UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2019 ഹര്‍ത്താല്‍വിരുദ്ധ വര്‍ഷമായി ആചരിക്കും; അടുത്തവര്‍ഷം മുതല്‍ എല്ലാ ഹര്‍ത്താലുകള്‍ക്കും കടകള്‍ തുറക്കും

8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കുമായി സഹകരിക്കില്ല.

2019 ഹര്‍ത്താല്‍വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്നും ഇനി മുതല്‍ എല്ലാ ഹര്‍ത്താലുകള്‍ക്കും കടകള്‍ തുറക്കുമെന്നും വ്യാപാരി, വ്യവസായി സംഘടന. വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട്ടു ചേര്‍ന്ന ഹര്‍ത്താല്‍വിരുദ്ധ കൂട്ടായ്മയിലാണ് പ്രഖ്യാപനം. അതേസമയം വ്യാപാരി സംഘടനകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമെന്ന് കണ്ടാല്‍ ഇനിയും പണിമുടക്ക് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജനുവരി 8, 9 തീയതികളിലെ സംയുക്ത ദേശീയ പണിമുടക്കിന് എന്തു ചെയ്യണമെന്ന കാര്യം അഞ്ചാം തീയതിക്കകം തൃശൂരില്‍ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നാണ് വ്യാപാരി, വ്യവസായി സംഘടനകള്‍ വിശദീകരിച്ചത്.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും ഇതേ നിലപാടുള്ള വാണിജ്യ സംഘടനകളുമായും മറ്റെല്ലാവരുമായും കൈകോര്‍ക്കുമെന്നും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള ടൂറിസം ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. കൂടാതെ ഹര്‍ത്താലില്‍ നിന്ന് ടൂറിസം രംഗത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ 28 സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തിരുന്നു. യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍, ഹര്‍ത്താലിനെതിരായ സുപ്രീംകോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിധികള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യും. 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കുമായി സഹകരിക്കില്ല.

ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ഉള്‍പ്പടെ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. പോലീസ് സംരക്ഷണം ആവശ്യപ്പെടും. ഹര്‍ത്താല്‍ ദിനത്തില്‍ ടൂറിസം മേഖലയില്‍ അക്രമമുണ്ടാകുന്ന ഓരോ സംഭവത്തിലും കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെയായിരിക്കും കേസ് നല്‍കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍