UPDATES

സയന്‍സ്/ടെക്നോളജി

ടിബറ്റൻ ഗുഹാമുഖത്ത് നിന്ന് ഒരു സന്യാസിക്ക് ലഭിച്ച ആ അതിവിശേഷപ്പെട്ട വസ്തു എന്തുകൊണ്ടാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്?

സൈബീരിയൻ ഗുഹയിൽ നിന്നും 1400 മൈൽ ദൂരം അകലെയുള്ള ഇടത്തുനിന്നുമാണ് സിയാതെ ലഭിച്ചതെന്നതിനാൽ ഈ പ്രാചീന മനുഷ്യരുടെ സഞ്ചാരപാത അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ശാസ്ത്രലോകം.

ടിബറ്റൻ സമതലത്തിലെ മന്ത്രചരടുകൾ തൊങ്ങലുകളായി തൂക്കി അലങ്കരിച്ച ഒരു ഗുഹാമുഖത്തുനിന്നും ഒരു സന്ന്യാസിക്ക് കഴിഞ്ഞ ദിവസം അതിവിശേഷപ്പെട്ട ഒരു വസ്തു ലഭിച്ചു. കണ്ടപാടെ സന്ന്യാസി സ്തബ്ധനായി. മനുഷ്യന്റേതിന് സമാനമായ ഒരു താടിയെല്ലിന്റെ അവശിഷ്ടങ്ങൾ. എന്നാൽ പൂർണ്ണമായും മനുഷ്യന്റേതെന്ന് ഉറപ്പിച്ച് പറയാനും സാധിക്കുന്നില്ല. ഏതു ജീവിയാണെന്ന് അറിയുവാനും താടിയെല്ല് എങ്ങനെ അവിടെ എത്തിപ്പെട്ടുവെന്നറിയാനും സന്ന്യാസി വിദഗ്ധരെ സമീപിച്ചു. ഞെട്ടിപ്പിക്കുന്നതായിരുന്നു കണ്ടെത്തൽ. ഇന്നും ശാസ്ത്രലോകത്തിന് പൂർണ്ണമായും പിടികൊടുത്തിട്ടില്ലാത്ത ഡെനിസോവൻ പ്രാചീന മനുഷ്യന്‍റെയാണത്രെ ടിബറ്റൻ ഗുഹയിൽ നിന്നും ലഭിച്ച ആ താടിയെല്ല്!

ഡെനിസോവൻ മനുഷ്യന്റേതാണെന്ന് ഉറപ്പിച്ചാലും ഇതെങ്ങനെ ടിബറ്റിലെത്തി എന്നതാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. മുൻപ് ഡെനിസോവൻ മനുഷ്യന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങൾ ലഭിച്ചിരുന്നത് സൈബീരിയയിൽ നിന്നായിരുന്നു. ഏഷ്യയിലും ഓസ്ട്രലേഷ്യയിലെയും ചില ആളുകളിൽ ഡെനിസോവൻ ഡി എൻ എയുടെ സാന്നിധ്യം കണ്ടെത്തിയതായി മുൻപ് പഠനങ്ങൾ പുറത്ത്‌ വന്നിരുന്നു. ഈ പുതിയ തെളിവിന്റെ അടിസ്ഥാനത്തിൽ ഡെനിസോവൻ മനുഷ്യൻ ഏഷ്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ദർ ഉറപ്പിക്കുന്നത്.

400000 വർഷങ്ങൾക്ക് മുൻപ് നിയാണ്ടര്‍ത്താല്‍ മനുഷ്യരിൽ നിന്നും ഡെനിസോവൻ മനുഷ്യൻ വേർപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. നിയാണ്ടർത്താൽ മനുഷ്യൻ യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും സഞ്ചരിച്ചുവെന്നും ഡെനിസോവൻ മനുഷ്യൻ ഏഷ്യയുടെ മറ്റ് ഭാഗത്തേക്ക് സഞ്ചരിച്ചുവെന്നുമാണ് ശാസ്ത്രജ്ഞരുടെ പുതിയ നിഗമനം. മിഡിൽ ഈസ്റ്റിൽ വെച്ച് ഈ രണ്ട് വിഭാഗങ്ങളും തമ്മിൽ വീണ്ടും കണ്ടുമുട്ടിയെന്നുമാണ് ശാസ്ത്രജ്ഞന്‍മാരുടെ ഭാവന.

പുതിയതായി കണ്ടെത്തിയ താടിയെല്ലിനു സിയാതെ എന്നാണ് ശാസ്ത്രലോകം പേരുചൊല്ലി വിളിച്ചത്. സൈബീരിയൻ ഗുഹയിൽ നിന്നും 1400 മൈൽ ദൂരം അകലെയുള്ള ഇടത്തുനിന്നുമാണ് സിയാതെ ലഭിച്ചതെന്നതിനാൽ ഈ പ്രാചീന മനുഷ്യരുടെ സഞ്ചാരപാത അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ശാസ്ത്രലോകം. സിയാതെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ കുറിപ്പ് ഈ ആഴ്ച നേച്ചർ മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍