UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്‍സാം ഉള്‍ ഹഖും മനോജ് പ്രഭാകറും അഫ്ഘാന്‍ ടീമില്‍

Avatar

അഴിമുഖം പ്രതിനിധി

ഇന്‍സാം ഉള്‍ ഹഖും മനോജ് പ്രഭാകറും ക്രിക്കറ്റിന്റെ എക്കാലത്തെയും വൈരികളായ രണ്ട് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ളവരാണ്. അവര്‍ ഒരുമിച്ച് കളിച്ചിട്ടുള്ളത് ഏഷ്യന്‍ വെറ്ററന്‍സ് ഇലവനുവേണ്ടി മാത്രവും.

എന്നാല്‍ ഐസിസി ടി20 ലോകകപ്പില്‍ സൂപ്പര്‍ 10 റൗണ്ടില്‍ കടന്ന അസോസിയേറ്റ് രാജ്യമായ അഫ്ഗാനിസ്ഥാനാകാട്ടെ ഇരുവരേയും ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നു. ടൂര്‍ണമെന്റിനായി ഇപ്പോള്‍ ഇന്ത്യയിലുള്ള അഫ്ഗാന്‍ ടീമിന്റെ പരിശീലന സംഘത്തില്‍ അംഗങ്ങളാണ് അവര്‍. യുദ്ധം ചാരമാക്കിയ ഒരു രാജ്യത്തിന്റെ കളി സ്വപ്‌നങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാകുകയാണ് ഇന്‍സിയും പ്രഭാകറും.

അവര്‍ ടീമിന് മുതല്‍ക്കൂട്ടാണെന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് പറയുന്നു. ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധാരാളം അനുഭവമുണ്ട്. അവരുടെ അനുഭവ പരിജ്ഞാനം ടീമിന് പകര്‍ന്നു നല്‍കുന്നുണ്ടെന്നും അസ്ഗര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനില്‍ ക്രിക്കറ്റ് ആരാധകര്‍ ധാരാളമുണ്ട്. താരങ്ങള്‍ക്ക് ആരാധകരില്‍ നിന്ന് ധാരാളം സ്‌നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ഒന്നാം നമ്പര്‍ കളിയായി ക്രിക്കറ്റ് മാറിയെന്ന് അസ്ഹര്‍ പറയുന്നു. സൂപ്പര്‍ പത്തില്‍ കടന്നത് ആരാധകര്‍ക്കുള്ള സമ്മാനമാണ്.

മറ്റു അസോസിയേറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രം വളരെ ചെറുതാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ നല്‍കുന്ന സഹായവും ക്രിക്കറ്റിലെ മികച്ച ഭരണവും രാജ്യത്ത് കളിയെ വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

ഐപിഎല്ലിന് തുല്യം വരില്ലെങ്കിലും ഐപിഎല്ലിനോട് അടുത്തു നില്‍ക്കുന്ന ഒരു ടി20 ലീഗ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്നുണ്ട്. ദശാബ്ദങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം നശിപ്പിച്ചിരുന്നു. ഇപ്പോള്‍ എല്ലാ രംഗങ്ങളിലും തിരിച്ചു വരവിന് ഒരുങ്ങുന്ന രാജ്യത്ത് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്തെ 34 പ്രവിശ്യകളിലും ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളുണ്ട്. തെരുവിലും സ്‌കൂളിലും ക്ലബ്ബിലും ഒക്കെ കളി നടക്കുന്നുണ്ട്.

അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും തമ്മില്‍ ഒപ്പു വച്ച ധാരണ പ്രകാരം അവര്‍ പരിശീലനവും മറ്റും ഷാര്‍ജയില്‍ നിന്നും ഗ്രേറ്റര്‍ നോയിഡയിലേക്ക് മാറ്റിയിരുന്നു. അഫ്ഗാനെ പുനരുദ്ധരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കായിക സഹകരണവും. ഇത് ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദവും വര്‍ദ്ധിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍