UPDATES

സയന്‍സ്/ടെക്നോളജി

അന്യഗ്രഹ ജീവികളെ തേടി നാസ യൂറോപ്പയിലേക്ക്

ക്ലിപ്പര്‍ 2025 ല്‍ വിക്ഷേപണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കുള്ള പര്യവേക്ഷണത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പിന് അനുമതി ലഭിച്ചതായി നാസ. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഏറ്റവുമധികം സാധ്യതയുള്ളത് യൂറോപ്പയിലാണ്. പൂര്‍ണമായും മഞ്ഞുമൂടി കിടക്കുകയാണ് വ്യാഴത്തിന്റെ ഈ ഉപഗ്രഹം. ഏകദേശം 15 മൈല്‍ കനത്തില്‍ മഞ്ഞുപാളികളുണ്ടെന്നാണു നിഗമനം. ഇതിനു താഴെ പതിനായിരക്കണക്കിന് മൈല്‍ ആഴമുള്ള സമുദ്രസാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അവിടെയാണ് രഹസ്യങ്ങള്‍ ഒളിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ യൂറോപ്പയിലേക്ക് മാത്രമായി നാസ വിക്ഷേപിക്കുന്ന സവിശേഷ ഓര്‍ബിറ്റര്‍ ദൗത്യമാണ് ‘യൂറോപ്പ ക്ലിപ്പര്‍’.

കൂറ്റന്‍ മഞ്ഞുപാളികള്‍ക്കടിയില്‍ ജീവനുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്. അതിനാവശ്യമായ വെള്ളം, കെമിക്കലുകള്‍, ഊര്‍ജ്ജം തുടങ്ങിയവയെല്ലാം അവിടെയുണ്ട്. യൂറോപ്പയിലെ ഗുരുത്വാകര്‍ഷണ തള്ളിച്ചയുടെ ഭാഗമായി റ്റൈഡല്‍ ഹീറ്റിംഗ് ഉണ്ടാകും. അതാണ് ഊര്‍ജ്ജം ഉല്‍പ്പാതിപ്പിക്കുന്നതും രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നതും.

വ്യാഴത്തിന്റെ റേഡിയേഷന്‍ ബെല്‍റ്റ് കാരണം പേടകത്തിന് യൂറോപ്പയെ പരിക്രമണം ചെയ്യാന്‍ പ്രയാസമാണ്. പകരം പേടകത്തെ നിരവധിതവണ അതിന്റെ അടുത്തുകൂടി പറപ്പിക്കാനാണ് നാസയുടെ പദ്ധതി. യൂറോപ്പയുടെ ഉപരിതല തടാകങ്ങള്‍ കണ്ടെത്തുകയും മഞ്ഞുമൂടിയ പുറംതോടിന്റെ കനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയുമാണ് ക്ലിപ്പറിന്റെ പ്രധാന ദൗത്യം. നാസയുടെ ഗലീലിയോ ബഹിരാകാശ പേടകവും ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയും മുമ്പ് കണ്ടെത്തിയ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ബഹിരാകാശ പേടകത്തിന്റെ അന്തിമ രൂപകല്‍പ്പന, നിര്‍മ്മാണം, അതില്‍ ഘടിപ്പിക്കേണ്ട ഉപകരണങ്ങള്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ‘തീരുമാനം ഞങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്’ എന്ന് നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ പറഞ്ഞു. ക്ലിപ്പര്‍ 2025 ല്‍ വിക്ഷേപണം നടത്താനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍തന്നെ പേടകം സജ്ജമാകും. ഇത് യൂറോപ്പയിലേക്കുള്ള ആദ്യ ദൗത്യമാകില്ല. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ‘ജൂപ്പിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്‌പ്ലോറര്‍’ അഥവാ ‘ജ്യൂസ്’ 2022 ല്‍ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. യൂറോപ്പയുള്‍പ്പെടെയുള്ള വ്യാഴത്തിന്റെ മൂന്ന് ഉപഗ്രഹങ്ങള്‍ ചുറ്റി സഞ്ചരിക്കുന്ന തരത്തിലാണ് ജ്യൂസ് പര്യവേക്ഷണം ക്രമീകരിച്ചിരിക്കുന്നത്.

Read More :ഇനി വൈകിയാല്‍ കേരളം തകരും; സോയില്‍ പൈപ്പിങ് മണ്ണിടിച്ചില്‍ മാത്രമല്ല, കടുത്ത വരള്‍ച്ചയും സൃഷ്ടിക്കും; ഭീഷണി കൂടുതല്‍ വടക്കന്‍ ജില്ലകളിലെന്ന് ഭൌമ ശാസ്ത്രജ്ഞര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍