UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മാര്‍ത്തയ്ക്ക് ഉള്ളവീട് പോകുന്നു, എനിക്കാണെങ്കില്‍ വീടുമില്ല’; കലോത്സവത്തിലെ മികച്ച നടിക്ക് പറയാനുള്ളത്

Avatar

കെ പി എസ് കല്ലേരി

‘വരട്ടെ, കാണട്ടെ, ആര്‍ക്കാണെന്റെ പുരയിടം മാന്തേണ്ടത്, ആര്‍ക്കാണെന്റെ പുഴയെ കൊല്ലേണ്ടത്, ഇതെന്റെ മണ്ണാണ്, എന്റെ മാത്രം മണ്ണ്,  മാര്‍ത്തയുടെ അപ്പനപ്പൂപ്പന്‍മാര്‍ ഉറങ്ങുന്ന മണ്ണ്…….’

നാടകത്തിന്റെ ക്ലൈമാക്‌സില്‍ ഡയലോഗ് പറഞ്ഞ് മുഴുമിപ്പിക്കുമ്പോള്‍ രാജിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. നാടകത്തിന് കര്‍ട്ടന്‍ വീണിട്ടും അവള്‍ സ്റ്റേജില്‍ തന്നെ കണ്ണും പൂട്ടിയിരുന്നു. ആശ്വസിപ്പിക്കാനെത്തിയ സഹോദരന്‍ രിമിത്തിന്റെ നെഞ്ചിലേക്ക് പിന്നീടവള്‍ പൊട്ടി വീണു.  

ഹൈസ്‌കൂള്‍ വിഭാഗത്തിലെ  മികച്ച നടിയെത്തേടിയുള്ള  അന്വേഷണത്തിന് ഒടുവില്‍ രാജിതയേയും രിമിത്തിനേയും കണ്ടുമുട്ടി. കാസര്‍ഗോട് ജില്ലിയിലെ കാറഡുക്ക ജിവിഎച്ച്എസ്എസ് അവതരിപ്പിച്ച ‘ഭൂമിമലയാള’ത്തിലെ നായികയാണ് രാജിത. മെലിഞ്ഞു കൊലുന്നനെയുള്ള കൊച്ചുപെണ്‍കുട്ടിക്ക് പക്ഷെ സംസ്ഥാനത്തെ മികച്ച നടിയായതിന്റെ ഭാവഭേദങ്ങളൊന്നുമില്ല. പത്മനാഭന്‍ ബ്ലാത്തൂര്‍ രചിച്ച് രതീഷ് കാടകം സംവിധാനം ചെയ്ത നാടകം മണല്‍മാഫിയയുടെ ജെസിബി കരങ്ങള്‍കൊണ്ട് വീടും സ്വത്തും നഷ്ടമാകുന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. നെയ്യാറിന്റെ തീരത്ത് മണല്‍മാഫിയക്കെതിരേ പോരാടി സ്വന്തം കൂര സംരക്ഷിച്ച ഡാര്‍ളി മുത്തശ്ശിയുടെ കഥയാണ് ഭൂമിമലയാളത്തിലൂടെ നാടകം പറയാന്‍ ശ്രമിച്ചത്. മാര്‍ത്തയെന്ന് പേരുള്ള കഥാപാത്രത്തിലൂടെയാണ് കേരളം വാര്‍ത്തകളിലൂടെ അറിഞ്ഞ ഡാര്‍ളി മുത്തശ്ശിയെ രാജിത ഹൃദയത്തിലേറ്റുവാങ്ങിയത്. നാടകം പിറകിലായിപ്പോയെങ്കിലും മാര്‍ത്തയുടെ പൊള്ളുന്ന പ്രകടനത്തിലൂടെ രാജിത അങ്ങനെ മികച്ച നടിയായി. 

‘അപ്പനപ്പൂപ്പന്‍മാരെ അടക്കിയ മണ്ണില്‍ നിന്നും സ്വന്തം കൂര പൊളിച്ചുപോകുന്ന മാര്‍ത്തയുടെ സങ്കടം എന്റെ ഹൃദയത്തില്‍ക്കൊള്ളുന്നതാണ്. മാര്‍ത്തയ്ക്ക് ഉണ്ടായിരുന്ന വീട് പോകുന്നു. എനിക്ക് ഒരു വീടില്ലാത്തതിന്റെ സങ്കടം. ഉള്ള വാടക വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ. അറിയുമോ നിങ്ങള്‍ക്ക്,  പിറന്നുവീണതു മുതല്‍ ഇത്തിരിപ്പോന്ന വാടകവീടിന്റെ കുടുസുമുറില്‍ ജീവിക്കുന്നൊരു കുഞ്ഞിന്റെ സങ്കടം. രാവിലെ മുതല്‍ രാത്രി വൈകുംവരെ ഓട്ടൊ ഓടിച്ചാണ് അച്ഛന്‍ ഞങ്ങള്‍ മൂന്നുമക്കളെ വളര്‍ത്തുന്നത്. അതിനിടയില്‍ ഒരുവീട് വെക്കാനുള്ള നെട്ടോട്ടം വേറേയും. വാടകയ്ക്ക് താമസിക്കുന്ന മൂടാകുളത്ത് ഒരു അഞ്ചുസെന്റ് അച്ഛനും അമ്മയും അരിച്ചരിച്ച് സമ്പാദിച്ച് വാങ്ങിയിട്ടുണ്ട്. നാലുവര്‍ഷം കൊണ്ട് ഒരു തറയിട്ടു. ഇനി അതില്‍ ഒരു വീട് വെക്കണം. പഞ്ചായത്തിലും മറ്റും നിരവധി അപേക്ഷകള്‍ നല്‍കി. പക്ഷെ ഒന്നും ശരിയാവുന്നില്ല . സ്വന്തം കൂരപൊളിച്ചു മാറ്റാന്‍വന്ന മണല്‍മാഫിയയോട് ഹൃദയം നുറുങ്ങി  സങ്കടവും രോഷവും സഹിക്കവയ്യാതെ മാര്‍ത്തപറയുന്ന ഡയലോഗുകള്‍ ഞാനങ്ങനെയാണ് അരങ്ങില്‍ പറഞ്ഞ് തീര്‍ത്തതെന്ന് അറിയില്ല. കാരണം അത്രമാത്രം മാര്‍ത്ത മുത്തശ്ശി എന്നിലേക്ക് അലിഞ്ഞുപോയിരുന്നു. മാര്‍ത്തയ്ക്ക് ഉള്ളവീട് പോകുന്നു, എനിക്കാണെങ്കില്‍ വീടുമില്ല…..’ 

അത്രയും പറയുമ്പോഴേക്കും രാജിത വല്ലാതെ വാടിപ്പോയിരുന്നു. സങ്കടങ്ങള്‍ ആരോടും പറയരുതെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അത്രമാത്രം പാടുപെട്ടാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തുന്നത്. അര്‍ഹതപ്പെടാത്ത, അധ്വാനത്തിന്റെ മഹത്വമില്ലാത്ത ഒന്നും വേണ്ടെന്നാണ് അച്ഛന്റെ പക്ഷം. അതുകൊണ്ട് സങ്കടങ്ങളൊന്നും പറയേണ്ട. ഇങ്ങനെ പറഞ്ഞ് സഹോദരന്റെ തോളില്‍ കൈയിട്ട് രാജിത നടന്നു പോയി. പക്ഷെ ഇത്തരമൊരു കഥ എങ്ങനെയാണ്  ലോകത്തിന് മുന്നില്‍ ഒളിച്ചുവെക്കുക. അവളുടെ കുഞ്ഞു സ്വപ്നങ്ങള്‍ക്ക് ഒരു കൂടുണ്ടാവാന്‍ ആരാണ് ആഗ്രഹിക്കാത്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍