UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്ബിടി-എസ്ബിഐ ലയനം ഏപ്രിലോടെ പൂര്‍ത്തിയാകും? അനുബന്ധ ബാങ്കുകളുടെ കേരളത്തിലെ 400 ശാഖകള്‍ പൂട്ടിയേക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐ-യില്‍ ലയിക്കുക

എസ്ബിടി ഉള്‍പ്പടെയുള്ള അനുബന്ധ ബാങ്കുകളുടെ എസ്ബിഐ ലയനം ഏപ്രിലോടെ പൂര്‍ത്തിയാകാനാണ് സാധ്യത. അതോടെ അനുബന്ധ ബാങ്കുകളുടെ കേരളത്തിലെ 400 ശാഖകള്‍ അടച്ചു പൂട്ടിയേക്കും. എസ് ബി ടി ഉള്‍പ്പടെ അഞ്ച് അനുബന്ധബാങ്കുകളാണ് എസ്ബിഐ-യില്‍ ലയിക്കുന്നത്. എസ്ബിഐയ്ക്കും ഉപബാങ്കുകള്‍ക്കുമായുള്ള 1363 ശാഖകളില്‍ 30 ശതമാനം പൂട്ടുമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ള സൂചന. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐ-യില്‍ ലയിക്കുക.

കേരളത്തില്‍ എസ്ബിടി-ക്ക് 851 ശാഖകളുണ്ട് (രാജ്യത്തിനകത്തും പുറത്തുമായി 1180 ശാഖകള്‍). ഇതില്‍ 204 എണ്ണം പൂട്ടുമെന്നാണ് കരുതുന്നത് (രാജ്യത്തിനകത്തും പുറത്തുമായി 263 ശാഖകളാണ് പൂട്ടേണ്ടവരുമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍). ഇത് പെട്ടന്ന് ഒറ്റയടിക്ക് പൂട്ടാന്‍ സാധ്യത കുറവാണ്. എസ്ബിടി-ക്ക് 14,000-ഓളം ജീവനക്കാരുണ്ട്. ലയനത്തിന് മുന്നോടിയായി ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറായിട്ടില്ല. ആദ്യഘട്ടത്തില്‍ കേരളത്തിലെ 500 ശാഖകള്‍ പൂട്ടേണ്ടിവരുമെന്നായിരുന്നു. ശക്തമായ എതിര്‍പ്പ് വന്നതോടെ ഇത് 300 ആയി ചുരുക്കി. എന്നാല്‍ 30 ശതമാനം ശാഖകള്‍ പൂട്ടുമെന്നു സൂചിപ്പിക്കുന്നതിലൂടെ അധികൃതര്‍ മുന്‍ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ബാങ്ക് ലയനത്തിന് കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്തോടെ ഇനി ലയനവിജ്ഞാപനം വരുന്ന തീയതി മുതല്‍ തുടര്‍ നടപടികള്‍ക്ക് ഒരുമാസം അനുവദിക്കും. ഇതിന് ഒരാഴ്ചയ്ക്കുശേഷം അനുബന്ധബാങ്കുകള്‍ ഇല്ലാതാവും. ലയനം എന്ന് പ്രാബല്യത്തില്‍ വരുമെന്നതിന് തീരുമാനമായിട്ടില്ല. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിനകം പൂര്‍ത്തിയായാല്‍ പൊതു ബാലന്‍സ് ഷീറ്റ് വേണ്ടിവരും. ഇത് സാധിക്കുമോ എന്ന് വ്യക്തതയില്ല. പൊതുബാലന്‍സ് ഷീറ്റ് പ്രായോഗികമായാല്‍ മാര്‍ച്ച് അവസാനം അല്ലെങ്കില്‍ ഏപ്രിലില്‍ ലയനം പ്രാബല്യത്തില്‍ വരും.

കേരളത്തിലെ എസ്ബിഐ, എസ്ബിടി ബാങ്കുകളുടെയും അനുബന്ധ ബാങ്കുകളുടെയും എണ്ണം 1363-ഓളം വരും. എസ്ബിഐക്ക് 485 ശാഖകളുണ്ട്. എസ്ബിടി-851 ഉം, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍- 14 ഉം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്- 9 ഉം, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല- 2 ഉം, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍- 2 ഉം ശാഖകളാണുള്ളത്. ഈ അനുബന്ധ ബാങ്കുകള്‍ക്ക് പിന്നാലെ ഭാരതീയ മഹിളാബാങ്കും എസ്ബിഐയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍