UPDATES

വൈറല്‍

ഊബര്‍ ടാക്‌സി വിളിച്ചതിനു ഗായിക സയനോര കൊച്ചിയിലെ ഓട്ടോക്കാരില്‍ നിന്നും നേരിട്ട അനുഭവം

മലബാര്‍ എക്‌സ്പ്രസില്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു തന്നെ ഒരുപാട് ഭയപ്പെടുത്തിയ സംഭവങ്ങള്‍ അരങ്ങേറിയതെന്നു സയനോര പറയുന്നു

ഊബര്‍ ടാക്‌സി വിളിച്ചതിന്റെ പേരില്‍ ഗായിക സയനോരയ്ക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് കണ്ണൂരില്‍ നിന്നും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ സയനോര ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യൂബര്‍ ടാക്‌സിയില്‍ പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു സ്‌റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രസ്‌നമുണ്ടാക്കിയത്. സയനോര വിളിച്ചതിന്‍ പ്രകാരം എത്തിയ യൂബര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും സ്റ്റേഷന്റെ അകത്തേക്കു കടക്കരുതെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു ഓട്ടോ ഡ്രൈവര്‍മാര്‍. ഫെയ്‌സബുക്ക് ലൈവിലൂടെയാണ് സയനോര ഈ കാര്യങ്ങള്‍ പങ്കുവച്ചത്.

മലബാര്‍ എക്‌സ്പ്രസില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ സയനോര പനമ്പള്ളി നഗറിലേയ്ക്ക് പോകുന്നതിനാണ് യൂബര്‍ ടാക്‌സി വിളിച്ചത്. ടാക്‌സിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സാധാരണ ഈ സമയങ്ങളില്‍ സ്‌റ്റേഷനില്‍ എത്തുന്ന തന്നോട് ഓട്ടം വിളിച്ചാല്‍ 500 നു മുകളില്‍ കൂലിയാണ് ഓട്ടോറിക്ഷക്കാര്‍ വാങ്ങുന്നതെന്നും എത്ര അപേക്ഷിച്ചാലും അവര്‍ തുക കുറയ്ക്കാന്‍ തയ്യാറാകില്ലെന്നും സയനോര പറയുന്നു. അതുകൊണ്ടാണ് ഇത്തവണ ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാരെ സ്‌റ്റേഷന്‍ ഗെയ്റ്റ് കടന്ന് അകത്തു കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് ഓട്ടോക്കാര്‍ എടുക്കുന്നതെന്നും അങ്ങനെയൊരു നിയമം ഉണ്ടോയെന്നും സയനോര ചോദിക്കുന്നു. ആ ഒരു സമയവും താനൊരു പെണ്‍കുട്ടിയാണെന്ന മര്യാദ പോലുമോ ഓട്ടോക്കാരില്‍ നിന്നും ഉണ്ടായില്ലെന്നും സയനോര. താന്‍ ഒച്ചയെടുത്ത് സംസാരിച്ചതുകൊണ്ടു മാത്രമാണ് ടാക്‌സി ഡ്രൈവറെ ഓട്ടോക്കാര്‍ മര്‍ദ്ദിക്കാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്നും സയനോര പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓണ്‍ലൈന്‍ ടാക്‌സിയില്‍ കയറിയ യുവതിയെയും ടാക്‌സി ഡ്രൈവറെയും ഓട്ടോെ്രെഡവര്‍മാര്‍ വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി ജോലി സ്ഥലത്തേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച വിദ്യ ഗോപാലകൃഷ്ണന്‍ എന്ന യുവതിയെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രപോകാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ വേറെ വാഹനത്തില്‍ പോകണമെന്നുമായിരുന്നു ഭീഷണി. ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍