UPDATES

നമ്മുടെ കുട്ടികളും വിദ്യാഭ്യാസമേഖലയും അപകടത്തിലാണ്-എന്‍ പ്രഭാകരന്‍ എഴുതുന്നു

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍ പ്രഭാകരന്റെ ‘കളിയെഴുത്ത്’ എന്ന കഥയ്ക്കെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ നിശിതമായി പരിഹസിക്കുന്നതാണ് കഥ. ‘ക്രീഡാങ്കണം’ എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന അധ്യാപക പരിശീലനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍ പ്രഭാകരന്റെ ‘കളിയെഴുത്ത്’ എന്ന കഥയ്ക്കെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ നിശിതമായി പരിഹസിക്കുന്നതാണ് കഥ. ‘ക്രീഡാങ്കണം’ എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന അധ്യാപക പരിശീലനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് കഥയെന്നാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ എന്‍ പ്രഭാകരന്‍ അഴിമുഖത്തില്‍എഴുതിയ ‘ഇനിയെങ്കിലും മനസിലാക്കുക, നമ്മുടെ കുട്ടികളും വിദ്യാഭ്യാസമേഖലയും അപകടത്തിലാണ്’ എന്ന ലേഖനം പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.

കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി കേരളത്തിലെ വിദ്യാഭ്യാസരംഗം അടിസ്ഥാനപരമായ പല മാറ്റങ്ങളിലൂടെയും കടന്നുപോയ്‌ക്കൊണ്ടിരിക്കയാണ്. വിദ്യാഭ്യാസം മറ്റെല്ലാ ജീവിതമേഖലകളെയും പോലെ മാറിക്കൊണ്ടേയിരിക്കേണ്ടുന്ന ഒന്നു തന്നെയാണ്. നൂറ് വർഷം മുമ്പ് നിലവിൽ വന്ന പാഠ്യപദ്ധതിയും അധ്യാപന രീതിയും ഏതെങ്കിലുമൊരു രാജ്യത്ത് ഇപ്പോഴും മാറ്റമില്ലാതെ നിലനിൽക്കുന്നുവെങ്കിൽ ആ ജനതയുടെ ജീവിതം ഈ കാലയളവിൽ ഒരർത്ഥത്തിലും മുന്നോട്ട് പോയിട്ടില്ലെന്നും അവരുടെ മാനസിക ജീവിതം പരിതാപകരമാം വിധം താഴ്ന്ന നിലവാരത്തിലാണെന്നും ഉറപ്പിക്കാം. വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കത്തിലും നടത്തിപ്പിലും കാതലായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. അക്കാര്യത്തിൽ യാതൊരു സംശവും ഇല്ല. പക്ഷേ, മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കും വിധം തന്നെയാണോ? മാറ്റങ്ങളുടെ ഉള്ളടക്കം വിദ്യാഭ്യാസവിദഗ്ധരും അധ്യാപകരും സ്വതന്ത്രമായി നിശ്ചയിക്കുന്നത് തന്നെയാണോ? അവർ ഏതെങ്കിലും തരത്തിൽ കബളിപ്പിക്കപ്പെടുന്നുണ്ടോ? രാജ്യത്തിന് പുറത്തുള്ള അധികാരകേന്ദ്രങ്ങളുടെ സമ്മർദ്ദത്തിന് വിധേയരാകുന്നുണ്ടോ? വിപണിയുടെ അധികാരികൾ ഭാവി തലമുറയെ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പാകപ്പെടുത്തിയെടുക്കുന്നതിനുള്ള തന്ത്രങ്ങൾ മെനഞ്ഞെടുത്ത് അവരുടെ മേൽ കെട്ടിവെക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള സംശയങ്ങളെ അപ്പാടെ മാറ്റിവെച്ച് വിദ്യാഭ്യാസപരിഷ്‌കരണത്തിനുള്ള നയങ്ങളിലേക്കും നടപടികളിലേക്കും നീങ്ങുന്നത് തികച്ചും അപകടകരമാണ്. കേരളം കൈക്കൊണ്ട, അല്ലെങ്കിൽ ഭരണാധികാരികൾ നമ്മുടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മേൽ അടിച്ചേൽപിച്ച പരിഷ്‌കാരങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ പറ്റി ഗൗരവമുള്ള പല സംശയങ്ങളും ബാക്കി നിൽക്കുന്നുണ്ട്. അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ശ്രമിക്കരുത്; അവരുടെ സഹായികളായി ഇരുന്നാൽ മതി, ജ്ഞാനം അധ്യാപകൻ / അധ്യാപിക വഴി വിദ്യാർത്ഥിയിലേക്ക് പകരപ്പെടുകയല്ല വേണ്ടത് വിദ്യാർത്ഥി നിർമിച്ചെടുക്കേണ്ട ഒന്നാണത്, കഥയും കവിതയും പഠിപ്പിക്കുമ്പോൾ ഓരോ രചനയും ഏതേത് പ്രശ്‌നമേഖലയുമായി ബന്ധപ്പെടുന്നതാണ് എന്നതിൽ ഊന്നിക്കൊണ്ടു വേണം പഠിപ്പിക്കാൻ, എഴുതപ്പെട്ട ചരിത്രം പഠിപ്പിക്കുന്നതിന് പകരം വിദ്യാർത്ഥികളെ പ്രാദേശിക ചരിത്രം നിർമിക്കാൻ പ്രേരിപ്പിക്കണം, അക്ഷരമാല പഠിച്ച് വാക്കുകളിലേക്കും വാക്യങ്ങളിലേക്കുമൊക്കെ എത്തുന്നതിന് പകരം ചിത്രങ്ങളുടെ സഹായത്തോടെ നേരിട്ട് ഭാഷയിലേക്ക് വരട്ടെ, വ്യാകരണം പഠിപ്പിക്കേണ്ടതില്ല, അക്ഷരത്തെറ്റുകൾ തിരുത്തേണ്ടതില്ല, ഗുണനപ്പട്ടിക മാത്രമല്ല ഗണിതത്തിലെ പ്രാഥമിക ക്രിയകൾ പോലും പഠിപ്പിക്കേണ്ടതില്ല, പരീക്ഷകളിൽ ഒബ്ജക്റ്റീവ് ടൈപ്പ് അല്ലാതുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ എഴുതുന്ന ഉത്തരങ്ങൾ എത്ര അപൂർണമായാലും അത് ശരിയുത്തരത്തെ ഏതെങ്കിലും അളവിൽ സ്പർശിക്കുന്നുണ്ടെങ്കിൽ അതിന് മുഴുവൻ മാർക്കും കൊടുക്കാവുന്നതാണ്. എന്നിങ്ങനെ വിദ്യാഭ്യാസരംഗത്ത് നയരൂപീകരണത്തിനുള്ള അധികാരം കയ്യാളിയിരുന്നവർ നമ്മുടെ അധ്യാപക സമൂഹത്തെയും രക്ഷിതാക്കളെയും കഴിഞ്ഞ രണ്ട് മൂന്ന് ദശകക്കാലമായി ബോധ്യപ്പെടുത്തി വരുന്ന സംഗതികൾ പലതും അമ്പരപ്പുളവാക്കുന്നതാണ്. അവർ പ്രചരിപ്പിച്ച ആശയങ്ങളിൽ അങ്ങിങ്ങായി ശരിയുടെ ചില പൊട്ടുംപൊടിയും കണ്ടേക്കാം. പക്ഷേ, എല്ലാം കഴിഞ്ഞപ്പോൾ കേരളത്തിന്‍റെ വിദ്യാഭ്യാസ നിലവാരം എവിടെ എത്തിനിൽക്കുന്നുവെന്നതിനെ കുറിച്ച് സർക്കാർ തന്നെ നിയമിച്ച അന്വേഷണ ഏജൻസികൾക്കു പോലും വളരെ അസുഖകരമായ വസ്തുതകളേ പുറത്തുകൊണ്ടു വരാൻ കഴിയുന്നുള്ളൂ എന്ന വാസ്തവത്തിൽ നിന്ന് ആർക്കും ഓടിരക്ഷപ്പെടാനാവില്ല.

വിദ്യാഭ്യാസത്തിന് സംഭവിച്ച നിലവാരത്തകർച്ചയെ കുറിച്ച് വളരെ പ്രാഥമിക തലത്തിലുള്ള വസ്തുതകൾ ചൂണ്ടിക്കാണിച്ച് സംസാരിക്കുന്നവരോടുപോലും തട്ടിക്കയറുകയും അവരോട് പൗലോഫ്രെയറുടെയും വൈഗോട്‌സ്‌കിയുടെയും മറ്റും വിദ്യാഭ്യാസ സിദ്ധാന്തങ്ങളെ കുറിച്ച് ഗഹനജ്ഞാനം ഭാവിച്ച് സംസാരിക്കുകയും ചെയ്യുന്നവർ തൊട്ട് വിദ്യാർത്ഥിയെ തല്ലുന്ന അധ്യാപകൻ ഇക്കാലത്തും വേണമെന്നാണോ നിങ്ങൾ പറയുന്നത്? പഴയ വിദ്യാർത്ഥികൾക്ക് മൊബൈൽ ഉപയോഗിക്കാൻ അറിയാമായിരുന്നോ? പഴയ കാലത്ത് സ്‌കൂളുകളിൽ മൂത്രപ്പുരകളുണ്ടായിരുന്നോ? നല്ല ബ്ലാക്‌ബോർഡുണ്ടായിരുന്നോ? സ്‌കൂളുകളിൽ പണ്ട് പച്ചക്കറി കൃഷി ഉണ്ടായിരുന്നോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ച് ശ്വാസംമുട്ടിച്ചതായി കരുതി സംതൃപ്തരായിത്തീരുന്നവർ വരെ പല തരക്കാരെ പുത്തൻ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ അനുകൂലികളിൽ കണ്ടെത്താൻ കഴിയും.

ഓം പ്രകാശ് വാത്മീകിയുടെ ‘എച്ചിൽ’ എന്ന ആത്മകഥയിൽ വിവരിച്ചിരിക്കുന്ന ഗണത്തിലുള്ള, വിദ്യാർത്ഥികളെ അവരുടെ ജാതിയുടെ അടിസ്ഥാനത്തിൽ അതികഠിനമായി പീഡിപ്പിച്ചിരുന്ന അധ്യാപകരും ജാതിയെ അടിസ്ഥാനമാക്കിയല്ലാതെ തന്നെ പാവപ്പെട്ടവരുടെ മക്കളുടെ മേൽ ആരോടൊക്കെയോ ഉള്ള ഈർഷ്യ തീർത്തിരുന്ന അധ്യാപകരും ഒരു കാലത്ത് കേരളത്തിൽ വളരെയേറെ പേർ ഉണ്ടായിരുന്നു. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വഴി വിദ്യാഭ്യാസത്തിനുള്ള അവകാശം ജാതി, മത, വംശഭേദമന്യേ എല്ലാ വിഭാഗം കുട്ടികൾക്കും ഉള്ളതാണെന്ന ബോധം അങ്ങിങ്ങായി രൂപപ്പെടുകയും പിന്നീട് ദേശീയ പ്രസ്ഥാനത്തിന്‍റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയുമൊക്കെ ഭാഗമായിത്തീർന്ന അധ്യാപകരിലൂടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യത്തെയും നടത്തിപ്പിനെയും കുറിച്ചുള്ള പല നൂതനാനാശയങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തതിൽപ്പിന്നെയാണ് അധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ കാതലായ മാറ്റം വന്നുതുടങ്ങിയത്. കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഗണ്യമായ അളവിൽ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോൾ സംസ്ഥാനത്ത് ചുരുക്കം ചില സ്ഥലങ്ങളിലെ ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രമേ ജാതി പരിഗണിച്ചുള്ള വിവേചനം, അത് തന്നെയും മിക്കവാറും പരോക്ഷമായ രീതിയിൽ നടക്കുന്നുള്ളൂ. കാലം മാറിയതിനെ കുറിച്ച് യാതൊരു വെളിവുമില്ലാതെ ജീവിക്കുന്ന പരമവിഡ്ഡികളായ ഏതാനും ചില പ്രമാണിമാരുണ്ട്. അവരെക്കൊണ്ട് വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടി വരുന്ന നീതികേടുകളും പ്രയാസങ്ങളും ചില്ലറയല്ല. പക്ഷേ, കേരളത്തിലെ മഹാഭൂരിപക്ഷം അധ്യാപകരും ഈ മൂഢപ്രമാണിമാരുടെ മനോഭാവത്തിന്‍റെ ചെറിയൊരംശം പോലും പങ്കുവെക്കുന്നവരല്ല. ഈ സ്ഥിതി ഉണ്ടാക്കിയത് ഡി പി ഇ പിയോ പ്രശ്‌നാധിഷ്ഠിത പഠന പരിപാടിയോ ജ്ഞാനനിർമാണ സങ്കല്പത്തിന്‍റെ ക്ലാസ്മുറിയിലെ പ്രയോഗമോ ഒന്നുമല്ല. കേരളീയ നവോത്ഥാനത്തിന്‍റെ ആശയലോകവും അനുഭവങ്ങളും ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളും പിൽക്കാലത്തെ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളുടെ ഇടപെടലുകളും വഴി വിദ്യാഭ്യാസത്തിന്‍റെ വിശാല ലക്ഷ്യങ്ങളെപ്പറ്റി ഉന്നതമായ ചില ധാരണകളിലേക്ക് കേരള സമൂഹം നേരത്തേ തന്നെ എത്തിച്ചേർന്നിരുന്നു. അതിന്‍റെ ഓർമകളിൽ പലതും സമൂഹമനസ്സിന്‍റെ ചില കോണുകളിൽ ഇപ്പോഴും സജീവമായി നില നിൽക്കുന്നുണ്ട്. പക്ഷേ, പാഠ്യപദ്ധതിയിലും അധ്യാപനരീതിയിലും ഉണ്ടാവേണ്ടുന്ന മാറ്റങ്ങളെപ്പറ്റി കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇവിടെ പ്രചരിപ്പിക്കപ്പെട്ട ആശയങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മേൽ അടിച്ചേൽപിക്കപ്പെട്ട പ്രവൃത്തികളും പോയ കാലത്തിന്‍റെ നേട്ടങ്ങളെ മുഴുവൻ നിർവീര്യമാക്കും വിധമുള്ളതാണ്. വിദ്യാഭ്യാസം ഓരോ വിദ്യാർത്ഥിയുടെയും അനേകതരത്തിലുള്ള സർഗവൈഭവത്തെയും മറ്റ് കഴിവുകളെയും ഉണർത്തുകയും അവയെ ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റെ നിർമിതിക്ക് പ്രയോജനപ്പെടും വിധം പാകപ്പെടുത്തുകയും ചെയ്യണമെന്നും സമൂഹത്തിന്‍റെ ആന്തരിക വളർച്ചയ്ക്ക് ഉതകുന്ന നവീനാശയങ്ങളുടെ ഉൽപാദനം നടക്കുന്ന ഏറ്റവും ജീവത്തായ ഒരു മേഖലയായി വിദ്യാഭ്യാസത്തെ വളർത്തിക്കൊണ്ടേയിരിക്കണമെന്നുമുള്ള ആശയങ്ങൾ ബഹുഭൂരിപക്ഷം അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും ഏതാണ്ട് മറന്നു തുടങ്ങുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞു.

ബൃഹദാഖ്യാനങ്ങളുടെ മരണം, ചരിത്രത്തിന്‍റെ മരണം, ഗ്രന്ഥകാരന്‍റെ മരണം എന്നിങ്ങനെയുള്ള അനേകം മരണവിളംബരങ്ങൾ ആധുനികോത്തര കാലത്ത് ഉണ്ടായിട്ടുണ്ട്. സാമൂഹ്യാനുഭവം ഏതായാലും അതിന് നിശ്ചിതമായ ഒർത്ഥവും ഉണ്ടാകരുത് എന്ന വാശിയാണ് ആ വിളംബരങ്ങൾക്ക് പിന്നിലുള്ളത്. ചരിത്ര വസ്തുത എന്ന ഒന്നില്ല, ചരിത്രത്തിൽ വ്യാഖ്യാനങ്ങളേ ഉള്ളൂ, ഒരു വാക്കിനും പൂർവിനിശ്ചിതമായ ഒരർത്ഥവും ഇല്ല, വായനയിൽ അപ്പപ്പോൾ ഉരുത്തിരിയുന്ന അർത്ഥങ്ങളേ ഉള്ളൂ, ഗ്രന്ഥകാരൻ / ഗ്രന്ഥകാരി എന്ന ഒരാളില്ല, വായിക്കുന്നയാളാണ് കൃതിക്ക് അർത്ഥമുണ്ടാക്കുന്നത് അതിനാൽ അയാൾ/അവൾ ആണ് ഗ്രന്ഥകാരൻ/ഗ്രന്ഥകാരി എന്നൊക്കെയുള്ള ആശയങ്ങളെല്ലാം ചെന്നെത്തുന്നത് ഒരു സമൂഹത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയാവസ്ഥകളുടെ വിശകലനത്തിന് വിശ്വാസപൂർവം ഉപയോഗിക്കാവുന്ന സാമഗ്രികളൊന്നും ഇല്ല, ഒരവസ്ഥയുടെ സാമ്പത്തികവും സാമൂഹ്യവുമായ അടിസ്ഥാനങ്ങൾ കണ്ടെത്താനുള്ള ഉറപ്പേറിയ കരുക്കൾ അസാധ്യമാണ്, അങ്ങനെ കണ്ടെത്തേണ്ടുന്ന അടിസ്ഥാനങ്ങളെ കുറിച്ചുള്ള ആലോചനകൾ പോലും അനാവശ്യമായിക്കഴിഞ്ഞു, സൂചകത്തിന്നടിയിൽ സൂചിതം നിരന്തരം വഴുതി മാറുന്നതു പോലെ ഏതിനെ സംബന്ധിച്ചുള്ള ഏത് കണ്ടെത്തലും അടുത്ത നിമിഷത്തിൽ അപ്രസക്തമാവും എന്നൊക്കെയുള്ള നിലപാടുകളിലാണ്. ഒന്നിനെ കുറിച്ചും ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമില്ല, ഒന്നും നാളേക്കു വേണ്ടി പഠിച്ചു വെക്കേണ്ടതില്ല. വർത്തമാനം മാത്രമാണ് യഥാർത്ഥം, ഭൂതകാലം കഴിഞ്ഞുപോയതാണ് അതെ കുറിച്ച് സംശയാതീതവും ആധികാരികവുമായ ഒരറിവും നമുക്ക് സ്വരൂപിക്കാനാവില്ല, ഭാവിയാണെങ്കിൽ തികച്ചും അനിശ്ചിതമാണ്, സ്ഥിരമായ തൊഴിൽ എന്ന സങ്കൽപം ഉപേക്ഷിക്കേണ്ട കാലമായി, ഹയർ ആന്റ് ഫയർ എന്ന നിലപാട് മുതലാളിമാർ സ്വീകരിക്കുന്നത് തികച്ചും ന്യായയുക്തമാണ്, ഒരുൽപന്നത്തിനും സ്ഥിരമായി ആവശ്യക്കാരുണ്ടാവില്ല, ഒരഭിരുചിയും സ്ഥിരമായി നിലനിൽക്കുകയില്ല, അതിന്‍റെ ആവശ്യവുമില്ല എന്നൊക്കെയുള്ള ആശയങ്ങൾ പല വാക്കുകളിൽ ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നവ മുതലാളിത്തത്തിന്‍റെ ഈ വക യുക്തികളുമായി ഇണങ്ങിപ്പോവുന്നതാണ് വിദ്യാഭ്യാസത്തെ കുറിച്ച് നമ്മുടെ നാട്ടിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇപ്പോൾ പ്രചരിപ്പിക്കപ്പെട്ടു വരുന്ന ആശയങ്ങൾ. എണ്ണമറ്റ തലമുറകളുടെ അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും രൂപപ്പെട്ട അറിവുകൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകേണ്ടതില്ല; അവർ സ്വന്തമായി അറിവ് ഉൽപാദിപ്പിക്കട്ടെ, അവരുടെ എഴുത്തിലെ ശരിതെറ്റുകൾ ആരും ചൂണ്ടിക്കാണിക്കേണ്ടതില്ല, അവർക്കു തിരുത്തണമെന്ന് തോന്നുന്ന തെറ്റുകൾ അവർ തിരുത്തട്ടെ, മാനക ഭാഷയ്ക്കു പകരം ഓരോ പ്രദേശത്തെയും ഭാഷാഭേദങ്ങളിൽ കുട്ടികൾ ഉത്തരമെഴുതട്ടെ. ലിപിയില്ലാത്തതാതായലും വളരെ കുറച്ച് ആളുകൾ സംസാരിക്കുന്നതും പുതിയ തലമുറ മിക്കവാറും ഉപേക്ഷിച്ചതുമായാൽ തന്നെയും ഏത് ഭാഷയും അധ്യയന മാധ്യമമാവാൻ യോഗ്യമാണ്. ഒരേ പ്രദേശത്തു തന്നെയുള്ള പലരും പല ഭാഷകളിൽ പഠിക്കട്ടെ, ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ളതിൽ കവിഞ്ഞുള്ള ഗണിതബോധം ഭൂരിപക്ഷത്തിനും ആവശ്യമില്ല. ഗണിതം ഉൾപ്പെടെ ഏത് വിഷയത്തിന്‍റെയും പഠനം കളികളിലൂടെ ആവട്ടെ എന്നെല്ലാം പറയുന്നതിനെ ആദ്യം പറഞ്ഞ ആശയങ്ങളുമായി ചേർത്തുവെച്ചാൽ അവ തമ്മിലുള്ള അടുപ്പം എത്രയധികമാണെന്ന് ആർക്കും ബോധ്യപ്പെടും.

പഠനത്തിലെ ചിട്ടയും അച്ചടക്കവും ഒഴിവാക്കുക, പഠനപ്രക്രിയെ ബഹുമുഖമാക്കുക, പ്രക്രിയാബദ്ധിതവും പ്രവർത്ത്യുന്മുഖവുമാക്കുക എന്നീ ആശയങ്ങളെല്ലാം അറിവ് ഉപരിപ്ലവവും താൽക്കാലികവുമായിരിക്കണം എന്ന നിലപാടിൽ നിന്ന് ഉണ്ടാവുന്നതാണ്. ഈ നിലപാടാവട്ടെ വിപണിസൗഹൃദം പുലർത്തന്നതും അതിനാൽ തികച്ചും മുതലാളിത്താനുകൂലവുമാണ്. അങ്ങനെ ആയാൽത്തന്നെ എന്ത്? എന്ന് ചോദിക്കുന്ന ഒരു തലമുറയെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിലൂടെ ജനതയെ അരാഷ്ട്രീയരാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഉറച്ച ഒരു ചുവട് വെക്കാൻ പുത്തൻ വിദ്യാഭ്യാസ പദ്ധതിക്ക് കഴിഞ്ഞിരിക്കുന്നു. അതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്ക് തങ്ങൾ ലക്ഷ്യം വെച്ചത് നേടിയെടുക്കാൻ കഴിഞ്ഞു എന്ന് തീർച്ചയായും അഭിമാനിക്കാം. പൂർണമായും അരാഷ്ട്രീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞ എല്ലാവരുടെയും പിന്തുണ അവർക്ക് ഉറപ്പാക്കുകയും ചെയ്യാം.

വിദ്യാഭ്യാസത്തെ ‘ഹൈടെക്കാ’ക്കുന്നതിന് ആരും എതിർനിൽക്കുമെന്ന് കരുതാനാവില്ല. ടെക്‌നോളജി നൽകുന്ന എല്ലാ സൗകര്യങ്ങളും നമ്മുടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത് നല്ല കാര്യമാണ്. പഠനാന്തരീക്ഷം ആ വിധത്തിൽ മാറുന്നത് സ്വാഭാവികമാണ്. പക്ഷേ, മുഴുവൻ വിദ്യാർത്ഥികളും ലാപ്‌ടോപ് ഉപയോഗിക്കാൻ പഠിക്കുന്നതും എല്ലാവരുടെ കയ്യിലും മൊബൈൽഫോൺ ഉണ്ടാവുന്നതുമൊന്നും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം വർധിപ്പിക്കുകയില്ല. ഇന്റർനെറ്റ് വിവരശേഖരണം അനായാസമാക്കുമെന്നു പറയുന്നതിൽ യാതൊരു പിഴവുമില്ല. പക്ഷേ, നെറ്റ് വഴിയുള്ള വിവരശേഖരണം വിദ്യാർത്ഥിയുടെ ബോധനിലവാരത്തെ സമൂലം പരിഷ്‌കരിക്കുമെന്നോ ജ്ഞാനോൽപാദനം കൂടുതൽ അർത്ഥവത്തായ രീതിയിൽ നടക്കുമെന്നോ ഉറപ്പിച്ചു പറയാനാവില്ല. അതിനുള്ള തെളിവുകളൊന്നും നമ്മുടെ കയ്യിലിലില്ല. പൂഴിയിൽ വിരൽ കൊണ്ട് എഴുതിപ്പഠിക്കുന്നതിനു പകരം സ്ലേറ്റിൽ പെൻസിൽ കൊണ്ടെഴുതിപ്പഠിക്കുമ്പോൾ, ആ കാലവും കഴിഞ്ഞ് നേരിട്ട് കംപ്യൂട്ടർ സ്‌ക്രീനിൽ ടൈപ് ചെയ്ത് പഠിക്കുമ്പോൾ പഠനത്തിന്‍റെ അധ്വാനഭാരത്തിൽ കുറവ് വരുന്നുണ്ട്. അത്രയും നല്ലത് തന്നെ. പക്ഷേ, എന്താണ് അറിവ്? അത് എന്തിനൊക്കെ ഉപയോഗിക്കാം? അറിവിലൂടെ കൈവരേണ്ടുന്ന മാനസിക വികാസത്തിന്‍റെ സ്വഭാവമെന്താണ്? അറിവ് നൽകുന്ന ആനന്ദമെന്താണ്? എന്നീ വക കാര്യങ്ങളെ കുറിച്ചുള്ള അറിവാണ് അറിവിനെ അറിവാക്കിത്തീർക്കുന്നത്. അത്തരം അറിവിന്‍റെ ആവശ്യം ഇനിയുള്ള കാലത്ത് ഇല്ല. വിപണിയിൽ വിജയകരമാം വിധം പ്രവർത്തിക്കാൻ ഒരാളെ പ്രാപ്തനാക്കുന്ന അളവിലും തരത്തിലുമുള്ള വിദ്യാഭ്യാസമേ ഇനി ആവശ്യമുള്ളൂ എന്ന് പറയുന്നവർക്ക് തീർച്ചയായും അങ്ങനെ പറയാനുള്ള അവകാശമുണ്ട്. പക്ഷേ, തങ്ങൾക്ക് പറയാനുള്ളത് അവർ നേർക്കുനേരെ പറയണം. വളച്ചുകെട്ടി പറയലും മറ്റൊന്ന് ഭാവിച്ചു പറയലും കബളിപ്പിക്കലല്ലാതെ മറ്റൊന്നുമല്ല.

വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം ഒരാളുടെ വ്യക്തിത്വത്തിന്‍റെ സമഗ്രമായ വികസനമായിരിക്കണം, വിദ്യാഭ്യാസത്തിന്‍റെ ആരംഭഘട്ടത്തിൽ ആ പ്രവൃത്തിയിൽ താൽപര്യം വളരുന്നതിന് സഹായകമാവുന്ന കളിയും ചിരിയും ആകാമെന്നതൊഴിച്ചാൽ അറിവ് നേടൽ കളിതമാശയാണ് എന്ന തെറ്റിദ്ധാരണ വളർത്തുന്ന യാതൊന്നും അധ്യാപനത്തിന്‍റെയും പഠനത്തിന്‍റെയും ഭാഗമായി ഉണ്ടാവരുത്. അറിവിനെ ഓർമയുടെ ഭാഗമാക്കി മാറ്റുന്നതിനായി പലതും മന:പാഠം പഠിക്കുന്നത് തുടരണം, ഒരു വിഷയത്തെ കുറിച്ച് പ്രാഥമികമായ അറിവ് നേടാതെ ഇന്റർനെറ്റ് പോലുള്ള സൗകര്യങ്ങൾ ആർക്കും ഫലപ്രദമായി ഉപയോഗിക്കാനാവില്ല, മുൻതലമുറകൾ സ്വരൂപിച്ച അറിവ് പുതിയ തലമുറയ്ക്ക് പകർന്നേകുക എന്നത് വിദ്യാഭ്യാസത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമാണ്, ജ്ഞാനനിർമാണം ശൂന്യതയിൽ നടക്കേണ്ടതോ നടക്കുന്നതോ ആയ ഒന്നല്ല. അധ്യാപകരുടെ നിർദ്ദേശങ്ങളും സഹായവും പ്രൈമറി തലം മുതൽ ഹയർസെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസത്തിൽ പരമപ്രധാനമാണ്. തുടർന്നും അധ്യാപകന്‍റെ റോൾ വളരെ പ്രധാനപ്പെട്ടതാണ് എന്നൊക്കെയുള്ള നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരുടെ അഖിലേന്ത്യാ തലത്തിലുള്ള കൂട്ടായ്മയാണ് ആൾ ഇന്ത്യാ ഫോറം ഫോർ റൈറ്റ് ടു എജുക്കേഷൻ.

വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും വളരെ വിചിത്രവും ബുദ്ധിശൂന്യവുമായ ആശയങ്ങൾ പ്രയോഗിക്കപ്പെടുന്നതുകൊണ്ടും, വിദ്യാർത്ഥികളുടെ ഏറ്റവും ന്യായമായ താൽപര്യങ്ങൾക്ക് വിരുദ്ധമായ പലതും വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നതുകൊണ്ടും, നിക്ഷിപ്ത താൽപര്യക്കാരായ ചിലർ വിദ്യാഭ്യാസത്തിന്‍റെ ഉളളടക്കം നിശ്ചയിക്കുന്നതുകൊണ്ടും, ബ്യൂറോക്രസി വിദ്യാർത്ഥികളുടെ പല അവകാശങ്ങളും ചവിട്ടി മെതിക്കുന്നതു കൊണ്ടും, എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും കാറ്റിൽ പറത്തി തങ്ങൾക്ക് തോന്നും പടി ഫീസ് വാങ്ങുകയും പല കാരണങ്ങൾ പറഞ്ഞ് ഫൈൻ ഈടാക്കുകയും വിദ്യാർത്ഥികളെ തുടരെത്തുടരെ മാനസികമായി പീഡിപ്പിക്കുകയും അൽപമായ ചെറുത്തുനിൽപ്പിന് പോലും ശ്രമിക്കുന്നവരെ മർദ്ദിച്ചൊതുക്കാൻ മാത്രമായി പ്രത്യേകം ‘ഇടിമുറി’ തന്നെ സ്ഥാപിക്കുകയും ചെയ്ത എഞ്ചിനിയറിംഗ് കോളേജുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നതായുള്ള വെളിപ്പെടുത്തലുകൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായതു കൊണ്ടും, വർഗീയവാദികളായ ഭരണാധികാരികൾ ഇന്ത്യൻവിദ്യാഭ്യാസത്തെ സഹസ്രാബ്ദങ്ങൾക്കു തന്നെ പുറകിലേക്ക് വലിച്ചു കൊണ്ടുപോവാൻ ശ്രമിക്കുന്നതുകൊണ്ടും, സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല കേന്ദ്രസർക്കാറിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലുള്ള സർവകാലാശാലകളിൽ പോലും ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള അവകാശനിഷേധങ്ങളും പീഡനങ്ങളും നിലനിൽക്കുന്നതുകൊണ്ടും, രാജ്യത്തെ രാഷ്ട്രീയപ്പാർട്ടികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം സാധ്യമാക്കുന്ന എന്തെങ്കിലും ചെയ്യാൻ പറ്റാത്തതുകൊണ്ടും, വളരെയേറെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കടുത്ത നിരാശയിലാണ്. കൃത്യസമയത്ത് പരീക്ഷ നടത്തുന്നതിലും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിലും വിദ്യാർത്ഥികൾക്ക് അർഹമായ പല ആനുകൂല്യങ്ങളും നൽകുന്നതിലും ഗവേഷണത്തിന് രജിസ്‌ട്രേഷൻ നൽകുന്നതിലും മറ്റു പല കാര്യങ്ങളിലും മാസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ തന്നെ കാലതാമസം വരുത്തുന്ന സർവകലാശാലകൾ ആരിൽ നിന്നും കാര്യമായ യാതൊരു എതിർപ്പും നേരിടാതെ നിലനിന്നു പോരുന്ന ഒരു രാജ്യത്ത് വിദേശ യൂണിവേഴ്‌സിറ്റികളും വിദേശത്ത് വേരുകളുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളും കടന്നുവന്ന് അധികാരം സ്ഥാപിക്കുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത് എന്ന് പറയുന്ന വിദ്യാർത്ഥികളും അധ്യാപകരും ഇന്ന് കേരളത്തിലുണ്ട്. വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി അവരോട് യോജിക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസ മേഖലയെ വ്യാപാരബുദ്ധി മാത്രമുള്ളവരിൽ നിന്നും സ്വതന്ത്രവും സത്യസന്ധവുമായ ആശയ രൂപീകരണത്തിന് തയ്യാറാവാതെ വിദേശ ചിന്തകരുടെ ചില ആശയങ്ങൾ ആലോചനാരഹിതമായി ഉരുവിടുന്നവരിൽ നിന്നും കടുത്ത അന്ധവിശ്വാസികൾ കൂടിയായ യാഥാസ്ഥിതകരിൽ നിന്നും രക്ഷിച്ചെടുക്കാൻ ആവുമെന്നു തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാനും പിഴവുകൾ തുറന്ന് സമ്മതിക്കാനും അർത്ഥരഹിതമായ പരീക്ഷണങ്ങൾക്ക് വിദ്യാർത്ഥികളെ ഇരയാക്കാതിരിക്കാനും ഇന്നാട്ടിലെ മുഴുവൻ അധ്യാപകരും വിദ്യാഭ്യാസവിചക്ഷണരും തയ്യാറാവണം.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ ഒട്ടു വളരെ ആശയങ്ങൾ കേരള സമൂഹത്തിന് മുന്നിലുണ്ട്. കാൽനൂറ്റാണ്ടിലേറെയായി നടപ്പിലാക്കി വരുന്ന പരിഷ്‌കരണങ്ങളുടെ അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. പിടിവാശികളിൽ നിന്ന് ആശാസ്യമായ ഒന്നും ഉണ്ടായി വരില്ല. അധ്യാപകരെ അധ്യാപനത്തിന്‍റെ പുത്തൻ രീതികൾ പരിശീലിപ്പിക്കുന്നതിനുള്ള ക്ലസ്റ്റർ മീറ്റിംഗുകൾക്ക് പഞ്ഞമുണ്ടായിട്ടില്ല, പാഠ്യപദ്ധതി പരിഷ്‌കരണം യഥാസമയം നടക്കാതിരുന്നിട്ടില്ല, വിദ്യാർത്ഥികൾക്ക് പുഴയറിവും മഴയറിവും കൃഷിയറിവും നൽകാതിരുന്നിട്ടില്ല, പല സ്‌കൂളുകളിലും സ്മാർട് ക്ലാസ്‌റൂമുകൾ ഉണ്ടാകാതിരുന്നിട്ടില്ല, കംപ്യൂട്ടർ പഠനം പഠനത്തിന്‍റെ ഭാഗമാക്കാതിരുന്നിട്ടില്ല, കുട്ടികൾ യാതൊരു തടസ്സവുമില്ലാതെ ക്ലാസ്‌കയറ്റം നേടാതിരുന്നിട്ടില്ല. എല്ലാമായിട്ടും പല കാര്യങ്ങളിലും പുതിയ തലമുറ മുൻതലമുറയെ അപേക്ഷിച്ച് വളരെയേറെ പുറകിലായിപ്പോയതിന്‍റെ കാരണമെന്താണ്? ഡിഗ്രി ക്ലാസുകളിൽ പോലും മലയാളത്തിലെയും ഇംഗ്ലീഷിലെയും പല വാക്കുകളും അക്ഷരത്തെറ്റില്ലാതെ എഴുതാനറിയാത്ത ഒരു പാട് വിദ്യാർത്ഥികളുണ്ടെന്ന് അധ്യാപകർ ആരെയൊക്കെയോ തോൽപിക്കാനായി വെറുതെ കളവ് പറയുകയാണെന്ന് അൽപമെങ്കിലും സത്യസന്ധതയുള്ള ആർക്കും പറയാനാവില്ല. അപ്പോൾ പിന്നെ അത്യന്തം അപഹാസ്യമായ ഈ അൽപജ്ഞാനത്തിന്‍റെ കാരണമെന്താണ്? പുതിയ വിദ്യാർത്ഥികളും അടുത്തകാലത്തായി വിദ്യാഭ്യാസം പൂർത്തിയാക്കി കലാശാല വിട്ടിറങ്ങിയ യുവജനങ്ങളും പല സന്ദർഭങ്ങളിലും കടുത്ത ധിക്കാരികളും നിഷേധികളുമായി പെരുമാറുന്നു, രാഷ്ട്രീയസാംസ്‌കാരിക കാര്യങ്ങളിൽ പലരുടെയും പൊതുവിജ്ഞാനം ഞെട്ടലുണ്ടാക്കും വിധം പരിമിതമാണ് എന്നൊക്കെ ആളുകൾ പരാതി പറയുന്നത് എന്തുകൊണ്ടാണ്?

പഴയകാലത്തെ വിദ്യാർത്ഥികളെ അപേക്ഷിച്ച് പുതിയ വിദ്യാർത്ഥികൾക്ക് ഭയവും മടിയും അമ്പരപ്പും കുറവാണ്, അവർ ഏത് കാര്യത്തെ കുറിച്ചും അഭിപ്രായം പറയും എന്തിനെ കുറിച്ചും ചോദ്യങ്ങൾ ചോദിക്കും, ആരെയും ധൈര്യപൂർവം അഭിമുഖീകരിക്കും എന്നൊക്കെ പൊതുവെ പറഞ്ഞു കേൾക്കാറുണ്ട്, പക്ഷേ, അവരുടേത് വെറും പെർഫോമൻസ് മാത്രമാണോ? അജ്ഞതയാണോ അവരെ ധീരരാക്കുന്നത്? വളരെ ലളിതമായ രാഷ്ട്രീയ സാമൂഹ്യയാഥാർത്ഥ്യങ്ങളെ കുറിച്ചു പോലും ആഴത്തിലുള്ള യാതൊരറിവും അവർക്ക് ഇല്ലെന്ന് പറയുന്നത് ശരിയാണോ? ആരോടും എന്തിനെ കുറിച്ചും എന്തും പറയാനുള്ള അനഭിലഷണീയമായ ചങ്കൂറ്റമാണോ പുതിയ വിദ്യാഭ്യാസം അവർക്ക് നൽകിയിരിക്കുന്നത്? ഈ തരത്തിലുള്ള അനേകം ചോദ്യങ്ങൾ വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരുടെ മുന്നിലുണ്ട്. പുതിയകാല വിദ്യാർത്ഥികൾക്ക് അനുകൂലമായി പറയാനുള്ള കാര്യങ്ങളും പലരുടെയും നാക്കിൻതുമ്പത്ത് തന്നെ ഉണ്ടാവും. എന്തായാലും തർക്കിച്ച് തോൽപിക്കുന്നതുകൊണ്ട് ആരും ഒന്നും നേടാൻ പോവുന്നില്ല. വസ്തുതകൾ എല്ലാവർക്കും അറിയാനും എല്ലാവരെയും അറിയിക്കാനും ഉതകുന്ന തുറന്ന സംവാദങ്ങളാണ് ആവശ്യം. അവയിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങളെ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിലൂടെയേ വിദ്യാഭ്യാസരംഗത്ത് അർത്ഥവത്തായ പുത്തൻ ചലനങ്ങൾ ഉണ്ടാവുകയുള്ളൂ. സംസ്ഥാനത്തെ വിദ്യാഭ്യാസ വിദഗ്ധരായി അറിയപ്പെടുന്നവരും വിദ്യാഭ്യാസ വകുപ്പിന്റെ ഭരണതലപ്പത്ത് ഇരിക്കുന്നവരും രാഷ്ട്രീയ പാർട്ടികളും അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളുമൊന്നും നമ്മുടെ വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങളെപ്പറ്റിയുള്ള തുറന്ന സംവാദത്തിന് തുടക്കം കുറിക്കാൻ യാതൊരു ശ്രമവും നടത്തുന്നതായി കാണുന്നില്ല. ആരെയൊക്കെയോ ഭയക്കുന്നതുകൊണ്ടാണോ അതല്ല കേവലമായ ഉദാസീനത കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാനാവില്ല. എന്തായാലും കാര്യങ്ങൾ പൂർണമായും കൈവിട്ട് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കവും നടത്തിപ്പും ബഹുരാഷ്ട്ര കുത്തകകൾ നിർണയിക്കുക തന്നെയാണ് പുതിയ കാലത്ത് ഏറ്റവും അഭികാമ്യം, അതാണ് ഏറ്റവും സ്വാഭാവികവും എന്ന നിലപാടിലേക്ക് ആളുകൾ എത്തിച്ചേരുന്നതിന്‍റെ സൂചനകൾ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ പ്രവർത്തകരെയും വിദ്യാർത്ഥി പ്രതിനിധികളെയും അധ്യാപക സംഘടനാ പ്രതിനിധികളെയും മറ്റുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തുറന്ന സംവാദങ്ങൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നതിന് മുൻകയ്യെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും അറച്ചു നിൽകുന്നതിന് യാതൊരു നീതീകരണവും സാധ്യമാവില്ല. തികച്ചും ആശങ്കാജനകമായ സാഹചര്യമാണ് വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ളതെന്ന യാഥാർത്ഥ്യത്തിലേക്ക് എത്രയും വേഗം ഉണരാൻ ബന്ധപ്പെട്ട എല്ലാവരും ബഹുജനങ്ങളും തയ്യാറാവേണ്ടതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എന്‍ പ്രഭാകരന്‍

എന്‍ പ്രഭാകരന്‍

പ്രശസ്ത എഴുത്തുകാരന്‍ അദ്ധ്യാപകന്‍. തീയൂര്‍ രേഖകള്‍, ബഹുവചനം, ജനകഥ, ക്ഷൌരം തുടങ്ങിയവ പ്രധാന നോവലുകള്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍