അമ്മമ്മേ… ഇന്ന് സ്കൂള്‍ ഇല്ല്യാലോ….ഇന്ന് പോണ്ടല്ലോ… എല്ല്യാസ് മാമന്റെ കടേന്നു മിട്ടായി വാങ്ങി തന്നാലെ ഞാന്‍ പോവൂ… കുഞ്ഞ് അനശ്വരയുടെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു. തലവേദനയും വയറുവേദനയും കണ്ണ് വേദനയും മാറി മാറി പ്രയോഗിച്ചു നോക്കും. അല്ലെങ്കില്‍ രാവിലേ അധ്യാപികയായ അമ്മയെ ദേഷ്യം പിടിപ്പിച്ചു വഴക്കിട്ടു വീട്ടില്‍ ഇരിക്കും. അമ്മമ്മയെ സോപ്പിട്ട് എന്തെങ്കിലും കാരണം പറയും. എങ്ങനെയെങ്കിലും സ്കൂള്‍ എന്ന പീഡനത്തില്‍ നിന്ന് രക്ഷപ്പെടുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രം.
ഇന്ന് ആലോചിക്കുമ്പോള്‍ എന്തായിരിക്കും എന്‍റെ ഈ മടിക്കു കാരണം? ഞാന്‍ പഠിച്ചതൊക്കെ എന്നെ അറിയുന്ന സ്കൂളുകളില്‍ (ഞങ്ങളുടെ കുടുംബവക സ്കൂള്‍, അമ്മ പഠിപ്പിക്കുന്ന സ്കൂള്‍, അമ്മ പഠിച്ച സ്കൂള്‍, അങ്ങനെ) മാത്രമാണ്. എന്നിട്ടും സ്കൂള്‍ എന്നതിനെ കുറിച്ച് അത്ര മധുരമുള്ള ഓര്‍മ്മകള്‍ എനിക്കില്ല തന്നെ. മനം മടുപ്പിക്കുന്നവ ഏറെയും. പലരും അവരെ പഠിപ്പിച്ച അധ്യാപകരെ കുറിച്ച് ഭയഭക്തി ബഹുമാനത്തോടെ പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് അങ്ങനെ പറയാന്‍ ഒന്നോ രണ്ടോ പേര് കാണും. അതും ഭയവും ഭക്തിയും ഒന്നും ഇല്ല. അവര്‍ മനസ്സില്‍ സ്നേഹം ഉള്ളവരായിരുന്നു എന്ന് മാത്രം.
ഞാന്‍ ചില കഥകള്‍ എഴുതാം. അധ്യാപകരായിരുന്ന എന്‍റെ അമ്മയുടെ വല്യമ്മമാരുടെ, എന്‍റെ തന്നെ ചില അനുഭവങ്ങള്‍. ഒരു അദ്ധ്യാപകന്‍/അദ്ധ്യാപിക എങ്ങനെ കുട്ടികളുടെ മനസിനെ കാണാതെ പോകുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
കൊല്ലം 1974: സ്ഥലം പട്ടാമ്പി കൊപ്പം ഭാഗത്തുള്ള ഒരു എല്‍ പി സ്കൂള്‍. ക്ലാസ്സ് രണ്ട്:
ഓണപരീക്ഷയുടെ ഉത്തരക്കടലാസുമായി ടീച്ചര്‍ ക്ലാസില്‍ എത്തി. പതിവുപോലെ റോള്‍ നമ്പര്‍ അനുസരിച്ച് ഓരോ വിദ്യാര്‍ത്ഥിക്കും ഉത്തരക്കടലാസ് നല്‍കി. ചിലരുടെ മുഖത്ത് സങ്കടം ചിലര്‍ക്ക് സന്തോഷം. മറ്റുള്ളവര്‍ക്ക് നിസ്സംഗത. എല്ലാം കഴിഞ്ഞു ടീച്ചര്‍ പുസ്തകം തുറന്നു പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോഴാണ് സുമേഷ് പതുക്കെ പരുങ്ങി ടീച്ചറുടെ മേശക്കരികിലെത്തി. പതിയെ വിളിച്ചു ടീച്ചറെ… ഉം ??? ടീച്ചര്‍ ചോദ്യഭാവത്തില്‍ നോക്കി. എന്‍റെ പേപ്പറില്‍ മാര്‍ക്കില്ല കുട്ടി പരിഭവം പറഞ്ഞു. നോക്കട്ടെ … ടീച്ചര്‍ ഉത്തരക്കടലാസ് വാങ്ങി നോക്കി. ആദ്യം മുതല്‍ അവസാനം വരെ റത റത റത റത റത എന്നെഴുതിയിരിക്കുന്നു. അതിനു മുകളിലൂടെ അവര്‍ ഒരു ചുവന്ന വര കുറുകെ വരച്ചിട്ടുണ്ട്. “ഇതിനെന്തു മാര്‍ക്ക് തരാനാ?? പോയിരിക്കടാ” ടീച്ചര്‍ കുട്ടിയെ നോക്കി പറഞ്ഞു. അല്ല ടീച്ചറെ ഒരു വട്ടപൂജ്യമെങ്കിലും … കുട്ടി നിഷ്കളങ്കതയോടെ ടീച്ചറെ നോക്കി. അദ്ധ്യാപിക ചുവന്ന മഷികൊണ്ട് തരുന്ന ഒരു വട്ടപൂജ്യത്തിനായി കാത്തു നിന്ന ആ കുഞ്ഞിനെ ഇന്നും ആ അദ്ധ്യാപിക ഓര്‍ക്കുന്നു.
കാലം കുറച്ചു കൂടി മുന്നോട്ടു പോയി, അദ്ധ്യാപിക ഇന്ന് എറണാകുളം ജില്ലയുടെ അറ്റത്തുള്ള മാമ്പ്ര എന്ന ഗ്രാമത്തിലെ എല്‍ പി സ്ക്കൂളില്‍. ക്ലാസ്സ് ഒന്ന്. മലയാളത്തിലെ ഒരക്ഷരം പോലും എഴുതാന്‍ അറിയാത്ത അജാസ്. ഇനി ഇവനെ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി നിലക്കുന്ന അധ്യാപിക. സാമദാനഭേദദണ്ഢം എല്ലാം കഴിഞ്ഞു .. എന്നിട്ടും അക്ഷരം മാത്രം അജാസിന്റെ കൂട്ടുകൂടാന്‍ വന്നില്ല. സഹികെട്ട് ടീച്ചര്‍ പറഞ്ഞു. ഇന്ന് നീ ഈ അക്ഷരം എഴുതി കാണിക്കാതെ വീട്ടില്‍ പോകണ്ട.. എത്ര രാത്രി ആയാലും ഇവിടെ ഇരുന്നു എഴുതി പഠിച്ചു നാളെ എന്നെ കാണിച്ചിട്ട് വീട്ടില്‍ പോകാം. ഇന്ന് സ്കൂളിനു കാവല്‍ കിടന്നോ… ദേ.. ആ വിറകു പെരയില്‍ കഞ്ഞിക്കലോം അരീം പയറും ഒക്കെ ഇരിപ്പുണ്ട്. രാത്രി വെശക്കുമ്പോ കഞ്ഞി വച്ച് കുടിച്ചോ.. ഇനി ഇതേ വഴിയുള്ളൂ ..നിന്നെ പഠിപ്പിക്കാന്‍ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.. ഇത്രയും പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുനിഞ്ഞ അധ്യാപികയുടെ സാരിത്തുമ്പില്‍ ആരോ പിടിച്ചു വലിച്ചു. നോക്കിയപ്പോള്‍ അജാസാണ്. എന്തെ? നീ എന്ത് പറഞ്ഞാലും കാര്യല്ല്യ. നീ ഇന്ന് ഇവിടെ തന്നെ നില്‍ക്കണം. അപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ അവന്‍ ചോദിച്ചു. ” തീപ്പെട്ടി എവിട്യാ വച്ചിരിക്കണേ?” പാവം. ടീച്ചര്‍ പറഞ്ഞത് അപ്പാടെ വിശ്വസിച്ചു നില്‍ക്കുകയാണ് അവന്‍. ഇന്ന് രാത്രി താമസം ഇവിടെത്തന്നെ എന്നവന്‍ ഉറപ്പിച്ചു; കഞ്ഞിയുണ്ടാക്കാന്‍ തീപ്പെട്ടി എവിടെ എന്ന സംശയം മാത്രമേ അവനുണ്ടായിരുന്നുള്ളൂ. ഒരു അദ്ധ്യാപിക/അദ്ധ്യാപകന്‍ പറയുന്ന ഓരോന്നും കുട്ടികളുടെ മനസ്സില്‍ എത്രമാത്രം ആഴത്തില്‍ പതിയുന്നു. ഇവര്‍ പറയുന്ന ഓരോന്നും സത്യംതന്നെ എന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിയാതെ ആണ് അധ്യാപകര്‍ പലപ്പോഴും കുഞ്ഞുങ്ങളോട് ഇടപെടുന്നത്.
ഇതേ അജാസ് ആണ് ഡി പി ഇ പി പഠനരീതിയുടെ സമയത്ത് ഏറ്റവും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥി ആയി മാറിയത്. അധ്യാപികക്ക് അറിയാതിരുന്ന പല കാര്യങ്ങളും അവന്‍ പറഞ്ഞു കൊടുത്തു. ഞവുണിക്കാ എന്താണ് തിന്നുന്നത്? അത് എപ്പോള്‍ മലവിസര്‍ജ്ജനം നടത്തും, മണ്‍പുറ്റിനുള്ളില്‍ കാണുന്ന മഞ്ഞ നിറമുള്ള വസ്തുവെന്ത്? എന്ന് തുടങ്ങി അവനറിയാത്ത ഒന്നും പ്രകൃതിയില്‍ ഉണ്ടായിരുന്നില്ല. എല്ലാം അവന്‍ സ്വന്തം നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. ഒരു വിദ്യാര്‍ത്ഥിയും മണ്ടനായി ജനിക്കുന്നില്ല. ഓരോരുത്തര്‍ക്കും ഇഷ്ടവും താല്‍പര്യവും നോക്കി കാര്യങ്ങള്‍ ചെയ്യാനുള അവസരം ഇല്ല എന്നതാണ് പ്രശ്നം.
കാലം വീണ്ടും മുന്നോട്ടു പോയി. എഴാം ക്ലാസിലെ അധ്യാപിക ആണ് അവരിപ്പോള്‍ . ക്ലാസ്സില്‍ സ്ഥിരമായി ഹോംവര്‍ക്ക് ചെയ്യാത്ത അഞ്ജലിയാണ് കഥാപാത്രം. ടീച്ചര്‍ എത്ര തന്നെ പറഞ്ഞിട്ടും അവള്‍ ഒരു ദിവസം പോലും അതനുസരിച്ചില്ല. ടീച്ചറുടെ ചോദ്യത്തിനെല്ലാം നിസംഗതയോടെ തലതാഴ്ത്തി നിന്ന് മൗനം പാലിക്കുക മാത്രം ചെയ്തു.
എന്തൊക്കയോ പ്രശ്നങ്ങള്‍ അവള്‍ക്കുണ്ടെന്ന് മാത്രം അധ്യാപികക്ക് മനസിലായി . അന്ന് വൈകീട്ട് അവര്‍ അവളുടെ കൂടെ വീട്ടിലേക്ക് ചെന്നു അപ്പോള്‍ അവിടെ അഞ്ജലിയുടെ അമ്മ മാത്രം. വീടെന്നു പറയാന്‍ മാത്രം ഇല്ല. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയ ഒരു കൂര. അവിടെയാണ് അഞ്ജലിയും അമ്മയും അനിയനും താമസിക്കുന്നത്. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. മണ്ണെണ്ണ വിളക്കുപോലും ആഡംബരമാണ് അവര്‍ക്ക്. ഈ അവസ്ഥയില്‍ കഴിയുന്ന ഒരു കുഞ്ഞിനെയാണ് ഹോംവര്‍ക്ക് എന്നപേരില്‍ അദ്ധ്യാപിക വഴക്ക് പറയുന്നത്. കുറ്റബോധംകൊണ്ട് തന്റെ തല കുനിഞ്ഞുപോയെന്നു അദ്ധ്യാപിക പറയുന്നു.
ഓരോ കുഞ്ഞും സ്കൂളിലേക്ക് വരുന്നത് എത്ര മാത്രം വ്യത്യസ്തമായ അന്തരീക്ഷങ്ങളില്‍ നിന്നാകാം. ഇവരെ ഒരു കൂട്ടമായി പരിഗണിക്കുമ്പോള്‍ തന്നെ അവരുടെ വ്യത്യസ്തതകളെ കൂടി അംഗീകരിച്ചുകൊണ്ട് വേണം അവരെ വിലയിരുത്താന്‍ എന്നത് നാം പലപ്പോഴും മറന്നു പോകുന്നു.
നാലാമത്തെത് ഒരു കഥയല്ല . ഒരു സംഭവം. ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സില്‍ നടന്ന സംഭവം. ആ സ്കൂളിലെ നിയമ അനുസരിച്ച്, യൂനിഫോം ധരിക്കാതെ വരാന്‍ പാടില്ല. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേക സന്ദര്‍ഭങ്ങളില്‍ (ശബരിമല വ്രതം) മുണ്ടുടുത്ത് വരാം. ഒരു ദിവസം അങ്ങനെ വ്രതം ഒന്നും ഇല്ലാത്ത ഒരു കുട്ടി മുണ്ട് ഉടുത്തു വന്നു. ഇത് കണ്ട അദ്ധ്യാപിക ആ കുട്ടിയെ വഴക്ക് പറഞ്ഞു. ആദ്യമേ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്‍റെ ദേഷ്യത്തില്‍ ആ കുട്ടി അധ്യാപികയോട് പറഞ്ഞു “എനിക്ക് യൂനിഫോം ഇടാന്‍ കഴിഞ്ഞില്ല ടീച്ചര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യു.” ഇത് കേട്ട അദ്ധ്യാപിക കയ്യിലിരുന്ന ചൂരല്‍ കൊണ്ട് ആ കുട്ടിയെ തലങ്ങും വിലങ്ങും അടിച്ചു. വേദന സഹിക്കാന്‍ വയ്യാതെ കുട്ടി ആ വടി പിടിച്ചുവാങ്ങി ഒടിച്ചു പുറത്തേക്ക് എറിഞ്ഞു. ഇത് സ്കൂളില്‍ ആകെ ഒച്ചപ്പാടുണ്ടാക്കി. ആ കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കി. അസംബ്ലിയില്‍ പൊതുമാപ്പ് പറഞ്ഞാലേ ഇനി തിരിച്ചെടുക്കൂ എന്നായിരുന്നു പ്രധാനാധ്യാപികയുടെ നിലപാട്. എന്നാല്‍ ഇത്തരം സംഭവത്തിന് കുട്ടിയെ കൊണ്ട് പൊതു മാപ്പ് പറയിച്ചാല്‍ താന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും എന്ന് ഒരു അദ്ധ്യാപിക ഭീഷണി മുഴക്കിയത് കൊണ്ട് മാത്രം ആ നടപടി വേണ്ട എന്ന് വച്ച് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം കുട്ടിയെ തിരിച്ചെടുത്തു. ഈ പ്രശനങ്ങള്‍ക്കെല്ലാം ശേഷം ആ കുട്ടി തനിക്കു വേണ്ടി നിലകൊണ്ട അധ്യാപികയെ കണ്ടു. എന്താണ് പ്രശ്നം എന്ന് ചോദിച്ച അധ്യാപികയോട്, അവന്‍ ഇങ്ങനെ പറഞ്ഞു. “എന്തിനാണ് അവര്‍ (അധ്യാപകര്‍) ഞങ്ങളെ ശത്രുക്കളെ പോലെ കാണുന്നത്? ഞങ്ങളില്‍ നിന്നും തെറ്റുകള്‍ ഉണ്ടായാല്‍ തിരുത്തേണ്ടവര്‍ അല്ലെ അവര്‍? അല്ലാതെ ഞങ്ങളെ ഇങ്ങനെ തല്ലി ചതക്കണോ? ഞങ്ങള്‍ എത്ര നന്നായി പെരുമാറിയാലും മുഴുവന്‍ ക്ലാസിനു മുന്നില്‍ വച്ചും നാണം കെടുത്തും. എന്നെങ്കിലും ചോദ്യത്തിന് കൃത്യമായി ഉത്തരം പറഞ്ഞാല്‍ പറയും” എവിടെ നോക്കി കോപ്പി അടിച്ചതാ ?? എന്തിനാ ഇങ്ങനെ? ഞങ്ങളെ കൂടി അംഗീകരിക്കുകയല്ലേ വേണ്ടത്? ” അവന്‍ വിതുമ്പുന്ന ശബ്ദത്തില്‍ ചോദിച്ചു.
ക്ലാസില്‍ വന്നു പാഠപുസ്തകം ആദ്യം മുതല്‍ അവസാനം വരെ വായിച്ചു പോകുന്ന ഒരു ജോഗ്രഫി അധ്യാപിക ഉണ്ടായിരുന്നു എനിക്ക്. ധ്രുവക്കാറ്റ്, നിത്യഹരിത വനങ്ങള്‍, അന്തരീക്ഷത്തിന്റെ വിവിധ പാളികള്‍… ഒന്നും എന്താന്നെന്നു എനിക്കറിയുമായിരുന്നില്ല. (അല്ല, ഇപ്പഴും വല്യ മെച്ചം ഒന്നും ഇല്ല). ഒരു വിഷയത്തിനോട് താത്പര്യം ഉണ്ടാക്കാനും ഇല്ലാതാക്കാനും ഒരു അധ്യാപികക്ക്/അധ്യാപകന് സാധിക്കും. പണ്ട് എട്ടു മുതല്‍ പത്തുവരെ ക്ലാസ്സില്‍ ഇന്ത്യയുടെ ഭൂപടം വരച്ചു സ്ഥലങ്ങള്‍ അടയാളപ്പെടുത്താന്‍ ചോദ്യം ഉണ്ടാവും. അതില്‍ കൊച്ചി ഇന്ത്യയുടെ മധ്യഭാഗത്തായി അടയാളപ്പെടുത്തിയ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവാരം കുറഞ്ഞ അധ്യാപനശേഷി “കൈമുതലാക്കിയ” അധ്യാപകര്‍ എങ്ങനെ ആണ് സ്വന്തം കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നു എന്ന് പറയുക?
പെണ്‍കുട്ടികളെ “നല്ല നടപ്പ്” പഠിപ്പിക്കുക, ആരോടൊക്കെ ആര്‍ക്കു പ്രേമം ഉണ്ട് എന്ന് തിരയുക, കണ്ടു പിടിച്ചാല്‍ പ്രണയം ഒരു മഹാപാതകം എന്ന സമവാക്യം അവരില്‍ കുത്തി വയ്ക്കുക, ആണ്‍കുട്ടികളെ നിഷേധികളും തല്ലുകൊള്ളികളും ആയി മുദ്രകുത്തി അകറ്റി നിര്‍ത്തുക, പാതി വലിച്ച സിഗരറ്റ് പുറത്തേക്കെറിഞ്ഞു അപ്പോഴും പുക വമിക്കുന്ന ചുണ്ടുകളുമായി ക്ലാസ്സില്‍ വന്നു കുട്ടികള്‍ക്ക് “സാരോപദേശം നല്‍കുക, തങ്ങള്‍ അനുഭവിക്കാത്ത സ്വാതന്ത്ര്യം കുട്ടികളില്‍ നിന്നും പിടിച്ചെടുക്കുക, അല്പം സ്വതന്ത്ര ബുദ്ധി ഉണ്ടെന്നു തോന്നുന്ന കുട്ടികളെ പ്രതേകിച്ചു പെണ്‍കുട്ടികളെ നിരീക്ഷിക്കുക, തരം കിട്ടിയാല്‍ പരമാവധി അപമാനിക്കുക. തങ്ങളുടെ ജീവിതത്തിലെ അപകര്‍ഷതകള്‍ മറച്ചു വയ്ക്കാന്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുക, ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ പരിശീലിപ്പികുക… ഇത്തരം കലാപരിപാടികള്‍ക്ക് ശേഷം കുട്ടികളെ സ്നേഹിക്കാനും അവരെ ഒരു വ്യക്തി എന്ന നിലക്ക് പരിഗണിക്കാനും, അംഗീകരിക്കാനും, അവരുടെ വ്യക്തിത്വ വികസനത്തെ സഹായിക്കാനും എല്ലാം സമയം കിട്ടണ്ടേ അല്ലെ? ഇതിനൊക്കെ അപവാദമായ നല്ല അധ്യാപകര്‍ ഇല്ലെന്നല്ല. ഉണ്ട്, പക്ഷെ വിരളം ആണ്.. വളരെ വളരെ വിരളം.
ആരും നിഷേധികളായി ജനിക്കുന്നില്ല. സമൂഹംമാണ് അവരെ അങ്ങിനെ ആക്കി തീര്‍ക്കുന്നത്. ഓരോ കുഞ്ഞു കണ്ണിലും പ്രതീക്ഷയും സന്തോഷവും മാത്രം നിറച്ചാണ് കുഞ്ഞുങ്ങള്‍ സ്കൂളില്‍ എത്തുന്നത്. അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അവയെ തല്ലിക്കെടുത്താതിരിക്കുക. അപേക്ഷയാണ്.
ആ നമ്മുടെ അനശ്വര നഴ്സറിയില്‍ നിന്നും ഓടി വരുന്നുണ്ട്. അല്ല ഈ നട്ടുച്ചക്ക് അംഗന്‍വാടി വിട്ടിട്ടില്ലല്ലോ.? ഓ അംഗന്‍വാടിക്ക് മുന്നിലെ പാടത്തു വന്ന ചക്കിയമ്മയെ കണ്ടിട്ടാണ് ഈ ഓട്ടം. ആ ചക്കിയമ്മേ.. എന്നെ രക്ഷിക്കൂ എന്ന കരച്ചില്‍ ഇങ്ങട് വരെ കേള്‍ക്കാം. ഇനി വീട്ടില്‍ കൊണ്ടാക്കാതെ രക്ഷയില്ല… ശരി ഞാന്‍ പോകട്ടെ; ചക്കിയമ്മേടെ കൂടെ അവളെ അമ്മമ്മേടെ അടുത്താക്കി വരാം.