UPDATES

ട്രെന്‍ഡിങ്ങ്

സ്‌കൂളില്‍ ടൈല്‍സിടാനും പിടിഎ ഫണ്ടിലേക്കും ആദിവാസി കുട്ടികളുടെ കൈയില്‍ നിന്നും പണം പിരിക്കണോ

വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് സ്‌കൂള്‍ ഫണ്ടിലേക്കു വകമാറ്റുന്നവര്‍ തന്നെയാണ് പാവപ്പെട്ട ആദിവാസി കുട്ടികളില്‍ നിന്നും ഓരോകാര്യത്തിനായി പണം പിരിക്കുന്നത്‌

സ്‌കൂളിന് നല്ല കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും വേണം. നിലം ടൈല്‍ പാകണം. അങ്ങനെ പല പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിന് സര്‍ക്കാരിനു കൈയില്‍ കാശില്ലെങ്കില്‍ ഒന്നുമില്ലാത്ത ആദിവാസികുട്ടികളുടെ കീശയില്‍ നിന്നു വേണോ കൈയിട്ടു വാരണോ? വളരെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആദിവാസി കുട്ടികളില്‍ നിന്നു നിര്‍ബന്ധമായി അധ്യാപകര്‍ സ്‌കൂളിലെ വിവിധ ആവശ്യങ്ങള്‍ക്ക് പണം പിരിക്കുന്നതായാണ് പരാതി. മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളിലാണ് നിലവില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.

സ്‌കൂളുകളില്‍ ടൈല്‍സ് പതിപ്പിക്കാന്‍ ഉള്‍പ്പെടെ ആദിവാസി വിദ്യാര്‍ഥികളില്‍ നിന്നു സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പിരിവ് നടത്തുന്നതായാണ് ആരോപണം. പി.ടി.എ ഫണ്ട്, കമ്പ്യൂട്ടര്‍ ഫീസ് എന്നീ പേരിലൊക്കെ ഓരോ കുട്ടിയില്‍ നിന്നു അവര്‍ക്കു താങ്ങാവുന്നതിലധികം പണമാണ് പിരിച്ചെടുക്കുന്നത്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടയിലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇത്തരം പിരിവു നടത്തുന്നതെന്നാണ് വൈരുദ്ധ്യം.

മുത്തേടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സനൂപിന്റെ കൈയില്‍ നിന്നും സ്‌കൂളിന് ടൈലിടാനായി 250 രൂപയാണ് സ്‌കൂള്‍ അധികൃതര്‍ വാങ്ങിയത്. ഇതേ സ്‌കൂളിലെ രഞ്ജിത്, രഞ്ജിഷ എന്നിവരില്‍ നിന്നു കമ്പ്യൂട്ടര്‍ ഫീസുള്‍പ്പെടെ സ്‌കൂള്‍ അധികൃതര്‍ വാങ്ങിച്ചു.

സ്‌കൂളിനു ടൈല്‍സിടാന്‍ ഞങ്ങളില്‍ നിന്നു എന്തിനാണു പണം വാങ്ങിക്കുന്നതെന്ന് മനസിലാക്കുന്നില്ല. ഞങ്ങളുടെയൊക്കെ വീട്ടില്‍ ഈ പണം തരാനില്ല. വീട്ടില്‍ പലര്‍ക്കും പനിയാണ്. വീട്ടില്‍ കാശ് ചോദിച്ചാല്‍ ചിലപ്പോഴൊക്കെ ചീത്ത കിട്ടും. കാശില്ലാത്തതു കൊണ്ടാണ് ചീത്ത പറയുന്നത്. പക്ഷേ എങ്ങനെയെങ്കിലും കാശ് അച്ഛനോ അമ്മയോ തരും. ഇടയിടയ്‌ക്ക് ഇങ്ങനെ സ്‌കൂളിനു കാശു ചോദിക്കും…’ ഇതേ സ്‌കൂളിലെ ഒരു കുട്ടി ചോദിച്ച ചോദ്യമാണിത്. പല വീടുകളിലും മഴക്കാലമായതോടെ പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ പലരും തൊഴിലിനു പോലും പോകാനാവാത്ത അവസ്ഥയിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അനധികൃതമായ രീതിയില്‍ ഈടാക്കുന്ന ഇത്തരം ഫീസുകള്‍ കുട്ടികളുടെ മേല്‍ ഇരട്ടിഭാരമാണ് ചുമത്തിയിരിക്കുന്നത്.

"</p

മണിമുളി സി.കെ.എച്ച്.എസ്.എസില്‍ പ്ലസ്ടുവിനു പഠിക്കുന്ന ശ്രുതിമോളോട് പി.ടി.എ ഫണ്ടിലേക്കായി 880 രൂപയാണു പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടത്. ശ്രുതിമോള്‍ പഠന ആവശ്യാര്‍ഥം മഹിളാ സമഖ്യക്കു കീഴിലെ മഹിളാശിക്ഷണ്‍ കേന്ദ്രത്തിലാണു താമസിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ പണം ആവശ്യപ്പെട്ടതോടെ ശ്രുതിമോള്‍ ഇത് മഹിളാസമഖ്യ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള രേഖാമൂലമുള്ള കത്തും നല്‍കി.

‘ശ്രുതിയോട് പി.ടി.എ ഫണ്ടായി 880 രൂപയാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതവള്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍ ഞങ്ങളിടപ്പെടുകയും രേഖാമൂലമുള്ള കത്ത് നല്‍കണമെന്ന് സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സ്‌കൂള്‍ അധികൃതര്‍ പണം ആവശ്യപ്പെട്ട് കത്തു നല്‍കി. എന്നാല്‍ ഞങ്ങള്‍ ഇതുവരെ പണം അടച്ചിട്ടില്ല. തികച്ചും മനുഷത്വരഹിതമായ സമീപനമാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ശ്രുതിയടക്കമുള്ള കുട്ടികളോട് ഇത്തരത്തില്‍ അനധികൃതമായ ഫണ്ട് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്. ഞങ്ങള്‍ പരാതി സംസ്ഥാനതലത്തിലേക്ക് കൈമാറിയിട്ടുണ്ട്. ശ്രുതിയുടെ കാര്യം മാത്രമാണ് ഞങ്ങളറിഞ്ഞത്. ഞങ്ങള്‍ അറിയാത്ത ഒരുപാട് കുട്ടികള്‍ക്ക് സമാന സാഹചര്യം അനുഭവിക്കേണ്ടി വരുന്നുണ്ടാകാം. അതുകൊണ്ടു തന്നെയാണ് പരാതി നല്‍കിയത്. ജില്ലയില്‍ പല സ്‌കൂളിലും സമാന സംഭവങ്ങളുണ്ട്. സര്‍ക്കാര്‍ ഏതു തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. അതിനു ശേഷം തുടര്‍ തീരുമാനങ്ങളെടുക്കും. കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ ഒരു ഭാഗവും പല സ്‌കൂളുകളും പി.ടി.എ ഫണ്ടിലേക്ക് വക മാറ്റുന്നുണ്ട് ‘; മഹിളാ സമഖ്യ മലപ്പുറം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. റജീന പറയുന്നു.

നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന 25 വിദ്യാര്‍ഥികളോടും ഇത്തരത്തില്‍ പി.ടി.എ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 500 മുതല്‍ 900 രൂപവരെയാണു കുട്ടികളോടു ആവശ്യപ്പെടുന്നത്.

പത്താംക്ലാസുവരെ പഠനം നടത്തുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഖേനയാണ് സര്‍ക്കാര്‍ ലംപ്‌സം ഗ്രാന്റ് വിതരണം ചെയ്യുന്നത്. എന്നാല്‍ പല സ്‌കൂളുകളിലും ലംപ്‌സം ഗ്രാന്റ് ചില പ്രധാനാധ്യാപകര്‍ പി.ടി.എ ഫണ്ടിലേക്ക് മറ്റു വകമാറ്റുന്നതായും ആരോപണമുണ്ട്. നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് 190 രൂപ, ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കു 320 രൂപ, അഞ്ചു മുതല്‍ ഏഴു വരെ 630 രൂപ, ഏഴുമുതല്‍ പത്തുവരെ 940 രൂപ എന്നിങ്ങനെയാണു ലംപ്‌സം ഗ്രാന്റ്. ഇത്തരം ഫണ്ടുകളില്‍ നിന്ന് പി.ടി.എ ഫണ്ട് അടക്കമുള്ളവ പിടിച്ചെടുക്കുന്നതു നിയമലംഘനമാണെന്ന് എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറയുന്നു. ആരെങ്കിലും വ്യക്തമായി തെളിവോടെ പരാതി ഉന്നയിച്ചാല്‍ നടപടി എടുക്കാനാകുമെന്നും അധികൃതര്‍ പറയുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായങ്ങളില്ല. എന്നാല്‍ അതിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം സ്മാര്‍ട്ടാകാനുള്ള സാമ്പത്തികം സര്‍ക്കാര്‍ നേരിട്ടു കണ്ടെത്തണം. അതിനു സമൂഹത്തെയാകെ ഒത്തുചേര്‍ത്തുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. സ്‌കൂള്‍ അധികൃതര്‍ വഴി അത് പാവം ആദിവാസി കുട്ടികളുടെ ദേഹത്ത് കെട്ടിവെക്കരുത്. അവര്‍ക്ക് പഠനം തന്നെ ഒരു പോരാട്ടമാണ്. അതിനുവേണ്ട എല്ലാവിധ സഹായങ്ങളും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെയും അധ്യാപകരുടെയും ദൗത്യം. അല്ലാതെ അവരുടെ കീശയിലും കൈയിട്ടു വാരലല്ല.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍