UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പണമില്ലെന്ന കാരണം ബജറ്റിനെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

ഭാവിയില്‍ പണം സമാഹരിക്കാനുള്ള വഴികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി

നോട്ട് നിരോധനം മൂലമുള്ള പണദൗര്‍ലഭ്യം സംസ്ഥാന ബജറ്റിനെ ബാധിക്കില്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ പണം സമാഹരിക്കാനുള്ള വഴികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റും തോമസ് ഐസക് അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റുമാണ് ഇത്. പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണെങ്കിലും ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് ഇത്. ബജറ്റില്‍ ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്നാണ് ധനമന്ത്രി ഉറപ്പുനല്‍കുന്നത്. ഒമ്പത് മണിയോടെ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിക്കും.

ബജറ്റ് ഡോക്യുമെന്റുകളുടെ അച്ചടി പൂര്‍ത്തിയാക്കി നിയമസഭ ഹാളില്‍ എത്തിച്ചതായി മന്ത്രി അറിയിച്ചു. കണക്കുകള്‍ക്ക് മാത്രം 27 ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ പണലഭ്യത കുറച്ചത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ബജറ്റ് ആസൂത്രണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തവണ പദ്ധതികളുടെ നടത്തിപ്പിനാണ് ഊന്നല്‍ നല്‍കുക. ശുചിത്വം, ആരോഗ്യം, ജൈവകൃഷി, ജലസംരക്ഷണം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി വിശദീകരിച്ചു.

പദ്ധതികളില്‍ കിഫ്ബിയ്ക്കുള്ള മേല്‍ക്കൈ നിലനിര്‍ത്തും. പെന്‍ഷന്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതികള്‍ക്ക് പണത്തിന്റെ കൂടി പിന്തുണ നല്‍കും. വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാകും അവതരിപ്പിക്കുക. ബജറ്റില്‍ വിലക്കയറ്റം തടയുന്നതിനുള്ള സമാശ്വാസ പദ്ധതികളുണ്ടാകും. വരള്‍ച്ച ചെറുക്കാന്‍ ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വരും വര്‍ഷം പൊതുമേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു. രാവിലെ എട്ട് മണിയോടെ ബജറ്റ് അവതരണത്തിനായി അദ്ദേഹം ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും നിയമസഭയിലേക്ക് പുറപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍