UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്ന് സ്‌കൂള്‍ ബസ്സും പ്രവേശനോത്സവും വിദ്യാഭ്യാസക്കച്ചവടവും പോലെ വലിയ അനുഭവങ്ങളില്ലായിരുന്നല്ലൊ!

വേനല്‍മഴയില്‍ കുതിര്‍ന്ന നാട്ടുവഴിയിലൂടെ തനിയെ ഒരു പ്രഭാതസവാരി. നനഞ്ഞ മണ്ണിന്റെ മണം. മഴത്തുള്ളികള്‍ തങ്ങിനില്‍ക്കുന്ന മരച്ചില്ലകള്‍. അവക്കുള്ളിലെവിടെയോ പാടുന്ന കുയില്‍. കുളിരുള്ള അന്തരീക്ഷം. ഒരു മറുനാടന്‍ മലയാളിയെ നോസ്റ്റാള്‍ജിക് ആക്കാന്‍ മറ്റെന്തുവേണം? അങ്ങനെ ഗൃഹാതുരതയില്‍ മുങ്ങി നടക്കുമ്പോഴാണ് അത് ശ്രദ്ധയില്‍പ്പെട്ടത്. വഴിയോരത്തെ പൊന്തക്കാട്ടില്‍ നിന്നു പുറത്തേക്കു വളര്‍ന്നുനിന്ന വള്ളിച്ചെടിയിലെ ചെറുപൂവ്. ആ പൂവെന്നെ പിടിച്ചു നിര്‍ത്തി. പിന്നെ നാളുകള്‍ക്കുശേഷം കണ്ടുമുട്ടിയ കളിക്കൂട്ടുകാരനെപ്പോലെ ബാല്യകാലസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സ്‌കൂള്‍ ബസ്സുകള്‍ കടന്നുവരുന്നതിനു മുമ്പ് നാട്ടുവഴികള്‍ താണ്ടി കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയിരുന്ന കാലം. വഴിയോരത്തെ പൊന്തക്കാടുകളില്‍ ഒളിച്ചിരുന്ന ചെറുപഴങ്ങളുടെ രുചി നുണഞ്ഞും, പുല്‍നാമ്പുകളില്‍ തത്തിനടന്ന തുമ്പികളെ പിടിച്ചും, പൂച്ചെടികളില്‍  തേന്‍നുകരുന്ന ചിത്രശലഭങ്ങള്‍ക്കു പുറകെ ഓടിയും സ്‌കൂളിലേക്കും, തിരികെ വീട്ടിലേക്കും നടന്നു പോയിരുന്ന കാലം. അന്നു വഴിയോരത്തെ ഓരോ ചെടിക്കും, പൂവിനും, പഴത്തിനും പേരുണ്ടായിരുന്നു. കുട്ടികള്‍ നല്‍കിയ പേര്. ഞാന്‍ കണ്ട പൂവിനും അങ്ങിനെയൊരു പേരുണ്ടായിരുന്നു. അതോര്‍ത്തെടുക്കാന്‍ കുറച്ചു സമയമെടുത്തു. നന്ത്യാര്‍വട്ടവും, നാലുമണിപ്പൂവും, കോളാമ്പിയും, കാക്കപ്പൂവുമൊക്കെ മനസ്സിലേക്കു വന്നു. പക്ഷേ ആ പൂവു മാത്രം ഓര്‍മ്മയില്‍ വന്നില്ല. നിരാശനായി നടന്നുനീങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നോര്‍മ്മവന്നു.

ആ സുന്ദരിപ്പൂവില്‍ നിന്നും പൂച്ചക്കുട്ടിയെപ്പോലെ ഓമനത്വമുള്ള കായുണ്ടായി. അതു വളര്‍ന്ന് മാധുര്യം നിറഞ്ഞ പഴമായി. പൊന്തക്കാട്ടിലൊളിച്ചിരുന്ന ചെറുപഴങ്ങളില്‍ ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട പൂച്ചക്കുട്ടിപ്പഴം.

ഓരോ പൂവു വിടരുമ്പോഴും കുട്ടികള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. പഞ്ഞിപോലെയുള്ള കവചത്തില്‍ വളര്‍ന്ന കായ സ്വര്‍ണ്ണനിറമുള്ള പഴമായി. സ്‌കൂള്‍ തുറക്കുമ്പോഴേക്കും വഴിയോരത്തെ മിക്ക പൊന്തക്കാടുകളിലും അനേകം പൂച്ചക്കുട്ടിക്കായകള്‍ പഴുത്തു നിന്നു. കാടിനുള്ളില്‍നിന്നു പഴങ്ങള്‍ പറിച്ചെടുക്കാന്‍ പ്രത്യേക ധൈര്യം വേണം. ശ്രദ്ധിച്ചു പറിച്ചില്ലെങ്കില്‍ ഊര്‍ന്നു കൈവിട്ടു പോകുന്ന പഴം. പറിച്ചെടുത്താലും പാമ്പോ മറ്റോ കൊത്തിയിട്ടില്ലെന്നുറപ്പു വരുത്തണം. ഇതെല്ലാം കഴിഞ്ഞ് ഓരോ പഴത്തിനുള്ളിലുമുള്ള മാംസളഭാഗം നുണയുന്നതും, അതിനുള്ളിലെ കരുകരുത്ത ചെറുവിത്തുകള്‍ കടിച്ചുചവയ്ക്കുന്നതും പ്രത്യേക അനുഭവമായിരുന്നു. പൂവിലിരിക്കുന്ന ശലഭത്തെ പിടിക്കുന്നതു പോലെ, പുല്‍നാമ്പില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞിന്‍കണം കണ്ണിലിറ്റുന്നതുപോലെ, സുഖകരമായ ചെറിയൊരനുഭവം.

അന്നു സ്‌കൂള്‍ ബസ്സും, പ്രവേശനോത്സവും,  കലാമേളയും, വിദ്യാഭ്യാസകച്ചവടവും പോലെ വലിയ അനുഭവങ്ങളില്ലായിരുന്നല്ലൊ….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍