UPDATES

സയന്‍സ്/ടെക്നോളജി

രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നതും മൗലീകാവകാശങ്ങളുടെ ലംഘനം?

2017-ല്‍ മാത്രം ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ 47 തവണയാണ് ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചത്

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും എന്ന് കരുതി ഇന്റര്‍നെറ്റ് ബന്ധവും മറ്റും മുന്‍കൂട്ടി വിച്ഛേദിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സ്‌ക്രോള്‍.ഇന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയം ഓഗ്‌സ്റ്റ് ഏഴിന് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ടെലിക്കോം സേവനങ്ങളെ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തലത്തിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ടെലികോം ബന്ധങ്ങള്‍ വിച്ഛേദിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ ആഭ്യന്ത്ര സെക്രട്ടറിയല്ല ഉത്തരവ് പുറപ്പെടുവിക്കുന്നതെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ നിരോധനം പുനഃപരിശോധിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ചേദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് സാധൂകരണം നല്‍കാനാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

2017-ല്‍ മാത്രം ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ 47 തവണയാണ് ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചതെന്ന് സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയുക്തത ആപേക്ഷികമാണെന്നതോ അതിന്റെ ബന്ധം വിച്ഛേദിക്കുന്നത് മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നോ കണക്കിലെടുക്കാതെയാണ് സര്‍ക്കാരുകള്‍ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനെന്ന പേരില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരുകളുടെ അധികാരത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ബന്ധം വിച്ഛേദിക്കാന്‍ ജില്ല കളക്ടര്‍ക്ക് അത് അധികാരം നല്‍കുന്നില്ല. മാത്രമല്ല ആഭ്യന്ത്ര സെക്രട്ടറിയല്ല ഉത്തരവ് പുറപ്പെടുവിക്കുന്നതെങ്കില്‍ 24 മണിക്കൂറിനകം അത് പുനഃപരിശോധിക്കണമെന്നും പറയുന്നു. എന്നാല്‍ പൗരാവകാശങ്ങളില്‍ കൈയിടാനുള്ള സര്‍ക്കാരിനെ അനുവദിക്കുന്നതരത്തിലുള്ള നയലംഘനങ്ങളെ തടയാനുള്ള കൂടുതല്‍ കര്‍ക്കശമായ ചട്ടക്കൂടുകള്‍ ആവശയമാണ്. ടെലിഗ്രാഫ് ചട്ട പ്രകാരം വലിയ രീതിയില്‍ ടെലിക്കോം സേവനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചു.

പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത് ആവശ്യത്തിന് പൊതുസംവാദങ്ങള്‍ നടത്താതെയും വിദഗ്ധരുമായി കൂടിയാലോചിക്കാതെയുമാണ്. ബന്ധം വിച്ഛേദിക്കുന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കണം എന്ന് പറയുമ്പോഴും ഏത് സാഹചര്യത്തിലാണ് നിരോധനം നടപ്പിലാ്കകുന്നതെന്നതിനെ കുറിച്ചുള്ള ഒരു വ്യക്തതയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇല്ല. ഇന്ത്യയില്‍ ഡിജിറ്റല്‍വല്‍ക്കരണ പ്രക്രിയ അനുസ്യൂതം പുരോഗമിക്കുകയാണ്. നോട്ട് നിരോധനം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ പരമാവധി സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കാനും ശ്രമിക്കുന്നു. എന്നിട്ടും തോന്നിയത് പോലെ അധികാരകള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കാനുള്ള അധികാരം ലഭിക്കുമ്പോള്‍, രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരണ പ്രക്രിയ തന്നെ ചോദ്യം ചെയ്യപ്പെടും. അടിയന്തിരഘട്ടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും, സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുന്നിലുള്ള ആദ്യ സാധ്യതയായി ബന്ധവിച്ഛേദനം മാറിക്കൂടാ.

ക്രമസമാധാനനില പരിപാലിക്കുന്നതില്‍ അധികാരികള്‍ പൂര്‍ണമായും പരാജയപ്പെടുന്ന ഒരു ഘട്ടത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനെ കുറിച്ച് സര്‍ക്കാരുകള്‍ ചിന്തിക്കാവൂ. മാത്രമല്ല, നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് മറ്റ് മാധ്യമങ്ങളിലൂടെ നടപടിക്ക് ആവശ്യമായ പ്രചാരം നല്‍കുകയും വേണം. ഭാവിയില്‍ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ക്ക് അവസരം ലഭിക്കുന്ന രീതിയില്‍ വേണം ഇത്തരം പരസ്യപ്പെടുത്തല്‍. അതുപോലെ തന്നെ ഇത്തരം നയങ്ങള്‍ മതിയായ പൊതുജനസംവാദങ്ങള്‍ ഇല്ലാതെ പുറപ്പെടുവിക്കാനും പാടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍