UPDATES

സയന്‍സ്/ടെക്നോളജി

ക്ഷീരപഥത്തിന്റെ മധ്യഭാഗത്തുള്ള അതിമനോഹരമായ തമോഗര്‍ത്തം കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്നു; ആശങ്കയില്‍ ശാസ്ത്രലോകം

2003 മുതൽ 133 രാത്രികളിൽ ബ്ലാക്ക്‌ഹോളുകള്‍ 13,000 ത്തിലധികം തവണ നിരീക്ഷച്ചിതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്.

‘ബ്ലാക്ക്‌ഹോളുകള്‍ അത്ര ബ്ലാക്കല്ല’ എന്നു പറഞ്ഞത് വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് ആണ്. പ്രപഞ്ചത്തിലെ ഏറ്റവും അപകടകരമായ പ്രതിഭാസങ്ങളില്‍ ഒന്നായാണ് ബ്ലാക്ക്‌ഹോളുകള്‍ അഥവാ തമോഗര്‍ത്തങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ക്ഷീരപഥത്തിന്റെ‍ മധ്യഭാഗത്തുള്ള അതിമനോഹരമായ തമോഗര്‍ത്തം കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്നു എന്ന ആശങ്കാജനകമായ വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Sagittarius A*എന്നറിയപ്പെടുന്ന കൂറ്റൻ ബ്ലാക്ക്ഹോള്‍ കഴിഞ്ഞ വർഷത്തിൽ അതിനു ചുറ്റുമുള്ള വസ്തുക്കളെയെല്ലാം അഭൂതപൂർവമാംവിധം വിഴുങ്ങിയതായി ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. ‘ഈ സൂപ്പർമാസിവ് തമോഗര്‍ത്തത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന 24 വർഷത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസം കാണുന്നതെന്ന്’ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഭൗതികശാസ്ത്ര-ജ്യോതിശാസ്ത്ര വിഭാഗം പ്രൊഫസറും ഗവേഷകയുമായ ആൻഡ്രിയ ഗെസ് പറയുന്നു. വളരെ ശാന്തവും ദുർബലവുമായ തമോഗര്‍ത്തമായിരുന്നു അത്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയും വലിയ തോതില്‍ അവ ചുറ്റുമുള്ള വസ്തുക്കള്‍ വലിച്ചെടുക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.

2003 മുതൽ 133 രാത്രികളിൽ ബ്ലാക്ക്‌ഹോളുകള്‍ 13,000 ത്തിലധികം തവണ നിരീക്ഷച്ചിതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഹവായിയിലെ കെക്ക് ഒബ്സർവേറ്ററിയിലും ചിലിയിലെ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലുമുള്ള വലിയ ടെലസ്കൊപ്പുകളിലൂടെയാണ് നിരീക്ഷണം നടത്തിയത്. തമോഗര്‍ത്തങ്ങൾക്ക് ‘സംഭാവ്യതാ ചക്രവാളം'(event horizon) എന്നൊരു അതിരുണ്ട്. ആ അതിർത്തിക്കുള്ളില്‍ പെടുന്ന ഒന്നിനും അതിഭീമമായ ഗുരുത്വബലം മറികടന്ന് തമോഗർത്തത്തില്‍ നിന്ന് പുറത്തുവരാനാകില്ല. മെയ് 13-ന് സംഭാവ്യതാ ചക്രവാളം അതിനു മുന്‍പത്തെക്കാൾ ഇരട്ടി ശോഭയോടെ ശാസ്ത്രജ്ഞർ കണ്ടു. ഈ വർഷം മറ്റ് രണ്ട് രാത്രികളിലും അവർ സമാനമായ വലിയ മാറ്റങ്ങൾ നിരീക്ഷിച്ചു. അത് അഭൂതപൂർവമാണെന്ന് ഗെസ് അഭിപ്രായപ്പെടുന്നു.

വളരെയധികം ദ്രവ്യം ശക്‌തമായ ഗുരുത്വാകർഷണഫലമായി ചെറിയ വ്യാപ്‌തത്തിൽ നിറയുമ്പോഴാണ് തമോഗർത്തങ്ങൾ രൂപപ്പെടുന്നത്. തമോഗർത്തങ്ങളുടെ കേന്ദ്രത്തിൽനിന്നുള്ള ശക്‌തമായ ഗുരുത്വവലിവിൽനിന്ന് പ്രകാശത്തിനുപോലും രക്ഷപ്പെടാൻ കഴിയില്ല. അതിനാൽ തമോഗർത്തങ്ങൾ നിരീക്ഷകന് നേരിട്ട് ദൃശ്യമാവില്ല. തമോഗർത്തങ്ങൾക്കു ചുറ്റും പരിക്രമണംചെയ്യുന്ന നക്ഷത്രങ്ങളുടെ വേഗവും അവയുടെ സഞ്ചാരപഥവും അപഗ്രഥിച്ചാണ് തമോഗർത്തങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. അതിഭീമമായ ആകർഷണ വലയത്തിൽപ്പെട്ടു വലിച്ചടുപ്പിക്കപ്പെടുന്ന ബഹിരാകാശ ദ്രവ്യം പുറത്തുവിടുന്ന കൊടുംചൂടും ഊർജപ്രവാഹവും നിരീക്ഷിച്ചും തമോഗർത്തത്തിന്റെ സാന്നിധ്യം ശാസ്‌ത്രജ്‌ഞർ മനസ്സിലാക്കാറുണ്ട്. റേഡിയോ, എക്‌സ്‌റേ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ഈ നിരീക്ഷണം. ഇത്തരത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് അസാധാരണമായ പ്രധിഭാസങ്ങള്‍ ശാസ്‌ത്രജ്‌ഞർ മനസ്സിലാക്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 26,000 പ്രകാശവർഷം അകലെയാണ് ഈ തമോഗര്‍ത്തം. അതുകൊണ്ടുതന്നെ ഭൂമിക്ക് അതൊരു ഭീഷണിയാകില്ല.

Read More : മറ്റൊരു ഗ്രഹത്തില്‍ കൂടി ജീവന് സാധ്യത? വാസയോഗ്യമായ ഗ്രഹത്തില്‍ ആദ്യമായി ജലാംശം കണ്ടെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍