UPDATES

വീഡിയോ

‘വായിച്ചാലും വായിച്ചാലും തീരാത്ത’ യുറീക്കയ്ക്ക് 50 വയസ്സ്

50 വര്‍ഷക്കാലം മുടക്കമില്ലാതെ ഒരു പ്രാദേശിക ഭാഷയില്‍ പുറത്തിറങ്ങുന്ന ശാസ്ത്രമാസിക എന്ന പദവി ഒരുപക്ഷെ ഈ മലയാളം പ്രസിദ്ധീകരണത്തിന് മാത്രമുള്ളതായിരിക്കും.

അന്‍പത് വര്‍ഷം മുന്‍പ് തൃശ്ശൂരില്‍ വച്ച് ഒരു ബാലമാസിക പിറന്നു. വെറും ബാലമാസികയല്ല ബാലശാസ്ത്രമാസിക. ചുറ്റും നോക്കാനും ചുറ്റുപാടില്‍ നിന്നും പഠിക്കാനും ഒരു തലമുറയെ മുഴുവന്‍ പഠിപ്പിച്ച ആ മാസികയ്ക്ക് ആര്‍ക്കമിഡീസ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ആ പേരു തന്നെയിട്ടു ‘യുറീക്ക’. മലയാളത്തിലെ ബാല ശാസ്ത്ര മാസികകളുടെ ചരിത്രത്തില്‍ പിന്നീട് ഈ മാസിക പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ക്കുകയായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി കുട്ടികളുടെ ശാസ്ത്ര ചങ്ങാതിയായും, വഴികാട്ടിയായും, ഗുരുവായും യുറീക്ക കേരളത്തില്‍ നിറഞ്ഞു നിന്നു.

കേരളത്തില്‍ ധാരാളം ബാല മാസികകളുണ്ടെങ്കിലും കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കും ഇടം നല്‍കികൊണ്ട് പ്രവര്‍ത്തിച്ച് അന്‍പത് വര്‍ഷം തികച്ച മറ്റൊരു മാസികയില്ല എന്നു തന്നെ പറയാം. വായന ഇത്രയും രസകരമാണെന്ന് ഞാന്‍ മനസിലാക്കുന്നത് യുറീക്ക വായനയിലൂടെയാണ്. പുതിയ പുതിയ അറിവുകളും അതോടൊപ്പം തന്നെ ചോദ്യങ്ങളുമാണ് യുറീക്ക എനിക്കു നല്‍കിയിട്ടുള്ളത്. യുറീക്കയിലെ അമ്മുവിന്റെ സ്വന്തം ഡാര്‍വിന്‍ എന്ന പക്തി എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു. മനുഷ്യപരിണാമത്തെ കുറിച്ചു വളരെ ലളിതമായി എനിക്കു പറഞ്ഞു തന്ന ഒരു പക്തിയായിരുന്നു അത്. പുതിയ പുതിയ അറിവുകളും പുതിയ പുതിയ ചോദ്യങ്ങളും നല്‍കുന്ന മികച്ച ഒരു വായനാനുഭവമാണ് യുറീക്ക എനിക്കു സമ്മാനിച്ചിട്ടള്ളത്. യുറീക്ക വായനക്കാരിയായ മാളവിക പറയുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ബാലശാസ്ത്ര ദ്വൈവാരികയായ യുറീക്ക 1970 ലാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. പൊതുവില്‍ ശാസ്ത്രമാസികകളെല്ലാം തന്നെ ഇംഗ്ലീഷിലായിരിക്കുന്നതിനാല്‍ അത് പലപ്പോഴും കുട്ടികള്‍ക്ക് പൂര്‍ണ്ണമായും വായിക്കാനോ പഠിക്കാനോ സാധിക്കാറില്ല. ആ പ്രതിസന്ധിയെ മറികടക്കാന്‍ പലപ്പോഴും യുറീക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്വന്തം മാതൃഭാഷയില്‍, മലയാളത്തില്‍ ശാസ്ത്രം വായിക്കാന്‍ യുറീക്കയലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് നിരവധി ബാല മാസികകളുള്ള കേരളത്തില്‍ ഇന്നും യുറീക്കയ്ക്ക് വലിയ സ്ഥാനമുളളത്.

1970 ജൂണ്‍ ഒന്നിന് ഡോ കെഎന്‍ പിഷാരടി ചീഫ് എഡിറ്ററും ടിആര്‍ ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി തൃശ്ശൂരില്‍ നിന്നാണ് യുറീക്കയുടെ പിറവി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യകാലത്തെ യുറീക്ക പ്രവര്‍ത്തനങ്ങള്‍. ഡോ കെജി അടിയോടി, ഡോ കെഎന്‍ പിഷാരടി, ഡോ കെ പവിത്രന്‍, ബി വിജയകുമാര്‍, പ്രൊ എ അച്യുതന്‍ എന്നിവരെല്ലാമായിരുന്നു ആദ്യലക്കത്തിലെ ലേഖകര്‍. തുടക്കത്തില്‍ ഒരു കോപ്പിക്ക് 30 പൈസയായിരുന്നു. 1980 ല്‍ തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരണം കോഴിക്കോട്ടേക്കു മാറ്റി. 2002 ആഗസ്റ്റിലാണ് യുറീക്ക ദ്വൈവാരികയാവുന്നത്.

സാധാരണയായി ശാസ്ത്രമാസികള്‍ എല്ലാം തന്നെ വളരെക്കാലം മുന്നോട്ടു പോകുന്നതിന് മുന്‍പ് നിന്നു പോകാറാണ് പതിവ്. അതിനാല്‍ തന്നെ യുറീക്ക എന്ന ശാസ്ത്രമാസിക അന്‍പത് വര്‍ഷം തികച്ചു എന്നുള്ളത് വലിയ കാര്യം തന്നെയാണ്. പണ്ടത്തെക്കാളുപരി ഇന്ന് വളരെ വൈവിധ്യമുള്ള വിഷയങ്ങള്‍ യുറീക്ക കൈകാര്യം ചെയ്യുന്നുണ്ട്. ഇനിയങ്ങോട്ടും അങ്ങനെതന്നെ തുടര്‍ന്നു പോകണം എന്നാണ് ആഗ്രഹം. പരിഷത്ത് പ്രവര്‍ത്തകനായ കെവിഎസ് കര്‍ത്ത പറയുന്നു.

ഇക്കാലമത്രയും മുടക്കമില്ലാതെ ഒരു പ്രാദേശിക ഭാഷയില്‍ പുറത്തിറങ്ങുന്ന ശാസ്ത്രമാസിക എന്ന പദവി ഒരുപക്ഷെ ഈ മലയാളം പ്രസിദ്ധീകരണത്തിന് മാത്രമുള്ളതായിരിക്കും. ചിന്തയാണ് വളര്‍ച്ചയുടെ ഇന്ധനമെന്നും കണ്ണടച്ച് വിശ്വസിക്കുകയോ തൊണ്ട തൊടാതെ വിഴുങ്ങുകയോ ചെയ്യരുതെന്നും ഇക്കാലമത്രയും കുട്ടികളെ ഉപദേശിക്കുകയായിരുന്നു യുറീക്ക. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കുന്നതിനൊപ്പം സ്‌നേഹവും സാഹോദര്യവും മാനവികതയും മതനിരപേക്ഷതയും അടിസ്ഥാന മൂല്യങ്ങളായി പിന്തുടരാന്‍ പ്രേരിപ്പിച്ചു.

പ്രൊ എസ് ശിവദാസ്, സി ജി ശാന്തകുമാര്‍, പ്രൊ കെ ശ്രീധരന്‍ തുടങ്ങിയ പ്രശസ്ത ശാസ്ത്ര സാഹിത്യകാരന്മാര്‍ യുറീക്കയുടെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. ശാസ്ത്ര കഥകള്‍, ശാസ്ത്ര സംബന്ധമായ കവിതകള്‍ എന്നിവയ്ക്ക് പ്രധാനമായും ഊന്നല്‍ നല്‍കുന്ന യുറീക്ക, കുട്ടികളില്‍ നിന്നുള്ള രചനകളെയും നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ യുറീക്ക നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുളളത്.


പ്രൊ.എസ്.ശിവദാസ് എഴുതിയിരുന്ന റോബി ദി റോബോട്ട്, ഇടിയന്‍ മുട്ടന്‍ തുടങ്ങിയ ചിത്ര കഥകള്‍ കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടവയായിരുന്നു. വായനക്കാര്‍ വികസിപ്പിച്ചെടുത്ത മാത്തന്‍ മണ്ണീര കേസ് എന്ന യുറീക്കയിലെ പംക്തി കേരളത്തിനു പുറത്തും ധാരാളം പ്രശംസ നേടിയിരുന്നു. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് യുറീക്കയാണെന്നു പറയാം. വായിച്ചു വളരാനും അറിവു നേടാനും കേരളത്തിലെ യുറീക്ക വായനക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നതില്‍ യുറീക്ക വലിയ ഒരളവു വരെ വിജയിച്ചിട്ടുണ്ട്. യുറീക്ക വിജ്ഞാന പരീക്ഷയും വിജ്ഞാനോത്സവവും കുട്ടികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കുട്ടികള്‍ വിഞ്ജാനോത്സവത്തില്‍ പങ്കെടുക്കാറുണ്ട്.

കുട്ടികള്‍ സ്വന്തമായുണ്ടാക്കിയ 12 ലക്കങ്ങള്‍ യുറീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ രചനകളും, എഡിറ്റിങും, ചിത്രീകരണവുമെല്ലാം കുട്ടികളാണ് ചെയ്തത്. ഇതിലൂടെ കുട്ടികള്‍ക്ക് ഇടങ്ങള്‍ നല്‍കുകയാണ് യുറീക്ക. പ്രത്യേകം തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് 2 ദിവസത്തെ പരിശീലനം നല്‍കിയണ് ഒരു പുസ്തകം പുറത്തിറക്കാന്‍ പ്രാപ്തരാക്കുന്നത്. യുറീക്കയുടെ എഡിറ്റര്‍ മുരളിധരന്‍ അഴിമുഖത്തോട് പറഞ്ഞു. കുട്ടികള്‍ക്ക് ഇടങ്ങള്‍ ല്‍കാന്‍ യുറീക്ക പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ യുറീക്കയ്ക്കു കുട്ടികള്‍ അയക്കുന്ന കത്തുകളില്‍ അവര്‍ എഴുതുന്ന നിരക്ഷണങ്ങള്‍ പബ്ലിഷ് ചെയ്ാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രം ഇംഗ്ലീഷില്‍ മാത്രം ലഭിക്കുന്നതാണെന്നും, ധാരാളം ശാസ്ത്രീയ പദങ്ങള്‍ ഉള്ളതിനാല്‍ അത് സാധാരണക്കാര്‍ക്ക് മനസിലാകില്ല എന്നും ഒരു ധാരണ പൊതുവെ ആളുകള്‍ക്കിടയിലുണ്ട്. പ്രത്യേകിച്ചും കുട്ടികളില്‍. അതിനാല്‍ തന്നെ മലയാള ഭാഷയില്‍ വളരെ ലളിതമായാണ് യുറീക്ക കുട്ടികളോട് സംസാരിക്കുന്നത്. കഥകളായും കവിതകളായുമാണ് യുറീക്ക ശാസ്ത്രം കുട്ടികളിലേക്കെത്തിക്കുന്നത്. കുട്ടികളില്‍ ചോദ്യങ്ങള്‍ ഉണ്ടാക്കുകയും അത് ഉച്ചത്തില്‍ ചോദിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു യുറീക്ക.

കുട്ടികള്‍ മാത്രമല്ല പലപ്പോളും യുറീക്ക വായിക്കുന്നത്. യറീക്ക വായിക്കുന്ന പരിഷത് പ്രവര്‍ത്തകരായ മുതിര്‍ന്നവരുമുണ്ട്. മകള്‍ക്ക് വായിക്കാന്‍ വേണ്ടി വീട്ടില്‍ വരുത്തുമ്പോഴാണ് ഞാന്‍ ആദ്യമായി യുറീക്ക വായിക്കുന്നത്. 1973ല്‍. അന്ന് ഞാന്‍ പരിഷത്ത് പ്രവര്‍ത്തകയായിരുന്നില്ല. അന്നുമുതല്‍ വായിക്കാന്‍ തുടങ്ങിയതാണ് യുറീക്ക. ഇന്നും ആ വായന തുടരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായിട്ടുള്ള ഏക വനിതയുമായ ടി രാധാമണി പറയുന്നു. കുട്ടികള്‍ക്ക് നല്ല വിഭവങ്ങള്‍ നല്‍കുക എന്ന പരിഷത്തിന്റെ ലക്ഷ്യമാണ് വര്‍ഷങ്ങളായി യുറീക്കയിലൂടെ നടന്നു വരുന്നത്. കേരളത്തിലെ കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ വളരെ ലളിതമായ ഭാഷയില്‍ ശാസ്ത്രം പറഞ്ഞുവയ്ക്കുകാണ് യുറീക്ക. പരിഷത്ത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ധാരാളം യുറീക്ക കൊണ്ടു നടന്നു വിറ്റ അനുഭവവും എനിക്കുണ്ട്. രാധാമണി അഴിമുഖത്തോട് പറഞ്ഞു.

ചുറ്റുപാടിനെയും വ്യത്യസ്തമായി നോക്കിക്കാണാനാണ് യുറീക്ക കുട്ടികളെ പഠിപ്പിക്കുന്നത്. ശാസ്ത്രമാസിക എന്ന രീതിയില്‍ 50 വര്‍ഷമായി കേരളത്തില്‍ ഉടനീളം യുറീക്ക പ്രചരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ ഒരു ശാസ്ത്ര സംഘടനയെ സംബന്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണിത്. ധാരാളം മത്സരമുള്ള ഒരു മേഖലയാണ് യുറീക്കയുടേത്. അപ്പോള്‍ ആ മേഖലയില്‍ ഇത്രയും നാള്‍ പിടിച്ചു നിന്നു എന്നത് തന്നെ യുറീക്കയെ സംബന്ധിച്ചു വലിയ കാര്യമാണ്. കുട്ടികളുടെ മാസികയാണെങ്കില്‍ പോലും ഇന്ന് ആനുകാലിക വിഷയങ്ങള്‍ വരെ യുറീക്ക ചെയ്യുന്നുണ്ട്. വിശാലമായ പ്രപഞ്ച വീക്ഷണവും മാനവികതയും സാഹോദര്യവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ യുറീക്കയ്ക്ക് കഴിയുന്നു. നവ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിന് ഇടയില്‍ പോലും കുട്ടികളുടെ ഈ മാസിക കുട്ടികളിലേക്ക് എത്തുന്നു എന്നതില്‍ സന്തോഷവും അഭിമാവുമാണുള്ളത്. പരിഷത്ത് പ്രവര്‍ത്തക ലില്ലി അഴിമുഖത്തോട് പറഞ്ഞു.

കേരളത്തില്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഈ ശാസ്ത്രമാസിക മറ്റ് സംസ്ഥാനങ്ങളില്‍ ശാസ്ത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പല സംഘടനകള്‍ക്കും പ്രചോദനവും മാതൃകയുമായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തമിഴ്നാട് സയന്‍സ് ഫോറത്തിന്റെ തുളിര്‍ എന്ന മാസിക. തുളിറിന് ഇന്ന് യറീക്കയെക്കാള്‍ പ്രചാരമുണ്ട് എന്നാണ് ടി രാധാമണി പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ശാസ്ത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് യുറീക്ക എന്നും ഒരു പ്രചോദനം ആയിരുന്നു. അതിന് ഉദാഹരണമാണ് തമിഴ്നാട് സയന്‍സ് ഫോറത്തിന്റെ തുളിര്‍ എന്ന മാസിക. ഇന്ന് തുളിര്‍ യുറീക്കവയെക്കാള്‍ മുകളില്‍ സര്‍ക്കുലേഷനുണ്ട്. യുറീക്കയ്ക്ക് അത്രയും പ്രചാരണം ഇന്നില്ലാത്തതിന് പലതാണ് കാരണങ്ങള്‍. ഇംഗ്ലീഷിനോടുള്ള മലയാളികളുടെ അമിത ആഭിമുഖ്യവും, ശാസ്ത്ര സാഹത്യ പരിഷത്ത് ദൈവങ്ങള്‍ക്കും വശ്വാസങ്ങള്‍ക്കും എതിരെയുള്ള ഒരു സംഘടയാണെന്നുള്ള വിചാരവും അതിന്റെ കാരണങ്ങില്‍ പ്രധാനപ്പെട്ടതാണ്. ഇന്ന് എല്ലാ കുട്ടികളിലേക്കും യുറീക്ക എത്തുന്നില്ല. പണ്ട് സ്‌കൂളുകളില്‍ ടീച്ചര്‍ ഏജന്‍സികള്‍ ഉണ്ടായിരുന്നു. അതായത് യുറീക്ക ഞങ്ങളില്‍ നിന്നും വാങ്ങി അധ്യാപകര്‍ തന്നെ കുട്ടികളിലേക്ക് എത്തിക്കുമായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല. പണ്ടത്തെ അത്രയും താല്‍പര്യം അധ്യാപകര്‍ക്കിന്ന് യുറീക്കയോടില്ല.

ശാസ്ത്ര സാഹിത്യ പരിഷത്ത് ദൈവങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെയുള്ള ഒരു സംഘടയാണെന്നുള്ള വിചാരം കൊണ്ട് പല സ്‌കൂളുകളും യുറീക്ക വിലക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടികള്‍ പഠിക്കണം എന്ന മാതാപിതാക്കളുടെ നിര്‍ബാന്ധം. പലപ്പോഴും കുട്ടികള്‍ക്ക് മലയാളം നല്ല പോലെ വായിക്കാന്‍ അറിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ തന്നെ യുറീക്കയുമായി ഞങ്ങള്‍ ചെല്ലുമ്പോള്‍ കുട്ടിയ്ക്ക് മലയാളം വായിക്കാന്‍ അറിയില്ല എന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. രാധാമണി പറഞ്ഞു.

ഒരു തലമുറയുടെ മുഴുവന്‍ വായനാശീലത്തെ മാറ്റിയ, പാഠപുസ്തകങ്ങള്‍ക്കപ്പുറം ശാസ്ത്രം വായിക്കാന്‍ അവസരം നല്‍കിയ യുറീക്കയുടെ ഇപ്പോഴത്തെ എഡിറ്റര്‍ സിഎം മുരളീധരനും, മാനേജിങ് എഡിറ്റര്‍ എം ദിവാകരനുമാണ്. യുറീക്കയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് യുറീക്കയും ശാസ്ത്ര സാഹിത്യ പരിഷത്തും തയ്യാറെടുക്കുന്നത്. കെട്ടിലും മട്ടിലും 50 വര്‍ഷത്തില്‍ ഏറെ മാറ്റങ്ങള്‍ യുറീക്കയ്ക്ക് വന്നിട്ടുണ്ടെങ്കിലും ആശയത്തിലോ ലക്ഷ്യത്തിലോ യാതൊരു വിധ മാറ്റവും വന്നിട്ടില്ല.

Read More : കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍