UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഷിന്‍ഡേഴ്‌സ് ലിസ്റ്റ് റിലീസ് ചെയ്യുന്നു

ഹോളോകോസ്റ്റിന്റെ സമയത്ത് പോളിഷ് അഭയാര്‍ത്ഥികളായ ആയിരത്തിലേറെ പേര്‍ക്ക് തന്റെ ഫാക്ടറികളില്‍ ജോലി നല്‍കിക്കൊണ്ട് അവരുടെ ജീവന്‍ രക്ഷിച്ച ജര്‍മന്‍ വ്യാപാരിയും നാസി പാര്‍ട്ടി അംഗവുമായിരുന്ന ഓസ്‌കര്‍ ഷിന്‍ഡിലറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം

ഹോളോകോസ്റ്റിന്റെ ദുരന്തപൂര്‍ണമായ സംഭവങ്ങള്‍ക്ക് ശേഷം തുറന്നു പറയപ്പെടാതിരുന്ന ഒരു കഥയെ ആസ്പദമാക്കിയുള്ള സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്’ എന്ന ചരിത്ര സിനിമ 1993 ഡിസംബര്‍ 15ന് റിലീസ് ചെയ്തു. ലിയാം നീസണായിരുന്നു നായകന്‍. ഹോളോകോസ്റ്റിന്റെ സമയത്ത് അധികവും പോളിഷ് അഭയാര്‍ത്ഥികളായ ആയിരത്തിലേറെ പേര്‍ക്ക് തന്റെ ഫാക്ടറികളില്‍ ജോലി നല്‍കിക്കൊണ്ട് അവരുടെ ജീവന്‍ രക്ഷിച്ച പരമ്പരാഗത ജര്‍മന്‍ വ്യാപാരിയും നാസി പാര്‍ട്ടി അംഗവുമായിരുന്ന ഓസ്‌കര്‍ ഷിന്‍ഡിലറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

എക്കാലത്തും നിര്‍മിച്ചിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ഒരു വാണിജ്യ വിജയം കൂടിയായിരുന്നു. 22 മില്യണ്‍ ബജറ്റില്‍ നിര്‍മിച്ച ചിത്രം, ആഗോളതലത്തില്‍ 321.2 മില്യണ്‍ ഡോളറാണ് തിരിച്ചു പിടിച്ചത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച സംഗീതസംവിധാനം എന്നിങ്ങനെ ഏഴ് ഓസ്‌കാറുകള്‍ (പതിനൊന്ന് നോമിനേഷനുകളില്‍ നിന്നും) ചിത്രം നേടിയെടുത്തത്. കൂടാതെ, ഏഴ് ബാഫ്റ്റ അവാര്‍ഡുകളും മൂന്നു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. 2007ല്‍, എക്കാലത്തും നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച നൂറു ചിത്രങ്ങളുടെ പട്ടികയില്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റിന് എട്ടാം സ്ഥാനമാണ് നല്‍കിയത്.

1980 ഒക്ടോബറില്‍, തന്റെ പുസ്തകങ്ങളില്‍ ഒന്നിനെ അവലംബിച്ച് നിര്‍മിച്ച ചിത്രം പ്രദര്‍ശിപ്പിച്ച ഇറ്റലിയിലെ സോറെന്റോയില്‍ നടന്ന ചലച്ചിത്ര മേളയ്ക്ക് ശേഷം ഒരു ബുക്ക് ടൂറിനായി ഇടയ്ക്കിറങ്ങിയ ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ കെന്നെലി ഒരു തോല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറി. കെന്നെലി ഒരു എഴുത്തുകാരനാണെന്ന് മനസ്സിലാക്കിയ കടയുടമയായ ലിയോപോള്‍ഡ് പേജ് അദ്ദഹത്തോട്, ‘മനുഷ്യന്‍ മനുഷ്യനോട് ചെയ്ത വലിയ മാനവികതയുടെ മഹത്തായ കഥ,’ പറയാന്‍ തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഒരു നാസി ഫാക്ടറി ഉടമയായിരുന്ന ഓസ്‌കര്‍ ഷിന്‍ഡിലര്‍ എങ്ങനെയാണ് പേജിന്റെയും ഭാര്യയുടെയും മറ്റ് ആയിരക്കണക്കിന് ജൂതരുടെയും ജീവന്‍ രക്ഷിച്ചു എന്നതായിരുന്നു ആ കഥ. പ്രസംഗങ്ങള്‍, ദൃക്‌സാക്ഷി വിവരണങ്ങള്‍, സത്യവാങ്മൂലങ്ങള്‍, അദ്ദേഹം രക്ഷിച്ച ആളുകളുടെ യഥാര്‍ത്ഥ പട്ടിക തുടങ്ങി ഷിന്‍ഡ്‌ലറുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് പേജ് കെന്നലിയ്ക്ക് നല്‍കി. ഷിന്‍ഡ്‌ലേഴ്‌സ് ആര്‍ക്ക് എന്ന പുസ്തകം എഴുതാന്‍ കെന്നലിയ്ക്ക് ഇത് പ്രചോദനം നല്‍കി. നോവലിന്റെ പകര്‍പ്പ് അവകാശങ്ങള്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ വാങ്ങി. എന്നാല്‍ ഹോളോകോസ്റ്റിനെ കുറിച്ച് ചിത്രം ചെയ്യാന്‍ താന്‍ തയ്യാറാണോ എന്ന സന്ദേഹം അലട്ടിയിരുന്ന സ്റ്റീവന്‍ സ്പല്‍ബര്‍ഗ്, മറ്റ് പല സംവിധായകര്‍ക്കും പദ്ധതി കൈമാറാന്‍ ശ്രമിച്ചു. പക്ഷെ അവസാനം ചിത്രം സംവിധാനം ചെയ്യാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഹോളിവുഡിലെ ഏറ്റവും വിജയിയായ സംവിധായകന്‍ എന്ന നിലയില്‍ സ്പില്‍ബര്‍ഗ് അതിനധികം തന്നെ ധനാഢ്യനായിരുന്നെങ്കിലും, ചിത്രത്തില്‍  അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന പ്രതിഫലം, അത്തരം വ്യക്തിപരമായ നേട്ടങ്ങള്‍ ‘രക്തം പുരണ്ട പണമായി’ വിശേഷിപ്പിക്കപ്പെടും എന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റാണ് സ്പില്‍ബര്‍ഗ് ചിത്രത്തിനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെതിരെ വാദിക്കാന്‍ ബുദ്ധിമുട്ടുമാണ്. വര്‍ണത്തിന്റെ ഇടപെടല്‍ പരമാവധി കുറയ്ക്കുന്ന തരത്തില്‍ നിഴലിന്റെ വെളിച്ചത്തിന്റെയും ഉപയോഗം ഫലപ്രദമായി വിന്യസിക്കാന്‍ ചിത്രത്തിന്റെ ഛായാഗ്രാഹകനായ ജാനുസ് കാമിന്‍സ്‌കിക്ക് സാധിക്കുകയും ചെയ്തു. യഥാര്‍ത്ഥ്യത്തെ കൂടുതല്‍ സ്പഷ്ടമായി പ്രതിഫലിപ്പിക്കുന്നതിനായി പോളിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ ചിത്രീകരിക്കാനും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ഉപയോഗിക്കാനുമായിരുന്നു സ്പില്‍ബര്‍ഗ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഷിന്‍ഡലറുടെ ജൂതനായ അകൗണ്ടന്റായി ബെന്‍ കിംഗ്സ്ലിയും ദുഷ്ടനായ നാസി ഉദ്യോഗസ്ഥനായി റാല്‍ഫ് ഹിന്നെസും ചിത്രത്തില്‍ വേഷമിടുന്നു. കഥ നടന്ന യഥാര്‍ത്ഥ സ്ഥലങ്ങളിലാണ് മിക്ക സംഭവങ്ങളും ഷൂട്ട് ചെയ്തതെങ്കിലും (ഷിന്‍ഡ്‌ലറുടെ യഥാര്‍ത്ഥ ഫാക്ടറിയും ഓസ്വിറ്റ്‌സിലെ ഗേറ്റുകളും ഉള്‍പ്പെടെ) 72 ദിവസം കൊണ്ട് പോളണ്ടിലെ ക്രകോവിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഷിന്‍ഡ്‌ലറുടെ ജൂതന്മാര്‍ എന്നറിയപ്പെടുന്ന ഷിന്‍ഡ്‌ലര്‍ രക്ഷിച്ചവരുടെ വലിയ വൈകാരിക പ്രകടനങ്ങള്‍ക്കാണ് ചിത്രം അവസാനിച്ചപ്പോള്‍ എല്ലാവരും സാക്ഷിയായത്. പോളണ്ടില്‍ മൊത്തം നാലായിരം ജൂതന്മാരെ ഉള്ളുവെന്നിരിക്കെ ഷിന്‍ഡ്‌ലറുടെ ജൂതന്മാരും അവരുടെ പിന്‍മുറക്കാരുമായി ഏകദേശം 6000 പേരാണുള്ളത്. അതിന്റെ ജൂതന്മാരെ രക്ഷിക്കുന്നതിനായി ഒരു രാജ്യം ചെയ്തതിനേക്കാള്‍ കൂടുതല്‍ ഷിന്‍ഡ്‌ലര്‍ ചെയ്തു എന്നതാണ് ഈ ചരിത്രം നല്‍കുന്ന യഥാര്‍ത്ഥ പാഠം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍