UPDATES

ലൈംഗികാരോപണ കേസ് റദ്ദാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി, ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം

ആരോപണം ഗൗരവതരമെന്ന് സുപ്രീം കോടതി.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തെഹല്‍ക്ക മാഗസിന്‍ മുന്‍ എഡിറ്ററുമായ തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. തേജ്പാലിനെതിരായ ബലാല്‍സംഗ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി വിലയിരുത്തി. പരാതിക്കാരിയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമടക്കമുള്ള പ്രശ്‌നങ്ങള്‍ ഇതിലുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഗോവ സെഷന്‍സ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു തേജ്പാലിന്റെ അപേക്ഷ. എന്നാല്‍ കേസില്‍ വിചാരണ നടത്താനുള്ള തെളിവുകള്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. തേജ്പാലിന്റെ വാട്‌സ്ആപ്പ്, ഇ മെയില്‍ സന്ദേശങ്ങള്‍ ഇതിന്റെ തെളിവാണെന്നും പൊലീസ് പറഞ്ഞു.

2013 ല്‍ തെഹല്‍ക്കയുടെ നേതൃത്വത്തില്‍ തിങ്ക് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ ഗോവയിലെ ഹോട്ടലില്‍വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഹോട്ടലിലെ ലിഫ്റ്റില്‍വെച്ചാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതെന്നായിരുന്നു പരാതി.

2013 നവംബറിലാണ് ആരോപണത്തെ തുടര്‍ന്ന് തരുണ്‍ തേജ്പാല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. 2014 മുതല്‍ ജാമ്യത്തിലാണ് തേജ്പാല്‍. ലൈംഗികാരോപണത്തെ തുടര്‍ന്ന് തേജ്പാല്‍ തെഹല്‍ക്ക പത്രാധിപ സ്ഥാനം ഒഴിഞ്ഞിരുന്നു. സംഭവം നടന്ന വിവരം അറിഞ്ഞിട്ടും ഉചിതമായ നടപടി എടുത്തില്ലെന്ന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷോമ ചൗധരിയും തെഹല്‍ക്കയില്‍നിന്ന രാജിവെക്കുകയായിരുന്നു.

Also Read:‘ദുരിതാശ്വാസ ക്യാംപിലെ കഴുത’, മന്ത്രി ജി സുധാകരനെതിരെ കവിതയുമായി സിപിഎം ലോക്കൽ സെക്രട്ടറി, വിവാദം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍