UPDATES

സയന്‍സ്/ടെക്നോളജി

മാരത്തോണ്‍ ഓട്ടക്കാരുടെ മലത്തില്‍ കണ്ടെത്തിയ ബാക്ടീരിയ ശാരീരിക പ്രകടനശേഷി കൂട്ടാനുപയോഗിക്കാമെന്ന് പഠനം

അത്‌ലറ്റുകൾ അവരുടെ പ്രകടനം മെച്ചപ്പെടുത്താനായി ഗോ ഫാസ്റ്റര്‍ സ്ട്രൈപ്സ് മുതല്‍ എനർജി ജെല്ലുകൾ വരെ പല വഴികളും ഏറെക്കാലമായി പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിന് ബാക്ടീരിയകളും ഒരു സഹായഹസ്തം നൽകുമെന്ന് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

ഒന്നോടിയാല്‍ മാരത്തൺ ഓട്ടക്കാരുടെ കുടലിൽ ചിലതരം ബാക്ടീരിയകൾ കൂടുതലായി കാണപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അത്തരം ബാക്ടീരിയകള്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എലികള്‍ മെച്ചപ്പെട്ട അത്‌ലറ്റിക് പ്രകടനം കാഴ്ചവെച്ചതായി അവര്‍ കണ്ടെത്തി. ഈ ബാക്ടീരിയകൾ വ്യായാമ വേളകളില്‍ ക്ഷീണത്തിന് കാരണമാകുന്ന ലാക്റ്റേറ്റുകളെ നശിപ്പിക്കുമെന്ന് അവര്‍ പറയുന്നു. ഓക്സിജന്‍റെ അളവ് പരിമിതപ്പെടുമ്പോള്‍ ശരീരം ഗ്ലൂക്കോസ് ഉൽ‌പാദിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ലാക്റ്റേറ്റ്.

ശാരീരിക പ്രകടനത്തില്‍ സൂക്ഷ്മാണു വ്യവസ്ഥ നിർണ്ണായക ഘടകമാണെന്നാണ് ഈ ഗവേഷണം തെളിയിക്കുന്നത്. എന്നാല്‍, ഈ ബാക്ടീരിയകൾ മനുഷ്യരുടെ പ്രകടനത്തെ സഹായിക്കുമോ എന്ന് പറയാന്‍ ഇനിയും സമയമെടുക്കും എന്നു പറയുന്നവരും ഉണ്ട്. ഈ വാദം അംഗീകരിക്കുന്ന പഠനത്തിന്‍റെ സഹ-രചയിതാവു കൂടിയായ ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫ. ജോർജ്ജ് ചർച്ച് മനുഷ്യരിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുമെന്ന് പറഞ്ഞു. സൂക്ഷ്മാണുക്കളുടെ ഉപയോഗത്തെ അല്ലെങ്കിൽ അവ ഉൽ‌പാദിപ്പിക്കുന്ന വസ്തുക്കളെ എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടത്തേണ്ടതുണ്ട്.

അത്‌ലറ്റുകളല്ലാത്തവരെ അപേക്ഷിച്ച് അത്‌ലറ്റുകളുടെ കുടലില്‍ പ്രത്യേക ബാക്ടീരിയ രൂപപ്പെടുന്നത് നേരത്തെതന്നെ പല പഠനങ്ങളിലും കണ്ടെത്തിയതാണ്. എന്നാല്‍ അതിന്‍റെ വ്യത്യാസത്തെ കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്.

ബോസ്റ്റൺ മാരത്തണിൽ പങ്കെടുത്ത 15 അത്‌ലറ്റുകളിൽ നിന്നും പങ്കെടുക്കാത്ത 10 ആളുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. ഓട്ടത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലും ഓട്ടത്തിന് ശേഷമുള്ള ആഴ്ചയിലും അവരുടെ മലം പരിശോധിച്ചു. ഓട്ടം നടത്തിയതിന് ശേഷമാണ് അത്‌ലറ്റുകളിൽ വീലോനെല്ല ബാക്ടീരിയ ധാരാളം കാണപ്പെടുന്നതെന്ന് അവര്‍ കണ്ടെത്തി. ഈ ബാക്ടീരിയയാണ് എലികളില്‍ പരീക്ഷിച്ചത്. കുറച്ച് എലികളില്‍ ലാക്റ്റേട്ടുകളെ തകര്‍ക്കുന്ന വീലോനെല്ല ബാക്ടീരിയയും, ചിലരില്‍ ലാക്റ്റേറ്റുകളെ തകര്‍ക്കാത്ത ബാക്ടീരിയയും കുത്തിവെച്ചു. വീലോനെല്ല ബാക്ടീരിയ നല്‍കിയ എലികള്‍ മറ്റുള്ളവരേക്കാള്‍ 13% മികച്ച പ്രകടനം നടത്തുന്നുവെന്ന് അവര്‍ കണ്ടെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍