UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്കൂള്‍ കലോത്സവം: ചാനല്‍ മേളയോ അതോ പത്രങ്ങളുടെ നറുക്കെടുപ്പ് ഉത്സവമോ?

Avatar

കെ.പി.എസ്.കല്ലേരി

ബഹുമാനപ്പെട്ട സര്‍ക്കാര്‍, ആര്‍ക്കുവേണ്ടിയാണ് നിങ്ങളീ മേള നടത്തുന്നത്? താരങ്ങളേയും മിമിക്രിക്കാരേയും പാട്ടുകാരേയും വേദിയിലെത്തിച്ച് പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ പാടുപെടുന്ന ചാനലുകള്‍ക്ക് വേണ്ടിയാണോ, അതോ ബലൂണ്‍ മുതല്‍ മോട്ടോര്‍ക്കാര്‍വരെ നറുക്കിട്ട് സമ്മാനം നല്‍കുന്ന മറ്റ് പത്രമാധ്യമങ്ങള്‍ക്ക് വേണ്ടിയോ? അല്ലെങ്കില്‍ ഒറ്റയിനത്തിന് 35 അപ്പീല്‍വരെ അനുവദിച്ച് അതിലൂടെ കിട്ടുന്ന പണമുപയോഗിച്ച് നാട്ടില്‍ വികസനം നടത്തിക്കളയാമെന്ന് ഉദ്ദേശിച്ചോ? എന്തായാലും അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ ഈ മേളയുടെ പേര് മാറ്റിയേ മതിയാവൂ. ചാനല്‍ മേള, നറുക്കെടുപ്പ് മഹോത്സവം, അപ്പീല്‍ ആറാട്ട് …അതില്‍ ഏതുമാവാം. പാവം കുട്ടികളെ വെറുതെവിടുക.

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം എന്ന് വമ്പ് പറയുന്ന കേരള സംസ്ഥാന സ്കൂള്‍ കലോത്സവം പടിയിറങ്ങാന്‍ രണ്ടുനാള്‍ മാത്രമിരിക്കേ ഇത്തരമൊരു വിയോജനക്കുറിപ്പ് എഴുതേണ്ടിവരുന്നത് നിവൃത്തികേടുകൊണ്ടാണ്. ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ അത് വലിയ അപരാധമാവും. കലാകൈരളിയുടെ നെഞ്ചിലേക്ക് ചിലങ്കയും സംഗീതവും കവിതകളുമായി കടന്നുവരുന്ന ആയിരക്കണക്കായ കുരുന്നുകളോട് കാണിക്കുന്ന മഹാ അപരാധം.

മലയാളി എപ്പോഴാണ് ഇത്രമാത്രം ബോറന്‍മാരായത്? ഒരു ബലൂണ്‍ വെറുതെ കിട്ടുന്ന വേദിയില്‍വരെ പോയി തല്ലുണ്ടാക്കുന്ന മലയാളിയുടെ ചിത്രം ഏത് സാംസ്‌കാരിക പ്രബുദ്ധതയുടെ എക്കൗണ്ടിലാണ് വരവ് വെക്കേണ്ടത്…! മലയാളി അവരുടെ സ്വന്തം പേരിലുണ്ടാക്കിയ ഗ്ലാമര്‍ ഇനമായിരുന്നു കേരള നടനം. വളരെപ്രതീക്ഷയോടെയാണ് സാമൂതിരി സ്‌കൂളിന്റെ വിശാലമായ ഫുട്‌ബോള്‍ ഗ്രൗണ്ടിലെത്തിയത്. കേരളനടനത്തിന് വലിയ വേദിതന്നെ വേണമെന്ന് തുടക്കത്തില്‍ സംഘാടകരില്‍ ചിലര്‍ വാശി പിടിച്ചതിനാലാണ് അങ്ങനെ ചെയ്തത്. പക്ഷെ കാഴ്ച അങ്ങേയറ്റം ദയനീയമായിരുന്നു. മത്സരിക്കാനെത്തിയ മുപ്പതോളം മത്സരാര്‍ഥികള്‍ അവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍. പിന്നെ കുട്ടിപ്പൊലീസ്, വലിയ പൊലീസ്, എക്‌സൈസ് സംഘം, ചുരുക്കം ചില സംഘാടകരും. ആയിരം കസേരകള്‍ ഇട്ടിടത്ത് ഏറിയാല്‍ അമ്പതുപേര്‍. അതുകഴിഞ്ഞ് പ്രോവിഡന്‍സ്  സ്‌കൂളിലെ മോഹിനിയാട്ട-കുച്ചുപ്പിടി വേദിയിലെത്തിയപ്പോഴും കഥ ഏതാണ്ടിതുപോലെ തന്നെ. കേരളനടനത്തിലെ അമ്പതുപേര്‍ ഒരു നൂറായിട്ടുണ്ട്. നങ്യാര്‍കൂത്ത്, ചവിട്ടു നാടകം, കോല്‍ക്കളി, രചനാ മത്സരങ്ങള്‍, പെയിന്റിംങ് തുടങ്ങിയ മത്സര ഇനങ്ങള്‍ നടക്കുന്നുണ്ടെന്നുപോലും ആരും അറിഞ്ഞില്ല. സദസ്സെല്ലാം ശൂന്യം. പത്തു വര്‍ഷം മുന്‍പ് കോഴിക്കോട്ട് ഇതേ വേദികളില്‍ അരങ്ങേറിയ കലോത്സവത്തില്‍ വീണയ്ക്ക് പോലും തിങ്ങിനിറഞ്ഞൊരു സദസ്സ് വാര്‍ത്തകളില്‍ ഇടം തേടിയതാണ്. കൗമാര കലോത്സവം അരനൂറ്റാണ്ട് പിന്നിടുമ്പഴേക്കും കഥ പാടേ മാറിയിരിക്കുന്നു.

കലോത്സവത്തിന്റെ പ്രധാനവേദിയായ ക്രിസ്ത്യന്‍ കോളേജിലെ വിശാലമായ ഗ്രൗണ്ടിലേക്ക് കയറുമ്പോള്‍ അവിടുത്തെ ജനക്കൂട്ടം കണ്ട് ഭരതനാട്യവും തുരുവാതിക്കളിയൊന്നും കാണാനാകില്ലെന്ന് കരുതി തിരിച്ചുപോരാനൊരുങ്ങുകയായിരുന്നു. പ്രധാന ഗേറ്റില്‍ നിന്ന് അകത്തേക്ക് പോലും കടക്കാനാവാത്ത അവസ്ഥ. അത്രമാത്രം ജനസഞ്ചയം. മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഒരു പൊലീസുകാരന്‍ പറഞ്ഞു. തിരക്ക് ചാനല്‍മേളയിലാണ്, പിന്നെ നറുക്കെടുപ്പ് മേളയിലും. നിങ്ങള്‍ക്ക് പരിപാടിയാണ് കാണേണ്ടതെങ്കില്‍ ഇഷ്ടംപോലെ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്….. ശരിയായിരുന്നു. ഭരതനാട്യം അരങ്ങ് തകര്‍ക്കുന്ന വേദിക്ക് താഴെ കണ്ണുംകാതും കൂര്‍പ്പിച്ച് കുറേപ്പേര്‍ ഇരിക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ ജനക്കൂട്ടമൊക്കെ എവിടേക്കാണ് തള്ളിക്കയറുന്നത് എന്നറിയാനാണ് പൊലീസുകാരന്‍ പറഞ്ഞ ചാനല്‍ കലോത്സവം കാണാന്‍ ചെന്നത്. അവിടെയാണ്  കോടികള്‍ ചെലവിട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഷ്ടപ്പെട്ട് നടത്തുന്നൊരു മേളയുടെ ശരിയായ മുഖം കണ്ടത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ജയറാമും ഒഴിച്ചുള്ള എല്ലാ നടന്‍മാരുമുണ്ട്. യേശുദാസും ചിത്രയും പി.ജയചന്ദ്രനും ഉണ്ണിമേനോനും വേണുഗോപാലും ഒഴിച്ചുള്ള എല്ലാ പാട്ടുകാരുമുണ്ട്. പിന്നെ മമിക്രിക്കാരുടേയും ഐഡിയാ സ്റ്റാര്‍സിംങ്ങര്‍മാരുടേയും പടതന്നെ. അവര്‍ക്ക് ചുറ്റും വട്ടം കറങ്ങുകയാണ് സാസ്‌കാരിക പ്രബുദ്ധകേരളത്തിലെ യുവാക്കളും മുതിര്‍ന്നവും സ്ത്രീകളുമെല്ലാം. പ്രമുഖനായ സംഗീതസംവിധായകനും പാട്ടുകാരനും കൂടിയായ ഒരാള്‍  ചാനല്‍കാമറക്ക് മുമ്പില്‍ വെളുക്കെചിരിക്കുമ്പോള്‍ മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനുശേഷം വേദിയിലെത്തിയ ഭരതനാട്യം നര്‍ത്തകി ഒഴിഞ്ഞ സദസ്സില്‍ ആടുകയാണ്. എന്തൊരു ദുര്യോഗമാണിത്.

ഏറ്റവും അവസാനം എയറില്‍ എത്തിയ ടിവി ന്യൂ മുതല്‍ ഏഷ്യാനെറ്റ് വരേയുള്ളവരുടെ സ്റ്റാളുകള്‍മാത്രം ഇരുപതോളം വരും. പിന്നെ കോഴിക്കോട്ടെ പ്രദേശിക ചാനലുകള്‍ പത്തുമുപ്പതെണ്ണം. അതിനൊക്കെ മുമ്പില്‍ 500പേര്‍ വെച്ച് കൂട്ടംകൂടി നിന്നാല്‍ ഒരു കലോത്സവത്തിന്റെ അവസ്ഥ എന്താകും. ഇനി ചാനലുകള്‍ വിട്ട് പത്രങ്ങളുടെ സ്റ്റാളുകളിലേക്ക് ചെന്നാല്‍ അവിടെയെല്ലാം സമ്മാനമഴയാണ്. കുപ്പിവളയും ബലൂണും മുതല്‍ മോതിരം വരെ കൊടുക്കുന്നു. സ്വന്തം പേരില്‍ കൂപ്പണിട്ടിട്ടും തൃപ്തിയാകാത്തവര്‍ അച്ഛനും അമ്മയും ഭാര്യയും മക്കളും ഇളയച്ഛന്റെമക്കളുടെ പേരില്‍വരെ കൂപ്പണ്‍പൂരിപ്പിച്ച് സ്വന്തം നമ്പര്‍ എഴുതി നറുക്കെടുപ്പ് മേളക്ക് മുമ്പില്‍ ആരവം തീര്‍ക്കുന്നു. എന്റെ മലയാളീസ് എങ്ങനെ സഹതപിക്കാതിരിക്കും. അധ്വാനിക്കാതെ നോക്കുകൂലിക്കാരനായി മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ നേര്‍ക്കാഴ്ചയാവുകയാണ് ഏഴു ദിവസം നീളുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം. പതിനായിരം പേര്‍ക്കിടയില്‍ നിന്ന് തനിക്ക് മൊബൈല്‍ ഫോണ്‍കിട്ടണം എന്ന് കരുതി പത്തോളം കൂപ്പണ്‍ തല്ലുകൂടി സംഘടിപ്പിച്ച് പൂരിപ്പിച്ചിടുന്ന മലയാളിയുടെ പ്രബുദ്ധത എങ്ങോട്ടേക്കാണ് പോകുന്നത്…!

ചാനല്‍ ഉത്സവവും നറുക്കെടുപ്പും കഴിഞ്ഞിറങ്ങുമ്പോഴാണ് പാലക്കാട് നിന്ന് നൃത്ത ഇനത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയുടെ രക്ഷിതാവിനെ കണ്ടത്. തലേന്ന് രാവിലെ മേക്കപ്പിട്ടിരുന്ന കുട്ടിയുടെ മത്സരം തീര്‍ന്നത് പിറ്റേന്ന് പുലര്‍ച്ചെ ആറിന്. റിസല്‍ട്ട് വന്നപ്പോല്‍ കുട്ടിക്ക് വെറും എഗ്രേഡ് മാത്രമാണ്. പക്ഷെ ഏതോ ഒരു ചാനല്‍കാരന്‍ അവന്റെ ചാനലിന്റെ റേറ്റ് കുറഞ്ഞിട്ടുണ്ടെന്ന മുതലാളിയുടെ തെറി സഹിക്കവയ്യാതെ ആ കുട്ടിക്കാണ് ഒന്നാംസ്ഥാനവും എ ഗ്രേഡുമെന്ന് സ്വയം തീര്‍പ്പാക്കി. ഉടന്‍തന്നെ ഉറക്കമൊഴിഞ്ഞ് നൃത്തമാടിയതിനാല്‍ കുഴഞ്ഞ് വീഴാറായ കുട്ടിയെ അവന്‍ പൊക്കിയെടുത്തു. അങ്ങനെ അവന്റെ സ്റ്റാളില്‍ അദ്യ നൃത്തം. ഇറങ്ങുമ്പഴേക്കും അടുത്തവന്‍ വലിച്ചു. അങ്ങനെയെങ്ങനെ പത്താം ചാനലില്‍ നൃത്തം കളിച്ചുകൊണ്ടിരിക്കേ ആ കുട്ടിയുടെ ബോധം പോയി. ഇതെഴുതുമ്പോള്‍ അവള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്. പറഞ്ഞുതീരുമ്പോള്‍ ആ രക്ഷിതാവ് രോഷാകുലനായി ഇത്രയും കൂടി പ്രതികരിച്ചു. ഈ ചാനല്‍പ്പടയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുക്കണം…!

കലോത്സവം അതിന്റെ ശരിയായ അര്‍ഥത്തില്‍ നടക്കുകയാണെങ്കില്‍ മത്സരിക്കാന്‍ വരേണ്ടത് പതിനാല് ജില്ലകളില്‍ നിന്ന് പതിനാല് പേരാണ്. പക്ഷെ അപ്പീല്‍ ആറാട്ടുവഴി ഇത്തവണ ഭരതനാട്യത്തില്‍ മാത്രം വന്നത് 35പേര്‍. മൊത്തം മത്സരാര്‍ഥികള്‍ 49. ഹയര്‍സെക്കണ്ടറി നാടകോത്സവത്തിലും ഇതുതന്നെ അവസ്ഥ. ഇങ്ങനെ രണ്ടു ദിവസം വരെ നീണ്ടുപോകുന്ന മത്സരത്തിനിടെയാണ് ചാനലുകളുടെ സമാന്തര മത്സരവും അരങ്ങേറുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ പോയില്ലെങ്കില്‍ അവര്‍ എന്തോവലിയ അപരാധം ചെയ്തു കളയുമെന്ന് പേടിച്ച് കുഞ്ഞിനെ തള്ളിവിടുന്ന രക്ഷിതാക്കളേയും അവരുടെ കുഞ്ഞുങ്ങളേയും രക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ അടുത്തവര്‍ഷമെങ്കിലും തീരുമാനമാവുന്നില്ലെങ്കില്‍ ഈ മേളയുടെ പേരെങ്കിലും മാറ്റാന്‍ ബഹുമാനപ്പെട്ട സര്‍ക്കാര്‍ തയ്യാറാവണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍