വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള രണ്ടോ അതിലധികമോ ‘വ്യക്തികളുടെ’ കോശങ്ങളില്‍നിന്നും വരുന്ന ജീവികളാണ് ചിമേര.
മനുഷ്യ കോശങ്ങള്‍ അടങ്ങിയ കുരങ്ങുകളുടെ ഭ്രൂണം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. മനുഷ്യ-മൃഗ കിമേറകള്‍ സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളുടെ നൈതികമായ വശങ്ങളും അതോടൊപ്പം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള രണ്ടോ അതിലധികമോ ‘വ്യക്തികളുടെ’ കോശങ്ങളില്‍നിന്നും വരുന്ന ജീവികളാണ് കിമേറ. സിംഹത്തിന്റെ തലയും ആടിന്റെ ശരീരവും സര്‍പ്പത്തിന്റെ വാലുള്ള അഗ്‌നി ശ്വസിക്കുന്ന ഒരു രാക്ഷസ രൂപത്തെകുറിച്ച് ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. അവയെ കിമേറയെന്നാണ് വിളിക്കുന്നത്.
അവയവമാറ്റം നടത്താന്‍ പാകത്തില്‍ അവയവങ്ങള്‍ ലഭ്യമാവാത്ത, ലഭ്യമായ അവയവങ്ങള്‍ മറ്റുള്ളവരില്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥക്ക് ഏറ്റവും വലിയ പരിഹാരമായാണ് കിമേറകള്‍ കണക്കാക്കപ്പെടുന്നത്. അവയവം ആവശ്യമുള്ള മനുഷ്യന്റെ ജനിതകവുമായി പൊരുത്തപ്പെടുന്ന അവയവങ്ങള്‍ ഒരു ദിവസം മൃഗങ്ങളില്‍ വളര്‍ത്തിയെടുക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനില്‍ നിന്ന് കോശങ്ങള്‍ എടുത്ത് അവയെ സ്റ്റെം സെല്ലുകളായി പുനര്‍നിര്‍മ്മിക്കും. പിന്നീട് അവ മറ്റൊരു ജീവിവര്‍ഗ്ഗത്തിന്റെ ഭ്രൂണത്തില്‍ നിക്ഷേപിക്കും. അങ്ങനെയാണ് ചിമേരകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
സ്പാനിഷ് ദിനപത്രമായ ‘എല്‍ പയസില്‍’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. യുഎസിലെ സാല്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പ്രൊഫസര്‍ ജുവാന്‍ കാര്‍ലോസ് ഇസ്പിസിയ ബെല്‍മോണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മനുഷ്യ-മൃഗ കിമേറകള്‍ നിര്‍മ്മിച്ചതായി അവകാശപ്പെടുന്നു. ‘നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍’ ചൈനയിലാണ് ഗവേഷണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യ കോശങ്ങള്‍ അടങ്ങിയ പന്നി ഭ്രൂണങ്ങളും ആടുകളുടെ ഭ്രൂണങ്ങളും ഉത്പാദിപ്പിക്കാന്‍ ഇസ്പിസിയ ബെല്‍മോണ്ടും മറ്റ് ശാസ്ത്രജ്ഞരും നേരത്തേ ശ്രമിച്ചിരുന്നു. എന്നാല്‍ അവയില്‍ പതിനായിരത്തില്‍ ഒരു സെല്‍ മാത്രമേ മനുഷ്യന്റെതായി സൃഷ്ടിക്കാന്‍ കഴിഞ്ഞുള്ളൂ. പന്നികളിലെയും ആടുകളിലെയും ഉള്ളിലെ അവയവങ്ങള്‍ മനുഷ്യരുടേതിനു സമാനാമായ വലുപ്പത്തിലാണ് എന്നതാണ് അവയില്‍ നിന്നും കിമേറകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ പ്രധാന കാരണം. പുതിയ പഠനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഇസ്പിസിയ ബെല്‍മോണ്ടും സഹപ്രവര്‍ത്തകരും ഇതുവരെ വാര്‍ത്തകളോടും ചോദ്യങ്ങളോടും പ്രതികരിച്ചിട്ടുമില്ല.
Read More : ആകാശഗംഗ പരന്ന ഡിസ്‌ക് രൂപത്തിലല്ല; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍