UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്ബിടി ലയനം; മൂലധനശക്തികള്‍ക്കു പിടിമുറുക്കാനുള്ള തന്ത്രം; വി എസ്

എസ്ബിടി- എസ്ബിഐ ലയനനീക്കത്തിനെതിരെ പ്രതിഷേധിച്ച് എസ്ബിടി ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തു വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം.

സഖാക്കളെ,സുഹൃത്തുക്കളെ,

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പൊതുമേഖലാ വാണിജ്യ ബാങ്കിനെയും അസോസിയേറ്റ് ബാങ്കുകളെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ മാസങ്ങളായി എസ്.ബി.ടി ജീവനക്കാര്‍ പ്രക്ഷോഭരംഗത്താണ്. ഇതു ബാങ്ക് ജീവനക്കാരുടെ മാത്രം അതിജീവനത്തിന്റെ പ്രശ്‌നമല്ല. ആഗോള മൂലധന ശക്തികളുടെ പിന്‍വാതില്‍ പ്രവേശനത്തിനുള്ള പഴുതുകളില്‍ ഒന്നു മാത്രമാണിത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ആഗോളവത്കരണം രാജ്യത്തിന്റെ നാനാമേഖലകളില്‍ അതിന്റെ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ആരംഭിച്ച തൊണ്ണൂറുകളില്‍ തന്നെ രാജ്യത്തെ കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടികളും ഇടതുപക്ഷ ട്രേഡ് യൂണിയനുകളും ഇതിന്റെ ആപത്തിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളേയും ധനകാര്യസ്ഥാപനങ്ങളേയും ആയിരിക്കും ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക എന്നും നമ്മള്‍ പറഞ്ഞിരുന്നതാണ്. കാരണം, ആഗോളവത്കരണ നയങ്ങളുടെ അടിസ്ഥാന പ്രമാണം തന്നെ വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ മേല്‍ക്കൈ ഇല്ലാതാക്കുകയും, സ്വകാര്യ മൂലധന ശക്തികള്‍ക്ക് ആധിപത്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് നേരത്തെ യുപിഎ ഗവണ്‍മെന്റിന്റെ കാലത്തായാലും, ഇപ്പോള്‍ ബിജെപി ഗവണ്‍മെന്റിന്റെ കാലത്തായാലും, പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന സമീപനം തുടര്‍ന്നു കൊണ്ടിരിക്കുന്നത്. തൊഴിലാളി സംഘടനകള്‍ എന്ന നിലയില്‍ ഇതിനെതിരേ രാജ്യവ്യാപകമായിത്തന്നെ യോജിച്ച പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തിവരികയാണ്. മൂന്നു നാലു ദിവസം മുമ്പാണ് തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായ പണിമുടക്ക് നടത്തിയത്. 

കേരളത്തിന്റെ അഭിമാനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ സേവ് എസ്ബിടി. ഫോറം രൂപീകരിച്ച് പ്രക്ഷോഭങ്ങളും നടത്തിവരികയാണ്. സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ക്കൊപ്പം ഇതര മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും എല്ലാം ചേര്‍ന്നാണ് ഈ പ്രക്ഷോഭങ്ങള്‍ നടത്തിവരുന്നത്. ഇതില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള സംഘടനകള്‍ ഒറ്റക്കെട്ടാണ്. അതായത്, എസ്.ബി.ടി.യിലെ ജീവനക്കാര്‍ മാത്രമല്ല, മറ്റു മേഖലകളിലെ ഭൂരിപക്ഷം ആളുകളും ലയന നീക്കത്തിന് എതിരാണ് എന്നതാണ് വസ്തുത. മാത്രമല്ല, കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ എസ്.ബി.ടി- എസ്.ബി.ഐ ലയനത്തിനെതിരെ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയുണ്ടായി. എന്നു പറഞ്ഞാല്‍, ലയനം പാടില്ല എന്നതു കേരളത്തിന്റെ പൊതു വികാരമാണ് എന്നാണ് അര്‍ത്ഥം. അപ്പോള്‍, കേരളത്തിന്റെ മൊത്തം താത്പര്യത്തിന് വിരുദ്ധമായി എന്തിന് ഇത്തരമൊരു ലയനം അടിച്ചേല്‍പ്പിക്കുന്നു എന്നതാണു പ്രസക്തമായ ചോദ്യം. 

അമേരിക്കയിലും മറ്റും ചെറിയ ചെറിയ കുത്തകകളെ വലിയ കുത്തകകള്‍ വിഴുങ്ങി കൊഴുത്ത് തടിക്കുന്ന സംവിധാനം ഇന്നു വ്യാപകമാണ്. ഇത് അവിടെ വിവിധ മേഖലകളില്‍ പ്രകടവുമാണ്. മൂലധനത്തിന്റെ ഒഴുക്ക് ഒരു കേന്ദ്രത്തിലൂടെ മാത്രമാക്കി മൂലധന ശക്തികളുടെ പിടിമുറുക്കം ശക്തമാക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നില്‍. ഇതുതന്നെയാണ് എസ്.ബി.ടിയെയും അസോസിയേറ്റ് ബാങ്കുകളെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് പിറകിലുമുള്ളത്. 

ഇതുതന്നെയാണ് ഇവിടുത്തെ പ്രസക്തമായ വിഷയം. അതായത് ഈ ലയനനീക്കത്തിന് എതിരായ പ്രക്ഷോഭം കേവലം എസ്.ബി.ടി. ജീവനക്കാരുടെ താത്പര്യം മാത്രമല്ല. അതിനുമപ്പുറം കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും ഒക്കെയായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതേപ്പറ്റിയുള്ള കേരളജനതയുടെ മൊത്തം ആശങ്കയുടെയും പ്രശ്‌നമാണ്. അതുകൊണ്ടാണ് എല്ലാവിഭാഗം ആളുകളുടെയും പിന്തുണയോടെ ഈ പ്രക്ഷോഭം മുന്നേറിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഒരു പൊതുവികാരമായി കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികള്‍ ലയനനീക്കം ഉപേക്ഷിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. 

ലയനനീക്കത്തെ ബാങ്ക് ജീവനക്കാര്‍ എതിര്‍ക്കുമ്പോള്‍, വേണ്ടത്ര അവധാനതയോടെ, ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്തേണ്ടതിനു പകരം, എതിര്‍പ്പുന്നയിക്കുന്ന സംഘടന നേതാക്കളെ വൈരാഗ്യബുദ്ധിയോടെ കൈകാര്യം ചെയ്യാനാണ് സ്‌റ്റേറ്റ് ബാങ്ക് മേധാവികള്‍ തുനിയുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ചീഫ് ജനറല്‍ മാനേജര്‍ ആദികേശവനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയ നടപടി. ജീവനക്കാര്‍ മാത്രമല്ല, കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍്ട്ടികള്‍ ഒന്നടങ്കം ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ കൂട്ടാക്കിയിട്ടില്ല. ഇപ്പോള്‍ ലയനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതില്‍ അന്തിമ നടപടി എന്താണെന്നതു വരാനിരിക്കുന്നതേയുള്ളു. കോടതിയുടെ തീരുമാനവും ജീവനക്കാരുടെ താത്പര്യങ്ങള്‍ക്ക് എതിരായാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. 

ഏതായാലും, എന്തു വില കൊടുത്തും കേരളത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് എസ്.ബി.ടിയുടെ തനിമ നിലനിര്‍ത്തുമെന്നു തന്നെയാണ് ജീവനക്കാരുടേയും ജനങ്ങളുടേയും കൂട്ടായ്മ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും, എസ്.ബി.ഐ. അധികൃതരും ഈ പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെ ജനവികാരം യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയാന്‍ തയ്യാറാവണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിയൃക്കാനുള്ളത്. കേരളത്തിലെ ബാങ്കിംഗ് മേഖലയാകെ സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് പ്രക്ഷോഭങ്ങളെ കൊണ്ടെത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ആകെ തയ്യാറാവണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ആത്യന്തികമായി തൊഴിലാളികളുടെ സമരം വിജയിക്കുകതന്നെ ചെയ്യും. കാരണം,സത്യവും ധര്‍മ്മവും തൊഴിലാളികളുടെ ഭാഗത്താണ്. അതാണ് ചരിത്രം നമുക്ക് നല്‍കുന്ന പാഠവും. അതുകൊണ്ട് നിങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഈ സമരം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

എല്ലാവരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

നന്ദി, നമസ്‌കാരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍