UPDATES

ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി എന്നാരോപിച്ച് സേവ് പെരിയര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി 

സ്വാതന്ത്ര്യ ദിനമായ നാളെ കേരള ഹൈക്കോടതി ജംഗ്ഷനിൽ നടത്തുന്ന പരിസ്ഥിതി ബോധവൽക്കരണ പരിപാടിയായ സേവ് പെരിയാർ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം വൈപ്പിന്‍ മുനമ്പത്ത് നിന്ന് ഗോശ്രീ ജംഗ്ഷനിലേക്ക് വാഹന പ്രചരണ ജാഥ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെയും  കോളേജ് വിദ്യാർത്ഥികളെയും ഞാറയ്ക്കല്‍ പോലിസ് തടഞ്ഞു. രണ്ടു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനുവാദമില്ലാതെ ജാഥ നടത്തിയത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലിസ് പറയുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരായ സോണി, ഷംഷുദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 

“പോലിസ് ആദ്യം പറഞ്ഞത് പെര്‍മിഷന്‍ ഇല്ല എന്നാണ്. ഞങ്ങള്‍ കൃത്യമായ പെര്‍മിഷന്‍ വാങ്ങിയിരുന്നു. എസ്പി ഓഫീസില്‍ നിന്നാണ് പെര്‍മിഷന്‍ വാങ്ങിയത്. പത്ര സമ്മേളനം വരെ നടത്തി ജാഥയുടെ വിശദ വിവരങ്ങള്‍ അറിയിച്ചിരുന്നതാണ്. ഇപ്പോള്‍ പോലീസ് പറയുന്നത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കുന്ന തരത്തില്‍ ജാഥ നടത്തി എന്നാണ്. എന്ത് ഭീതിയാണ് പരത്തിയത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നാളെ ജില്ലയുടെ പല കേന്ദ്രങ്ങളിലും പെരിയാര്‍ സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിന്‍റെ പ്രചാരണ പരിപാടികള്‍ ആണ് ഇന്ന് നടത്തിയത്. അതിലേക്കാണ് ഒരു കാരണവും ഇല്ലാതെ പോലിസ് കടന്നു വന്നിരിക്കുന്നത്. ഇതിനു പിന്നില്‍ കമ്പനികളുടെ ഇടപെടലുകള്‍ ഉണ്ട്. സമരങ്ങളും ബോധവല്‍ക്കരണ പരിപാടികളും ഒതുക്കി തീര്‍ക്കേണ്ടത് അവരുടെ ആവശ്യം ആണല്ലോ.”പരിപാടിയുടെ സംഘാടകരില്‍ ഒരാളായ ഫാ.അഗസ്റ്റിന്‍ വട്ടോളി അഴിമുഖത്തിനോട് പറഞ്ഞു.

“പെരിയാറിന്‍റെ വിഷയവുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എതിരെ ഒരു പ്രകോപനാവും കൂടാതെ ഉണ്ടായ പോലിസ് നടപടി അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. കാരണം പെരിയാര്‍ മലിനീകരണ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏതാണ്ട് 45 കൊല്ലങ്ങളായി ഈ പ്രശ്നങ്ങളില്‍ നിരവധി സമരങ്ങള്‍ പലപ്പോഴായി നടന്നു വന്നിട്ടുണ്ട്. പെരിയാറിലെ പ്രശ്നങ്ങള്‍ ഓരോ വര്‍ഷം കഴിയുന്തോറും കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. പെരിയാറിനെ രക്ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും പൊതു സമൂഹവും പോലീസും അവരെ സംരക്ഷിക്കുകയാണ് വേണ്ടത്. വേണ്ടത്.മറിച്ച് സമാധാനപരമായ രീതിയില്‍ പ്രകടനം നടത്തിയ ആളുകളെ കാസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്.” എന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ പ്രതികരിച്ചു.

ജാഥയ്ക്കിടയില്‍ “നിങ്ങളുടെ കുടിവെള്ള ടാങ്കുകളില്‍ വ്യാപക വിഷം കലര്‍ത്തിയിരിക്കുകയാണ്” എന്ന് വിളിച്ചു  പറഞ്ഞത് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു എന്നും നിരവധി പേര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചന്വേഷിച്ചതിനെ തുടര്‍ന്നാണ് ജാഥ തടഞ്ഞതും അറസ്റ്റ് ചെയ്തു നീക്കിയതും എന്നുമാണ് ഞാറക്കല്‍ പോലീസ് പറയുന്നത്.

അതേസമയം പരിപാടി ഉത്ഘാടനം ചെയ്യാന്‍ ഇരുന്ന വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മ അറസ്റ്റിനെ പറ്റി അറിഞ്ഞില്ല എന്നാണ് പ്രതികരിച്ചത്. 

“പോലിസ് ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത് ഇന്‍ഡസ്ട്രിയലിസ്റ്റുകളുടെ ഒരു ചട്ടുകമായിട്ടാണ്. സാധാരണ നമ്മുടെ നാട്ടില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടനെ ഓടിച്ചാടി നടപടി എടുക്കുന്ന പോലിസ് അല്ല നമ്മുടേത്. പെരിയാര്‍ മലിനീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അവിടെ മലിനീകരണം നടക്കുമ്പോള്‍ നടപടിയെടുക്കാന്‍ പോലീസിന്‍റെ ഭാഗത്ത് നിന്നും  ഇത്രയും തിടുക്കം കാണാറില്ല. ഒരു ഇന്‍ഡസ്ട്രിയലിസ്റ്റിന് എതിരെ പോലും കേസെടുക്കാന്‍ പോലീസിന്‍റെ ഈ ആവേശം കാണാറില്ല. മലിനീകരണം ഉണ്ടാകുന്നു എന്ന സത്യം ആളുകളോട് വിളിച്ചു പറയുന്ന സാധാരണക്കാരായ മനുഷ്യര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് കാണിക്കുന്ന ആവേശത്തിന്‍റെ പത്തിലൊന്ന് ഈ വിഷം കലക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന കമ്പനികളുടെ ഉടമസ്ഥന്‍മാര്‍ക്ക് എതിരെ കേസെടുക്കാന്‍ കൂടി കാണിക്കണം. നിയമം വണ്‍ സൈഡ് ഓടുന്ന ഒരു വണ്ടിയല്ല. സ്ഥലം എംഎല്‍എ എസ്. ശര്‍മ്മ പരിപാടിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ട് എത്തിയിരുന്നില്ല. ശര്‍മ്മ ഉള്‍പ്പെടെ ഉള്ളവര്‍ ഒത്താശ ചെയ്തിട്ടാണ് ഈ കമ്പനികള്‍ ഇവിടെ മലിനീകരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പരിസരത്തെ എംഎല്‍എമാര്‍ക്കെല്ലാം പങ്കുണ്ട്.” അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍