UPDATES

സയന്‍സ്/ടെക്നോളജി

നീര്‍നായകളുടെ സംരക്ഷണം മാത്രമല്ല, അവര്‍ക്കിത് പരിസ്ഥിതിയെ കുറിച്ചുള്ള പഠനം കൂടിയാണ്

Avatar

കിറ്റ്സണ്‍ ജസിങ്ക
(വാഷിംഗ്ടന്‍ പോസ്റ്റ്)

അലാസ്കയില്‍ മറൈന്‍ ബയോളജിസ്റ്റായ നതാലി റൌസിന്‍റേത് രാവിലെ 9 മുതല്‍ 5 വരെ ഒരു ഓഫീസിലിരിക്കുന്ന ജോലിയല്ല. പല ദിവസങ്ങളിലും അവര്‍ അലാസ്ക സീലൈഫ് സെന്‍ററിലെ അസുഖം ബാധിച്ചതും മുറിവേറ്റതുമായ സമുദ്രജീവികളെയും സസ്തനികളെയും ശുശ്രൂഷിക്കാന്‍ സഹായിക്കും. സെന്‍ററിലെ ലാബില്‍ കടല്‍പ്പക്ഷികളെ എണ്ണുകയാവും ചില ദിവസങ്ങളില്‍. ഏതെങ്കിലും വിദൂരസ്ഥലത്ത് ചത്ത തിമിംഗലത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹെലികോപ്റ്ററില്‍ പോകുകയാവും മറ്റു ചിലപ്പോള്‍. അവിടങ്ങളില്‍ പ്രാദേശികമായി കാണപ്പെടുന്ന നീര്‍ നായ്ക്കളുടെ (Sea Otters) സംരക്ഷണത്തിനായി ഗവേഷണവും നടത്തുന്നുണ്ട് റൌസ്.

“സാഹസികത എനിക്കിഷ്ടമാണ്; ദിവസവും ഞാന്‍ പുതിയതെന്തെങ്കിലും പഠിക്കാറുണ്ട്,” അവര്‍ പറയുന്നു.

34കാരിയായ റൌസ് വളര്‍ന്നത് നെബ്രാസ്കയിലാണ്. വംശനാശ ഭീഷണി നേരിടുന്ന ബെലൂഗ തിമിംഗലങ്ങളെ നിരീക്ഷിക്കുന്ന ജോലിയുമായി ഒരു വേനല്‍ക്കാലത്ത് അലാസ്കയിലെത്തിയ ശേഷമാണ് ഇവിടെ സ്ഥിരതാമസമായത്. വന്യജീവികളെയും അവരുടെ ജീവിതരീതികളെയും എന്നും ഇഷ്ടപ്പെട്ടിരുന്ന റൌസ് ഇപ്പോള്‍ ചുറ്റും മഞ്ഞുമലകളുള്ള റിസറക്ഷന്‍ ബേയിനടുത്താണ് (അലാസ്കയുടെ തെക്കുഭാഗത്ത് കീനായ് ഉപദ്വീപിലെ ജലാശയം) താമസിക്കുന്നത്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും അവര്‍ മല കയറാറുണ്ട്. അല്ലെങ്കില്‍ കൌതുകത്തോടെ നോക്കുന്ന തിമിംഗലങ്ങളുടെ ഇടയിലൂടെ കയാക്കിങ് നടത്തും.

അക്വേറിയവും കടല്‍ സസ്തനികള്‍ക്കായുള്ള റീഹാബിലിറ്റേഷന്‍ സൌകര്യവും ചേര്‍ന്ന അലാസ്ക സീലൈഫ് സെന്‍ററിലെ ജോലിക്കും യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജിലെ ബയോളജി ഗ്രാജ്വേറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി ചെയ്യുന്ന നീര്‍നായകളെ കുറിച്ചുള്ള ഗവേഷണത്തിനുമായി റൌസ് തന്‍റെ സമയം പകുത്തു നല്‍കിയിരിക്കുകയാണ്.

ഈ ഗവേഷണത്തിനു പ്രേരണയായത് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രവണതയാണ്: അലാസ്കയിലെ വടക്കന്‍ നീര്‍നായകള്‍ മരണമടയുന്നതിന്‍റെ തോത് കഴിഞ്ഞ 10 വര്‍ഷമായി സാധാരണയിലും ഉയര്‍ന്നിരിക്കുകയാണ്. 2015ല്‍ വളരെ കൂടുതല്‍ എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശാസ്ത്രജ്ഞന്മാര്‍ ബാക്ടീരിയകളെയാണ് കാരണമായി പറയുന്നത്. വെള്ളത്തിന്‍റെയും അതിലെ കക്കകളുടെയും സാംപിളുകള്‍ പഠനത്തിനായി ശേഖരിക്കുന്നു- നീര്‍നായകളുടെ ആവാസ വ്യവസ്ഥയെ പറ്റിയുള്ള വിവരങ്ങള്‍ ഇതിലൂടെ കണ്ടെത്താം. പല സ്ഥലങ്ങളില്‍ നിന്നെടുത്ത സാംപിളുകള്‍ പരിശോധിച്ച് ഇവയുടെ രോഗബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ ഉറവിടം മനസിലാക്കാന്‍ സാധിക്കും.

അടുത്ത വര്‍ഷത്തോടെ ഗവേഷണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ; അതിനുശേഷം തന്‍റെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി റൌസ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ഈ പ്രൊജക്ടില്‍ നടത്തിയ നാലു വര്‍ഷത്തെ പഠനങ്ങളുടെ ഫലമാകും അതിലുണ്ടാകുക.

പരിസ്ഥിതിയിലെ മാറ്റങ്ങളുടെ പ്രധാന സൂചകങ്ങളാണ് കടലിലെ നീര്‍നായകള്‍. ഇവരുടെ ആരോഗ്യത്തില്‍ നിന്ന് മൊത്തം ആവാസവ്യവസ്ഥയുടെ സുസ്ഥിതിയെ പറ്റി ഒരുപാടു കാര്യങ്ങള്‍ ശാസ്ത്രകാരന്മാര്‍ക്ക് മനസിലാവും. കാല്‍വിരലുകള്‍ക്കിടയില്‍ തൊലിയുള്ള, രോമങ്ങള്‍ നിറഞ്ഞ കൂട്ടരാണ് weasel കുടുംബത്തില്‍ പെട്ട ജലജീവികളായ നീര്‍നായകള്‍; കാണാന്‍ നല്ല ചന്തമുള്ള ഇവ അതിസമര്‍ത്ഥരുമാണ്. 

“നല്ല ബുദ്ധിയുള്ള ഈ ജീവികളെ എനിക്കിഷ്ടമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ മിടുക്കരാണ്. പാറയിടുക്കിലുള്ള കക്കകളെ പുറത്തെടുക്കുന്നതൊക്കെ കാണേണ്ടതാണ്,” റൌസ് പറയുന്നു.

നീര്‍നായകളെ രക്ഷിക്കുന്നതിനായാണ് തന്‍റെ ഗവേഷണമെങ്കിലും അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ പഠനത്തിലുണ്ടെന്ന് അവര്‍ പറഞ്ഞു.

“ലോകത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ഗവേഷണം എന്നെ സഹായിക്കുന്നുണ്ട്. നീര്‍നായകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ സമുദ്രത്തിലെ മറ്റു ജീവികളെയും മനുഷ്യരേയും ബാധിക്കുമെന്നുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. പരിസ്ഥിതി പഠനത്തിലൂടെ നമ്മളെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു കാണാനാകും,” റൌസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍