UPDATES

സയന്‍സ്/ടെക്നോളജി

ആളൊരു നിഗൂഢ ജീവിയാണ്; കേരളത്തിന്റെ ഔദ്യോഗിക തവളയാകാന്‍ തയ്യാറെടുക്കുന്ന പാതാള തവളയെ പരിചയപ്പെടാം

പാതാള തവളയെ ഔദ്യോഗിക തവളയാക്കുന്നതിലൂടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണമാണ് ലക്ഷ്യമാക്കുന്നത്.

കേരളത്തിന് ഒരു ഔദ്യോഗിക തവളയുണ്ടാവുകയാണെങ്കില്‍ ഇന്ത്യയിലെ ഔദ്യോഗിക തവളയുള്ള ഏക സംസ്ഥാനമാകും കേരളം. അതിനുള്ള ശ്രമങ്ങള്‍ കേരള വന ഗവേഷണകേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ സന്ദീപ് ദാസ് നടത്തിക്കൊണ്ടിരിക്കയാണ്. കേരളത്തിന് ഒരു ഔദ്യോഗിക തവള എന്നൊരാശയം വന്നതിനു പിന്നിലും അതിനായി പര്‍പ്പിള്‍ ഫ്രോഗിനെ തന്നെ തിരഞ്ഞെടുത്തതിനു പിന്നിലും ഒരു കാരണമുണ്ട്.

സ്വഭാവം കൊണ്ടും പ്രത്യേകത കൊണ്ടും ലോക ഉഭയജീവി ഭൂപടത്തില്‍ ഇന്ത്യയ്ക്ക്, കേരളത്തിന്, മികച്ച ഒരു സ്ഥാനം കൊടുക്കുന്നതില്‍ വലിയ ഒരു പങ്കു വഹിച്ച തവളയാണ് പാതാള തവള. പര്‍പ്പിള്‍ ഫ്രോഗ് എന്നു വിളിക്കുന്ന ഈ തവളയുടെ ശാസ്ത്രീയ നാമം നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ് (Nasikabatrachus sahyadrensis)എന്നാണ്.  ഇതുകൂടാതെ പന്നിമൂക്കന്‍ തവള, പാതാള തവള, മാവേലി തവള, പതാള്‍, കുറവന്‍, കുറത്തി, കൊട്ട്രാന്‍, പതയാള്‍, പാറമീന്‍ എന്നീ പേരുകളും ഇവയ്ക്കുണ്ട്. കാലാകാലങ്ങളായി ഈ മാവേലി തവള ഇവിടെയുണ്ടായിരുന്നെങ്കിലും 2003 ലാണ് ഇത് ശാസ്ത്രലോകത്തിനു മുന്നില്‍ വരുന്നത്, മലയാളിയായ ഡോ ബിജുവിലൂടെ.

മാവേലി തവളയുടെ പ്രത്യേകതകള്‍

പേരില്‍ സൂചിപ്പിക്കുന്ന മാവേലി വെറുതെ കിട്ടിയതല്ല ഈ തവളയ്ക്ക്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ ഇത് പുറത്ത് വരികയള്ളൂ. അതും പ്രജനനത്തിനായി മാത്രം. ബാക്കിയുള്ള ജീവിതം മുഴുവന്‍ മണ്ണിനടിയിലാണ്. വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്കും കൈ കാലുകളില്‍ കാണുന്ന മണ്‍വെട്ടി പോലുള്ള തടിപ്പുമാണ് മണ്ണിനടിയിലേക്ക് കുഴിച്ചു പോകാന്‍ ഇതിനെ സഹായിക്കുന്നത്. പ്രജനന കാലമാകുമ്പോള്‍ ആണ്‍ തവളകള്‍ കരഞ്ഞ് ശബ്ദമുണ്ടാക്കുകയും ഇതു കേള്‍ക്കുന്ന പെണ്‍ തവളകള്‍ ഇണയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇണയെ തിരഞ്ഞെടുക്കുന്നത് പെണ്‍ തവളകളാണ്. തുടര്‍ന്ന്  ഇണചേര്‍ന്നതിനുശേഷം ആണ്‍ തവളയെ പുറത്തു കയറ്റി പെണ്‍ തവള മുട്ടയിടാനായി മുകളിലേക്കു വരുന്നു.

പെണ്‍ തവളകളില്‍ നാലായിരത്തോളം മുട്ടകള്‍ വരെ കണ്ടിട്ടുണ്ട്. ആണ്‍ തവളയെ ചുമന്നു വരുന്ന പെണ്‍ തവള അരുവിയിലെ പൊത്തുകളിലും വിടവുകളിലും കയറിയതിനു ശേഷം മുട്ടയിടല്‍ ആരംഭിക്കും. മുഴുവന്‍ മുട്ടകളും ഇട്ടതിനു ശേഷം, ഇവ രണ്ടും വെവ്വേറെ ആയും രണ്ട് പേരും ഒരുമിച്ചും, തിരിച്ച് മണ്ണിനടിയിലെക്കു മടങ്ങുകയാണ് പതിവ്. ആറോ ഏഴോ ദിവസത്തിനുള്ളില്‍ ഈ മുട്ടകള്‍ വിരിഞ്ഞ്, സക്കര്‍ മീനുകളെ പോലെ, ഒഴുക്കുള്ള വെള്ളത്തില്‍ പറ്റിപിടിച്ചു നില്‍ക്കുവാന്‍ സാധിക്കുന്ന വാല്‍മാക്രികള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ സമയത്തിനുള്ളില്‍ വലിയ മഴ പെയ്താലോ ചൂടുകൂടിയാലോ മുട്ടകള്‍ മുഴുവന്‍ നശിച്ചു പോകും. വിരിഞ്ഞ് ഏഴാമത്തെ ദിവസമാകുമ്പോഴേക്കും കനത്ത മഴയില്‍ വിരിഞ്ഞിറങ്ങിയ വാല്‍മാക്രികള്‍ ഒഴുക്കില്‍ വെള്ളച്ചാട്ടത്തിന്റെ പലയിടങ്ങളിലേക്ക് മാറുകയും അവിടെ നിന്ന് നൂറു നൂറ്റിപത്തു ദിവസങ്ങള്‍ക്കുള്ളില്‍ വാല്‍മാക്രികള്‍ പരിണമിച്ച്‌ തവള കുഞ്ഞുങ്ങളായി മണ്ണിനടിയിലേയ്ക്കു പോകുകയും ചെയ്യുന്നു.

മഴക്കാലത്ത് കുത്തി ഒലിക്കുന്ന, എന്നാല്‍ വേനലില്‍ വറ്റിവരളുന്ന, പാറക്കെട്ടുകള്‍ ഉള്ള അരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാമാണ് ഇവയുടെ ആവാസവ്യവസ്ഥ. ആദ്യ മഴയില്‍ പുനര്‍ജനിക്കുന്ന ഇത്തരത്തിലുള്ള അരുവികളില്‍ പ്രജനനം നടത്തുന്നതിനാല്‍ തന്നെ ജലത്തിലെ മത്സ്യങ്ങള്‍ അടക്കമുള്ള ശത്രുക്കളെ ഇവ ഒഴിവാക്കുന്നു. തുടര്‍ന്ന് വാല്‍മാക്രികള്‍ തവളയായതിനു ശേഷം തിരിച്ച് മണ്ണിനടിയിലേക്കു തന്നെ പോകുന്നു. ചിതലുകളെയും മണ്ണിരകളേയും മണ്ണിലെ മറ്റു ചെറു പ്രാണികളെയും തിന്നുന്നതായി രേഖപെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ മുഖ്യ ആഹാരം എന്താണെന്നതിനെക്കുറിച്ചോ ഇവ ഇര തേടുന്നതെങ്ങനെയാണെന്നതിനെക്കുറിച്ചോ ഇപ്പോഴും ശാസ്ത്ര ലോകത്തിന് വേണ്ടത്ര വ്യക്തത വന്നിട്ടില്ല. എണ്‍പത് മുതല്‍ നൂറ്റി ഇരുപതു ദശലക്ഷം വര്‍ഷം മുന്നേ ഇവ പരിണമിച്ചു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവ്

സൂഗ്ലോസിഡെ എന്ന തവളകളുമായാണ് ഇവയ്ക്ക് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത്. അവ മഡഗാസ്‌ക്കറിന്റെയും ഇന്ത്യയുടെയും ഇടയിലുള്ള ദ്വീപസമൂഹമായ ഷീഷെല്‍സിലാണ് കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡം പണ്ട് ആഫ്രിക്കയുമായി ചേര്‍ന്നിരുന്നതാണെന്നു ഗോഡ്വാന ഹൈപ്പോതിസിസിന്റെ ജീവിച്ചിരിക്കുന്ന തെളിവാണത്. ആഫ്രിക്കയില്‍ നിന്നും അവ എപ്രകാരം ഇന്ത്യയിലേക്കെത്തിയിരിക്കും. പക്ഷികളാണെങ്കല്‍ അവ പറന്നു വരാനുള്ള സാധ്യതയുണ്ട് എന്നാല്‍ കടല്‍ വെള്ളത്തില്‍ ഒരിക്കലും അതിജീവിക്കാന്‍ കഴിയാത്ത തവളകള്‍ ഏത് മാര്‍ഗ്ഗം വന്നിരിക്കും, അതിനുത്തര മന്വോഷിക്കുമ്പോഴാണ് ആഫ്രിക്കയും ഇന്ത്യയും തമ്മിലുണ്ടായിരുന്ന ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടപ്പെടുന്നത്.

മണ്ണിനടിയില്‍ ഇരുന്നു കൊണ്ട് ഭൂമിയില്‍ മഴയുടെ അളവും, അരുവിയിലെ ജലത്തിന്റെ അളവും ഇവ എങ്ങിനെ അളക്കുന്നു എന്നും മുട്ടയിടാന്‍ എല്ലാ അവസരങ്ങളും സജ്ജമായി എന്നും കൃത്യമായി മനസ്സിലാക്കുന്നു എന്നത് ഇന്നും ഒരു അതിശയമാണ്.

കേരളത്തിലും തമിഴ് നാട്ടിലും ആണ് ഇവയെ കാണുന്നത് എങ്കിലും ഇവയില്‍ ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താണുള്ളത് . കേരളത്തില്‍, അഗസ്ത്യമലനിരകള്‍ തുടങ്ങി കണ്ണൂര്‍ വരെ, പാറ കെട്ടുകളും വെള്ള ചാട്ടങ്ങളും ഉള്ള ഇടങ്ങളില്‍, ഇവയെ കണ്ടെത്തിയിട്ടുണ്ട്. പാതാള തവളയുടെ ഒരു ബന്ധുവിനെ തമിഴ് നാട്ടിലെ ശ്രീവല്ലിപുത്തൂര്‍ മേഖലയില്‍ നിന്ന് ഡോ ജനനിയും സംഘവും കണ്ടെത്തിയത് 2017 ലാണ്. ഭൂപതി പാതാള തവള എന്നാണ് അതിനു പേരു നല്‍കിയിരിക്കുന്നത്.

രണ്ടായിരത്തിപന്ത്രണ്ടിലാണ് ഡോ. അനില്‍ സക്കറിയയും നേതൃത്വത്തില്‍ സന്ദീപ് ദാസ് അടങ്ങുന്ന സംഘമാണ് ആദ്യമായി ഇവയുടെ പ്രജനനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. രണ്ടായിരത്തി നാലില്‍ ഡോ സുഷില്‍ ദത്തയും സംഘവും ഇവയുടെ വാല്മാക്രികളെ കുറിച്ച് പഠനം നടത്തിയപ്പോള്‍ വ്യക്തമായത്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ കൂടിയായ അന്നന്‍ഡെയ്ല്‍ (Thomas Nelson Annandale) എന്ന വിദേശ ശാസ്ത്രജ്ഞനും സി.ആര്‍.എന്‍.റാവു (C.R.Narayana Rao) എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനും ഇവയുടെ വാല്മാക്രിയെ കുറിച്ചു പരാമര്‍ശിക്കുകയും മണ്ണിനടിയിലാകാം ഇവയുടെ മുതിര്‍ന്നവരുടെ ജീവിതം എന്നും ഇന്ത്യയിലെ മറ്റു തവളകളില്‍ നിന്ന് വ്യത്യസ്തമാണ് ഇയെന്നും ആഫ്രിക്കന്‍ തവളകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നും നൂറു വര്‍ഷം മുന്നേ കണ്ടെത്തിയിരുന്നു എന്നാണ്.

നേരിടുന്ന ഭീഷണികള്‍

ഐയുസിഎന്‍ ചുവപ്പ് പട്ടികപ്രകാരം വംശനാശം നേരിടുന്ന (Endangered) വിഭാഗത്തില്‍ പെടുന്ന ഇവ നേരിടുന്ന ഭീഷണികള്‍ പല താണ്. ഒരു വിധം എല്ലാ ജീവികളും അഭിമുഖീകരിക്കുന്ന ആവാസവ്യവസ്ഥയുടെ നാശം ഇവയേയും സാരമായി ബാധിക്കുന്നു. നദികളിലെയും അരുവികളിലെയും വലുതും ചെറുതുമായ ഡാമുകള്‍, ടൂറിസം മൂലമുള്ള വേസ്റ്റ് , കൃഷിയിടങ്ങളില്‍ നിന്ന് വരുന്ന രാസവളങ്ങളുടെ അവശിഷ്ടം, പല തരം വിഷമാലിന്യങ്ങള്‍, റോഡുകളിലെ വാഹനഗതാഗതം, തുടങ്ങി നിരവധി ഭീഷണികള്‍ ആണ് ഇപ്പോഴുള്ളത്. നേരത്തെ സൂചിപ്പിച്ച കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ മറ്റൊരു ഭീഷണിയാണ്.

പരിണാമപരമായി പ്രത്യേകത ഉള്ളതും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്നത് കൊണ്ടും (EDGE List, Evolutionarily Distinct and Globally Endangered) ലോകത്തിലെ എണ്ണായിരത്തിലധികം വരുന്ന ഉഭയജീവികളില്‍ മൂന്നാമത് നില്‍ക്കുന്ന പാതാള തവള, ജീവിച്ചിരിക്കുന്ന ഫോസ്സില്‍ എന്ന നിലയിലും മലയാളികളുടെ പ്രിയപ്പെട്ട മഹാബലിയെ പോലെ ജന്തു ലോകത്തെ മഹാബലി എന്ന നിലയിലും, പശ്ചിമഘട്ടത്തില്‍ കേരളത്തിലാണ് ഇവയെ കൂടുതല്‍ ഇടത്ത് കണ്ടിട്ടുള്ളത് എന്നത് കൊണ്ടും , കേരളത്തിന്റെ ഔദ്യോഗിക ഫലം, പക്ഷി, മൃഗം എന്നതൊക്കെ പോലെ തന്നെ, കേരളത്തിന്റെ തവള ആകുവാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് പാതാള തവളയ്ക്ക് തന്നെ.

പാതാള തവളയെ ഔദ്യോഗിക തവളയാക്കുന്നതിലൂടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണമാണ് മുന്നില്‍ കാണുന്നത്. തവളയുടെ സംരക്ഷണത്തിലൂടെ വലിയൊരു വിഭാഗം ജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷണം കൂടിയാണ് നടക്കുന്നത്. അതിനാല്‍ തന്നെ ഔദ്യോഗിക തവള എന്നതിനു പിന്നില്‍ ജീവികളുടെ സംരക്ഷണം എന്ന ഒരു വലിയ ലക്ഷ്യം കൂടിയുണ്ട്.

കേരള ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാര്‍ത്ഥിയായ സന്ദീപ് ദാസുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

ചിത്രങ്ങള്‍ സന്ദീപ് ദാസ്.

Read More : വാട്‌സ്ആപ്പ് ബഗിനെ കണ്ടുപിടിച്ച മലയാളിക്ക് ഫേസ്ബുക്കിന്റെ പാരിതോഷികം

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍