UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രയാന്‍-2: ലക്ഷ്യമിട്ടത് സോഫ്റ്റ് ലാന്‍ഡിംഗിന്, ബ്രേക്കിംഗ് സംവിധാനത്തിലുണ്ടായ പാളിച്ച കാരണം വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയെന്ന് സംശയം

ഓര്‍ബിറ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി

ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ചന്ദ്രയാന്‍-2 ലക്ഷ്യമിട്ടിരുന്നത് സോഫ്റ്റ് ലാന്‍ഡിംഗ് ആയിരുന്നുവെന്നും പക്ഷേ ബ്രേക്കിംഗ് സംവിധാനത്തിലുണ്ടായ പാളിച്ച കാരണം വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതകാമെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാര്‍ കെ ശിവന്‍ പിടിഐയോട് പറഞ്ഞത്. വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീവ്രശ്രമം തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് വെറും 2.1 കിലോമീറ്റര്‍ അകലെവച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ബംഗളൂരുവിലെ ഐഎസ്ആര്‍ഒ നിയന്ത്രണകേന്ദ്രമായ ഇസ്ട്രാക്കിന് നഷ്ടമായത്. ലാന്‍ഡറിന്റെ പ്രവേഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവന്ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്.

ലാന്‍ഡര്‍ തീരുമാനിക്കപ്പെട്ട പ്രവേഗത്തിലല്ലാത്തെ ഇറങ്ങി അതിന്റെ നാല് കാലുകളില്‍ ചന്ദ്രോപരിതലം തൊടാതെ വശം മാറി ഇടിച്ചിറങ്ങിയെന്നാണ് കരുതുന്നത്. ഇടിച്ചിറങ്ങിയ ലാന്‍ഡറിന് കേടുപാടുകള്‍ പറ്റാനുള്ള സാധ്യതയുമുണ്ട്. ഹാര്‍ഡ് ലാന്‍ഡിംഗില്‍ ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് ‘അത് നമുക്ക് ഇപ്പോഴും അറിയില്ലെ’ന്നാണ് കെ ശിവന്‍ പറഞ്ഞത്.

ഓര്‍ബിറ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിക്രം ലാന്‍ഡറിലെ റോവര്‍ പ്രഗ്യാന്റെയും ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന് എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓര്‍ബിറ്റില്‍ത്തന്നെയാണ് ഓര്‍ബിറ്റര്‍ സഞ്ചരിക്കുന്നത്.

ഇപ്പോള്‍ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്ന മറ്റേത് ചന്ദ്രദൗത്യത്തേക്കാള്‍ മികച്ച ക്യാമറയാണ് (0.3m) നമ്മുടെ ഓര്‍ബിറ്ററിനുള്ളത്. ഈ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ ശാസ്ത്രലോകത്തിന് ഏറെ ഗുണകരമാകും. മികച്ച ചിത്രങ്ങളിലൂടെ ചന്ദ്രോപരിതലത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമാകും.

ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെയാണ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും എല്ലാ ഭ്രമണത്തിലും ഓര്‍ബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം പരമാവധി മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെയുള്ള ഓര്‍ബിറ്ററിന്റെ ഭ്രമണം.

വേണമെങ്കില്‍ ഓര്‍ബിറ്ററിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥത്തില്‍ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധിയെ ബാധിക്കുമെന്നതിനാല്‍ ഐഎസ്ആര്‍ഒ തല്‍ക്കാലം ഇതിന് മുതിരില്ല. ഒരു വര്‍ഷം ചന്ദ്രനെ ഓര്‍ബിറ്റര്‍ വലംവയ്ക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഏഴ് വര്‍ഷം വരെ ഓര്‍ബിറ്ററിന് ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒ തന്നെ പറയുന്നത്.

അടുത്ത 14 ദിവസത്തേക്ക് കൂടി വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമം തുടരുമെന്നായിരുന്നു കെ ശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സമയം വൈകുംതോറും അത്തരമൊരു ആശയവിനിമയത്തിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വിക്രമിന് ഇപ്പോഴും ഊര്‍ജം ഉത്പാദിപ്പിക്കാനാകുമെന്നും അതിനാല്‍ തന്നെ വിക്രം പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നും പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.

Read: സ്വവര്‍ഗ ചുംബനം ചിത്രീകരിച്ച ഗ്രാഫിക് നോവല്‍ സുവിശേഷകനായ റിയോ മേയര്‍ക്ക് നിരോധിക്കണം; ചിത്രം പ്രസിദ്ധീകരിച്ച് ബ്രസീല്‍ പത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍