UPDATES

സാജു കൊമ്പന്‍

കാഴ്ചപ്പാട്

സാജു കൊമ്പന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇപ്പോഴും ഭ്രഷ്ടുണ്ട് കേരളത്തില്‍- കെ രാധാകൃഷ്ണന്‍ എം.എല്‍.എ എഴുതുന്നു

നമ്മുടെ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ വലിയ പ്രയാസവും പ്രതിസന്ധിയും അനുഭവിക്കുന്ന ഒരു കാലഘട്ടമാണ്. ദേശീയതലത്തില്‍ തന്നെ ഇത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ തന്നെ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജി ഉള്‍പ്പെടെയുള്ളവര്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന്റെ സാമൂഹ്യ വളര്‍ച്ചയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരുന്നു. അതിന്റെയെല്ലാം ഭാഗമായിട്ടാണ് നമ്മുടെ ദേശീയ പ്രസ്ഥാനം ഹരിജനോദ്ധാരണം പ്രധാന മുദ്രാവാക്യമായി എറ്റെടുത്തത്. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 67 വര്‍ഷം തികയുകയാണ്. എന്നാല്‍ ഇപ്പോഴും ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ശാശ്വതമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. 1950-ല്‍ സ്വതന്ത്ര ഭാരതത്തിനുവേണ്ടി ഭരണഘടന തയ്യാറാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച മഹാനായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ അന്നുപറഞ്ഞത് നിയമപരവും ഭരണഘടനാപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ദളിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ്. 

അതനുസരിച്ചാണ് ഭരണഘടനയില്‍ ചില ഉറപ്പുകള്‍ നല്‍കാന്‍ അദ്ദേഹം ശ്രമിച്ചത്. ഭരണഘടനയില്‍ 15(4), 16(4), 46 അനുസരിച്ച് പട്ടികജാതി/പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് നമുക്ക് കഴിയേണ്ടതായിരുന്നു. പക്ഷേ സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനാപരമായ അവകാശങ്ങള്‍ ഈ ജനവിഭാഗത്തിന് നിഷേധിക്കപ്പെടുകയാണ്. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ആയിരക്കണക്കിന് കോടി രൂപ അവരുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിച്ചു. എന്നിട്ടും അവര്‍ക്ക് എന്ത് നോട്ടങ്ങളുണ്ടായി എന്ന് നാം പരിശോധിക്കേണ്ട അവസ്ഥയാണുള്ളത്. മാറിമാറി വന്ന കേന്ദ്ര ഗവണ്‍മെന്റുകളും ചില പ്രത്യേക പദ്ധതികളും നടപ്പിലാക്കുകയുണ്ടായി.

ഏറ്റവും പ്രധനപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കിയത് ജനതാ ഗവണ്‍മെന്റായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിനുവേണ്ടിയുള്ള പദ്ധതികള്‍ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കണമെന്ന കാഴ്ചപ്പാടോടുകൂടിയാണ് എസ്.സി.പി, ടി.എസ്.പി. പദ്ധതികള്‍ അന്ന് ആവിഷ്‌ക്കരിച്ചത്. ജനസംഖ്യാനുപാതികമായി ഈ വിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടി ഫണ്ട് ഉപയോഗിക്കണമെന്നുള്ളതാണ് കാഴ്ചപ്പാട്. ഇതിനായി ഒട്ടേറെ പദ്ധതികളും, നിയമങ്ങളും കൊണ്ടുവന്നു. 1955-ല്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ് ആക്ട് നിലവില്‍ വന്നു. ആ ആക്ട് പോരാ എന്നുകണ്ടാണ് 1989-ല്‍ പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി ആക്ട് (പി.എ. ആക്ട്) കൊണ്ടുവന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും എസ്.സി./എസ്.റ്റി കമ്മീഷന്‍ ധാരാളം കോടികള്‍ ചിലവഴിച്ചു. എന്നിട്ടും അവരുടെ ജീവിതത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഗൌരവപൂര്‍ണ്ണമായ പരിശോധന ആവിശ്യപ്പെടുന്ന വിഷയമാണിത്.

ഇന്ത്യയില്‍ കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്നത് പട്ടികജാതിക്കാരാണ്. ലോകത്ത് ആകെ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകളില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് പറയുന്നത്. അതില്‍ ഭൂരിപക്ഷവും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളാണ്. ലോകത്തില്‍ ആകെയുള്ള നിരക്ഷരരില്‍ പകുതിയോളം പേര്‍ ഇന്ത്യയിലും ആ പകുതിയോളം നിരക്ഷരില്‍ ഭൂരിപക്ഷവും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമാണ് എന്നാണ് ദേശീയ സര്‍വ്വെകള്‍ പറയുന്നത്. പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി ആക്ടും സമാനമായ നിയമങ്ങളുമൊക്കെ ഉണ്ടായെങ്കിലും നമ്മുടെ രാജ്യത്ത് നിരന്തരമായ പീഡനത്തിനും, മര്‍ദ്ദനത്തിനുമെല്ലാം ഈ ജനവിഭാഗങ്ങള്‍ ഇന്നും വിധേയമായിക്കൊണ്ടിരിക്കുന്നു. നിരന്തരമായ പീഡനങ്ങളുടെ വാര്‍ത്ത ഓരോ സംസ്ഥാനത്തുനിന്നും വന്നുകൊണ്ടിരിക്കുകയാണ്. അടിച്ചമര്‍ത്തലുകള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും വഴി നടക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് പല പ്രദേശങ്ങളിലും. അമ്പലങ്ങളില്‍ കയറാനുള്ള സ്വാതന്ത്ര്യമില്ല. ജീവിതം വളരെ ദുരിതപൂര്‍ണ്ണമാണ്. ഭൂരിപക്ഷവും സ്വന്തമായി ഭൂമിയും പാര്‍പ്പിടവുമില്ലാത്തവരാണ്. ദുരിതങ്ങളുടെ പേമാരി ആ ജനവിഭാഗത്തിനുമുകളില്‍ പെയ്തുകൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ട് ഇതിനൊക്കെ പരിഹാരം കാണുവാന്‍ കഴിയുന്നില്ല എന്നത് തീര്‍ച്ചയായും നമ്മള്‍ ചിന്തിക്കേണ്ടതാണ്. അവര്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസവും വന്നുകൊണ്ടിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലുമുള്ള പീഡനങ്ങള്‍ക്ക് ഇരയാകുകയാണവര്‍. ബലാല്‍സംഗം ചെയ്യപ്പെടുന്നു. കൂട്ടബലാല്‍സംഗം ചെയ്യപ്പെടുന്നു. കെട്ടിതൂക്കുന്നു, ചുട്ടുകരിക്കുന്നു. ആരും ചോദിക്കാനില്ലാത്ത ഒരവസ്ഥയാണ്. നമ്മുടെ മുഖ്യമന്ത്രി എപ്പോഴും പറയാറുണ്ട് ‘നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്’. രാജ്യത്ത് ഇപ്പോള്‍ കാണുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുകയല്ല, അത് ഇവിടെ സമ്പന്നരുടേയും, പ്രമാണിമാരുടേയും താല്‍പര്യത്തിന് അനുസരിച്ചാണ് പോകുന്നത്.

ഇത് വെറുതെ പറയുന്നതല്ല, വ്യക്തമായ കണക്കുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ പറയുന്നത്, പരമ്പരാഗതമായ സാമൂഹിക വിവേചനം നിലനില്‍ക്കുന്നതു കൊണ്ടാണ് ഈ പാവപ്പെട്ട ആളുകള്‍ക്ക് ഉയര്‍ന്നുവരുവാന്‍ കഴിയാത്തത് എന്നാണ്. ആ വിവേചനം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? അത് സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചാണ്. ഇന്ത്യയില്‍ ജനസംഖ്യയിലെ 25 ശതമാനം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഇന്നും സമ്പത്തിന് ഉടമകള്‍ അല്ല. സമ്പത്തും, സ്വത്തും, ഭൂമിയും സ്വന്തമായി ഇല്ലാത്ത മഹാഭൂരിപക്ഷമാണ് അവര്‍. അത് ഈ വിഭാഗത്തെ വലിയരീതിയില്‍ സാമൂഹ്യമായി പിന്നോക്കാവസ്ഥയില്‍ തളച്ചിടുന്നു. 70 ശതമാനം പേര്‍ക്കും സ്വന്തമായി ഭൂമിയില്ല. 90 ശതമാനം ആളുകള്‍ക്ക് യാതൊരു തരത്തിലുള്ള സ്വത്തും ഇല്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വളരെ പുറകിലാണ്. സ്ത്രീകള്‍ വിദ്യാഭ്യാസത്തില്‍ ഏറെ പുറകിലാണ്. ജാതി വിവേചനവും, അയിത്തവും നിലനില്‍ക്കുന്നു. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ കഴിവുണ്ടെങ്കില്‍പ്പോലും അവര്‍ക്ക് അവസരം കൊടുക്കുന്നില്ല. അവസരം കിട്ടിയാല്‍ പോലും ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നില്ല. ഇതിന് പ്രധാന കാരണം അയിത്തമാണ്. അയിത്തം ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുകയാണ്. അയിത്തം നിലനില്‍ക്കുന്നതിന് കാരണം സാമ്പത്തിക വളര്‍ച്ചയില്ലായ്മയാണ്. സാമ്പത്തിക വളര്‍ച്ച ഈ വിഭാഗത്തിനു നേടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അയിത്തമുള്‍പ്പെടെയുള്ള സാമൂഹിക പിന്നോക്കാവസ്ഥ മുറിച്ചുകടക്കാന്‍ കഴിയൂ.

രാജ്യത്തെ ജനസംഖ്യ ഏകദേശം 130 കോടിയാണ്. ജനസംഖ്യാ വര്‍ദ്ധനവിന് അനുസരിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ജനസംഖ്യ വര്‍ദ്ധിക്കുന്നില്ല. ‘പ്രോജക്ട് ഓണ്‍ അഗ്രേറിയന്‍ റിലേഷന്‍ ഇന്‍ ഇന്ത്യ’ എന്ന സംഘടന നടത്തിയ സാംപിള്‍ സ്റ്റഡിയില്‍ പറയുന്നത്, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ വരുമാനം കുറച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. ആ വര്‍ദ്ധനവിനനുസരിച്ച് അവരുടെ ആസ്തി വര്‍ദ്ധിക്കുന്നില്ല. ഗ്ലോബലൈസേഷന്റെ ഭാഗമായി വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ആ വരുമാനം വര്‍ദ്ധിച്ചുവെങ്കിലും അവര്‍ക്ക് അതിനേക്കാള്‍ ചിലവ് ഏറി വരികയാണ്. അതുകൊണ്ടാണ് ആസ്തി വര്‍ദ്ധിക്കാത്തത്. വിലക്കയറ്റവും വര്‍ദ്ധിച്ച ജീവിത ചെലവും കാരണം ലഭിക്കുന്ന അധികവരുമാനം ആസ്തിയായി മാറുന്നില്ല എന്ന കുറവ് നിലനില്‍ക്കുന്നു. അത് ആഗോളവല്‍ക്കരണത്തിന്റേയും വിലക്കയറ്റത്തിന്റേയുമെല്ലാം ദുരന്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ പറയുന്നു ഒരു വര്‍ഷം രണ്ടു ലക്ഷത്തിലധികം പേര്‍ വിവിധതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന്. എന്നാല്‍ നാമമാത്രമായ ആളുകളുടെ പേരില്‍ മാത്രമാണ് കേസെടുക്കുന്നത്. അതില്‍ ശിക്ഷിക്കപ്പെടുന്നത് വളരെക്കുറച്ച് പേര്‍ മാത്രം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായി അതിക്രമം നടത്തിയാല്‍ ഉടന്‍ കേസെടുക്കാന്‍ വകുപ്പുണ്ട്, പക്ഷെ സംഭവിക്കുന്നില്ല. സമ്പന്നരും, പ്രമാണികളുമൊക്കെ കേസില്‍ നിന്നെല്ലാം രക്ഷപ്പെട്ടുപോകുന്നു.അരക്ഷിതത്വം ആണെന്ന വിചാരത്തിലേക്ക് രാജ്യത്തെ ജനവിഭാഗങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷത്തിനുശേഷവും നമ്മുടെ സ്ഥിതി ഇതാണ്.

1947-ന് ശേഷം നമ്മുടെ രാജ്യം കൂടുതല്‍ ഭരിച്ചത് കോണ്‍ഗ്രസാണ്. ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് ഇന്ത്യയില്‍ വലിയ മുന്നേറ്റമുണ്ടായിരുന്നു. ആ മുന്നേറ്റത്തിന്റെ പ്രധാന ഘടകം അവരുടെ പിന്നില്‍ അണിനിരന്ന അവശ ജനവിഭാഗമാണ്. എന്നാല്‍ അവശ ജനവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസിന് കഴിയാതെപോയി. കോണ്‍ഗ്രസ്സ് ഒട്ടേറെ സംസ്ഥാനങ്ങളില്‍ സ്ഥിരമായിട്ട് ഭരിച്ചിട്ടുണ്ട്. ആ സംസ്ഥാനങ്ങലിലോക്കെ തന്നെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ പോയി എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം. ജാതി, ജന്മി, നാടുവാഴികളുടേയും, സമ്പന്നരുടേയും താല്‍പ്പര്യ സംരക്ഷത്തിനാണ് കോണ്‍ഗ്രസ്സ് പ്രാമുഖ്യം കൊടുത്തത്. ഒരു രാഷ്ട്രപതി ആ ജനവിഭാഗത്തില്‍ നിന്നും ഉണ്ടായി എന്നത് അഭിമാനകരമാണ്. അതുകൊണ്ടുമാത്രം അവര്‍ രക്ഷപ്പെടില്ല എന്നതിന് തെളിവാണ് ഈ ജനവിഭാഗത്തിന്‍റെ മാറ്റമില്ലാത്ത ജീവിതാവസ്ഥ.

മഹാത്മജിയും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുമെല്ലാം കണ്ട സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ കഴിയാതെ പോയത്, കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നപ്പോള്‍ പാവപ്പെട്ടവരെ മറന്നതുകൊണ്ടാണ്. 1984-ല്‍ കോണ്‍ഗ്രസ്സ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിജയിച്ചത് 404 സീറ്റിലാണ്. ആ സ്ഥാനത്ത് ഇപ്പോള്‍ 44 ലേക്ക് ചുരുങ്ങി. എന്തുകൊണ്ടാണ് 44 ലേക്ക് ചുരുങ്ങിയത്. എന്തുകൊണ്ടാണ് ഗാന്ധി ഘാതകരുടെ ശിഷ്യന്‍മാര്‍ നമ്മുടെ രാജ്യം ഭരിക്കേണ്ട അവസ്ഥയുണ്ടാതെന്നും നാം ചിന്തിക്കേണ്ട സമയമാണ്. നമ്മുടെ രാജ്യം വമ്പിച്ച രീതിയില്‍ വളര്‍ച്ച നേടി എന്നാണു പറയുന്നത്. ലോകത്തിലേക്ക് കുതിച്ച് ഉയരുകയാണ്, അങ്ങനെ കുതിച്ച് ഉയരുമ്പോഴും ഒരു ജനത സമൂഹത്തിലെ പിന്നാമ്പുറങ്ങളിലേക്ക് വീണ്ടും, വീണ്ടും ചവിട്ടി താഴ്ത്തപ്പെടുന്നു എന്നുള്ളത് നാം കാണാതെ പോകരുത്.

ഇന്ത്യയിലാകെ 130 കോടി ജനതയാണുള്ളത്. ബ്രസീലില്‍ വേള്‍ഡ് കപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ നമുക്കതില്‍ എന്ത് റോളാണുണ്ടായത്, വെറും കാണികള്‍ മാത്രമാണ്. ഇന്ത്യയിലെ പാവപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കാര്യവും അതുപോലെ തന്നെയാണ്. രാജ്യം വികസിക്കുമ്പോള്‍ അവര്‍ വെറും കാണികളായി നില്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയുടെ പൊതുസ്ഥിതി ഇതാണെങ്കിലില്‍ അതില്‍ നിന്നും വ്യത്യാസമായ സ്ഥിതിയാണ് കേരളത്തിലുണ്ടായത് എന്നുള്ളത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഒട്ടേറെ സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും കേരളത്തിലുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിനുവേണ്ടി മഹാരഥന്മാരായ ഒരുപാട് ആളുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. മഹാനായ വൈകുണ്ഠ സ്വാമി, ശ്രീനാരായണ ഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമി, ശുഭാനന്ദസ്വാമി, വാഗ്ഭടാനന്ദന്‍, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, കുമാരഗുരുദേവന്‍ എന്നിവരെല്ലാം സാമൂഹ്യ പ്രവര്‍ത്തനത്തിനുവേണ്ടി വലിയതോതില്‍ പ്രവര്‍ത്തിക്കുകയും സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്തിട്ടുള്ളവരാണ്. അവരെല്ലാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. അതിനേക്കാള്‍ ഉപരിയായി 1957-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ സാമൂഹ്യ പരിഷ്‌ക്കരണ നിയമങ്ങളിലൂടെ സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. കുടികിടപ്പവകാശം കൊടുത്തുകൊണ്ട് ഭൂപരിഷ്‌ക്കരണ നിയമവും വിദ്യാഭ്യാസ പരിഷ്‌കാരവും നടപ്പിലാക്കിക്കൊണ്ട് വലിയ തോതിലുള്ള മുന്നേറ്റമുണ്ടാക്കിയെടുക്കാന്‍ 1957-ലെ ഗവണ്‍മെന്റിന് കഴിഞ്ഞു. ആ ഗവണ്‍മെന്റ് കൊണ്ടുവന്ന ഏറ്റവും വലിയ നേട്ടം എന്റേതെന്നോ ഞങ്ങളുടേതെന്നോ പറയാന്‍ ഒരിഞ്ചുഭൂമിപോലും ഇല്ലാത്തവരെ ഭൂമിക്ക് അവകാശികളാക്കി എന്നതാണ്. അതുവരെയും അന്യന്റെ പാടത്തും പറമ്പിലും കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍. അതുകൊണ്ടാണ് സ്വന്തം അച്ഛനോ അമ്മയോ കുഞ്ഞോ മരിക്കുമ്പോള്‍ അത് മറവുചെയ്താല്‍ അത് മാന്തിയെടുക്കുന്ന അവസ്ഥ കേരളത്തിലുണ്ടായതെന്ന് ചരിത്രം രേഖപ്പെടുത്തുന്നത്. ഈ അവസ്ഥയ്‌ക്കൊരു മാറ്റം വരുത്താന്‍ സാധിച്ചുവെന്നതാണ് 1957-ലെ ഇ.എം.എസ്. ഗവണ്‍മെന്റ് ചെയ്ത ഏറ്റവും മഹത്തായ കാര്യം.

അതുപോലെ തന്നെ പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള അവസരമുണ്ടായി. 1937-ല്‍ മഹാത്മാഗാന്ധി അയ്യന്‍കാളിയെ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ ‘നിങ്ങള്‍ക്കെന്താണ് ആവശ്യമെന്ന്’ ചോദിച്ചപ്പോള്‍ ‘എന്റെ സമുദായത്തില്‍പ്പെട്ട പത്തുപേരെയെങ്കിലും ബി.എ.ക്കാരായി കണ്ട് കണ്ണടയ്ക്കണമെന്നാണ് എന്റെ ആഗ്രഹമെ’ന്നാണ് അദ്ദേഹം പറഞ്ഞത്. 1943-ല്‍ അയ്യന്‍കാളി അന്തരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ആ സ്വപ്നം കേരളത്തില്‍ സാക്ഷാത്ക്കരിച്ചത് എങ്ങനെയാണ്? 1957-ല്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റ്, മുണ്ടശ്ശേരി മാഷിലൂടെ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കരണം വഴി കേരളത്തിലെ മുഴുവന്‍ പാവപ്പെട്ടവന്റെ മക്കള്‍ക്കും ബി.എ.ക്കാരും, എം.എ.ക്കാരും, ഐ.എ.എസും, ഐ.പി.എസ്സും ഐ.എഫ്.എസും ഡോക്ടറും എഞ്ചിനീയറുമൊക്കെ ആകാനുള്ള അവസരമുണ്ടായി. എന്നാലും ഇപ്പോഴും ഇന്ത്യയിലെ പകുതിയോളംപേര്‍ പേര് എഴുതാന്‍പോലും അറിയാത്തവരാണെന്നാണ് പറയുന്നത്. മാത്രമല്ല, അതില്‍ ഭൂരിപക്ഷവും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. പക്ഷെ, അതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പാവപ്പെട്ട ആളുകള്‍ക്കും വിദ്യാഭ്യാസവും അറിവും നേടാനുള്ള അവസരമുണ്ടായി. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. അങ്ങനെ പല കാര്യത്തിലും കേരളം ഇന്ത്യയ്ക്കാതെ മാതൃകയായി. പല രീതിയിലും കേരളം മുന്നേറുകയും ഈ ജനവിഭാഗത്തിന്റെ ജീവിതം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

പക്ഷെ വര്‍ത്തമാനകാലത്ത് കേരളത്തിന്റെ സ്ഥിതിയെന്താണ്? ഇന്ന് വിവേചനത്തെക്കാള്‍ കൂടുതല്‍ അവരെ ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ശ്രദ്ധിച്ച് മുന്നോട്ടിപോയില്ലെങ്കില്‍ ഈ വിഭാഗം വീണ്ടും പഴയ അവസ്ഥയിലേക്ക് പോകും. ഇവിടെ എമര്‍ജിംഗ് കേരള, ജി.ഐ.എം., വിഷന്‍ 2030, മിഷന്‍ 676 തുടങ്ങിയ പല പദ്ധതികളും നടപ്പിലാക്കിയെങ്കിലും ഈ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി എന്ത് നടപടിയാണ് സ്വീകരിച്ചത്? പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് രേഖ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഒറ്റ വാചകം മാത്രമാണ് പട്ടികജാതി ജനവിഭാഗങ്ങളെക്കുറിച്ച് പറയുന്നത്. അവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്നുള്ള വാചകമല്ലാതെ വേറൊന്നും അവരെക്കുറിച്ച് പറയുന്നില്ല. ഈ വര്‍ത്തമാനകാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അല്ലെങ്കില്‍ പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ക്രിയാത്മകമായൊരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടും അതിന്റെ പ്രയോജനം കിട്ടിയില്ലെന്നുള്ള പരിദേവനം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. പക്ഷെ, ഇത്തരം ചെറിയ ആനുകൂല്യങ്ങള്‍ കൊടുത്തതുകൊണ്ടുമാത്രം അവരെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് വ്യക്തിപരമായിട്ടുള്ള ചെറിയ സൗജന്യങ്ങളോ ആനുകൂല്യങ്ങളോ കൊടുത്തതുകൊണ്ട് മാത്രമായില്ല. അട്ടപ്പാടിയില്‍, കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിക്കുമ്പോള്‍ ആടിനെ കൊടുത്തതുകൊണ്ടോ കന്നുകാലിയെ കൊടുത്തതുകൊണ്ടോ വിത്തോ വളമോ കീടനാശിയോ സ്‌പ്രെയറോ ട്രാക്ടറോ ഡ്രില്ലറോ കൊടുത്തതുകൊണ്ടോ ഒന്നും അവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അവസാനം രക്ഷപ്പെടാന്‍ വേണ്ടി ആനയെയും കൊടുത്തുനോക്കി. എന്നിട്ടും രക്ഷപ്പെട്ടില്ല. അവര്‍ക്ക് രക്ഷപ്പെടാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ആ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെങ്കില്‍ അതിനായി സി.പി.ഐ(എം) ഉം പി.കെ.എസ്.ഉം ഒരു മുദ്രാവാക്യം മുന്നോട്ടുവെച്ചിട്ടുണ്ട്. രാജ്യത്താകെ പ്രൈവറ്റ് സെക്ടറില്‍ റിസര്‍വ്വേഷന്‍ നിയമംമൂലം നടപ്പിലാക്കാന്‍ കഴിയണം. പ്രൈവറ്റ് സെക്ടറില്‍ റിസര്‍വ്വേഷന്‍ നിയമംമൂലം നടപ്പിലാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമെ ഇവര്‍ക്ക് തൊഴില്‍ രംഗത്തേയ്ക്ക് കൂടുതല്‍ കടന്നുവരാന്‍ സാധിക്കുകയുള്ളൂ. ഇതൊക്കെ പറയുമ്പോള്‍ തന്നെ കേരളത്തില്‍ നടപ്പിലാക്കിയ പല കാര്യങ്ങളെപ്പറ്റിയും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഭൂസംരക്ഷണനിയമം അട്ടിമറിക്കുന്നത് ആര്‍ക്ക് വേണ്ടി?
നാട് തകര്‍ക്കുന്ന ജാതി രാഷ്ട്രീയം
സു(സ)വര്‍ണ്ണ അദ്ധ്യാപക ലോകമേ, നിങ്ങളോ മാതൃക?
അസ്ഥിരതയുടെ ഇന്ത്യന്‍ കാഴ്ചകള്‍
അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്

കേരള ഖജനാവിലെ തുകയുടെ പത്ത് ശതമാനം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ആ പത്ത് ശതമാനം തുക അവര്‍ക്ക് കിട്ടുന്നുണ്ടോ; ഇവിടത്തെ എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 1,16,000-ലധികം പേര്‍ക്കായി ഖജനാവില്‍ നിന്നും ഒരു വര്‍ഷം 4000 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ആ 4000 കോടി രൂപയുടെ പത്ത് ശതമാനം എന്ന് പറഞ്ഞാല്‍ 400 കോടി രൂപയ്ക്ക് ഈ വിഭാഗക്കാര്‍ക്ക് അര്‍ഹതയുണ്ട്. എയ്ഡഡ് കോളേജുകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകരില്‍ കേവലം 444 പേര്‍ മാത്രമാണ് പട്ടികവിഭാഗത്തില്‍പ്പെട്ടവരായിട്ടുള്ളൂ. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ രക്ഷപ്പെടുന്നില്ലെന്ന് പറയുമ്പോള്‍ 1,16,000-ന്റെ പത്ത് ശതമാനമെന്ന് പറഞ്ഞാല്‍ ഏകദേശം 11,600-ഓളം ആളുകള്‍ക്ക് ജോലി കിട്ടേണ്ടതാണ്. അത് ഒരു കൊല്ലത്തേതല്ല, നിരന്തരമായി ആ ജോലി കൊടുത്താല്‍ മാത്രം അവര്‍ രക്ഷപ്പെടുമായിരുന്നു. അതുകൊടുക്കുന്നതിനുപകരം ആടും മാടും കോഴിയും പശുവുമൊക്കെയാണ് കൊടുത്തത്. അതുമാത്രം പോര, ഈ 1,16,000-ലധികം ഒഴിവുകളിലേയ്ക്ക് കൃത്യമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കെല്ലാംതന്നെ റിസര്‍വ്വേഷന്‍ ആനുകൂല്യമുണ്ട്. ആ റിസര്‍വ്വേഷന്‍ നേടിക്കൊടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. അത് കൊടുക്കാന്‍ കഴിയണം. 

ഇവിടെ ദേവസ്വം ബോര്‍ഡുകളുണ്ട്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കോളേജ് അദ്ധ്യാപകരുടെ എണ്ണം 186 എന്നാണ് മനസ്സിലാക്കുന്നത്. അതില്‍ ഒരാള്‍പോലും പട്ടികവിഭാഗത്തില്‍പ്പെട്ടവരല്ല. ഇത് കേരളത്തിനാകെ നാണക്കേടാണ്. ദേവസ്വം ബോര്‍ഡിലെ നിയമനം പി.എസ്.സി.ക്ക് വിടണമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ്. ഗവണ്‍മെന്റ് തീരുമാനിച്ചു. പക്ഷെ, ആ നിയമനം പി.എസ്.സി.-ക്ക് വിടാന്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് തയ്യാറായോ; അതിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കാനാണ് ഈ ഗവണ്‍മെന്റ് തീരുമാനിച്ചത്. ആ റിക്രൂട്ട്‌മെന്റ് ബോര്‍ഡിലും ഈ പാവപ്പെട്ട ആളുകള്‍ക്ക് നിയമനം കിട്ടാന്‍ പോകുന്നില്ലെന്നുള്ളതാണ് വസ്തുത. തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ 89 അദ്ധ്യാപകരാണുള്ളത്. എന്നാല്‍ അവിടെയും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒരാള്‍പോലുമില്ല. ഈ കോളേജ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്. തിരുവിതാംകൂര്‍-കൊച്ചിന്‍-ഗുരുവായൂര്‍ ദേവസ്വംബോര്‍ഡുകളിലെ നിയമനങ്ങളില്‍ ഈ വിഭാഗക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ അമ്പലത്തില്‍ ബാബു എന്നൊരു കലാകരന് ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയതുപോലെ തന്നെ ഇന്നും ദേവസ്വം ബോര്‍ഡുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ആധുനിക യുഗത്തിലേയ്ക്ക് കുതിക്കുമ്പോഴും നമ്മുടെ സമൂഹത്തില്‍ ഭ്രഷ്ടുണ്ട്. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ ജി.എച്ച്.എസ്. ഹെഡ്മിസ്ട്രസ് ഊര്‍മ്മിളാദേവി ടീച്ചറിനോടുള്ള ഭ്രഷ്ട് നമ്മള്‍ കണ്ടതാണ്. വീണ്ടും ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് ഈ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. അതായത് നേരത്തെ ചൂഷണവും, വിവേചനവും എന്ന അവസ്ഥയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാരംഗത്തു നിന്നും ഒഴിവാക്കുക എന്ന നിലപാടിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് ഈ വിഭാഗത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പുതിയ നിലപാടുകള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. 

അങ്ങനെ തയ്യാറാകുകയാണെങ്കില്‍ നിലവിലുള്ള മോഡല്‍ സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും സ്ഥിതി മെച്ചപ്പെടുത്തണം.  1996-2001 കാലത്ത് ലേഖകന്‍ മന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാനത്ത് 21 മോഡല്‍ റിസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. അവിടത്തെ സ്ഥിതി വളരെ മോശമാണ്. വിദ്യാഭ്യാസാനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാനും അത് സമയബന്ധിതമായി കൊടുക്കാനും കഴിയണം. പാര്‍പ്പിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും കഴിയണം. അതുപോലെ കോളനികള്‍ ഉണ്ടാക്കുകയല്ല വേണ്ടത്. കോളനികള്‍ ഈ ജനവിഭാഗത്തിന്റെ ശാപമെന്ന് മനസ്സിലാക്കിക്കൊണ്ട് പുതിയ കോളനികള്‍ ഉണ്ടാക്കുന്നുതിനുപകരം സ്‌കാറ്റേര്‍ഡ് ഏരിയയില്‍ അവര്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള സൗകര്യമുണ്ടാകണം. ത്രിതല പഞ്ചായത്തുകള്‍ക്ക് കൊടുത്ത അധികാരവും സമ്പത്തുമെല്ലാം ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കുവാനുള്ള സംവിധാനമുണ്ടാകണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉദ്യോഗസ്ഥന്മാരുടെ പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയണം. അങ്ങനെ ഈ ജനവിഭാഗത്തിന്റെ താല്പ്പര്യം സംരക്ഷിക്കാന്‍ ക്രയാത്മകമായ സമീപനം സ്വീകരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍