UPDATES

സയന്‍സ്/ടെക്നോളജി

14 ഭൗമദിനങ്ങള്‍ പൂര്‍ത്തിയായി; ഇനി വിക്രം ലാന്‍ഡറില്ല; ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു

പ്രതീക്ഷകള്‍ അവസാനിപ്പിച്ച് ചന്ദ്രയാന്‍ 2

വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ശ്രമം ഉപേക്ഷിച്ച് ഐഎസ്ആര്‍ഒ. ഇതോടെ ചന്ദ്രയാന്‍ 2 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണചരിത്രത്തില്‍ പൂര്‍ത്തീകരിക്കാത്ത ദൗത്യമാകുന്നു. സെപ്റ്റംബര്‍ 21 ന് ചന്ദ്രയാന്‍ രണ്ട് 14 ഭൗമദിനങ്ങള്‍ പൂര്‍ത്തിയാകുന്നു. ചാന്ദ്രപകല്‍ ഇന്നലെ അവസാനിക്കുന്നതിനാല്‍ ഇനിയങ്ങോട്ട് ചന്ദ്രന്റെ ദക്ഷിണഭാഗത്തെ സൂര്യപ്രകാശത്തിന്റെ അളവ് കുറയും. ഈ സാഹചര്യത്തില്‍ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീ ചാര്‍ജ് ചെയ്യാനാവാതെ വരുന്നതാണ് വിക്രം ലാന്‍ഡറും റോവര്‍ പ്രഗ്യാനും വീണ്ടും പ്രവര്‍ത്തനക്ഷമാകാനുള്ള സാധ്യത ഇല്ലാതാക്കുന്നത്.

സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലിറങ്ങാന്‍ നിമിഷങ്ങള്‍ അവശേഷിക്കെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് പകരം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ ലാന്‍ഡര്‍ തകര്‍ന്നിട്ടുണ്ടാവാമെന്ന് ആദ്യം കരുതിയെങ്കിലും ലാന്‍ഡറിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഐഎസ്ആര്‍ഒ പിന്നീട് സ്ഥിരീകരിച്ചു. പിന്നീട് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീവ്രശ്രമം നടത്തിയിരുന്നു. 2024 ല്‍ നടത്താനിരിക്കുന്ന തങ്ങളുടെ ചാന്ദ്രദൗത്യത്തിന് മുതല്‍ക്കൂട്ടാവുന്ന വിവരങ്ങള്‍ ചന്ദ്രയാന്‍ 2 ല്‍ നിന്ന് ലഭ്യമായേക്കുമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന നാസയും ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ നാസയുടെ ലൂണാര്‍ റീകോനസെന്‍സ് ഓര്‍ബിറ്ററില്‍ ലാന്‍ഡറുടെ ചിത്രങ്ങള്‍ പതിയാതിരുന്നത് ലാന്‍ഡറെ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ അസാധ്യമാക്കി.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണം നടത്തുകയും ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുകയുമായിരുന്നു ചന്ദ്രയാന്‍ 2-ന്റെ ദൗത്യം. ചന്ദ്രയാന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും റോവര്‍ പ്രഗ്യാനുമുള്‍പ്പെടെ എല്ലാ ഭാഗങ്ങളും ഇന്ത്യ തദ്ദേശീയമായാണ് വികസിപ്പിച്ചത്.

ഓര്‍ബിറ്റര്‍ അടുത്ത 7 വര്‍ഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും. ചന്ദ്രനില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ നിലവിലെ താപനില മൈനസ് 232 ഡിഗ്രി സെല്‍ഷ്യസ് ആണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ജലസാന്നിധ്യത്തിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ചാന്ദ്ര പര്യവേക്ഷണം ഈ മേഖലയിലാക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്. ജലസാന്നിധ്യം കണ്ടെത്തിയാല്‍ ജീവന്റെ സാധ്യതയെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ചന്ദ്രന്റെ ദക്ഷിണഭാഗത്ത് ലഭ്യമായ സൂര്യപ്രകാശത്തിന്റെ അളവ് താരതമ്യേന കുറവായതാണ് പ്രതികൂലമായത്.

Read More : ശനിയുടെ ചന്ദ്രനിലേക്ക് നാസയുടെ ‘ഡ്രാഗണ്‍ ഫ്ളൈ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍