UPDATES

ട്രെന്‍ഡിങ്ങ്

മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഹരേണ്‍ പാണ്ഡ്യേ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി ഇന്ന്

മോദിയുമായി കടുത്ത ഭിന്നതയിലായിരുന്നു ഹരേണ്‍ പാണ്ഡ്യ

നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഹരേണ്‍ പാണ്ഡ്യേ കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസില്‍ പ്രതികളായിരുന്ന 12 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി പറയുക.

ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരാണ് സിബിഐയുടെ ഹര്‍ജിയില്‍ വിധി പറയുക. ഇതിന് പുറമെ കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം നടത്തണമെന്ന ഹര്‍ജിയിലും കോടതി തീര്‍പ്പ് കല്‍പ്പിക്കും. സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്.

2011 ലാണ് കേസിലെ പ്രതികളെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടത്. തെറ്റായ രീതിയില്‍ അന്വേഷണം നടത്തിയതിന് സിബിഐയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. 2003 മാര്‍ച്ച് 26 -ാം തീയതി രാവിലെയാണ് ദുരൂഹ സാഹചര്യത്തില്‍ ഹരേണ്‍ പാണ്ഡ്യയെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിയ്ക്ക് പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം.

കേസില്‍ 2007 ല്‍ പ്രത്യേക കോടതി 12 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിയുണ്ടകളേറ്റ നിലയിലാണ് പാണ്ഡ്യേയുടെ മൃതദേഹം കണ്ടെത്തിയത്. രാഷട്രീയ കൊലപാതകമാണ് നടന്നതെന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്‍ വിതല്‍ഭായി പാണ്ഡ്യേ തുടക്കം മുതല്‍ ആരോപിച്ചിരുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയില്‍ പോയിരുന്നുവെങ്കിലും കോടതി അന്ന് അത് അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായി കടുത്ത അഭിപ്രായ വ്യാത്യസമുള്ള ബിജെപി നേതാവായിരുന്നു ഹിരേണ്‍ പാണ്ഡ്യേ.

ഇദ്ദേഹം മരിച്ചുകിടക്കുന്നത് ആദ്യം കണ്ടവരെ സാക്ഷികളായി സിബിഐ ഹാജരാക്കാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഗുജറാത്ത് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയത്.

ഇദ്ദേഹം മരിച്ചുകിടക്കുന്നതായി കണ്ട കാറില്‍ രക്തം ഉണ്ടായിരുന്നില്ല. കാറിന്റെ ഡ്രൈവറുടെ സീറ്റിന്റെ സമീപത്തുള്ള ഗ്ലാസ് ഒഴികെയുള്ളവ അടച്ചിട്ട നിലയിലായിരുന്നു. രാവിലെ 7.30 ന് മരണം നടന്നതായി സൂചനയുണ്ടായിരുന്നുവെങ്കിലും 10.30 ഓടെ മാത്രമെ പാണ്ഡ്യേയുടെ മൃതദേഹം കണ്ടെത്തിയുള്ളൂ. ഇതെല്ലാം കൊലപാതകത്തില്‍ സംശയമുണ്ടാക്കുന്നതായാണ് ആരോപണം.

ഗുജറാത്ത് കലാപം അന്വേഷിച്ച സിറ്റിസണ്‍സ് ട്രൈബ്യൂണലിന് മുന്നില്‍ ഹരേണ്‍ പാണ്ഡ്യേ മൊഴി നല്‍കിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പിന്നിട് ട്രൈബ്യുണല്‍ അംഗമായിരുന്ന പ്രമുഖ നിയമജ്ഞന്‍ എച്ച് സുരേഷ് വെളിപ്പെടുത്തുകയും ചെയ്തു. ഗോധ്ര സംഭവത്തിന് ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചകാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ യോഗത്തില്‍ ഗോധ്ര സംഭവത്തിനെതിരെ ഹിന്ദുക്കളുടെ പ്രതിഷേധം ഉണ്ടാകുമെന്നും അത് തടയാന്‍ പൊലീസുകാര്‍ ശ്രമിക്കേണ്ടതില്ലെന്നുമാണ് നിര്‍ദ്ദേശിച്ചതെന്നായിരുന്നു ഹരേണ്‍ പാണ്ഡ്യേ മൊഴി നല്‍കിയതെന്നായിരുന്നു ജസ്റ്റീസ് വെളിപ്പെടുത്തിയത്.

ഹരേണ്‍ പാണ്ഡ്യേ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി ഔട്ട്‌ലുക്ക് മാഗസിനും വെളിപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയും മറ്റ് ചില കാബിനറ്റ് മന്ത്രിമാരും പൊലീസ് ഉദ്യോഗസ്ഥരുമുള്‍പ്പെട്ട യോഗത്തില്‍ പങ്കെടുത്തിരുന്നതായാണ് ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. അതില്‍ ഹിന്ദുക്കള്‍ പ്രതികരിക്കുമ്പോള്‍ ഇടപെടേണ്ടതില്ലെന്ന് മോദി നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം താനാണ് പുറത്ത് പറഞ്ഞതെന്ന് അറിഞ്ഞാല്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടതായും ഔട്ട്‌ലുക്കിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാണ്ഡ്യേ കൊല്ലപ്പെട്ടതിന് ശേഷമാണ് ഇക്കാര്യം മാഗസിന്‍ വെളിപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍