില ബാങ്കുകള്‍ എനിക്കെതിരേയും നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഏതുനിമിഷവും ഞാനും ജയിലില്‍ ആകാം. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാടകപോലും അടയ്ക്കാനുള്ള കഴിവെനിക്കില്ല. പക്ഷേ ഞാനിപ്പോഴും പൊരുതുകയാണ്, എന്റെ ഭര്‍ത്താവ് ജയിലില്‍ നിന്നും സ്വതന്ത്രനായി പുറത്തുവരാനായി; ഇന്ദിരയുടെ വാക്കുകള്‍. ദുബായില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇന്ദിരയിപ്പോള്‍ താമസിക്കുന്നത്.

ഒരു സാധാരണ വീട്ടമ്മയായിട്ടായിരുന്നു രാമചന്ദ്രന്‍ എന്ന വമ്പന്‍ ബിസിനസുകാരന്റെ കൂടെ ഇന്ദിര ജീവിച്ചത്. ഒരിക്കല്‍ പോലും ഭര്‍ത്താവിന്റെ ബിസിനസ് കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. പക്ഷേ ഇന്ദിരയുടെ ജീവിതം തകിടം മറിയുന്നത് 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് കേസില്‍ 2015 ല്‍ 75 കാരനായ രാമചന്ദ്രന്‍ ജയില്‍ ആകുന്നതോടെയാണ്.

അദ്ദേഹത്തെ പൊലീസുകാര്‍ കൊണ്ടുപോകുമ്പോള്‍ എന്റെ വിശ്വാസം അദ്ദേഹം ഉടനെ തന്നെ തിരിച്ചുവരുമെന്നായിരുന്നു. ജീവിതം വലിയൊരു ദുരന്തത്തിലേക്ക് വീഴുകയാണെന്നതിന്റെ ഒരു സൂചനപോലും എനിക്കില്ലായിരുന്നു; ഇന്ദിര പറയുന്നു.

1990 ലെ കുവൈറ്റ് യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും തളരാതെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ദുബൈയില്‍ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത എം എം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ്റ്റ് രാമചന്ദ്രന്റെ പതനം ആ അറസ്റ്റോടെയായിരുന്നു. അറസ്റ്റ് വാര്‍ത്ത വളരെ വേഗമാണ് പ്രചരിച്ചത്. കൂടുതല്‍ ബാങ്കുകള്‍ രാമചന്ദ്രനെതിരേ രംഗത്തുവന്നു. അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ശക്തമായി.

അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന തരത്തില്‍ ബാങ്കുകള്‍ ഇപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാന്‍ മനസുകൊണ്ടും ശരീരം കൊണ്ടും ആകെ തകര്‍ന്നിരിക്കുകയാണ്. എന്തു ചെയ്യണം, ആരെ വിളിക്കണം; ഒന്നും എനിക്കറിയില്ല.

ഞങ്ങളുടെ ജീവനക്കാര്‍ പണത്തിനുവേണ്ടി അലമുറയിടുകയാണ്. ഒരു ദിവസം കുറെ ജീവനക്കാര്‍ ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്കു വന്നു. അവര്‍ക്ക് കിട്ടാനുള്ള പണം കിട്ടാതെ തിരികെ പോകില്ലെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പലരും കള്ളത്തരങ്ങള്‍ കാണിക്കുന്നുണ്ട്. സെയില്‍സ്മാന്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്ക് കിട്ടേണ്ട ശമ്പളക്കുടിശ്ശിക, ഇന്‍സെന്റീവ് എന്നിവയടക്കമുള്ള കുടിശ്ശികകള്‍ തീര്‍ക്കാന്‍ വേണ്ടി ഞങ്ങളുടെ ഷോറൂമിലെ അഞ്ചു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള ഡയമണ്ടുകള്‍ വെറും ഒന്നര മില്യണ്‍ ദിര്‍ഹത്തിനു വില്‍ക്കേണ്ടി വന്നു; ഖലീജ് ടൈംസിനോട് ഇന്ദിര പറയുന്നു.

രാമചന്ദ്രന്‍ ജയിലില്‍ ആയതോടെ ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടത്തിന്റെ ഉത്തരവാദിത്വം ഇന്ദിരയുടെമേലായിരിക്കുന്നതാണ് അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തളളിയിട്ടത്. കടങ്ങള്‍ തീര്‍ക്കേണ്ട ബാധ്യത ഇപ്പോള്‍ ഇന്ദിരയ്ക്കാണെന്നാണു ബാങ്കുകള്‍ പറയുന്നത്. രാമചന്ദ്രന്റെതായ ആസ്തികളില്‍ ബാക്കിയുള്ളവ വിറ്റ് കടം തീര്‍ക്കാന്‍ ആണെങ്കില്‍ അതിനും സാധിക്കുന്നില്ല. അങ്ങനെ പറയാന്‍ മാത്രം അധികമൊന്നും ബാക്കിയില്ലെന്നും ഇന്ദിര പറയുന്നു.
വര്‍ഷം 3.5 ബില്യണ്‍ ദിര്‍ഹം ടേണ്‍ ഓവര്‍ ഉണ്ടായിരുന്നതാണ് അറ്റ്‌ലസ് ഗ്രൂപ്പിന്. ഒരു ചീട്ടുകൊട്ടരം തകരുന്നതുപോലെയായിരുന്നു അതിന്റെ പതനം. യുഎഇയില്‍ ഉണ്ടായിരുന്ന 19 സ്വര്‍ണക്കടകളും പൂട്ടി. സൗദി അറേബ്യ, കുവൈറ്റ്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളും അപത്ത്കാലത്തില്‍ നിന്നും രക്ഷപ്പെട്ടില്ല.

കഷ്ടകാലം രാമചന്ദ്രന്റെ കുടുംബത്തെ പൂര്‍ണമായി വിഴുങ്ങാന്‍ തീരുമാനിച്ചു എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ മകളെയും മരുമകനെയും പൊലീസ് സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്ത് ജയില്‍ അടച്ചത്. അതുപക്ഷേ അറ്റലസ് ജ്വല്ലറിയുമായി ബന്ധപ്പെട്ട പ്രശ്‌നം അല്ലായിരുന്നു. അതുമറ്റൊരു ദുരന്തമായിരുന്നു. എല്ലാം ഞാന്‍ ഒറ്റയ്ക്ക് നേരിടേണ്ടതായി വരുന്നു; ഇന്ദിരയുടെ വാക്കുകള്‍.

പക്ഷേ ഇത്രയൊക്കെ തിരിച്ചടികള്‍ നേരിടുമ്പോഴും ഇന്ദിര പ്രതീക്ഷകള്‍ കൈവിടുന്നില്ല. തന്റെ ഭര്‍ത്താവ് ഉടന്‍ തന്നെ ജയില്‍ മോചിതനാകുമെന്നു തന്നെ ഇന്ദിര വിശ്വസിക്കുന്നു. മസ്‌കറ്റിലുള്ള രണ്ട് ആശുപത്രികള്‍ വിറ്റാല്‍ കിട്ടുന്ന 35 മില്യണ്‍ ദിര്‍ഹം ബാങ്കുകളുമായുള്ള താത്കാലിക ഒത്തുതീര്‍പ്പിനു ഉതകും എന്നാണ് ഇന്ദിര പറയുന്നത്. കുടിശ്ശികയുള്ള 22 ബാങ്കുകളില്‍ 19 പേരും ചര്‍ച്ചയിലൂടെ ഉരുത്തിരഞ്ഞ പുതിയ കടംവീട്ടല്‍ കറാറില്‍ ഒപ്പുവയ്ക്കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്. ഇതുവഴി രാമചന്ദ്രനെതിരേയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബങ്കുകള്‍ തയ്യാറാകും. മൂന്നു ബാങ്കുകള്‍ മാത്രമാണ് ഒത്തുതീര്‍പ്പിന് വിസമ്മതിക്കുന്നത്. പുതിയ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഞാന്‍ ബാങ്കുകളുടെ എല്ലാ വാതിലുകളും മുട്ടിനോക്കുകയാണ്. അവര്‍ കൂടി തയ്യാറായാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കും; ഇന്ദിര പറയുന്നു.

അദ്ദേഹം സത്യസന്ധനായ ഒരു മനുഷ്യനായിരുന്നു. ബിസിനസ് ലോകത്ത് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ ജനപ്രിയത എല്ലാവരും അംഗീകരിച്ചതാണ്. അദ്ദേഹം ജയിലില്‍ ആയതോടെ സ്വത്തുക്കള്‍ വില്‍ക്കുന്നതില്‍ തടസ്സം നേരിടുകയും അതുമൂലം കടങ്ങള്‍ വീട്ടാന്‍ കഴിയാതെ പോവുകയുമായിരുന്നു. അദ്ദേഹത്തോട് മനുഷ്യത്വപരമായ പരിഗണന കാണിക്കും എന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്; ഇന്ദിര പറയുന്നു.

ഒരുപക്ഷേ അദ്ദേഹത്തിന്റെ മോചനത്തിനു മുമ്പ് നിയമപ്രശ്‌നത്തില്‍ ഞാന്‍ കുടുങ്ങുകയാണെങ്കില്‍, അതു ഞങ്ങളുടെ അവസാനമാണ്. വേറെ മാര്‍ഗങ്ങളൊന്നുമില്ല; നിരാശയോടെ ഇന്ദിര പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍