UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുടരുന്ന സ്കൂളുകളിലെ പീഢനം ; എവിടെ ചുവപ്പ് ലൈറ്റിട്ട കാറില്‍ പറക്കുന്ന കമ്മീഷനുകള്‍?

Avatar

കെ പി എസ് കല്ലേരി

പട്ടിക്കൂട്ടില്‍ കൂട്ടിയെ പൂട്ടിയിട്ടതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് കോഴിക്കോട്ടെ ഒരു സ്‌കൂളില്‍ ഫീസ് അടക്കാന്‍ വൈകിയതിന് കുട്ടികളെ കോണ്‍ഫറന്‍സ് ഹാളില്‍ പൂട്ടിയിട്ട സംഭവമുണ്ടായിരിക്കുന്നത്. അണ്‍എയ്ഡഡ് ഇഗ്ലീഷ് മീഡിയങ്ങള്‍ നാട്ടില്‍ വ്യാപകമായ ശേഷം നൂറുശതമാനം തികയ്ക്കാനും മലയാളം സംസാരിച്ചുപോയതിന്റെ പേരിലും ഫീസടയ്ക്കാത്തതിന്റെ പേരിലുമൊക്കെ നമ്മുടെ മക്കള്‍ വിവിധങ്ങളായ പീഡനമുറകള്‍ ഏറ്റുവാങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇതില്‍ ഭൂരിപക്ഷം പീഡനങ്ങളും മക്കള്‍ നാളെ ഡോക്ടറോ എഞ്ചിനിയറോ ആകേണ്ടതല്ലേ എന്നുകരുതി രക്ഷിതാക്കള്‍ ഇരുചെവി അറിയാതെ മറയ്ക്കുകയും സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്താക്കുകയും ചെയ്യുന്നതിനാല്‍ ലോകമറിയാറില്ല. എന്നാല്‍ പട്ടിക്കൂടും കെട്ടിയിടലും പൂട്ടിയിടലും  പോലുള്ള ചില അതിരുവിട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരം ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ ജനമറിയുന്നതും പൊലീസ് രംഗത്തെത്തുന്നതുമെല്ലാം.

കഴിഞ്ഞ മാസം കേരളത്തിലെ പ്രമുഖനായ ഒരു സമുദായനേതാവിന്റെ നാദാപുരം പാറക്കടവുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പിഞ്ചുകൂട്ടി ക്രൂരമായ പീഡനത്തിനിരയായപ്പോള്‍ പ്രതികള്‍ക്കെതിരേ നിലകൊള്ളേണ്ടതിനുപകരം നാലുവയസുകാരിയായ കുട്ടിക്കെതിരെ നീചമായ രീതിയില്‍ മാനേജ് മെന്റും അവരുടെ സമുദായ സംഘടനയും എന്തൊക്കെ പ്രചരണങ്ങളാണ് നടത്തിയതെന്ന് കേരളം കണ്ടതാണ്. അതിന് പിന്നാലെയാണിപ്പോള്‍ കോഴിക്കോട് നഗരത്തിലെ പണക്കൊഴുപ്പിന്റെ പ്രതാപത്താല്‍ തലഉയര്‍ത്തി നില്‍ക്കുന്നൊരു സ്‌കൂളില്‍ കുറേ കുട്ടികളെ മണിക്കൂറുകളോളം പൂട്ടിയിട്ടത്. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ സ്ഥലത്തെത്തുകയും വാര്‍ത്തകളാവുകയും പിന്നാലെ എത്തിയ പൊലീസ് കേസെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ചോദ്യം ഇത്രമാത്രമാണ്. ഇങ്ങനെയാണോ സമ്പൂര്‍ണ സാക്ഷരകേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം മുന്നോട്ടു പോകേണ്ടത്..? ഇവിടെ പഠിപ്പിക്കേണ്ടത് കുട്ടികളേയോ ആതോ നാട്ടില്‍ നിരവധി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുണ്ടായിട്ടും മക്കളെ പണമടച്ച് ഇംഗ്ലീഷുപഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ടൈ കെട്ടിവിടുന്ന രക്ഷിതാക്കളേയോ അല്ലെങ്കില്‍ രാജ്യത്ത് ഏറ്റവും ലാഭമുണ്ടാക്കാന്‍ കഴിയുന്ന കച്ചവടം വിദ്യാഭ്യാസമാണെന്ന് കണ്ട് കോടികള്‍ കോഴനല്‍കി ലൈസന്‍സുവാങ്ങി  വിദ്യാഭ്യാസകച്ചവടത്തിനിറങ്ങുന്ന പ്രമാണിമാരെയോ…?

പുതിയറ ഹില്‍ടോപ് പബ്ലിക് സ്‌കൂളിലാണ് സംഭവം.  നാലാം ക്ലാസ്മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 350 ഓളം വിദ്യാര്‍ഥികളെയാണ് കോണ്‍ഫറന്‍സ് ഹാളില്‍ പൂട്ടിയിട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലാംടേമിലേക്കുള്ള ഫീസ് അടച്ചില്ലെന്നാരോപിച്ചാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. ഫീസ് അടക്കാത്ത കുട്ടികളോട് കോണ്‍ഫറന്‍സ് ഹാളിലേക്ക് വരണമെന്നും അവിടെ ഒരു യോഗം ചേരാനുമാണെന്നു പറഞ്ഞാണ് കുട്ടികളെ വിളിച്ചുവരുത്തിയത്. കുട്ടികളെല്ലാം എത്തിയപ്പോള്‍ ഫാനും ലൈറ്റുംപോലുമില്ലത്ത കോണ്‍ഫറന്‍സ് ഹാള്‍ പുറത്ത് നിന്ന് പൂട്ടുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷിതാക്കള്‍ ബഹളം വെച്ചതിനെത്തുടര്‍ന്നാണ് മുറി തുറന്നത്. അപ്പോള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച രണ്ട് കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യവുമുണ്ടായി. കഴിഞ്ഞ കുറച്ചുകാലമായി വന്‍തോതിലാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഫീസ് വര്‍ധിപ്പിക്കുന്നത്ത. അത് പലപ്പോഴും രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്. ഇടക്കാലത്തായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പുതിയറയില്‍ നിന്നും സ്‌കൂള്‍ മറ്റൊരിടത്തേക്ക് മാറ്റുകയാണെന്നും ചിലപ്പോള്‍ പൂട്ടുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മുന്നൂറ്റമ്പതോളം വരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നാലാംടേമിലേക്കുള്ള ഫീസ് തല്‍ക്കാലം പിടിച്ചുവെച്ചത്. പക്ഷെ അതിത്രയും നീചമായൊരു സംഭവത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുമെന്ന് കരുതിയില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. സംഭവത്തില്‍ പാരന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി റിയാസിന്റെ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍, വൈസ് പ്രിന്‍സിപ്പല്‍ ഗിരിജാ സുരേഷ്, ഫൈനാന്‍സ് മാനേജര്‍ ഷാജഹാന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ പീഡനങ്ങളുടെ പരാതികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പഠിപ്പില്‍ പിറകോട്ടായാല്‍, യൂണിഫോം ഇടാതെപോയാല്‍, മലയാളം സംസാരിച്ചാല്‍, ഭക്ഷണം കഴിക്കുമ്പോള്‍ നിലത്തുവീണുപോയാല്‍, ക്ലാസില്‍ സംസാരിച്ചുപോയാല്‍, പാഠ്യേതരപ്രവര്‍ത്തനമോ-സംഘടനാപ്രവര്‍ത്തനമോ നടത്തിയാല്‍, നൂറുശതമാനം തികയ്ക്കാന്‍, ഫീസടക്കാന്‍ വൈകിയാല്‍…അങ്ങനെ പോകുന്നു കുട്ടികള്‍ക്കതിരായ പീഡനത്തിനുള്ള കാരണങ്ങള്‍. ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മീഷനുകളുമടക്കം നൂറായിരം കമ്മിഷനുകള്‍ ചുവപ്പ് ലൈറ്റിട്ട് കാറുകളില്‍ സംസ്ഥാനത്തുടനീളം ഓടിനടക്കുകയും വിദ്യാഭ്യാസത്തിനുമാത്രമായൊരു വകുപ്പും മന്ത്രിയുമൊക്കെയുണ്ടായിട്ടും കുട്ടികളുടെ നിലവിളികള്‍ക്കുമാത്രം പരിഹാരമാവുന്നില്ല. 

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍