UPDATES

വിജയ്‌ മല്യയെ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ ആയി പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി

മദ്യ രാജാവ് വിജയ്‌മല്യയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ (സ്വമേധയാ കുടിശ്ശിക വരുത്തിയ വ്യക്തി) ആയി പ്രഖ്യാപിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ പറ്റുമായിരുന്നിട്ടും അതിനു ശ്രമിക്കാത്തത്തിനാണ് ഈ നടപടി. എസ് ബിഐയുടെ ഉത്തരവ് നിലവില്‍ വരുന്ന സമയം മുതല്‍  മല്ല്യയ്ക്ക് ബാങ്കുകളിലെ പദവികള്‍ വഹിക്കാനോ ഇടപാടുകള്‍ നടത്തുവാനോ സാധ്യമാകില്ല. കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സിനായി വായ്പയെടുത്ത 7000 കോടിയോളം രൂപ തുക വഴി മാറ്റി മൌറീഷ്യസ്, കേമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് വെട്ടിക്കുകയായിരുന്നു മല്ല്യ ചെയ്തത് എന്നും അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

നാളുകള്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് മല്യയെ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ ആയി ബാങ്ക് പ്രഖ്യാപിക്കുന്നത്. മല്ല്യയ്ക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (1600 കോടി), പഞ്ചാബ്‌ നാഷണല്‍ ബാങ്ക് (800 കോടി), ഐഡിബിഐ  ( 800 കോടി), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (410 കോടി), യുകോ ബാങ്ക് (320 കോടി), കോര്‍പ്പറേഷന്‍ ബാങ്ക് (310 കോടി),  ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക് (140 കോടി), ഫെഡറല്‍ ബാങ്ക് (90 കോടി), പഞ്ചാബ്‌ -സിന്ധ് ബാങ്ക് (60 കോടി), , ആക്സിസ് ബാങ്ക് (50 കോടി)   എന്നീ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കേസ് നല്‍കിയിട്ടുണ്ടായിരുന്നു.

ബാങ്ക് ഇടപാടുകളില്‍ കൃത്രിമം കാട്ടിയതിന് മല്ല്യ നേരിട്ടു ഹാജരാവണമെന്ന എസ് ബി ഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്‍റെ ആവശ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ആര്‍ബിഐ നിയമങ്ങള്‍ പരിഗണിക്കാതെയാണ് വിധി പ്രഖ്യാപിച്ചത് എന്നു ചൂണ്ടിക്കാട്ടി ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലും മല്ല്യയ്ക്ക് അനൂകൂലമായ വിധിയാണുണ്ടായത്. മല്യയുടെ അഭിഭാഷകര്‍ ഹാജരായാല്‍ മതി എന്ന ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി ഇതൊരു ഒറ്റതവണ തീര്‍പ്പു കല്‍പ്പിക്കലായി കണക്കാക്കിയാല്‍ മതി എന്ന നിര്‍ദ്ദേശവും മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കുന്നതിനെ സംബന്ധിച്ച് മല്ല്യയുടെതീരുമാനങ്ങളില്‍ വ്യക്തത വരുത്തുന്നതില്‍ പ്രതിഭാഗം അഭിഭാഷകര്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എസ് ബി ഐ വിജയ്‌മല്യയെ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ ആയി പ്രഖ്യാപിച്ചത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍