UPDATES

കാശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ സ്കൂളുകള്‍ കത്തുന്നു; ഇതുവരെ കത്തിച്ചാമ്പലായത് 20 സ്കൂളുകള്‍

കാശ്മീരില്‍ വീണ്ടും ദുരൂഹ സാഹചര്യത്തില്‍ സ്കൂളുകള്‍ കത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  മൂന്ന് സ്‌കൂളുകള്‍ കൂടി കത്തി ചാമ്പലായതോടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ താഴ്‌വരയില്‍ കത്തി നശിച്ച സ്‌കൂളുകളുടെ എണ്ണം പത്തൊമ്പതായി. അടുത്ത മാസം വാര്‍ഷിക പരീക്ഷ നടക്കാനിരിക്കെയാണ് സ്കൂളുകള്‍ കത്തിക്കുന്നത്.

കവൂസയിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, അരിപന്തനിലെ മാഗം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, വാട്ടൂവിലെ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍, ബഗമിലെ സര്‍ക്കാര്‍ ഹയ്യര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കത്തി നശിച്ചത്. 5,000 ത്തിലധികം കുട്ടികളുടെ പഠനമാണ് ഇതോടെ മുടങ്ങിയിരിക്കുന്നത്. കൂടാതെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ നൂര്‍ബാഗ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളും അഗ്നിക്കിരയായതായി വാര്‍ത്തയുണ്ട്. അനന്തനാഗ് ജില്ലയിലെ സര്‍ക്കാര്‍ ഹയ്യര്‍ സെക്കന്‍ഡറി സ്‌കൂളിന് തീവെയ്ക്കാന്‍ ശ്രമം നടന്നതായും  അധികൃതര്‍ പറയുന്നു.

കത്തിനശിച്ച സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അതുവരെ കുട്ടികള്‍ ദുരിതത്തിലാകുമെന്നുമാണ് കുല്‍ഗം ജില്ലയിലെ ബുഗമില്‍ നിന്നുള്ള ടീച്ചര്‍ പറയുന്നത്. വിദ്യാലയങ്ങളില്‍ നിന്നും പാവപ്പെട്ട കുട്ടികളെ അകറ്റുകയാണ് സ്‌കൂളുകള്‍ അഗ്നിക്കിരയാക്കുന്നവരുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ കത്തി ചാമ്പലാകുന്ന സ്‌കൂളുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ കശ്മീര്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ജൂലൈ മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. മാത്രമല്ല ഇപ്പോള്‍ താഴ്‌വരയിലെ പല സ്‌കൂളുകളും സി ആര്‍ പി എഫ് ജവാന്‍മാരുടെ താല്‍ക്കാലിക ക്യാമ്പുകളാണ്. ശ്രീനഗറില്‍ മാത്രം ഏഴ് സ്‌കൂളുകളില്‍ 14 കമ്പനി അര്‍ധസൈനികര്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് കശ്മീര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമ്പിനായി മറ്റൊരിടം സജ്ജമാക്കാന്‍ സി ആര്‍ പി എഫ് സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുംസ്‌കൂളുകള്‍ താല്‍ക്കാലിക ക്യാമ്പ് മാത്രമാണെന്നും സി ആര്‍ പി എഫ് വക്താക്കള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും  സ്‌കൂളിന്റെ പ്രവര്‍ത്തനം എന്ന് പുനരാരംഭിക്കുമെന്ന ചോദ്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ ഉത്തരമില്ല.

സ്‌കൂളുകള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലുംസംഭവങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനോ സ്‌കൂളുകള്‍ കത്തിക്കുന്നത് തടയാനോ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്കൂളുകള്‍ കത്തിക്കുന്നതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്ത് വന്നിട്ടുമില്ല. സ്‌കൂളുകള്‍ കത്തി നശിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

സ്കൂളുകള്‍  കത്തിക്കുന്നത് മൂലം നഷ്ടം സ്‌കൂളിന് മാത്രമല്ലെന്നും മൊത്തം സമൂഹത്തിന്റെ തന്നെ വലിയ നഷ്ടമാണതെന്നും കാശ്മീര്‍ വിദ്യാഭ്യാസ മന്ത്രി നയീം അക്തര്‍ പറഞ്ഞു. കുറച്ചു മാസമായി കശ്മീര്‍ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതില്‍ എല്ലാവര്‍ക്കും വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍