UPDATES

സയന്‍സ്/ടെക്നോളജി

ഉഷ്ണിക്കുന്ന ഉത്തരധ്രുവം; കാലാവസ്ഥയെന്ന വന്യമൃഗത്തെ കുത്തിനോവിച്ചതിന്റെ ഫലം

മനുഷ്യരുടെ പ്രവൃത്തിമൂലം ചൂടുകൂടുന്ന അവസ്ഥ ആദ്യം പ്രതിഫലിക്കുന്നതിനാല്‍ ഉത്തരധ്രുവം എപ്പോഴും ഒരു മുന്നറിയിപ്പുമണിയായി കണക്കാക്കപ്പെടുന്നു. അതിപ്പോള്‍ വ്യക്തമായ ഒരു മുന്നറിയിപ്പ് നല്കിയിരിക്കുകയാണുതാനും

സൂര്യപ്രകാശം തട്ടാത്ത ശൈത്യകാലത്ത് ഉത്തരധ്രുവത്തെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ടുണ്ടായ ഉഷ്ണതരംഗങ്ങള്‍, യൂറോപ്പില്‍ ഹിമവാതത്തിന് കാരണമായി. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഏറ്റവും അശുഭാപ്തിപ്രവചനങ്ങളെപ്പോലും പുനരാലോചനയക്ക് വിധേയമാക്കാന്‍ ഇത് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.

ഇത് അസാധാരണമായ പ്രതിഭാസമാണെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ശക്തിയേറിയ വാതങ്ങളാല്‍ തണുത്തുറഞ്ഞ ഉത്തരധ്രുവത്തെ ആവരണം ചെയ്തിരുന്ന ധ്രുവച്ചുഴിയെ ആഗോളതാപനം നശിപ്പിക്കുകയാണെന്നതാണ് പ്രാഥമികമായ ആശങ്ക.

ഉത്തരധ്രുവത്തില്‍ മാര്‍ച്ചുവരെ സൂര്യപ്രകാശം ലഭിക്കില്ല. പക്ഷേ, ഉഷ്ണവായുവിന്റെ ഒരു പ്രവാഹം സൈബീരിയയിലെ താപനിലയെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ശരാശരിയേക്കാള്‍ മുകളിലായി ഏതാണ്ട് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തി. 2018ല്‍ ഗ്രീന്‍ലാന്റ് ഫ്രീസിങ് പോയ്ന്റിനേക്കാള്‍ കൂടുതല്‍ ചൂട് 61 മണിക്കൂര്‍ അനുഭവിച്ചു – കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം മൂന്നുമടങ്ങ് കൂടുതലാണിത്.

അനുഭവസമ്പത്തുള്ള നിരീക്ഷകര്‍ ഈ പ്രതിഭാസത്തെ “ഭ്രാന്തം”, “വിചിത്രം”, “ഞെട്ടിപ്പിക്കുന്നത്” എന്നൊക്കെ വിശേഷിപ്പിക്കുന്നു.

“അസാധാരണങ്ങളില്‍ അസാധാരണമാണിത്. ചരിത്രപരമായ പരിധിക്ക് ഏറെ അപ്പുറത്താണിത് എന്നത് ഭീതിജനകമാണ് – കാലാവസ്ഥയെന്ന വന്യമൃഗത്തെ കുത്തിനോവിക്കുന്നത് തുടര്‍ന്നാല്‍ ഇത്തരം വിസ്മയങ്ങള്‍ ഇനിയുമുണ്ടാവും എന്ന സൂചനയാണിത്” പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എര്‍ത്ത് സിസ്റ്റം സയന്‍സ് സെന്ററിന്റെ ഡയറക്ടര്‍ മൈക്കിള്‍ മാന്‍ പറയുന്നു. “മനുഷ്യരുടെ പ്രവൃത്തിമൂലം ചൂടുകൂടുന്ന അവസ്ഥ ആദ്യം പ്രതിഫലിക്കുന്നതിനാല്‍ ഉത്തരധ്രുവം എപ്പോഴും ഒരു മുന്നറിയിപ്പുമണിയായി കണക്കാക്കപ്പെടുന്നു. അതിപ്പോള്‍ വ്യക്തമായ ഒരു മുന്നറിയിപ്പ് നല്കിയിരിക്കുകയാണുതാനും.”

ഭൂരിഭാഗം മാധ്യമങ്ങളുടെയും ഈ ദിവസങ്ങളിലെ ശീര്‍ഷകങ്ങള്‍ യൂറോപ്പിലെ അസാധാരണമായ ശൈത്യകാലാവസ്ഥയെക്കുറിച്ച് പ്രസന്നമായ സ്വരത്തിലാണ് പറയുന്നതെങ്കിലും, ശൈത്യകാലത്തിന്റെ സ്വാഭാവികമായ തിരിച്ചുവരവ് ഉറപ്പുവരുത്തുന്ന ഒന്നല്ല ഇതെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഭൂമിയുടെ വടക്കേ അറ്റത്ത് സംഭവിക്കാന്‍ പോകുന്നതിന്റെ പ്രതിഫലനമാണെന്നു വേണം കരുതാന്‍.

കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വടക്കുവശത്തുള്ള കാലാവസ്ഥാകേന്ദ്രം ഗ്രീന്‍ലാന്റിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേപ് മോറിസ് ജേസപ് ആണ്. ആയിരക്കണക്കിന് മൈലുകള്‍ തെക്കുള്ള ലണ്ടനിലെയും സൂറിച്ചിലെയും താപനിലയേക്കാള്‍ ഉയര്‍ന്ന ചൂട് ഇവിടെ ഈയടുത്ത് ചിലപ്പോഴൊക്കെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രേഖപ്പെടുത്തിയ 6.1C താപനില അടുത്ത കാലത്തെ ഉയര്‍ന്ന ചൂടാണെങ്കിലും ഇതുവരെയില്ലാത്തത്ര ഉയര്‍ന്നതാണെന്ന് പറയാനാവില്ല. പക്ഷേ, 2011ലെയും 2017ലെയും സന്ദര്‍ഭങ്ങളില്‍ താപവര്‍ദ്ധനവ് പ്രാമാണിക ശരാശരിയോട് അടുത്തെത്തി മടങ്ങും മുമ്പ് ഏതാനും മണിക്കൂറുകളാണ് നീണ്ടുനിന്നത്. ഉത്തരധ്രുവത്തില്‍നിന്ന് വെറും 440 മൈല്‍ അകലെയുള്ള ഈ കാലാവസ്ഥാകേന്ദ്രത്തില്‍ കഴിഞ്ഞ ആഴ്ച ദിവസത്തിന്റെ ഒരു ഭാഗമങ്കിലും ഫ്രീസിങ് പോയ്ന്റിനേക്കാള്‍ കൂടുതലായി ചൂടുള്ള ദിവസങ്ങള്‍ ഉണ്ടായിരുന്നു.

“താപനിലയിലെ ഏറ്റം സാധാരണ കാലാവസ്ഥാ ഘടനകളുടെ ഒരു ഭാഗമാണ് – അത് ഏറെ നേരം നീണ്ടുനിന്നു എന്നതും ഉഷ്ണം വളരെ കൂടുതലായിരുന്നു എന്നതുമാണ് അസാധാരണമായ വസ്തുത.” ഡാനിഷ് മീറ്റിയറോലോജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റൂത്ത് മോട്രം പറയുന്നു. “1950കളുടെ അവസാനത്തിലേക്ക് മടങ്ങിപ്പോയാലും ഇത്ര ഉയര്‍ന്ന താപനില ഉത്തരധ്രുവത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടിട്ടില്ല”

കുത്തനെയുള്ള ഈ താപവര്‍ദ്ധനവിന്റെ കാരണവും പ്രാധാന്യവും ഇപ്പോള്‍ സൂക്ഷ്മപരിശോധനയിലാണ്. ജെറ്റ് പ്രവാഹം ഉള്‍പ്പെടെയുള്ള വാതപ്രവാഹങ്ങള്‍ ചൂടേറിയ വായുപിണ്ഡങ്ങളെ വഴിമാറ്റി പ്രദേശത്തെ തണുപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ഇവമൂലമുണ്ടാകുന്ന ധ്രുവച്ചുഴിയുടെ ശക്തിയും ദൌര്‍ബല്യവും അനുസരിച്ച് ഉത്തരധ്രുവത്തിലെ താപനിലയില്‍ സാധാരണ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടാറുണ്ട്.

ഹരിതഗൃഹ വാതകങ്ങളുടെ വികിരണം ഭൂമിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കും: ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

ഈ സ്വാഭാവിക ഊര്‍ജ്ജമണ്ഡലങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം, ഉത്തരധ്രുവത്തിലെ ശൈത്യകാല കാലാവസ്ഥാ പ്രമാണരേഖകളെ ഇലക്ട്രോ കാര്‍ഡിയോഗ്രാം പോലെ തോന്നിപ്പിക്കാന്‍ പാകത്തിന് താപനിലയില്‍ മുമ്പും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

പക്ഷേ ഇപ്പോള്‍ വര്‍ദ്ധനവ് കൂടുതല്‍ പതിവായി ഉണ്ടാവുകയും കുറേ നേരം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട് – മറ്റെന്നത്തേക്കാളും കൂടുതലായി ഈ വര്‍ഷം ഉണ്ടായിട്ടുമുണ്ട്. “ആര്‍ട്ടിക് പുനര്‍നിര്‍മ്മാണത്തിന്റെ അമ്പതു വര്‍ഷത്തില്‍, കൂടുതല്‍ തീവ്രവും ഇതുവരെയുള്ള ശൈത്യകാലത്തേതില്‍വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതും ആണ് ഇത്തവണത്തെ ഉഷ്ണാവസ്ഥ” കാലാവസ്ഥാശാസ്ത്രത്തിനായി സമര്‍പ്പിച്ച, ലാഭേച്ഛയില്ലാസംഘടനയായ ബെര്‍ക്ലീ എര്‍ത്തിലെ പ്രധാന ശാസ്ത്രജ്ഞനായ റോബര്‍ട്ട് റോഡ് പറയുന്നു.

മറ്റു വായുപിണ്ഡങ്ങളെ വഴിമാറ്റിക്കൊണ്ട് ഉത്തരധ്രുവത്തെ തണുപ്പിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന വാതപ്രവാഹങ്ങളാലുണ്ടാകുന്ന ധ്രുവച്ചുഴിയുടെ ശക്തി കുറയുന്നതോ അതിന്റെ നാശമോ ആണോ ഇത് സൂചിപ്പിക്കുന്നത് എന്നതാണ് ചോദ്യം. ധ്രുവച്ചുഴി, ഉത്തരധ്രുവത്തിലെയും മദ്ധ്യഅക്ഷാംശത്തിലെയും താപനിലയിലെ വ്യത്യാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. പക്ഷേ, ഭൂമിയിലെ മറ്റേതു സ്ഥലത്തേക്കാളും വേഗത്തില്‍ ധ്രുവം ചൂടായിക്കൊണ്ടിരിക്കുന്നതിനാല്‍, ആ വ്യത്യാസം ഇപ്പോള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ശരാശരി താപനില 1 C യോളം ഉയര്‍ന്നപ്പോള്‍, ധ്രുവത്തിലെ ചൂട് 3 Cയോടടുക്കുകയും മഞ്ഞുപാളിയെ ഉരുക്കുകയും ചെയ്യുന്നു. നാസയുടെ കണക്കനുസരിച്ച്, ഓരോ ദശാബ്ദത്തിലും കൂടുതല്‍ തുറന്ന വെള്ളവും ഉയര്‍ന്ന താപനിലയും അവശേഷിപ്പിച്ചുകൊണ്ട് ഉത്തരധ്രുവത്തിലെ മഞ്ഞില്‍ 13.2% എന്ന തോതില്‍ കുറവുണ്ടാവുന്നുണ്ട്.

2018 അത്ര ശുഭകരമാവില്ല; കാത്തിരിക്കുന്നത് സംഹാരശേഷിയുളള ഭൂകമ്പങ്ങള്‍, ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

യുകെയിലും വടക്കേ യൂറോപ്പിലും ഇപ്പോള്‍ അനുഭവവേദ്യമായതുപോലെ കൂടുതല്‍ ചൂടുള്ള വായു വലിച്ചെടുക്കുകയും തണുത്തവയെ പുറത്തുവിടുകയും ചെയ്ത് അസ്ഥിരമായാണ് ധ്രുവച്ചുഴി നിലനില്ക്കുന്നത് എന്നതിനാല്‍ ചില ശാസ്ത്രജ്ഞര്‍ “ഉഷ്ണിക്കുന്ന ഉത്തരധ്രുവം, തണുത്ത ഭൂഘണ്ഡങ്ങള്‍” എന്നൊരു പരികല്പന മുന്നോട്ടുവെക്കുന്നു. ഈ സിദ്ധാന്തം വിവാദാസ്പദമാണെന്നും എല്ലാ കാലാവസ്ഥാമാതൃകകളിലും സ്പഷ്ടമായതല്ലെന്നും റോബര്‍ട്ട് റോഡ് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാനിരീക്ഷണങ്ങള്‍ അനുസരിച്ച് ഇത്തവണത്തെ താപനിലാക്രമം സ്ഥിരതയുള്ളതാണെന്നും അദ്ദേഹം പറയുന്നു.

നീണ്ട കാലയളവില്‍ കൂടുതല്‍ മാറ്റങ്ങള്‍ റോബര്‍ട്ട് റോഡ് പ്രതീക്ഷിക്കുന്നുമുണ്ട്. “ഉത്തരധ്രുവത്തെ നമ്മള്‍ ചൂടാക്കുന്നത് വേഗത്തിലായതിനാല്‍ ഇത്തരത്തിലുള്ള മുമ്പില്ലാത്ത തരത്തിലുള്ള കാലാവസ്ഥയുടെ കൂടുതല്‍ ഉദാഹരണങ്ങള്‍ ഭാവിയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കണം.”.

40 വര്‍ഷത്തോളം അനുഭവസമ്പത്തുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞനും ക്ലൈമറ്റ് ഡിസ്സെമിനേഷന്‍ എന്ന വെബ്‍സൈറ്റിന്റെ സ്ഥാപകനും ആയ ജെസ്പര്‍ ത്യേല്‍ഗാര്‍ഡ് പറയുന്നത്, മുന്‍കാലത്തുണ്ടായ താപവര്‍ദ്ധനവിനപ്പുറമാണ് സമീപകാല പ്രവണതകള്‍ എന്നാണ്. “ഈ ഉഷ്ണാവസ്ഥ ജനങ്ങള്‍ക്കും പ്രകൃതിക്കും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. മാറിമാറിവരുന്ന മഴയും മഞ്ഞും – ഉരുകുകയും ഉറയ്ക്കുകയും ചെയ്ത് ഉപരിതലം മഞ്ഞുമൂടപ്പെട്ടുകിടക്കുന്നു, ഇത് മൃഗങ്ങള്‍ക്ക് ഭക്ഷണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരത്തില്‍ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ ജീവിക്കുന്നത് വല്ലാതെ ക്ലേശകരമാണ്.”

കാലാവസ്ഥ മാറ്റങ്ങളെ നേരിടാനുള്ള ശേഷി ഗ്രാമീണ സ്ത്രീകള്‍ക്കുണ്ട്: പഠനം

കാലാവസ്ഥാ പ്രവചനങ്ങളില്‍നിന്നുള്ള കാര്യമായ മാറ്റമാണ് ഇതെന്നു കരുതുന്നത് അപക്വമാണെന്ന് ചിലര്‍ കരുതുന്നുണ്ട്. “ഇപ്പോള്‍ ഉത്തരധ്രുവത്തില്‍ അനുഭവപ്പെട്ട ശരാശരിയില്‍നിന്നും 20 Cയോ അതില്‍ കൂടുതലോ ഉള്ള താപവര്‍ദ്ധന സ്വാഭാവിക മാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്നതാവണം” ബെര്‍ക്‍ലീ എര്‍ത്തിലെ സെയ്ക്ക് ഹൌസ്ഫാദര്‍ പറയുന്നു. “ഇപ്പോഴത്തെ ഉഷ്ണപ്രവണതയില്‍ ശക്തിപ്പെടുന്നുവെങ്കിലും ഉത്തരധ്രുവത്തിലെ ഹ്രസ്വകാലപരിവര്‍ത്തനങ്ങള്‍ ലോകതാപനില ഉയര്‍ത്തുമെന്ന് കരുതാന്‍ നമുക്ക് ശക്തമായ തെളിവുകളില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ, കാലാവസ്ഥാമാതൃകകള്‍ തിരിച്ചാണ് തോന്നിപ്പിക്കുന്നത്. അതായത്, ഉന്നത അക്ഷാംശ ശൈത്യകാലം ലോകതാപനത്തിന് ചെറിയ തോതിലേ കാരണമാകുന്നുള്ളൂ.”

ഉത്തരധ്രുവോഷ്ണത്തിനുള്ള മൊത്തം പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഉടനെ അറിയാമെങ്കിലും, അടുത്ത കാലത്തുണ്ടായ താപനിലകള്‍ അനിശ്ചിതത്വം കൂട്ടുകയും കാലാവസ്ഥാവ്യതിയാനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്ന പരോക്ഷ സാധ്യതകള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

“ഉത്തരധ്രുവോഷ്ണത്തിനുള്ള മൊത്തം പദ്ധതികളെ മാറ്റുമോ എന്നു പറയുവാന്‍ ഇത് തീരെ കുറഞ്ഞ കാലയളവാണ്,” മൈക്കിള്‍ മാന്‍ പറയുന്നു. “പക്ഷേ, ഉത്തരധ്രുവത്തിലെ അതിതീവ്രമായ ഉഷ്ണാവസ്ഥയ്ക്കുള്ള പ്രവണതയെ നമ്മള്‍ വിലകുറച്ചു കാണുകയാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. മഞ്ഞുരുകുകയും ശക്തിയേറിയ ഹരിതഗ‌ൃഹവാതകമായ മീഥേന്‍ പുറപ്പെടുവിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന “ഫീഡ്ബാക്ക് ലൂപ്പുകള്‍” കാരണം, ആ പ്രാഥമിക ഉഷ്ണാവസ്ഥകള്‍ കൂടുതല്‍ ശക്തമായ താപനത്തിന് കാരണമാകാം”

(ദി ഗാര്‍ഡിയനില്‍ ജോനാഥന്‍ വാട്സ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

ലോകാവസാനത്തിന്റെ ഘടികാരത്തില്‍ അന്ത്യവിധിക്കായി ഇനിയുള്ളത് രണ്ടു മിനിറ്റാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍