UPDATES

വാര്‍ത്തകള്‍

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കമ്മീഷന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

കഴിഞ്ഞ ദിവസമാണ് വിവിധ പരാതികളില്‍ മോദി ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതി തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ഉത്തരവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയ് നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രധാനമന്ത്രി മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന പ്രസ്താവനയും സൈനികര്‍ക്ക് വേണ്ടി വോട്ടുചെയ്യണമെന്ന ആഹ്വാനവുമുള്‍പ്പെടെ നിരവധി പരാതികളാണ് പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയത്.

എന്നാല്‍ ഇതൊന്നും തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങളുടെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട്‌സ്വീകരിക്കുകയായിരുന്നു. പരാതിയില്‍ തീരുമാനമെടുക്കുന്നതിനെതിരെ നേരത്തെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന മെയ് ആറിന് മുമ്പ് തീര്‍പ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പിന്നീടാണ് മോദിക്ക്‌ വിവിധ പരാതികളില്‍ നടപടിചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ രണ്ട് പരാതികളില്‍ കമ്മീഷന്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രേഖകള്‍ സമര്‍പ്പിക്കാന്‍ പറഞ്ഞ സാഹചര്യത്തില്‍ വിയോജനക്കുറിപ്പും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് സാധ്യത.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍