UPDATES

സയന്‍സ്/ടെക്നോളജി

ഓഗസ്റ്റില്‍ പെയ്തത് ‘മാനേജ് ചെയ്യാന്‍ സാധിക്കാത്ത പെരുമഴ’, പ്രളയത്തിന് കാരണമായത് എവറസ്റ്റിനേക്കാള്‍ ഉയരത്തില്‍ വളരുന്ന കൂമ്പാരമേഘങ്ങളിലുണ്ടായ വിസ്ഫോടനം; നിര്‍ണ്ണായക പഠനവുമായി ശാസ്ത്രജ്ഞര്‍

കേരളത്തിന്റെ വളരെ സങ്കീര്‍ണമായ ഭൂപ്രകൃതിയില്‍ കൂമ്പാരമേഘങ്ങള്‍ വലിയ ഭീഷണി

ഓഗസ്റ്റില്‍ പെയ്തത് റെക്കോര്‍ഡ് മഴ. കാരണമായത് മേഘ വിസ്‌ഫോടനവും (Cloudburst). ഈ വര്‍ഷം ഓഗസ്റ്റില്‍ പെയ്തത് 951 മില്ലി ലിറ്റര്‍ മഴ. എഴുപത് വര്‍ഷത്തിന് ശേഷമാണ് ഓഗസ്റ്റില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. 1951ലാണ് ഇതിന് മുമ്പ് മണ്‍സൂണ്‍ രണ്ടാം പാദത്തില്‍ അതിശക്തമായ മഴ ലഭിച്ചത്. മൂന്ന് മാസം പെയ്ത മഴയ്‌ക്കൊപ്പം ഓഗസ്റ്റ് മാസത്തില്‍ പെയ്ത അതിതീവ്ര മഴയും ചേര്‍ന്നാണ് 2018ലെ പ്രളയമുണ്ടായത്. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റിലെ മൂന്ന് ദിവസം പെയ്ത മഴയാണ് കേരളത്തെ വീണ്ടും പ്രളയഭൂമിയാക്കിയത്. ഈ മഴയ്ക്ക് കാരണമായത് കൂമ്പാരമേഘങ്ങള്‍ മൂലമുണ്ടാവുന്ന മേഘ വിസ്‌ഫോടനത്തിന് സമാനമായ സാഹചര്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴ കേരളത്തില്‍ കിട്ടിയിരുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മണ്‍സൂണ്‍ ലഭ്യത കുറവായിരിക്കുമെന്ന തരത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഓഗസ്റ്റ് മാസത്തില്‍ മഴ കനത്തത്. സാധാരണ ഗതിയില്‍ മണ്‍സൂണ്‍ രണ്ടാം പാദത്തിന്റെ തുടക്കമായ ഓഗസ്റ്റില്‍ ശരാശരി 420 മില്ലി ലിറ്റര്‍ മഴ ലഭിക്കുമ്പോള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 120ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്. മഹാപ്രളയമുണ്ടായ 2018ല്‍ ഓഗസ്റ്റില്‍ ലഭിച്ച മഴയിലും 130 മില്ലി മീറ്റര്‍ അധിക മഴയാണ് ഇക്കുറി ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഇതില്‍ ഏറ്റവുമധികം മഴ ലഭിച്ചതെന്നതാണ് ഒരു പ്രത്യേകത.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പ്രളയമുണ്ടാക്കിയ ഓഗസ്റ്റ് എട്ട് മുതല്‍ 14 വരെയുള്ള കാലയളവില്‍ 515 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 387ശതമാനത്തിന്റെ വര്‍ധനവ് അക്കാലയളവില്‍ ഉണ്ടായതായും കണക്കുകള്‍ പറയുന്നു. മഹാപ്രളയം സൃഷ്ടിച്ച 2018ലെ മഴയിലും 130 മില്ലിമീറ്റര്‍ അധികം മഴ കേരളത്തില്‍ ലഭിച്ചു. ജൂണ്‍ മാസത്തില്‍ ശരാശരി 650 മില്ലിമീറ്ററും ജൂലൈ മാസത്തില്‍ 726 മില്ലി മീറ്റര്‍ മഴയുമാണ് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ ജൂണില്‍ 359 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ 575 മില്ലി മീറ്റര്‍ മഴയും പെയ്തു. വടക്കന്‍ ജില്ലകളിലാണ് മഴ ഏറെ പെയ്തത്. പലയിടങ്ങളിലും 20 മുതല്‍ 35 ശതമാനം വരെ മഴയില്‍ വര്‍ധനവുണ്ടായി. ഓഗസ്റ്റ് ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും 60 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു.

സംഭവിച്ചത് മേഘവിസ്‌ഫോടനം

കുറഞ്ഞ ദിവസത്തില്‍ അളവിലധികം മഴ ലഭിച്ചതെങ്ങനെ? ഇതിന് ഉത്തരം തേടുകയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍. എണ്‍പതിലേറെ ഉരുള്‍പൊട്ടലുകള്‍ക്കും പ്രളയത്തിനും കാരണമായ അതിതീവ്ര മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനത്തിന് സമാനമായ അന്തരീക്ഷമാണെന്ന ശാസ്ത്രീയ പഠനം പുറത്തുവിട്ടിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കേരളത്തില്‍ വളരെ അപൂര്‍വമായ, മേഘവിസ്‌ഫോടനം നടന്നതായാണ് ഇവരുടെ കണ്ടെത്തല്‍. കൊച്ചി സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങളും മറ്റ് അന്തരീക്ഷ സാഹചര്യങ്ങളും വിലയിരുത്തിയാണ് പഠനം.

മേഘങ്ങള്‍ ക്രമാതീതമായി മുകളിലേക്ക് ഉയരുന്ന പ്രതിഭാസം സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഉണ്ടായതായി പഠനം പറയുന്നു. മലയോര ജില്ലകളിലാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടത്. വയനാട്ടിലും കോഴിക്കോട്ടുമുണ്ടായ അതിതീവ്രമഴ ഉരുള്‍പൊട്ടലിനും വലിയ നാശനഷ്ടങ്ങള്‍ക്കും വഴിവച്ചിരുന്നു. വേനല്‍ക്കാലത്ത് താപസംവഹനം മൂലം രൂപപ്പെടുന്ന കൂമ്പാരമേഘങ്ങളുടെ(ക്യുമിലോനിംബസ്) സാന്നിധ്യമാണ് മേഘ വിസ്‌ഫോടനത്തിന് വഴിയൊരുക്കിയതെന്നാണ് നിഗമനം. അറബിക്കടലിലെ താപനില വര്‍ധിച്ചത് ഇതിന് ഒരു കാരണമായിരിക്കാം എന്നാണ് ഗവേഷകരുടെ നിരീക്ഷണം. എന്നാല്‍ അസാധാരണമാം വിധം മണ്‍സൂണ്‍ കാലയളവില്‍ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് വിദഗ്ദ്ധ പഠനം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

വേള്‍ഡ് മെറ്റീരിയളജിക്കല്‍ ഓര്‍ഗനൈസേഷന്റെ നിര്‍വചനമനുസരിച്ച് മേഘ വിസ്‌ഫോടനത്തിന് ‘കോരിച്ചൊരിയുന്ന പോലെ പൊടുന്നനെ പെയ്യുന്ന മഴ’ എന്നാണ് അര്‍ഥം. അത്തരത്തിലുള്ള മഴ കേരളത്തില്‍ ഈ വര്‍ഷം ഉണ്ടായി. കഴിഞ്ഞവര്‍ഷവും അതിതീവ്ര മഴ ഉണ്ടായി എന്നാല്‍ അതിന് മേഘവിസ്‌ഫോടനം ഒരു കാരണമല്ല എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് റഡാര്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.എസ് അഭിലാഷ് പറയുന്നു. ‘2018 ലെയും 2019 ലെയും പെരുമഴ പെയ്ത്തിന്റെ സമയത്തെ മേഘങ്ങള്‍ പരിശോധിച്ചാല്‍ 2019 ല്‍ അത് അസാധാരണമായി തണുത്തിരുന്നു എന്ന് കാണാം. കൂടാതെ മേഘത്തില്‍ കാണുന്ന ഐസ് രൂപത്തിലുള്ള ജലസാന്നിധ്യം 2019 ല്‍ വളരെ കൂടുതലായിരുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സാധാരണ കാണുന്ന മണ്‍സൂണ്‍ മേഘങ്ങള്‍ ആയിരുന്നു 2018 ലേതെങ്കില്‍ 2019 ല്‍ കുത്തനെ വളര്‍ന്ന കുമുലോനിംബസ് വിഭാഗത്തില്‍ പെടുന്ന ഉയര്‍ന്ന മേഘങ്ങള്‍ ആയിരുന്നു വടക്കന്‍ കേരളത്തില്‍ ഉണ്ടായത്. അതായത്, 2008 ല്‍ ജൂണ്‍ മാസം മുതല്‍ക്കേ പെയ്ത് പെയ്ത് നിറഞ്ഞ മഴക്ക് ശേഷം ഓഗസ്റ്റ് പകുതിയോടുകൂടി പെയ്ത ശക്തിയേറിയ മഴയായിരുന്നു മഹാ പ്രളയമായി മാറിയത്. ആ മഴയെ നമുക്ക് വേണ്ടപോലെ മാനേജ് ചെയ്യാന്‍ പറ്റിയില്ല. അതേ സമയം 2019 ലെ പെരുമഴ നമുക്ക് ഒരു വിധത്തിലും മാനേജ് ചെയ്യാന്‍ ഒക്കാത്തതായിരുന്നു. പൊതുവില്‍ മഴ കുറഞ്ഞ ജൂണിനും ജൂലൈയ്ക്കും ശേഷം അപ്രതീക്ഷിതമായാണ് ഓഗസ്റ്റ് 7 മുതല്‍ 11 വരെ മഴ തകര്‍ത്ത് പെയ്തത്. 2018 പ്രളയ ദിവസങ്ങളില്‍ പെയ്തതിനേക്കാള്‍ വളരെയേറെ മഴയുണ്ടായി. ഇടിയും മിന്നലും ചെറു ചുഴലി പ്രതിഭാസവും ജല ചുഴലിയും അടക്കമുള്ള മേഘങ്ങളുടെ ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാണ് ഈ വര്‍ഷം ഉണ്ടായത് മേഘ വിസ്‌ഫോടനമാണ് എന്ന് പറയാന്‍ കഴിയുന്നത്.’

എന്താണ് കൂമ്പാരമേഘങ്ങള്‍?

താപസംവഹനം മൂലമാണ് ക്യുമിലോ നിംബസ് അഥവാ കൂമ്പാര മേഘങ്ങള്‍ രൂപപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി മുതല്‍ 35,000 അടി വരെ ഈ മേഘങ്ങള്‍ വളരാം. കിലോമീറ്ററുകള്‍ ഉയരത്തിലേക്ക് കൂനകൂടി നില്‍ക്കുന്ന മേഘങ്ങളില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചിരിക്കാം. ഇത് ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച് പെയ്യുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. വലിയ ദുരന്തങ്ങളിലേക്ക് വഴിവക്കും. ഐസിന്റെ സാന്നിധ്യമുള്ള മേഘങ്ങള്‍ ഇടിമിന്നലിനും കാരണമാവും. അഞ്ച് കിലോമീറ്ററിന് മുകളിലേക്ക് മേഘം വളരുമ്പോഴാണ് ഐസ് രൂപപ്പെടുന്നത്. കുത്തനെ വളരുന്ന മേഘങ്ങള്‍ ചില സമയങ്ങളില്‍ ചെറുചുഴലികളായും രൂപപ്പെടാറുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഈ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കേരളത്തിന് അപകടം ചെയ്‌തേക്കാം എന്ന മുന്നറിയിപ്പാണ് പഠനസംഘം നല്‍കുന്നത്. കൂമ്പാരമേഘങ്ങള്‍ രൂപംകൊള്ളുന്ന പ്രവണത ആവര്‍ത്തിക്കപ്പെട്ടാല്‍ കേരളത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. മലയോരങ്ങളിലാണ് കൂമ്പാരമേഘങ്ങള്‍ കൂടുതല്‍ പ്രഹരമേല്‍പ്പിക്കുക എന്നതിനാല്‍ അതിതീവ്ര മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായേക്കാം. ഡോ.അഭിലാഷ് പറയുന്നു, ‘ഡീപ് ആയ, തിക്ക് ആയ മേഘങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഭീമന്‍ മേഘങ്ങള്‍ വന്ന് ബഴ്സ്റ്റ് ചെയ്യുകയാണ് ചെയ്യുക. സമുദ്രോപരിതല താപനില പരിധിയില്‍ കവിഞ്ഞ് ചൂടായി ബാഷ്പീകരണ തോത് കൂടിയതാകാം കൂമ്പാര മേഘങ്ങളുടെ രൂപീകരണത്തിന് വഴിവച്ചത്. ഉപഗ്രഹ ചിത്രം സമഗ്രമായി വിലയിരുത്തിയതില്‍ ഓഗസ്റ്റ് 7 മതല്‍ 11 വരെ കേരളത്തില്‍ പലയിടത്തും മേഘങ്ങളുടെ മുകള്‍ ഭാഗത്ത് ഐസ് കണ്ടെത്തി. മേഘങ്ങളുടെ മുകള്‍ ഭാഗത്ത് -73 ഡിഗ്രി വരെയായിരുന്നു താപനില. മേഘങ്ങള്‍ ഇത്ര തണുക്കണമെങ്കില്‍ 10 മുതല്‍ 14 കിലോമീറ്റര്‍ വരെ ഉയരമുണ്ടാകാം. മേഘങ്ങള്‍ക്ക് കട്ടി കൂടിയതും വലിയ തോതില്‍ ഐസ് നിറഞ്ഞതും തീവ്രമഴയ്ക്ക് കാരണമായി. എന്നാല്‍ കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്ര പരിസരത്തില്‍ ഇത്തരം കൂമ്പാരമേഘങ്ങളും മേഘ വിസ്‌ഫോടനവും വലിയ അപകടമുണ്ടാക്കിയേക്കും. കാലവര്‍ഷക്കാലത്തെ പാളിമേഘങ്ങള്‍ കൂമ്പാര മേഘങ്ങളായി വളരുന്നത് അപൂര്‍വമാണ്. കേരളത്തിലെ മലയോരങ്ങളെയായിരിക്കും അത് കൂടുതലായി ബാധിക്കുക. മലകളുടെ സാന്നിധ്യം തന്നെ മേഘങ്ങളെ ഉയരത്തിലേക്ക് പോവാന്‍ സഹായിക്കും. സാറ്റലൈറ്റും റഡാര്‍ സിഗ്നലും നോക്കി മൂന്നുമുതൽ ആറു മണിക്കർ  മുമ്പെങ്കിലും കൂമ്പാരമേഖങ്ങള്‍ രൂപപ്പെടുന്നത് മനസ്സിലാക്കാനാവും.’

പ്രവചനാതീത മണ്‍സൂണ്‍ പാറ്റേണ്‍

മണ്‍സൂണ്‍ പ്രവചനാതീതമായതാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കാലവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, അതായത് ജൂണ്‍ ജൂലൈ മാസങ്ങളില്‍ നന്നായി മഴ ലഭിക്കുകയും ഓഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ താരതമ്യേന കുറഞ്ഞ മഴ ലഭിക്കുന്നതുമായിരുന്നു കേരളത്തിലെ മണ്‍സൂണ്‍. എന്നാല്‍ പത്ത് വര്‍ഷത്തിലധികമായി രണ്ടാം പാദത്തില്‍ മഴ കൂടുകയാണ്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. ഹ്രസ്വമായ ഇടവേളകളില്‍ പെയ്യുന്ന അതിതീവ്ര മഴയും ദൈര്‍ഘ്യമേറിയ മഴയില്ലാത്ത കാലാവസ്ഥയും കേരളത്തെ കാത്തിരിക്കുന്നു എന്ന മുന്നറിയിപ്പ് കൂടിയാണ് പഠനം തരുന്നത്. അഭിലാഷ് തുടരുന്നു ‘കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ ഇത്തവണ ആദ്യ പാദത്തില്‍ മഴ കുറവും ഓഗസ്റ്റില്‍ അതിതീവ്ര മഴയുമായിരുന്നു. രണ്ട് വര്‍ഷവും കേരളത്തില്‍ ലഭിച്ച മണ്‍സൂണിന്റെ സ്വഭാവം രണ്ട് തരത്തിലായിരുന്നു. രണ്ട് വര്‍ഷവും പ്രളയമുണ്ടായി. എന്നാല്‍ രണ്ട് വര്‍ഷവും അത് ഡൈനാമിക്കലി വ്യത്യസ്തമായിരുന്നു. മണ്‍സൂണില്‍ കണ്ടുവന്നിരുന്ന സ്റ്റബിലിറ്റി ഇപ്പോള്‍ ഇല്ല. പാറ്റേണ്‍ മാറുന്നു, മഴ ദിനങ്ങള്‍ കുറയുന്നു, മഴ തീവ്രമാവുന്നു. അങ്ങനെ വരുമ്പോള്‍ പ്രവചനങ്ങളുടെ സാധ്യത മങ്ങുന്നു.’

റിസര്‍ച്ച് സയന്റിസ്റ്റ് ഡോ.പി വിജയകുമാര്‍, റിസര്‍ച്ച് സ്‌കോളര്‍ എ വി ശ്രീനാഥ് എന്നവരും ഡോ.അഭിലാഷിനൊപ്പം പഠന സംഘത്തിലുണ്ടായിരുന്നു. അതിതീവ്ര മഴ പ്രളയത്തിനും വരള്‍ച്ചക്കും കാരണമാവുമെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.

Photo Credit: പ്രിയങ്ക പി മേനോന്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍