UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസി കുട്ടികളെ വീട്ടില്‍ കൊണ്ടുപോയി അധ്യാപകന്‍ ചാണകം വാരിച്ചു

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ  അധ്യാപകന്‍ വീട്ടില്‍ കൊണ്ടുപോയി ചാണകം വാരിച്ചു. കാസര്‍ഗോഡ് ഈസ്റ്റ് എളേരിയിലെ കണ്ണിവയല്‍ ഗവണ്‍മെന്റ് യുപി സ്‌ക്കൂളിലായിരുന്നു സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകന്‍ തോമസ് ജോസഫാണ് ചാണകം വാരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച സ്‌ക്കൂളില്‍ എത്തിയ അധ്യാപകന്‍ തോമസ് തനിക്ക് ചുമതലയുള്ള ക്ലാസിലെ വിദ്യാര്‍ഥികളെ 5 കീലോമീറ്റര്‍ അകലെയുള്ള തന്റെ വീട്ടില്‍ കൊണ്ടുപോയി പണിയെടുപ്പിക്കാനാണ് ശ്രമിച്ചതെന്ന് അഴിമുഖം പ്രതിനിധിയോട് പ്രധാനാധ്യാപകന്‍ ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തി.

പണിയെടുപ്പിക്കാനായി തോമസ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോയതറിഞ്ഞ് മറ്റ് അധ്യാപകര്‍ പുറകെ ചെന്ന് വിദ്യാര്‍ഥികളെ സ്‌ക്കൂളിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതി സ്വീകരിച്ച് പ്രധാനാധ്യാപകന്‍ ഗോപാലകൃഷ്ണന്‍, ഡിഡിഇ(ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍) റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിന് മുമ്പും പിടിഎയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ അധ്യാപകനെതിരെ പ്രധാനാധ്യാപകന്‍ പരാതി നല്‍കിയിരുന്നു.

തോമസ് കഴിഞ്ഞവര്‍ഷമാണ് ഈ സ്‌ക്കൂളിലേക്ക് സ്ഥലം മാറി എത്തിയത്. സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ അധ്യാപകനെതിരെ പിടിഎയും അധ്യാപകരും ധാരാളം പരാതി ഡിഡിഇ-ക്ക് നല്‍കിയിരുന്നു. എന്നാല്‍ തോമസിനെതിരെ നടപടിയെടുക്കുവാന്‍ ഡിഡിഇ-യുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ പുതിയ വിഷയത്തിലും സമാനമായ രീതിയില്‍ പ്രതികരിച്ച ഡിഡിഇ, എഇഒ രമണി ഇടപെട്ടതിനെ തുടര്‍ന്നയായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പോലും തയ്യാറായത് എന്ന് പിടിഎ അംഗങ്ങള്‍ പറയുന്നു.

എഇഒ രമണി കണ്ണിവയല്‍ ഗവണ്‍മെന്റ് യുപി സ്‌ക്കൂള്‍ എത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വിശദീകരണവും എഇഓ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. കണ്ണിവയല്‍ വാര്‍ഡ് മെംമ്പര്‍ ജയിംസ് പന്തമക്കല്‍ പറയുന്നത്, ‘തോമസ് തികഞ്ഞ മദ്യാപാനിയാണ്. സമനിലതെറ്റിയ പെരുമാറ്റങ്ങളാണ് ഇയാള്‍ സ്‌ക്കൂളിലും നാട്ടിലും നടത്തുന്നത്. സ്‌ക്കൂളില്‍ തോമസ് വല്ലപ്പോഴുമെ വരുകയുള്ളൂ. സാമൂഹിക പാഠവും, മലയാളവും പഠിപ്പിക്കുന്ന തോമസ് പലപ്പോഴും കൃത്യമായി പാഠഭാഗങ്ങള്‍ തീര്‍ക്കാറില്ല.

പ്രാകൃതമായി ഇയാള്‍ കുട്ടികളെ ശിക്ഷിക്കാറുണ്ട്. കുട്ടികളുടെ തലകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുക, സ്‌കെയിലുകൊണ്ട് അത് ഒടിയും വരെ തല്ലുക. ഇതിനെതിരെ പലരും പരാതിയുമായി എത്താറുണ്ട്. ഡിഡിഇ-യ്ക്ക് ഞങ്ങള്‍ പരാതി കൊടുത്തിട്ടും അവരുടെ ഭാഗത്തു നിന്നും അധ്യാപകനെതിരെ നടപടിയെടുത്തിരുന്നില്ല. ആദിവാസി കുട്ടികളായതുകൊണ്ടല്ലെ അവരെ ചാണകം വാരാന്‍ കൊണ്ടു പോയത്, അവരുടെ കാര്യത്തില്‍ അരും ഇടപെടില്ല എന്ന ധൈര്യത്തിലാണ് തോമസ് അങ്ങനെ ചെയ്തത്. അതുപ്പോലെ തന്നെ പാവപ്പെട്ട ആദിവാസി കുട്ടികളുടെ വിഷയമായതു കൊണ്ടാണ് ഡിഡിഇ അധ്യാപകനെതിരെ നടപടിയെടുക്കാതെ പ്രശ്‌നത്തെ നിസാരവത്കരിച്ചു നടക്കുന്നത്.’

തോമസ് മദ്യപിച്ച് സ്‌ക്കുളില്‍ എത്താറുണ്ടെന്ന് ജയിംസ് പറയുന്നു. എന്നാല്‍ തോമസ് തികഞ്ഞ മദ്യാപാനിയാണെങ്കിലും സ്‌ക്കൂളില്‍ മദ്യപിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പ്രധാനാധ്യാപകന്‍ പറയുന്നത്. അതെ സമയം സംഭവത്തെക്കുറിച്ച് തോമസ് പറയുന്നത് ഇങ്ങനെയാണെന്നാണ് ജയിംസും പ്രധാനാധ്യാപകനും പറയുന്നത്, സ്‌ക്കൂളില്‍ പച്ചക്കറി തോട്ടമുണ്ടാക്കാനായിട്ട് വളം എടുക്കുവാനാണ് കുട്ടികളെയും കൂട്ടി വീട്ടില്‍ പോയതെന്നാണ്. പക്ഷെ പ്രധാനാധ്യാപകന്‍ പറഞ്ഞത് സ്‌ക്കൂളില്‍ പച്ചക്കറിത്തോട്ടമില്ല, സ്വന്തം നിലക്ക് സ്‌ക്കൂളില്‍ പച്ചക്കറിത്തോട്ടമുണ്ടാക്കാനായിട്ടായിരിക്കും തോമസ് ചാണകം എടുക്കാന്‍ കുട്ടികളെ കൂട്ടിപോയത്. പിടിഎ-യെയോ സ്‌ക്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നോ പച്ചക്കറിത്തോട്ടത്തിനുള്ള നടപടികളോ മറ്റു കാര്യങ്ങളോ ആലോച്ചിരുന്നില്ല എന്നും പ്രധാനാധ്യാപകന്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍