UPDATES

സയന്‍സ്/ടെക്നോളജി

സമുദ്ര ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണി മലയാളിയുടെ ഗവേഷണ വലയില്‍

ടോര്‍ട്ടാനസ് മിനികോയെന്‍സിസ് എന്ന് പേരിട്ടിരിക്കുന്ന ജീവിയെ അറബിക്കടലില്‍ നിന്നും കാല്‍ നൂറ്റാണ്ടിനു ശേഷമാണ് കണ്ടെത്തുന്നതെന്ന് കുസാറ്റ് ഗവേഷകന്‍ ഡോ. സനു വി. ഫ്രാന്‍സിസ്

സമുദ്രത്തിലെ ജൈവ ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണികളായ ‘കോപ്പിപോഡുകള്‍ എന്ന ജന്തുവിഭാഗത്തിലെ പുതിയ ഇനത്തിന്റെ കണ്ടെത്തലുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഗവേഷകനായ ഡോ. സനു വി. ഫ്രാന്‍സിസ്. കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗം തലവനും പ്രൊഫസറുമായ ഡോ എസ് ബിജോയ് നന്ദനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. കടലിലെ ആഹാര ശൃംഖലയില്‍ പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മല്‍സ്യസമ്പത്തും സമുദ്രത്തിലെ എല്ലാ ജീവി വിഭാഗങ്ങളും നിലനില്‍ക്കുന്നത്.

‘ടോര്‍ട്ടാനസ് മിനികോയെന്‍സിസ്’ എന്ന് പേരിട്ടിരിക്കുന്ന ജീവിയെ അറബിക്കടലില്‍ നിന്നും കാല്‍ നൂറ്റാണ്ടിനു ശേഷമാണ് കണ്ടെത്തുന്നത്. 2014 ല്‍ അറബിക്കടലിലെ മിനിക്കോയ് ദ്വീപില്‍ല്‍ നിന്നും കണ്ടെത്തിയ ഇവയ്ക്ക് അംഗീകാരം ലഭിക്കുന്നതിനും ഏതെങ്കിലും ഇന്‍റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നതിനായായുള്ള കാത്തിരിപ്പിലായിരുന്നു ഇത്രയും നാള്‍. ഇപ്പോള്‍ ടര്‍ക്കിഷ് ജേര്‍ണല്‍ ഓഫ് സുവോളജിയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്‌കൂബാ ഡൈവിങ്, മോളിക്കുലാര്‍ ബാര്‍കോഡിങ് തുടങ്ങിയ നൂതന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തിയ പഠനങ്ങളാണ് ശ്രദ്ധേയമായ ഈ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമായത്. അതിലൊന്നായിരുന്നു മിനിക്കോയ് ദ്വീപില്‍ നിന്നും കണ്ടെത്തിയ പുതിയ സ്പീഷീസ്. ടോര്‍ടാനസ് എന്ന ജനുസിലും അറ്റോര്‍ട്ടസ് എന്ന ഉപ ജനുസിലും പെട്ട ഇത്തരം ജീവികള്‍ പവിഴ ദ്വീപുകളിലാണ് കാണപ്പെടാറ്. ടോര്‍ട്ടാനസ് ജനുസില്‍പ്പെട്ട ഏഴോളം ജീവികളെ മാത്രമേ ഇതുവരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെത്തിയിട്ടുള്ളു എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

കടലിലെ ആഹാരശൃംഖലയിലെ പ്രധാന കണ്ണിയാണ് കോപ്പിപോഡുകള്‍. കരയിലെ ആഹാരശൃംഖലയില്‍ പുല്ല്, പുല്‍ച്ചാടിക്ക് സമാനമാണ് കടലിലെ ആല്‍ഗകളും കോപ്പിപോഡുകളും. പ്രൈമറി പ്രൊഡ്യൂസേഴ്‌സായ ആല്‍ഗകള്‍ക്ക് തൊട്ടു പിന്നില്‍ വരുന്ന ഈ കോപ്പിപോഡുകളില്ലെങ്കില്‍ ആഹാരശൃംഖല തന്നെ ഇല്ലാതാകും. കടലിലെ ആഹാരശൃംഖലയെക്കുറിച്ച് പഠിച്ചിട്ടുള്ളവരില്‍ ആരും തന്നെ പ്രധാന കണ്ണിയായ ഈ കോപ്പിപോഡുകളെക്കുറിച്ച് കാര്യമായി പഠിച്ചിരുന്നില്ല.

“കടലില്‍ പോകുന്നതും പഠനം നടത്തുന്നതുമെല്ലാം വളരെ ശ്രമകരമായ ജോലിയാണ്. അതിനാല്‍ തന്നെയാവണം ഇന്ത്യയില്‍ നിന്നും അധികം പഠനങ്ങള്‍ ഈ മേഖലയല്‍ ഉണ്ടായിട്ടില്ലാത്തത്. അതിനാല്‍ വളരെ വെല്ലുവിളി നേരിട്ട ഒരു ഒരു പഠനമായിരുന്നു ഇത്. കടലില്‍ പോയി സാമ്പിളുകള്‍ ശേഖരിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു.” സാനു വി ഫ്രാന്‍സിസ് അഴിമുഖത്തോട പറഞ്ഞു.

കടലിലിലെ എല്ലാ ഭാഗത്തും കാണപ്പെടുന്ന കോപ്പിപ്പോഡുകള്‍, കടലില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ജീവി വര്‍ഗ്ഗവും കൂടിയാണ്. ഇതുവരെ 13000 കോപ്പിപോഡ് സ്പീഷീസുകളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. അതില്‍ ഇന്ത്യയില്‍ നിന്നും വളരെ കുറവ് എണ്ണം സ്പീഷീസുകളെ മാത്രമെ കണ്ടെത്തിയിട്ടുള്ളു. ഈ പഠനത്തിന്റെ ഭാഗമായി സനു വി ഫ്രാന്‍സിസ് 62 സപീഷീസുകളെയാണ് കണ്ടെത്തിയത്. അതില്‍ ഒരെണ്ണം ലോകത്തിന്നുവരെ ആരും കണ്ടെത്താത്ത സ്പീഷീസായി. ബാക്കിയുള്ളവയുടെ കണ്ടുപിടിത്തം ഇതിനു മുന്‍പു തന്നെ നടന്നിരുന്നു.

കൂട്ടമായാണ് ഈ ജീവികള്‍ കണപ്പെടുന്നത്. ഇത് മറ്റു ജീവികളില്‍ നിന്നും രക്ഷനേടുന്നതിനു വേണ്ടിക്കൂടിയാണ്. സമുദ്രത്തില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഈ ജീവികളില്‍ പ്രതിഫലിക്കും. അതിനാല്‍ തന്നെ സമുദ്രഭാഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ടോ എന്നു മനസിലാക്കാന്‍ കോപ്പിപോഡുകളെ നിരീക്ഷിക്കുന്നതിലൂടെ സധിക്കും. മീന്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടാവുമ്പോള്‍ അവ ഈ കോപ്പിപോഡുകളുടെ ലാര്‍വകളെ ഭക്ഷിച്ചാണ് വളരുന്നത്. 6 ലാര്‍വല്‍ സ്‌റ്റേജുകളാണ് കോപ്പിപോഡുകള്‍ക്കുള്ളത്.

1959-1965 കാലഘട്ടത്തില്‍ നടന്ന ‘അന്തര്‍ദേശീയ ഇന്ത്യന്‍ മഹാസമുദ്ര പര്യവേഷണ’ത്തിലായിരുന്നു കോപ്പിപോഡുകളെ കുറിച്ച് ഇന്ത്യയില്‍ വിപുലമായ പഠനത്തിന് തുടക്കം കുറിച്ചത്. അര നൂറ്റാണ്ടിനു മുന്‍പ് നടത്തിയ ഈ പഠനത്തില്‍ അറബിക്കടലിലെ ജൈവ വൈവിധ്യ കലവറയായ ലക്ഷദ്വീപിലെ പവിഴ ലഗൂണുകളില്‍ നിന്നും കാര്യമായ പഠനങ്ങള്‍ നടന്നിരുന്നില്ല. അതുപോലെതന്നെ കേരള, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തീരങ്ങളിലെ ഇത്തരം ജീവികളെ കുറിച്ചുള്ള പഠനങ്ങളും ലഭ്യമല്ലായിരുന്നു. ഈ അവസരത്തിലാണ് ഇന്ത്യാ ഗവണ്‍മെന്റ് ബയോടെക്നോളജി വകുപ്പിന്റെയും കുസാറ്റ് മറൈന്‍ ബയോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ പര്യവേഷണം ഇത്തരം ജീവികളുടെ കണ്ടെത്തലിലും അവയുടെ ജനിതക ഘടനാപഠനത്തിലേക്കും വെളിച്ചം വീശിയത്. ഈ പര്യവേഷണത്തില്‍ പങ്കാളിയായിരുന്ന സനു തന്റെ പിഎച്ച്ഡി വിഷയമായി പിന്നീടിതു തിരഞ്ഞെടുക്കുകയായിരുന്നു.

2013-2016 കാലഘട്ടത്തില്‍ ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി, ബംഗാരം, കവരത്തി, കല്‍പേനി, മിനിക്കോയ് എന്നീ ദ്വീപുകളിലും തിരുവനന്തപുരം മുതല്‍ രത്‌നഗിരി വരെ നീളുന്ന തീരക്കടലിലും നടത്തിയ പര്യവേഷണത്തില്‍ 27 ജനുസുകളിലായി അറുപത്തിരണ്ടോളം കലനോയിഡ് വര്‍ഗ്ഗത്തില്‍ പെട്ട കോപ്പിപോഡുകളെ കണ്ടെത്തിയിരിക്കുന്നു. മുന്‍പ് നടന്ന പഠനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി അവയുടെ പ്രത്യേകതകളും രേഖാ ചിത്രങ്ങളും പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നടത്തിയിട്ടുള്ള ഒരു മുന്‍ പഠനത്തിലും ഉള്‍പെടുത്തിയിട്ടില്ലാത്ത 17 സ്പീഷീസുകളുടെതുള്‍പ്പെടെ 25 ഓളം സ്പീഷീസുകളുടെ 111 ഡിഎന്‍എ ബാര്‍കോഡുകളും അവയുടെ താരതമ്യ പഠനങ്ങളുടെ ഫലങ്ങളും ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ജീവികളുടെ ജനിതക ബാര്‍കോഡുകള്‍ വികസിപ്പിച്ചതുവഴി അവയുടെ ജനിതക സവിശേഷത ലോകത്തിന്റെ ഇത്തരഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് താരതമ്യ പഠനത്തിനും, ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും ഉപയോഗിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഉള്ള ഒരു പഠനം ഇന്ത്യയില്‍ തന്നെ ആദ്യമായാണെന്ന് പ്രൊഫ. ബിജോയ് നന്ദന്‍ അഭിപ്രായപ്പെടുന്നു.

‘ലാബിഡോസെറാ മധുരേ’ എന്ന കോപ്പിപോഡ് സ്പീഷീസിന്റെ ഡിഎന്‍എ ബാര്‍കോഡ് വികസിപ്പിച്ചത് അമേരിക്കയിലെ ഹവായ് ദ്വീപില്‍ കാണപ്പെട്ടിരുന്ന ജീവി ഇന്ത്യയില്‍ കാണപ്പെടുന്നവയുടെ സഹോദര വര്‍ഗ്ഗത്തില്‍ പെടുന്നവയാണെന്ന് കണ്ടെത്താന്‍ വഴിവച്ചു. ‘പൊണ്‍ഡെല്ല സിനിക്ക’ എന്ന സ്പീഷീസ് കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആദ്യമായി കണ്ടെത്തിയതും പര്യവേഷണത്തിന്റെ പ്രധാന നേട്ടമായി. ഇതിനു മുന്‍പ് ഈ ജീവിയെ കണ്ടെത്തിയത് അര നുറ്റാണ്ടിനുമുന്‍പ് കിഴക്കന്‍ ചൈനാ സമുദ്രത്തില്‍ മാത്രമായിരുന്നു. അന്തര്‍ദേശീയ ഇന്ത്യന്‍ മഹാസമുദ്രപര്യവേഷണത്തില്‍ ഉള്‍പ്പെടെ കൃത്യമായി തിരിച്ചറിയാന്‍ പ്രയാസം നേരിട്ടിരുന്ന ‘പൊണ്‍ഡെല്ല സ്പൈനിപസ്’, ‘പൊണ്‍ഡെല്ല ഡയഗോണലിസ്’ എന്നീ ജീവികളുടെ ഡി എന്‍ എ ബാര്‍കോഡുകള്‍ ഇവയെ കൃത്യമായി തിരിച്ചറിയുന്നതിന് സഹായകമായി. കൂടാതെ അവയുടെ നിലവിലുള്ള വര്‍ഗ്ഗീകരണ പദവിയിലും മാറ്റം വരുത്താന്‍ സാധിച്ചു. ‘പൊണ്‍ഡെല്ല’ ജനുസ്സില്‍ പെടുന്ന ജീവികളുടെ സാന്നിധ്യവും അസാന്നിധ്യവും കാലാവസ്ഥാ വ്യതിയാന പഠനത്തിലും സമുദ്ര ജല പ്രവാഹങ്ങളുടെ പഠനത്തിലും ഇപ്പോള്‍ ഗവേഷകര്‍ ഉപയോഗിച്ചു വരുന്നു എന്നത് ഇവയില്‍ നടന്ന പഠനങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

Read More : ബഹിരാകാശ സഞ്ചാരികൾ മൂത്രമൊഴിക്കുന്നത് എങ്ങനെ? മൂത്രമൊഴിക്കലും സ്ത്രീസ്വാതന്ത്ര്യവും തമ്മിലെന്ത്?

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍