UPDATES

സയന്‍സ്/ടെക്നോളജി

ഭൂമിയുടെ വലിപ്പമുള്ള ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് തമോ ഗര്‍ത്തത്തിന്റെ ആദ്യ ചിത്രം പകര്‍ത്തി

ഈ ടെലിസ്കോപ്പില്‍നിന്നും കിട്ടിയ ആദ്യ ഫലം ഇന്ന് ലോകത്തെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം നടക്കുന്ന പത്രസമ്മേളനങ്ങളിലൂടെ പുറത്തുവിടും

ഏതാണ്ട് ഭൂമിയുടെ വലിപ്പമുള്ള ഒരു ടെലിസ്കോപ്പ്. അതും ഭൂമിയില്‍ത്തന്നെ! അതാണ് ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ്. സംഗതി ഒറ്റനോട്ടത്തില്‍ കുറെ ചെറിയ ടെലിസ്കോപ്പുകള്‍ മാത്രമാണ്. എല്ലാം റേഡിയോ ടെലിസ്കോപ്പുകള്‍. റേഡിയോ തരംഗങ്ങളെ നിരീക്ഷിക്കുകയാണ് ഇത് ചെയ്യുന്നത്. ഭൂമിയുടെ പല ഭാഗത്തായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ട് ഈ ടെലിസ്കോപ്പുകളില്‍നിന്നു കിട്ടുന്ന ഡാറ്റയെ ഒരുമിച്ചുചേര്‍ത്ത് ഒറ്റ ഡാറ്റയാക്കുന്നു. അതോടെ ഭൂമിയോളം വലിപ്പമുള്ള ഒരു ടെലിസ്കോപ്പിനു സമാനമാവും ഇത്.

ഈ ടെലിസ്കോപ്പില്‍നിന്നും കിട്ടിയ ആദ്യ ഫലം ഇന്ന് ലോകത്തെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം നടക്കുന്ന പത്രസമ്മേളനങ്ങളിലൂടെ പുറത്തുവിടും. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് പത്രസമ്മേളനം. ഇംഗ്ലിഷ്, ഡാനിഷ്, സ്പാനിഷ്, മാന്‍ഡരിന്‍, ജാപ്പനീസ് ഭാഷകളിലായി ഏഴ് ഇടങ്ങളിലാവും പത്രസമ്മേളനങ്ങള്‍. (കേരളത്തിലായിരുന്നു ഇത്തരമൊരു ഇവന്റ് നടക്കുന്നതെങ്കില്‍ ഒരക്ഷരം പോലും മലയാളത്തില്‍ പറയാതിരിക്കാന്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കും! മലയാളം മോശമാണല്ലോ!)

ഒരു ബ്ലാക്ക്ഹോളിന്റെ ആദ്യചിത്രമാവും പുറത്തുവരിക എന്നാണ് വിശ്വസനീയമായ കേട്ടുകേള്‍വി. ഇതിനൊരു കാരണമുണ്ട്. ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് പ്രധാന ഉദ്ദേശ്യം തന്നെ ബ്ലാക്ക്ഹോളിനെ നിരീക്ഷിക്കുക എന്നാണ്.

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക്ഹോളുകളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ബ്ലാക് ഹോളുകളുടെ പ്രത്യേക. അതുകൊണ്ടുതന്നെ ബ്ലാക്ക്ഹോളിനെ കാണുക എന്നത് സാധ്യമായ കാര്യമല്ല. പ്രകാശം ഇല്ലാത്ത ഒന്നിനെ എങ്ങനെ കാണാന്‍!

പിന്നെങ്ങനെ ബ്ലാക്ക് ഹോളിനെ കാണും?

ബ്ലാക്ക്ഹോളില്‍നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്ഹോള്‍ തനിക്കുള്ളിലേക്കു വലിച്ചു ചേര്‍ക്കും. എന്നാല്‍ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസന്‍ എന്നാണ് ഈ പരിധിയെ വിളിക്കുക. ഈ പരിധിക്കു പുറത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പ്രകാശത്തെയാവും ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് നിരീക്ഷിച്ച് ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ബ്ലാക്ക്ഹോളിനെയല്ല, മറിച്ച് ബ്ലാക്ക്ഹോളിന്റെ ഇവന്റ് ഹൊറൈസനിനെയാണ് ഈ ടെലിസ്കോപ്പ് നിരീക്ഷിക്കുന്നത് എന്നു ചുരുക്കം!

നിലവില്‍ രണ്ട് ബ്ലാക്ക്ഹോളുകളാണ് ലക്ഷ്യം. ഒന്ന് നമ്മുടെ ആകാശഗംഗയുടെ നടുക്കുള്ള സജിറ്റേറിയസ് A എന്ന ബ്ലാക്ക്ഹോള്‍. മറ്റൊന്ന് വിര്‍ഗോ A ഗാലക്സിയുടെ കേന്ദ്രത്തിലുള്ള ബ്ലാക്ക്‍ഹോളും. ഇതില്‍ ഏതിനെ നിരീക്ഷിച്ചതിന്റെ വിവരമാണ് ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്നത്.

നവനീത് കൃഷ്ണന്‍ എസ്

നവനീത് കൃഷ്ണന്‍ എസ്

സയന്‍സ് എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍