UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവ്രദേശീയതയില്‍ നിന്നും ത്രിവര്‍ണപതാകയെ സംരക്ഷിക്കുക

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

രാജ്യത്തെ പൊതുവിടങ്ങളില്‍ എവിടേയും അഭിമാനത്തോടെ ദേശീയപതാക പാറിപ്പറക്കുന്നതില്‍, പ്രത്യേകിച്ചും രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്ന കലാലയങ്ങളില്‍, ഒരു പൌരനും എതിര്‍പ്പുണ്ടാകില്ല. 

പക്ഷേ കേന്ദ്ര സര്‍വകലാശാലകളുടെ വി സിമാരുടെ യോഗത്തിലെടുത്ത ആ തീരുമാനത്തില്‍ സംവാദവും വിയോജിപ്പുമൊക്കെ ചേര്‍ന്ന് പുഷ്ടിപ്പെടുത്തേണ്ട ജനാധിപത്യത്തിന് ചേരാത്ത ചിലത് മണക്കുന്നുണ്ട്.

ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ മരണത്തോടെ കൂടുതല്‍ തെളിച്ചത്തില്‍ പുറത്തുവന്ന, കലാലയങ്ങളിലെ വിവേചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഒരു യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രോഹിതിനെതിരെ ഒരു എ.ബി.വി.പി നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന്, കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയ രോഹിതിന്റെയും കൂട്ടരുടെയും നടപടികള്‍ ദേശദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് എഴുതിയ കത്തിനെ തുടര്‍ന്നാണ് അവരെ കലാലയത്തില്‍ വിലക്കുന്നത്. സര്‍വകലാശാല അധികൃതരും സര്‍ക്കാരും നടത്തിയ ഈ വേട്ടയ്ക്കൊടുവിലാണ് അയാള്‍ക്ക് ജീവനൊടുക്കേണ്ടി വന്നതും.

ഇപ്പോഴും തെളിവില്ലാത്ത രാജ്യദ്രോഹാകുറ്റമാരോപിച്ച് JNUSU അദ്ധ്യക്ഷന്‍ കനയ്യ കുമാറിന്റെ തടവും തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസുകാരുടെ മൌനാനുവാദത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കനയ്യക്കും നേരെ ഗുണ്ടകളെപ്പോലെ പെരുമാറിയ അഭിഭാഷകാരുടെ കൂട്ടം നടത്തിയ ആക്രമണങ്ങളുടെയും ഇതിനെല്ലാമെതിരെ ഉയര്‍ന്ന പൊതുപ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ കൂടിയാണ് ത്രിവര്‍ണ പതാക സ്ഥാപിക്കാനുള്ള തീരുമാനം.

കെട്ടിച്ചമച്ച വീഡിയോ ദൃശ്യങ്ങളും ഹാഫിസ് സയിദിന്റെ വ്യാജ ട്വിറ്റര്‍ അക്കൌണ്ടും എല്ലാം പൊതുസംവാദത്തില്‍ നിറയുന്നതിനിടയിലുമാണ്  ഈ തീരുമാനം. ദേശവിരുദ്ധതയാണ് അത്തരം ചര്‍ച്ചകളിലെല്ലാം വായടപ്പിക്കാനുള്ള ആയുധം. ബി ജെ പി നിശ്ചയിച്ചിട്ടുണ്ട് അവരുടേതായൊരു ദേശാഭിമാന പരീക്ഷ. “ഇത്തരം ലജ്ജിക്കേണ്ടുന്നതരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുകൊണ്ട് നിങ്ങള്‍ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യുന്നത്?” എന്നാണ് ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ തന്റെ ബ്ലോഗില്‍ രാഹുല്‍ ഗാന്ധിയോട് മാത്രമല്ല കനയ്യയുടെ അറസ്റ്റിനെ പൊതുവെ എതിര്‍ത്ത എല്ലാവരോടുമായി ചോദിച്ചത്.

ഹൈദരാബാദ് സര്‍വകലാശാലയെ രോഹിതിനെതിരായി നടപടിയെടുക്കാന്‍ സമ്മര്‍ദത്തിലാഴ്ത്തിയ, പൊള്ളയായ ആരോപണങ്ങളുടെ പേരില്‍ നടത്തിയ കനയ്യയുടെ അറസ്റ്റിനെ ‘ഭാരതമാതാവി’നെതിരെ ആരെന്ത് പറഞ്ഞാലും സഹിക്കില്ലെന്ന് പറഞ്ഞ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ദേശീയ പതാക സംബന്ധിച്ച തീരുമാനമുണ്ടായതെന്നതും ആലോചിക്കേണ്ടതാണ്. 

ഈ പശ്ചാത്തലത്തില്‍ ദേശീയ പതാക പറത്താനുള്ള തീരുമാനം- സര്‍ക്കാര്‍ ഉത്തരവ് നല്‍കാതെതന്നെ നിരവധി കലാലയങ്ങളില്‍ അത് പാറുന്നുണ്ട്- സംവാദവും വിമതസ്വരവും അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജെ എന്‍ യുവില്‍ ഇപ്പോള്‍ത്തന്നെ ഒരു ദേശീയപതാക പാറുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

അസാധാരണമായ വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്ന ഒരു ഘട്ടത്തില്‍, ബഹുമാനിക്കേണ്ടത് എന്നു കരുതുന്ന ഒന്നിനെയാണ് ഈ തീരുമാനം അപമാനിക്കുന്നത് എന്നു പറയേണ്ടി വരും. സ്വാതന്ത്ര്യസമരത്തിന്റെ പരകോടിയില്‍ സ്വീകരിക്കപ്പെട്ട ഒന്നായിരുന്നു ദേശീയ പതാക.  ഇന്നിപ്പോള്‍ ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തിന്റെ പ്രതീകമാണ് അത്. 2004-ല്‍ സുപ്രീം കോടതി, സര്‍ക്കാര്‍ നൂലാമാലകളില്‍ നിന്നും അതിനെ മോചിപ്പിച്ച് ഇന്ത്യയിലെ ഏതൊരു പൌരനും ദേശീയ പതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കി. “രാജ്യത്തോടുള്ള അഭിമാനവും വികാരവും കൂറും പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ദേശീയപതാക പറത്താന്‍ ഏതൊരു പൌരനുമുള്ള അവകാശം മൌലികാവകാശമാണ്” എന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. 

പൌരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാന്‍  പോരാടുന്നവരും, അതിനെയെല്ലാം അതിദേശീയതാവാദത്തിന്റെ മറവില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ് ഇവിടുത്തെ കേന്ദ്രസര്‍ക്കാര്‍. അവരാണ് ഇപ്പോള്‍ ദേശീയപതാകയില്‍ സ്വയം പൊതിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്നത്. അതാകട്ടെ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തവര്‍ക്ക് മാത്രമല്ല, ത്രിവര്‍ണ പതാകയ്ക്കും സ്വാതന്ത്ര്യ ബോധത്തിന്റെ ഭാഗമായി അതിനെ കാണുന്നവര്‍ക്കും ഒക്കെ അപമാനവുമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍