UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്കിനെ കുറിച്ച് സുക്കര്‍ബര്‍ഗ്ഗിനുള്ള അറിവ് പരിമിതമാണെന്ന് എലോണ്‍ മുസ്‌ക്

കൃത്രിമ ബൗദ്ധീകത സംബന്ധിച്ച് ടെക്ക് ശതകോടീശ്വരന്മാരായ എലോണ്‍ മുസ്‌കും മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗും തമ്മില്‍ വീണ്ടും വാക്‌പോര്

കൃത്രിമ ബൗദ്ധീകത (artificial intelligence) സംബന്ധിച്ച് ടെക്ക് ശതകോടീശ്വരന്മാരായ എലോണ്‍ മുസ്‌കും മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗും തമ്മില്‍ വീണ്ടും വാക്‌പോര്. വിഷയത്തില്‍ ഫേസ്ബുക്ക് സിഇഒയ്ക്കുള്ള ജ്ഞാനം പരിമിതമാണെന്ന് മുസ്‌ക് തുറന്നടിച്ചു. കൃത്രിമ ബൗദ്ധീകതയ്ക്ക് കൂടുതല്‍ കാര്യക്ഷമമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്ന് വാദിച്ചുകൊണ്ട് ടെസ്ലയുടെയും സ്‌പേസ്എക്‌സിന്റെയും സിഇഒ ആയ മുസ്‌ക് തന്നെയാണ് സംവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മാനവസംസ്‌കാരത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാന വെല്ലുവിളിയാവാന്‍ കൃത്രിമ ബൗദ്ധീകതയ്ക്ക് സാധിച്ചേക്കും എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

സാധ്യമായ അപകടങ്ങള്‍ ഒട്ടും ഭാവനാത്മകമല്ലെന്നും അതിനാല്‍ തന്നെ കൃത്രിമ ബൗദ്ധീകതയെ നിയന്ത്രിക്കുന്നതിന് മുന്നോട്ട് വരണമെന്നും യുഎസ് ഗവര്‍ണര്‍മാരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഈ മാസം മുസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. ചില മുന്നറിയിപ്പുകള്‍ താന്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ റോബോട്ടുകള്‍ തെരുവിലിറങ്ങി ജനങ്ങളെ കൊല്ലുന്നതുവരെ ജനങ്ങള്‍ പ്രതികരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൃത്രിമ ബൗദ്ധീകതയ്ക്ക് മുന്നില്‍ മനുഷ്യര്‍ രണ്ടാം തരം പൗരന്മാരായി തീരുമെന്ന തന്റെ ആശങ്ക മുസ്‌ക് കുറെക്കാലമായി പങ്കുവെക്കുന്നതാണ്. ഒരു ടെര്‍മിനേറ്റര്‍ സറ്റൈലിലുള്ള റോബോട്ടുകളുടെ ഉയിര്‍പ്പായിരിക്കും അതെന്നാണ് അദ്ദേഹത്തിന്റെ ഭയം.

എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ നിരുത്തരവാദപരമാണ് എന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. ഫേസ്ബുക്ക് ലൈവ് പ്രക്ഷേപണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാലോ അള്‍ട്ടോയിലുള്ള തന്റെ വീട്ടില്‍ നിന്നും ഉത്തരം നല്‍കുമ്പോഴായിരുന്നു സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. കൃത്രിമ ബൗദ്ധീകതയെ കുറിച്ചുള്ള മുസ്‌കിന്റെ ആശങ്കകളെ കുറിച്ചുള്ള ചോദ്യത്തിന് ഇത്തരം കാര്യങ്ങളില്‍ തനിക്ക് വളരെ ശക്തമായ അഭിപ്രായമുണ്ടെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. തനിക്കിക്കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളത്. ഇതിനെ എതിര്‍ക്കുന്നവര്‍ അനാവശ്യ ഭീതിപരത്തുകയാണെന്നും അത് നിരുത്തരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ പിറ്റെ ദിവസമാണ് താന്‍ മാര്‍ക്കുമായി വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും വിഷയത്തില്‍ സുക്കര്‍ബര്‍ഗിനുള്ള ധാരണ വളരെ പരിമിതമാണെന്നും മുസ്‌ക് ട്വീറ്റ് ചെയ്തത്. ഇരുവരും തമ്മില്‍ വാക്‌പോരാട്ടത്തില്‍ ഏര്‍പ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സെപ്റ്റംബര്‍, ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് പ്രൊജക്ടിനായി ആഫ്രിക്കയില്‍ ഉപയോഗിക്കുന്നതിനായി ഒരു ഇന്റര്‍നെറ്റ്-ബിമിംഗ് സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാന്‍ സ്‌പേസ്എക്‌സ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റ് പൊട്ടിത്തെറിക്കുകയും റോക്കറ്റും അത് കൊണ്ടുപോയ സാധനങ്ങളും നശിക്കുകയുമായിരുന്നു. ആഫ്രിക്കയുടെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം ഉറപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു അമോസ്-ആറ് ഉപഗ്രഹം.

നിരവധി സ്ഥാപനങ്ങള്‍ക്കും ഭൂഖണ്ഡത്തിലാകെ തന്നെയും ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് തങ്ങള്‍ വികസിപ്പിച്ച ഉപഗ്രഹം സ്‌പേസ്എക്‌സ് പേടകത്തില്‍ വച്ച് നശിച്ചതില്‍ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ പരസ്യമായി നിരാശ പ്രകടിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍