UPDATES

കാഴ്ചപ്പാട്

സ്കൂളുകളില്‍ പഠിപ്പിക്കാത്ത ലിംഗനീതി സമൂഹത്തോട് ആവശ്യപ്പെടരുത്

നമ്മുടെ സ്‌കൂളുകള്‍ ഇങ്ങനെ കൊട്ടിയടക്കപ്പെട്ട ആശയങ്ങളുടെ തടവറകള്‍ ആകാതിരിക്കട്ടെ

ബ്രിട്ടനിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ ആണ്‍കുട്ടികള്‍ക്ക് പാവാടയും പെണ്‍കുട്ടികള്‍ക്ക് പാന്റും ധരിക്കാം. ഇതെന്തോന്ന് പരിപാടിയെന്ന് പറഞ്ഞ് ചിരിക്കും നമ്മളെല്ലാവരും. പറയുന്നവരും കേള്‍ക്കുന്നവരും ചിരിച്ചുകൊണ്ടല്ലാതെ ഇക്കാര്യം പങ്കുവയ്ക്കുമോ എന്നും സംശയമാണ്. നമ്മുടെ സ്‌കൂളുകളിലാണ് ഇങ്ങനെയൊരു നിര്‍ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെങ്കിലോ? കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ്പുകള്‍ എടുക്കണം എന്ന് പറഞ്ഞപ്പോള്‍പ്പോലും കോലാഹലം ഉണ്ടാക്കിയ നമുക്ക് ഇങ്ങനെയൊരു കാര്യം ആലോചിക്കാന്‍ പറ്റുമോ?

 

മറ്റ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ ഇത്രയേറെ മുന്നോട്ട് പോയപ്പോള്‍ നമ്മുടെ സ്‌കൂളുകള്‍ എവിടെയെത്തി നില്‍ക്കുന്നു എന്നൊന്ന് ആലോചിക്കുന്നത് അധികപ്പറ്റാവില്ലല്ലോ.

സ്‌കൂളുകളെപ്പറ്റി പറയുമ്പോള്‍ അള്‍ത്തൂസറിനെപ്പറ്റി പറയുന്നത് എന്തിനെന്ന് ചോദിക്കുന്ന ആളുകളുണ്ടാകാം. രാഷ്ട്രം എങ്ങനെ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളായ കുടുംബം, സ്‌കൂള്‍, മതം, രാഷ്ട്രീയം, ആശയവിനിമയ ഉപാധികള്‍, സംസ്‌കാരം എന്നിവയിലൂടെ ജനങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു എന്ന് ലൂയി അള്‍ത്തൂസര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഐഡിയോളജി എങ്ങനെ കൃത്യമായി ജനങ്ങളില്‍ ഇടപെടുന്നു എന്നും സാമൂഹികമായ നിയമങ്ങള്‍, അലിഖിതമായ നിയമങ്ങള്‍, ചട്ടങ്ങള്‍, നടപ്പ് ശീലങ്ങള്‍, രീതികള്‍, കീഴ്വഴക്കങ്ങള്‍, ചടങ്ങുകള്‍, വിശ്വാസങ്ങള്‍ എന്നിവയിലൂടെ കൃത്യമായി സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ ഇപ്പറഞ്ഞ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ഇടപെടുന്നുണ്ട്. ബാക്കിയെല്ലാം വിട്ടുകളഞ്ഞ് നമുക്ക് നമ്മുടെ വിദ്യാലയങ്ങളെ മാത്രമെടുക്കാം.

ഒന്നാം ക്ലാസ്സില്‍ പഠനം ആരംഭിച്ചിരുന്ന ശീലങ്ങളില്‍ നിന്ന് പ്രീ-സ്‌കൂളുകളിലേക്കും അതിന് ശേഷം പ്ലേ സ്‌കൂളുകളിലേക്കും ഇറങ്ങിവന്ന വിദ്യാഭ്യാസ സംസ്‌കാരമാണ് നമ്മുടേത്. ആണ്, പെണ്ണ്, ഭിന്നലിംഗം (ഭാഷ പരാജയപ്പെടുന്ന അവസ്ഥകള്‍ ചിലപ്പോള്‍ ഉണ്ടാകാം. അതിലൊന്നാണ് ഇത്. ഇനിയും നമ്മള്‍ കൃത്യമായ വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു) എന്നിങ്ങനെ സാമൂഹികമായ ലിംഗകല്‍പ്പനകള്‍ ഒന്നുമറിയാതെ സ്‌കൂളുകളില്‍ പോകേണ്ടി വരുന്ന കുട്ടികളെ ആണ്‍-പെണ്‍ എന്നിങ്ങനെ കള്ളി തിരിച്ച് ഇരുത്തിയും ലിംഗ വ്യത്യാസത്തിന്റെ പരിമിതികളും കുറവുകളും കൂടുതലുകളും പറഞ്ഞു കൊടുത്തും നമ്മള്‍ ചില വാര്‍പ്പുകളിലേക്ക് അവരെ തള്ളിയിടുകയാണ്.

അംഗന്‍വാടികളില്‍ പോയി തല്ലുകൂടിയും കളിച്ചും ഉച്ചഭക്ഷണത്തിന് ശേഷം ഒരുമിച്ച് ഉറങ്ങിയും വളര്‍ന്നു വന്ന തലമുറയില്‍പ്പെട്ട ആളാണ് ഞാന്‍. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാല്‍ മൂത്രമൊഴിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ കുത്തിയിരുന്നേ മൂത്രമൊഴിക്കാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശവുമായി കാവല്‍ നിന്നിരുന്ന ആയമാരെ ഓര്‍മ്മയുണ്ട് ഇപ്പോഴും. അന്നൊക്കെ മൂത്രമൊഴിക്കുമ്പോള്‍ മാത്രം വെളിവാക്കപ്പെട്ടിരുന്ന ലിംഗം എന്ന അവസ്ഥ ഇപ്പോള്‍ കുഞ്ഞുങ്ങളെ ഒരുമിച്ച് കിടത്താത്ത അവസ്ഥയിലേക്കും എത്തിച്ചേര്‍ന്നിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഭയമാണ് തോന്നുന്നത്. ആ കുഞ്ഞു വയസ്സിലാണ് ആണിനെയും പെണ്ണിനേയും വേര്‍തിരിക്കുന്നത് അവര്‍ മൂത്രമൊഴിക്കുന്ന ലിംഗം നോക്കിയാണെന്ന് ആദ്യമായി മനസ്സിലാക്കുന്നത്. ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അതിനുള്ള അവസരം പോലും നമ്മള്‍ നല്‍കാറില്ല. അതില്‍ അഭിമാനിക്കുന്ന നമുക്ക് സത്യത്തില്‍ അഭിമാനിക്കാന്‍ വകയുണ്ടോ?

 

 

ഒന്നാം ക്ലാസ് മുതല്‍ നമ്മള്‍ ഊട്ടിയുറപ്പിക്കുന്ന ലിംഗപരമായ ചിന്തകള്‍ അനവധിയുണ്ട്. ഇന്നും പേരെഴുതുന്ന രജിസ്റ്ററില്‍ ആദ്യം ആണ്‍കുട്ടികളുടെ പേരും പിന്നെ പെണ്‍കുട്ടികളുടെ പേരും എഴുതുന്ന ശീലം തന്നെയാണ് പല സ്‌കൂളുകളിലും. ഒരുമിച്ചിരുന്നാല്‍ കണ്ണ് തുറിക്കുന്ന ടീച്ചര്‍മാര്‍ നമുക്കിന്നും സ്‌കൂളുകളില്‍ ഉണ്ട്. ഒരു ചെറിയ കാറ്റ് വീശിയാല്‍, ഒന്ന് വേഗത്തില്‍ ഓടിയാല്‍, ഒരല്പം ഉയരത്തിലേക്ക് കാലെടുത്ത് വച്ചാല്‍ പൊങ്ങിപ്പോകുന്ന പാവാടകളുടെ ‘സ്വാതന്ത്ര്യത്തിലേക്ക്’ നമ്മുടെ പെണ്‍കുട്ടികളെ പറഞ്ഞയയ്ക്കാന്‍ നമ്മള്‍ക്കുള്ള മനോഭാവം തന്നെയാണ് ശരീരത്തെക്കുറിച്ചുള്ള ആകുലതകളിലേക്ക് അവരെ തള്ളിവിടാന്‍ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നതും. എത്ര കുഞ്ഞുങ്ങള്‍ക്കുണ്ട് നമ്മുടെ സ്‌കൂളുകളില്‍ പാന്റ്‌സ് ധരിക്കാനുള്ള അനുമതി? ഹയര്‍സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന കുട്ടികളോട് പോലും പാവടയിട്ടേ സ്‌കൂളുകളില്‍ വരാന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന മാനേജ്‌മെന്റ് ഉള്ള സ്‌കൂളുകളെപ്പറ്റി കേട്ടിട്ടുണ്ട്.

 

വസ്ത്രങ്ങളുടെ അഴിക്കുള്ളില്‍പ്പെടുത്തി അവരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും പോലും നമ്മള്‍ വിലങ്ങുതടികളാകുന്നു. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശം ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന കാലം വരുമോ? സംശയമാണ്…

 

വിദ്യാഭ്യാസം ആരംഭിക്കുന്നത് മുതല്‍ ആരംഭിക്കുന്ന ഇത്തരം ലിംഗ അസമത്വങ്ങള്‍ തന്നെയാണ് ക്ഷയിച്ചു തീരുന്ന തിരിച്ചറിവുകളുടെ പ്രധാന കാരണം.

യു.പി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു സുരേന്ദ്രന്‍ മാഷ് ഉണ്ടായിരുന്നു. തുല്യ നീതി എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം വെറും തമാശയാണെന്ന ഭാവമായിരുന്നു അന്നേ സാറിനെന്നു പിന്നീട് ഇതിനെപ്പറ്റിയൊക്കെ ചില്ലറ ബോധം ഉണ്ടായ കാലത്ത് ആലോചിച്ചപ്പോള്‍ മനസ്സിലായ കാര്യമാണ്. തുല്യ നീതി ഇല്ലെന്ന് മാത്രമല്ല തുല്യ ശിക്ഷയും അന്ന് ഇല്ലായിരുന്നു. ഞങ്ങള്‍ ആണ്‍കുട്ടികളെ കയ്യില്‍ അടിച്ചിരുന്ന സുരേന്ദ്രന്‍ മാഷ് പെണ്‍കുട്ടികളെ പാവാട പൊക്കി തുടയിലാണ് അടിച്ചിരുന്നത്. അങ്ങനെ എന്റെ ക്ലാസില്‍ പഠിച്ച ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും തുടകള്‍ ഞങ്ങള്‍ ആണ്‍കുട്ടികളുടെ മുന്‍പില്‍ അനാവൃതമായിട്ടുണ്ട്. (കണ്ടല്ലോ എന്ന് ആലോചിച്ച് നിര്‍വൃതി കൊള്ളാനുള്ള മാനസികാവസ്ഥയിലേക്ക് അന്ന് ശരീരം എത്തിയിട്ടില്ല). പക്ഷേ ശാരീരികമായി അങ്ങനെ ആയില്ലെങ്കിലും സിനിമ കഥകളും നാട്ടിലെ പ്രമാണിമാരുടെ വാക്കുകളിലൂടെയും സെക്‌സ് മനസ്സില്‍ പതിഞ്ഞിരുന്നു. അതുകൊണ്ട് പെണ്ണിന്റെ ശരീരം ഇങ്ങനെ കാണുമ്പോള്‍ അത് പറഞ്ഞ് കളിയാക്കി സംതൃപ്തി അണയാനുള്ള ശ്രമം അന്നുണ്ടായിരുന്നു. അന്ന് പക്ഷേ ആലോചിച്ചിരുന്നു പെണ്‍കുട്ടികളുടെ പാവാട സാറിന് പൊക്കാമെങ്കില്‍ എന്തുകൊണ്ട് ആണ്‍കുട്ടികളുടെ പാന്റ് അഴിച്ച് അടിക്കാന്‍ പറ്റില്ല എന്ന്. അന്ന് അതിന്റെ സാധ്യത മാത്രമേ ആലോചിച്ചിരുന്നുള്ളൂ.

നമ്മുടെ അധ്യാപകര്‍ കുട്ടികളെ ശകാരിക്കുമ്പോള്‍പ്പോലും ലിംഗ പരമായ വ്യതിയാനവും അതിന്റെ അലിഖിതമായ നിയമങ്ങളും പാലിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ആലോചിക്കുമ്പോള്‍ അതിശയം തോന്നുന്നു. ഈ രീതികള്‍ ഇനിയെങ്കിലും മാറിയെ പറ്റൂ. ജിഷയും സൗമ്യയും ഉണ്ടാകുന്നതിന് സാമൂഹികമായ കാരണങ്ങള്‍ വേറെയും ഉണ്ടാകാം. പക്ഷേ പെണ്ണിനെ രണ്ടാമത് പരിഗണിക്കേണ്ട വിഭാഗമായും മാറ്റിത്തീര്‍ക്കുന്നതിലും സെക്‌സ് ഒബ്ജക്റ്റ് ആയി കാണുന്നതിലും നമ്മുടെ വിദ്യാലയങ്ങള്‍ കൂടി കാരണമായിത്തീരുന്നുണ്ട്. പാവാട പൊക്കി അടി വാങ്ങേണ്ടി വന്നവള്‍ പിന്നീട് ജീവിതത്തിലും ഒന്നും മിണ്ടാതെ അടികള്‍ വാങ്ങി കൂട്ടേണ്ടി വരുന്നതിനും നമ്മുടെ വിദ്യാലയങ്ങള്‍ കൂടിയാണ് ഉത്തരവാദികള്‍.

പ്രൈമറി വിദ്യാഭ്യാസ കാലം കഴിയുമ്പോള്‍ ശാരീരികമായ മാറ്റങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്ന പ്രായമാണ്. അപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൃത്യമായ കൌണ്‍സിലിംഗ് നമ്മുടെ വിദ്യാലങ്ങള്‍ വഴി എത്തുന്നുണ്ട്. പക്ഷേ ഭിന്നലിംഗത്തില്‍പ്പെട്ട കുട്ടികളെയും അവരുടെ മാനസിക, ശാരീരിക അവസ്ഥകളെയും അഭിമുഖീകരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഇനിയും നമ്മുടെ അധ്യാപകര്‍ പോലും പ്രാപ്തരായിട്ടില്ല.

‘നീയൊരു ആണ്‍കുട്ടിയല്ലേ. ആണ്‍കുട്ടികളെപ്പോലെ പെരുമാറ് ചെക്കാ നീ’, എന്നും ‘അയ്യേ നീയെന്താ ഇങ്ങനെ പെണ്ണുങ്ങളെപ്പോലെ പെരുമാറുന്നേ’ തുടങ്ങിയ ഡയലോഗുകള്‍ ഇന്നും നമ്മുടെ ക്ലാസ് മുറികളില്‍ അധ്യാപകര്‍ പറയാറുണ്ട്. ഇങ്ങനെയുള്ള അധ്യാപകര്‍ എങ്ങനെ ഭിന്നലിംഗക്കാരുടെ ഐഡന്റിറ്റി ക്രൈസിസിനെ അഭിസംബോധന ചെയ്യും?

 

അതേ, നമ്മളിനിയും വളരേണ്ടിയിരിക്കുന്നു. പൂട്ടിയ സ്‌കൂളുകള്‍ തുറന്നാല്‍ മാത്രം പോര തുറന്നിരിക്കുന്ന സ്‌കൂളുകള്‍ ഇത്തരം സ്വതന്ത്ര ചിന്തകളിലേക്ക് ഒന്നുകൂടി വാതിലുകളും ജനലുകളും തുറന്നിടണം. നമുക്കെങ്കിലും പറയാന്‍ സാധിക്കണം നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത് മനുഷ്യരായിട്ടാണ്; ആണും പെണ്ണും ഭിന്നലിംഗവും ആയിട്ടല്ല എന്ന്.

നമ്മുടെ സ്‌കൂളുകള്‍ ഇങ്ങനെ കൊട്ടിയടക്കപ്പെട്ട ആശയങ്ങളുടെ തടവറകള്‍ ആകാതിരിക്കട്ടെ. അതാണ് ഭാവി തലമുറയ്ക്കായി നമുക്ക് മുതല്‍ക്കൂട്ടാന്‍ പറ്റുന്ന സുപ്രധാന കാര്യം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positio

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍