UPDATES

സയന്‍സ്/ടെക്നോളജി

‘സംസാരമല്ല ഇനി പ്രവര്‍ത്തനമാണ് വേണ്ടത്’; ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കുന്നത് അതി വേഗത്തിലെന്ന് യുഎന്‍

1993 മുതൽ ഇതുവരെ ശരാശരി ഓരോ വര്‍ഷവും 3.2 മില്ലി മീറ്റര്‍ സമുദ്രനിരപ്പ് ഉയര്‍ന്നു വരുന്നതായാണ് കണക്കാക്കപ്പെടുന്നത്.

ആഗോള താപനത്തിന്റെ ലക്ഷണങ്ങളും പ്രത്യാഘാതങ്ങളും  ബാധിക്കുന്നത് അതി വേഗത്തിലെന്ന് യു.എന്‍. ന്യൂയോർക്കില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കുമുന്‍പായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ രൂക്ഷമായ അവസ്ഥകള്‍ വിവരിക്കുന്നത്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷത്തെ കാലയളവ് ഏറ്റവും ചൂടേറിയ കാലമെന്ന റെക്കോര്‍ഡിട്ടിരിക്കുകയാണെന്ന് യു.എന്‍ വ്യക്തമാക്കുന്നു. കാര്‍ബണ്‍ പുറന്തള്ളുന്നത് വര്‍ധിക്കുന്ന അതേ കാലയളവില്‍ സമുദ്രനിരപ്പ് ഉയരുന്നതും ഗണ്യമായി വർദ്ധിച്ചു. കാര്‍ബണ്‍ ബഹിർഗമനം കുറക്കാനുള്ള ശക്തമായ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ഡബ്ല്യുഎംഒ പറയുന്നു.

സമീപകാലത്തായി കണ്ടുകൊണ്ടിരിക്കുന്ന ആഗോളതാപനത്തിന്റെ അഭൂതപൂർവമായ വര്‍ദ്ധനവും അതുണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതങ്ങളും വിശദമായി റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നുണ്ട്. 1850 മുതൽ ആഗോള താപനില 1.1 ഡിഗ്രി സെൽഷ്യസ് ഉയർന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ 2011 നും 2015 നും ഇടയിൽ അത് 0.2 സി വർദ്ധിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. കാർബൺ പുറന്തള്ളുന്നതിന്‍റെ ഫലമാണിത്. 2015 നും 2019 നും ഇടയിൽ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണിന്‍റെ അളവ് അതിനു മുന്‍പുള്ള അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് 20% വർദ്ധിച്ചു. സമുദ്രനിരപ്പ് ഉയരുന്നതു സംബന്ധിച്ച വിവരങ്ങളാകും ഒരുപക്ഷേ എല്ലാവരേയും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

1993 മുതൽ ഇതുവരെ ശരാശരി ഓരോ വര്‍ഷവും 3.2 മില്ലി മീറ്റര്‍ സമുദ്രനിരപ്പ് ഉയര്‍ന്നു വരുന്നതായാണ് കണക്കാക്കപ്പെടുന്നത്. അത് 2014 മെയ് മുതൽ 2019 വരെ വർദ്ധനവ് പ്രതിവർഷം ശരാശരി 5 മില്ലിമീറ്ററായി ഉയർന്നുവെന്നതാണ്‌ ആശങ്ക കൂടാന്‍ കാരണം. 2007-2016 വരെയുള്ള 10 വർഷത്തെ കാലയളവിൽ പ്രതിവർഷം ശരാശരി 4 മി.മീ ആയിരുന്നു വര്‍ദ്ധനവ്‌. ഓരോ വര്‍ഷം കഴിയുംതോറും സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സാരം. ‘അതിനിടെ ഈ ഉയര്‍ച്ചയെ കൂടുതല്‍ ത്വരിതപ്പെടുത്തുന്ന തരത്തില്‍ അന്റാർട്ടിക്ക്, ഗ്രീൻ‌ലാൻ‌ഡ് മഞ്ഞുപാളികള്‍ പെട്ടെന്ന് ഉരുകിക്കൊണ്ടിരിക്കുന്നത് ഭാവിയി സമുദ്രനിരപ്പ് കൂടുതല്‍ ഉയരുമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു’- ഡബ്ല്യുഎംഒ-യുടെ സെക്രട്ടറി ജനറൽ പെറ്റേരി തലാസ് പറഞ്ഞു.

ഭൂമിയില്‍ എവിടെയും സമാനമായ അവസ്ഥയാണെന്ന് പഠനം അടിവരയിടുന്നു. മനുഷ്യപ്രേരിത പ്രതിഭാസങ്ങളായ ഉഷ്ണക്കാറ്റും കാട്ടുതീയും കൂടുതല്‍ തീവ്രമായി വരും വര്‍ഷങ്ങളിലും സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ ഇനി സംസാരമല്ല പ്രവര്‍ത്തനമാണ് വേണ്ടതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെസ് പറയുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍