UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മനുഷ്യശരീരത്തില്‍ പുതിയൊരു അവയവം കൂടി കണ്ടെത്തി

ശരീരം മുഴുവന്‍ വ്യാപിക്കുന്ന കാന്‍സര്‍ പോലുള്ള അസുഖങ്ങളെ നേരിടാന്‍ ഈ അവയവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ

മനുഷ്യ ശരീരത്തില്‍ പുതിയൊരു അവയവം കണ്ടെത്തി ശാസ്ത്രലോകം. ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചികിത്സിക്കാന്‍ സഹായകമാകുന്നതുമായ ഒരു ശരീരഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്.

‘ഇന്റര്‍സ്റ്റിഷ്യം(Interstitium) എന്നാണ് തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയ ഈ അവയവത്തെ വിളിക്കുന്നത്. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ഭാഗമാണ് ഇതും. ഹൃദയവും കരളുമൊക്കെ പോലെ, പ്രത്യേക ജോലികള്‍ ചെയ്യുന്ന കൃത്യമായി ഒരുക്കിയ കലകളുടെ കൂട്ടം.

മനുഷ്യ ശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്. ഏതാണ്ട് ഇരുപത് ശതമാനം ശരീര ദ്രാവകത്തെയാണ് ‘ഇന്റര്‍സ്റ്റീഷ്യല്‍’ (interstitial) എന്ന് വിളിക്കുന്നത്. മറ്റ് സ്ഥലങ്ങള്‍ക്ക് ഇടയിലുള്ളത് (between the other places) എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. ഈ ദ്രാവകങ്ങളെയും അവയെ ബന്ധിപ്പിക്കുന്ന കലകളെയും ആണ് ‘ഇന്റര്‍സ്റ്റിഷ്യം’ എന്നു വിളിക്കുന്നത്. ഇവ ശരീരത്തില്‍ മുഴുവന്‍ കാണപ്പെടുന്നു. തൊലിക്കടിയിലും, ദഹന ശ്വാസമൂത്ര വ്യവസ്ഥകളിലും ഇവ കാണപ്പെടുന്നു.

ശാസ്ത്രലോകത്തിന്റെ മൂക്കിന് താഴെ ഒളിച്ചിരുന്ന ഈ അവയവത്തെ കണ്ടുപിടിച്ചതിന്റെ ആഹ്ലാദത്തിലാണ് ശാസ്ത്രജ്ഞന്‍മാര്‍. സാധാരണ ഗതിയില്‍ ശരീര കലകളെ കീറി മുറിച്ചാണ് പഠനത്തിനായി എടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ദ്രവാംശം വാര്‍ന്നു പോയി ‘ആ ഇടയ്ക്കുള്ള സ്ഥലങ്ങള്‍’ ഇല്ലാതാകുന്നു. വെള്ളമില്ലാതെ പരന്ന കലയാകുന്നതോടെ മൈക്രോസ്‌കോപ്പിനടിയില്‍ ഈ അവയവം കാണാനാകില്ല. ബബിള്‍ റാപ്പ് പോലെയുള്ള ഈ ശൃംഖല ഒരു പുതിയ ലേസര്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ചപ്പോഴാണ് ദൃശ്യമായത്.

ശരീരം മുഴുവന്‍ വ്യാപിക്കുന്ന കാന്‍സര്‍ പോലുള്ള അസുഖങ്ങളെ നേരിടാന്‍ ഈ അവയവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍